ആന്റീബയോട്ടിക് റെസിസ്റ്റൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാക്റ്റീരികയൾക്ക് ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രധിരോധശക്തിയുണ്ടോ എന്നറിയാനുള്ള പരിശോധന: ഇടതുവശത്തെ വെളുത്ത പേപ്പർ ഡിസ്കിലെ ബാക്റ്റീരിയകൾക്കെതിരേ ആന്റീബയോട്ടിക്കുകൾ ഫലപ്രദമാണ്. വലതുവശത്തുള്ള ബാക്റ്റീരിയകൾ ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷിയുള്ളവയാണ്.

മരുന്നുകൾക്കെതിരായ ഒരുതരം ചെറുത്തുനിൽപ്പാണ് ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്നറിയപ്പെടുന്നത്. ഒരു സൂക്ഷ്മജീവിയുടെ (സാധാരണഗതിയിൽ ബാക്റ്റീരിയകൾ) ചില സമൂഹങ്ങളെയോ (ചിലപ്പോൾ എല്ലാ ബാക്റ്റീരിയകളെയൊ) ഒന്നോ അതിലധികമോ ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ചാലും നശിപ്പിക്കാൻ സാധിക്കില്ല. ഒന്നിലധികം ആന്റീബയോട്ടിക്കുകളോട് പ്രതിരോധശേഷിയുള്ള രോഗകാരികളെ മൾട്ടിഡ്രഗ് റെസിസ്റ്റന്റ് (എം.ഡി.ആർ.) രോഗകാരികൾ എന്നാണ് വിളിക്കുന്നത് (സൂപ്പർബഗുകൾ എന്നും വിളിക്കാറുണ്ട്). ആന്റീബയോട്ടിക് റെസിസ്റ്റൻസ് (ആന്റീബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി) ഉണ്ടാകുന്നത് രോഗാണുക്കൾക്കാണ്, മനുഷ്യർക്കല്ല.[1]

വർത്തമാനകാലത്ത് വൈദ്യശാസ്ത്രം നേരിടുന്ന ഗൗരവതരമായ ഒരു പ്രശ്നമാണ് ആന്റീബയോട്ടിക് റെസിസ്റ്റൻസ്. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾക്ക് മരുന്നുകളോട് പ്രതിരോധശേഷിയുണ്ടാകുന്നതാണ് പ്രശ്നത്തിന്റെ കാതൽ. ഇത്തരം രോഗകാരികൾക്ക് സാധാരണ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളോട് പ്രതിരോധശേഷി ലഭിച്ചുകഴിഞ്ഞതിനാൽ രണ്ടാം നിര ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഒന്നാം നിര ഔഷധങ്ങൾ തിരഞ്ഞെടുക്കുന്നത് സുരക്ഷ, ലഭ്യത, വില തുടങ്ങിയ ഘടകങ്ങൾ മനസ്സിൽ വച്ചാണ്. രണ്ടാം നിര ആന്റീബയോട്ടിക്കുകൾക്ക് കൂടുതൽ ഇനം രോഗകാരികൾക്കെതിരേ ഫലപ്രാപ്തിയുണ്ടാകുമെങ്കിലും (ബ്രോഡ് സ്പെക്ട്രം) കൂടുതൽ അപകടസാദ്ധ്യതയും വിലക്കൂടുതലും പെട്ടെന്നുള്ള ലഭ്യതക്കുറവും പ്രശ്നമായിരിക്കും. ചില രോഗകാരികൾ ഒന്നാം നിര ഔഷധങ്ങളെക്കൂടാതെ രണ്ടാം നിര ഔഷധങ്ങൾക്കെതിരേയും പ്രതിരോധശേഷി നേടിയിട്ടുണ്ടാകും. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന രോഗാണുബാധയായ സ്റ്റഫൈലോകോക്കസ് ഓറിയസ് ഉദാഹരണം. സ്യൂഡോമോണാസ് ഏറൂജിനോസ പോലെയുള്ള രോഗകാരികൾക്ക് സ്വതേതന്നെ ഉയർന്ന പ്രതിരോധശേഷി കാണപ്പെടും.

ജനിതക മ്യൂട്ടേഷനിലൂടെയോ മറ്റു ബാക്റ്റീരിയകളിൽ നിന്നുംകോഞ്ചുഗേഷൻ, ട്രാൻസ്ഡക്ഷൻ, ട്രാൻസ്ഫോർമേഷൻ എന്നീ മാർഗ്ഗങ്ങളിലൂടെ ജീനുകൾ ലഭിക്കുന്നതിലൂടെയോ ബാക്റ്റീരിയകൾക്ക് ആന്റീബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി ലഭിക്കാനിടയുണ്ട്. ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി നൽകുന്ന മിക്ക ജീനുകളും എളുപ്പത്തിൽ കൈമാറ്റം നടക്കുന്ന പ്ലാസ്മിഡ് രൂപത്തിലാണെന്നത് കൈമാറ്റം എളുപ്പമാക്കുന്നു. ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കുംമ്പോൾ പ്രകൃതിനിർദ്ധാരണത്തിലൂടെ പ്രതിരോധശേഷിയുള്ള രോഗകാരികൾ എണ്ണ‌ത്തിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്ലാസ്മിഡുകളിൽ സാധാരണഗതിയിൽ ഒന്നിലധികം ആന്റീ‌ബയോട്ടിക്കുകൾക്കെതിരായ പ്രതിരോധശേഷി അടങ്ങിയിട്ടുണ്ടാകും. ക്ഷയരോഗമുണ്ടാക്കുന്ന മൈക്കോബാക്റ്റീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്റ്റീരിയയുടെ കാര്യം ഇതല്ല. ഇവയിൽ പ്ലാസ്മിഡുകൾ ഉണ്ടെന്നതിന് അപര്യാപ്തമായ തെളിവുകളേ ഉള്ളൂ എന്നുമാത്രമല്ല[2] ഇവയ്ക്ക് മറ്റു ബാക്റ്റീരിയകളുമായി ഇടപെട്ട് പ്ലാസ്മിഡുകൾ കൈമാറ്റം ചെയ്യാനുള്ള സാഹചര്യവുമില്ല.[2][3]

ആന്റീബയോട്ടിക്കുകളും അവയ്ക്ക്തിരായുള്ള പ്രതിരോധശേഷിയും അതിപുരാതനമാണ്.[4] ഇക്കാലത്ത് രോഗികളിൽ ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷിയുള്ള ബാക്റ്റീരിയകൾ കൂടുതലായി കാണപ്പെടുന്നത് ആന്റീബയോട്ടിക്കുകളുടെ ഉപയോഗം തുടങ്ങിയതിനുശേഷമുണ്ടായ പ്രതിഭാസമാണ്. ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ബാക്റ്റീരിയകളിപ് പരിണാമപരമായ നിർദ്ധാരണസമ്മർദ്ദം വർദ്ധിക്കാനിടയാക്കുന്നു. ഇത് രോഗപ്രതിരോധശേഷിയുള്ള കുറച്ച് ബാക്റ്റീരിയകളുടെ എണ്ണം വർദ്ധിക്കാനും മറ്റുള്ളവ നശിച്ചുപോകാനും ഇടയാക്കും. ഇങ്ങനെ ഒരുതരം രോഗകാരികൾ മുഴുവൻ ഒരു ആന്റീബയോട്ടിക്കിനോട് പ്രതിരോധശേഷി നേടും. ഇത് മറ്റുള്ള ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാക്കും. ഇത്തരം ആവശ്യങ്ങൾ കൂടിവരുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിക്കുന്ന മരുന്നുകളുടെ എണ്ണം കുറവാണ്.[5]

എം.ആർ.എസ്.എ., വി.ഐ.എസ്.എ. (വാൻകോമൈസിൻ ഇന്റർമീഡിയറ്റ് സ്റ്റാഫ് ഓറിയസ്), വി.ആർ.എസ്.എ. (വാൻകോമൈസിൻ റെസിസ്റ്റന്റ് സ്റ്റാഫ് ഓറിയസ്), ഇ.എസ്.ബി.എൽ. (എക്സ്റ്റൻഡഡ് സ്പെക്ട്രം ബീറ്റ ലാക്റ്റമേസ്), വി.ആർ.ഇ. (വാ‌ൻകോമൈസിൻ റെസിസ്റ്റന്റ് എന്ററോകോക്കസ്), എം.ആർ.എ.‌ബി. (മൾട്ടിഡ്രഗ് റെസിസ്റ്റന്റ് അസിനെറ്റോബാക്റ്റർ ബൗമാനി) എന്നിവ ആന്റിബയോട്ടിക് റെസിസ്റ്റൻസുമായി ബന്ധമുള്ള ചുരുക്കെഴുത്തുകൾക്ക് ഉദാഹരണമാണ്. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന രോഗാണുബാധകളാണ് സാധാരണമെങ്കിലും സമൂഹത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്ന രോഗകാരികളും കണ്ടുവരുന്നുണ്ട്.

ഈ അടുത്ത കാലങ്ങളിലായി ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗാണുക്കളുടെ സ്ട്രെയിനുകൾ ഇന്ത്യയിൽ, പ്രതേകിച്ചും മഹാരാഷ്ട്രയിലും ഡൽഹിയിലും കണ്ടെത്തിയിട്ടുണ്ട്. 2011ൽ ഇത്തരം ക്ഷയരോഗബാധയാൽ ആറു പേർ മരിക്കാൻ ഇടയായത് സമൂഹമധ്യത്തിൽ ഭീതിയുടെ അന്തെരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്നൽ ഇവ (അണുബാധകൾ) മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് എന്ന വർഗ്ഗത്തിൽ പെടുന്നവയാണെന്നും ചികിൽസിച്ചു ഭേദമാക്കനാവുന്നതും ആണെന്നു തെളിഞ്ഞിട്ടുണ്ട്.

അടിക്കുറിപ്പുകൾ[തിരുത്തുക]

  1. "Antibiotic Resistance Questions & Answers". Get Smart: Know When Antibiotics Work. Centers for Disease Control and Prevention, USA. 30. ശേഖരിച്ചത് 2013 March 20. Unknown parameter |month= ignored (help); Check date values in: |accessdate=, |date=, and |year= / |date= mismatch (help)
  2. 2.0 2.1 USA (2013-01-30). "Does Mycobacterium tuberculosis have plasmids? [Tubercle. 1990] - PubMed — NCBI". Ncbi.nlm.nih.gov. ശേഖരിച്ചത് 2013-03-12.
  3. "A Balancing Act: Efflux/Influx in Mycobacterial Drug Resistance". Aac.asm.org. 2009-05-18. ശേഖരിച്ചത് 2013-03-12.
  4. D'Costa et al. 2011, pp. 457–461.
  5. Donadio et al. 2010, pp. 423–430.

അവലംബം[തിരുത്തുക]

ഗ്രന്ധങ്ങൾ
  • Caldwell, Roy; Lindberg, David, eds. (2011). "Understanding Evolution". University of California Museum of Paleontology. ശേഖരിച്ചത് Aug 14, 2011. Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: ref=harv (link)
  • Nelson, Richard William (2009). Darwin, Then and Now: The Most Amazing Story in the History of Science (Self Published) |format= requires |url= (help). iUniverse. p. 294.CS1 maint: ref=harv (link)
ജേണലുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]