ആനക്കയം പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനക്കയം പാലം

മഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ ആനക്കയത്ത് കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള ഒരു പാലമാണ് ആനക്കയം പാലം. മഞ്ചേരി ടൗണിനെയും പെരിന്തൽമണ്ണ ടൗണിനെയും ബന്ധിപ്പിക്കുന്ന ദൈർഘ്യം കുറഞ്ഞ റോഡ് എന്ന നിലക്ക് മഞ്ചേരി ആനക്കയം മങ്കട പെരിന്തൽമണ്ണ റോഡിന് പ്രത്യേക പ്രാധാന്യമുണ്ട്. പാലം വരുന്നതിന് മുമ്പ് കടത്തുതോണിയായിരുന്നു പുഴമുറിച്ചുകടക്കാൻ ഉപയോഗിച്ചിരുന്നത്. പാലത്തിന് അരകിലോമീറ്റർ അകലെ ഈ പ്രദേശം തോണിക്കടവ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. ഇവിടെ നിന്നാണ് ആനക്കയം പഞ്ചായത്തിലേക്കും മഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കും ആവശ‌്യമായ കുടിവെള്ളം പമ്പുചെയ്യുന്ന വാട്ടർട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്.

നി‍ർമാണ ചരിത്രം[തിരുത്തുക]

പമ്പ് ഹൗസ്, തോണിക്കടവ്, പാലത്തി‍ൽനിന്നുള്ള ദൃശ്യം

മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് മുമ്പ് പാലത്തിന് തെക്ക് വശം പാലക്കാട് ജില്ലയും വടക്കുഭാഗം കോഴിക്കോട് ജില്ലയുമായിരുന്നു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവിനിമയങ്ങൾക്ക് പാലം അനിവാര്യമായ ഘട്ടത്തിലാണ് അന്നത്തെ സർക്കാർ പാലം നിർമ്മാണത്തിന് മുൻകൈ എടുത്തത്, 1965 ഒക്ടോബർ 22 ന് അന്നത്തെ പബ്ലിക്ക് വർക്ക് ഡിപ്പാർട്ടുമെന്റ് സൂപ്രണ്ട് പി.വി. ജോൺ (ബി.ഇ.എം.എം. ഇ. - യു,എസ്.എ.) പാലം നിർമ്മാണത്തിന് അസ്ഥിവാരമിട്ടു, 1967 ഏപ്രിൽ ന് അന്നത്തെ പി.ഡബ്ല്യൂ.ഡി മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ പഞ്ചായത്ത്-സാമൂഹിക ചുമതലയുള്ള മന്ത്രി എം.പി.എം. അഹ്‍മദ് കുരിക്കളുടെ സാന്നിദ്ധ്യത്തിൽ നാടിന് തുറന്നുകൊടുത്തതായി പാലത്തിൽ സ്ഥാപിച്ച ഫലകത്തിൽ കാണുന്നു. പാലനി‍ർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു വലിയ ദുരന്തം ഇതിന്റെ നിർമ്മാണ ചരിത്രത്തിലെ ഒരു വേദനിപ്പിക്കുന്ന അധ്യായമാണ്. പാലത്തിനോടനുബന്ധിച്ചുള്ള റോഡുകൾ മണ്ണിട്ടു ഉയർത്തുന്നതിനായി ആനക്കയത്തിന് പരിസരത്ത് ഈരാമുടുക്ക് എന്ന പ്രദേശത്തെ കുന്നിൽനിന്നായിരുന്നു മണ്ണെടുത്തുകൊണ്ടിരുന്നത്. സാധാരണ പണിയായുധങ്ങളായ പിക്കാസും തൂമ്പയും മൺവെട്ടിയും ഉപയോഗിച്ച് അടിഭാഗത്ത് നിന്ന് മണ്ണെടുത്തുകൊണ്ടിരുന്ന തൊഴികളുടെ മീതെ മലയിടിഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തിൽ 12 പേരാണ് മരണപ്പെട്ടത്.[1] മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 രൂപയും പരിക്കേറ്റവർക്ക് 25 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകി.

അന്നത്തെ പത്രവാർത്ത[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 204-205 - Published by: Gramapanchayath Anakkayam
"https://ml.wikipedia.org/w/index.php?title=ആനക്കയം_പാലം&oldid=3318833" എന്ന താളിൽനിന്ന് ശേഖരിച്ചത്