അൽ അമീൻ (പത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൽ അമീൻ
തരംവർത്തമാന പത്രം
എഡീറ്റർമുഹമ്മദ് അബ്ദുൽ റഹ്മാൻ
സ്ഥാപിതം1924
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്

സ്വാതന്ത്രസമരസേനാനിയും കോൺഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് 1924 ൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകനമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ പത്രം[1] [2]. 1921ലെ മലബാർ വിപ്ലവത്തെക്കുറിച്ച് ഇതര സമൂഹത്തിൽ പ്രചരിച്ച തെറ്റിദ്ധാരണകൾ നീക്കുന്നതിനും സ്വാതന്ത്ര സമര പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ഒരു പത്രം അനിവാര്യമാണെന്ന ചിന്തയുടെ ഫലമായാണ് അൽ അമീനിന്റെ പിറവി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ കൊള്ളരുതായ്മകളെ അൽ അമീൻ നിർഭയം നിശിതമായി വിമർശിച്ചു.1931 വരെ 'അൽ അമീൻ'ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു. കടുത്ത സർക്കാർവിരുദ്ധ നിലപാട് കാരണം ഒന്നിലധികം തവണ പത്രം നിരോധിക്കപ്പെടുകയുണ്ടായി.

ചരിത്രം[തിരുത്തുക]

1923 ഡിസംബറിൽ മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് മാനേജിംഗ് ഡയറക്റ്ററായും ടി. ഹസ്സൻ കോയ മുല്ല അടക്കം ആറുപേർ ഡയറക്റ്റർമാരായും അല അമീൻ കമ്പനി രജിസ്റ്റർ ചെയ്തു. അൽ അമീൻ കമ്പനിക്കു ഷെയർ പിരിക്കുന്നതിനായി അബ്ദുറഹ്മാൻ സാഹിബ് ബർമ, സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം പര്യടനം നടത്തി. കൂടാതെ തനിക്കു പൈതൃകമായി കിട്ടിയ ഭൂസ്വത്തുക്കൾ വിറ്റ് അച്ചടിയന്ത്രങ്ങളും മറ്റു സാമഗ്രികളും വാങ്ങി. 1924 ഒക്ടോബർ 15ന് ഒരു മീലാദ് ദിനത്തിൽ അൽ അമീന്റെ പ്രഥമ ലക്കം കോഴിക്കോട് നിന്ന് പുറത്തിറങ്ങി. ആദ്യം ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്

അക്കാലത്തു ഉത്തരകേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ (കേരള പത്രിക, കേരള സഞ്ചാരി, മിതവാദിതുടങ്ങിയ മലയാള പത്രങ്ങളും വെസ്റ്റ് കോസ്റ്റ്, സ്പെക്ടെറ്റർ, വെസ്റ്റ് കോസ്റ്റ് രിഫോർമാർ, ചാമ്പ്യൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും) ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ പോലും ഒരു പ്രസ്സും തയ്യാറായിരുന്നില്ല. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രബ്ദാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്.

മുസ്ലിങ്ങളുടെ സമരവീര്യം നിർവീര്യമാക്കാൻ ബ്രിട്ടീഷ് ഭരണകൂടം രൂപം നൽകിയ അന്തമാൻ സ്കീമിനെ പത്രം രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാരിന്റെ മര്ധക ജനവിരുദ്ധ നയങ്ങൾക്കെതിരെയും മുസ്ലിങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളെയും പത്രം ശക്തിയുക്തം എതിർത്തു. 1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി. എന്നാൽ ആ വർഷം തന്നെ ആഗസ്റ്റ്‌ 4ന് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരം 2000രൂപ കെട്ടിവെക്കാൻ ഗവർമെന്റ് ഉത്തരവിറങ്ങിയെങ്കിലും ആ സമയത്ത് ജയിലിലായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അന്യായമായ ആ കൽപ്പന അനുസരിക്കേണ്ടെന്നു സഹപ്രവർത്തകരെ അറിയിച്ചു. തുടർന്ന് പത്രം കണ്ടുകെട്ടി. നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി.

കൊണ്ഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതു പക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി - കർഷക - അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് 15 മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. എന്നാൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു കൊണ്ട് കോണ്ഗ്രസും യുദ്ധവും എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് (1939 സെപ്റ്റംബർ 29) സർക്കാർ അൽ അമീൻ വീണ്ടും നിരോധിച്ചു.

സ്വാതന്ത്ര സമരത്തിന്‌ വേണ്ടിയും അധാര്മികതക്കെതിരെയും ശക്തമായി ശബ്ദിച്ച അൽ അമീനിനു ശത്രുക്കൾ ധാരാളം ഉണ്ടായി. അൽ അമീനിനെ ഹിന്ദുക്കളെ അനുകൂലിക്കുന്ന പത്രമായി മുസ്‌ലിങ്ങൾക്കിടയിലെ ചിലർ തന്നെ മുദ്ര കുത്തിയപ്പോൾ വലതു പക്ഷ കൊണ്ഗ്രസ്സുകാരായ ഹിന്ദുക്കൾ അൽ അമീനെ മാപ്പിള പത്രമായി മുദ്രകുത്തി. മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങളെ തുറന്നെതിർത്തതിനാൽ യാതാസ്ഥിതികാർക്ക് അൽ അമീൻ വഹാബി പത്രമായിരുന്നു. അങ്ങനെ സർക്കാരിന്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിന്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല

ആപ്തവാക്യം[തിരുത്തുക]

അൽ അമീന്റെ എല്ലാ ലക്കങ്ങളിലും പത്രത്തിന്റെ പേരിനു താഴെയായി വിശുദ്ധ ഖുർആനിൽ നിന്നുള്ള ഒരു വാക്യം കൊടുത്തിരുന്നു. അതിങ്ങനെയായിരുന്നു

അല്ലെയോ വിശ്വാസികളെ, നിങ്ങളുടെ ഉറ്റ ബന്ധുക്കൾക്കോ നിങ്ങള്ക്ക് തന്നെയോ ദോഷകരമായിരുന്നാൽ പോലും നിങ്ങൾ നീതി പാലിച്ചു ദൈവത്തിൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കുക

—ഖുർആൻ


അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent3.php?id=211
  2. http://www.prd.kerala.gov.in/historyofpress.htm
"https://ml.wikipedia.org/w/index.php?title=അൽ_അമീൻ_(പത്രം)&oldid=2297491" എന്ന താളിൽനിന്ന് ശേഖരിച്ചത്