അൽഗോങ്കിയൻ വർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഗോങ്കിയൻ വധൂവരന്മാർ 18-ആം നൂറ്റാണ്ട്

വടക്കേ അമേരിക്കയിൽ ഗാറ്റിനോ നദീതടങ്ങളിൽ പാർത്തിരുന്ന ഒരു വിഭാഗം അമേരിന്ത്യരാണ് അൽഗോങ്കിയൻ വർഗം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കയിലെ ആദിവാസികളുടെ ഏറ്റവും ശ്രേഷ്ഠമായ ഗോത്രങ്ങളിലൊന്നാണിത്. അൽഗോങ്കിയൻ എന്ന പേര് ക്രമേണ ക്യൂബക്കിലെയും ഒന്റോറിയയിലെയും ജനവർഗങ്ങളിലേക്കുകൂടി വ്യാപിക്കുകയും ഒടുവിൽ അവരെല്ലാം അംഗങ്ങളായുള്ള ഭാഷാവർഗത്തിന്റെയാകെ പേരായിത്തീരുകയും ചെയ്തു.

ഭാഷാ വിഭാഗങ്ങൾ[തിരുത്തുക]

അൽഗോങ്കിയൻ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ആധുനിക പ്രതിനിധികൾ ഭാഷാപരമായി മൂന്നു വിഭാഗത്തിൽപ്പെടുന്നു:-

  1. ഉത്തര അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള ബ്ലാക്ക്ഫീറ്റുകൾ
  2. മധ്യപശ്ചിമഭാഗത്തുള്ള ക്രീ-ഒജിബ്വകൾ
  3. വ.കിഴക്കേ അറ്റത്തുള്ള വബനാകികൾ.

ഇവരിൽ വബനാകികൾ ആണ് മുഖ്യവിഭാഗം.

പുരാതനകാലത്ത് അൽഗോങ്കിയൻഭാഷ സംസാരിച്ചിരുന്ന ജനവർഗക്കാർ മറ്റു ഭാഷക്കാരെ അപേക്ഷിച്ചു വളരെക്കൂടുതലായിരുന്നു. അധിവാസസ്ഥലത്തിന്റെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടുനിന്നത്. അമേരിക്കൻ കോളനികളുടെ ചരിത്രത്തിൽ അൽഗോങ്കിയൻ ഇന്ത്യൻ വർഗക്കാർ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. അമേരിന്ത്യരും വെള്ളക്കാരും തമ്മിലുള്ള ബന്ധത്തിൽ അവർ നിർണായകശക്തികളായി വർത്തിച്ചിരുന്നു. ആദ്യകാലത്തെ കുടിയേറ്റക്കാരിൽ അൽഗോങ്കിയൻഭാഷയും സംസ്കാരവും ചെലുത്തിയ സ്വാധീനം കുറവല്ല.

വാസസ്ഥലം[തിരുത്തുക]

അൽഗോങ്കിയൻ ഗ്രാമം

ഹഡ്സൺ ഉൾക്കടലിനു തെക്കും കിഴക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ ക്രീ-ഒജീബ്വ ഇന്ത്യൻ വിഭാഗക്കാർ നിവസിക്കുന്നുണ്ട്. 18-ആം നൂറ്റാണ്ടിൽ അന്യംനിന്നുപോയ ബിയോതുക് ഇന്ത്യൻ വർഗക്കാർ (ന്യൂഫൗണ്ടലൻഡ്) സംസാരിച്ചിരുന്നതും ഒരു അൽഗോങ്കിയൻ ഭാഷയായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെ തീരദേശജില്ലകളിൽ പാർത്തിരുന്ന അമേരിക്കൻ ഇന്ത്യൻ തദ്ദേശീയവാസികളുടെ ഭാഷയും അൽഗോങ്കിയൻ ആയിരുന്നു. കത്തോലിക്കർ അൽഗോങ്കിയരെ മതപരിവർത്തനത്തിനു പ്രേരിപ്പിക്കുകയും അവരോട് ഏറ്റുമുട്ടുകയും ചെയ്തു. അമേരിക്കൻ കോളനികളിൽ ബൈബിൾ ആദ്യമായി അച്ചടിക്കപ്പെട്ടത് (1663) അൽഗോങ്കിയൻ ഭാഷയിലായിരുന്നു.

തൊഴിൽ[തിരുത്തുക]

കാനഡയിലെ വനാന്തരങ്ങളിലും ലാബ്രഡോർ ഉപദ്വീപിലും പാർത്തിരുന്ന അൽഗോങ്കിയർ നായാട്ടുകാരായിരുന്നു. ഇക്കൂട്ടരാണ് ഹഡ്സൺ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലെത്തിയ വെള്ളക്കാരുമായി ആദ്യം സമ്പർക്കം പുലർത്തിയത് തദ്ദേശീയ ഇന്ത്യൻ വംശജർ, അവർ വെള്ളക്കാരുമായി രോമവ്യാപാരത്തിൽ ഏർപ്പെട്ടു. ബർച്ചു മരപ്പട്ടകൊണ്ട് വള്ളമുണ്ടാക്കാൻ വെള്ളക്കാരായ പരിഷ്കൃതർ ആദ്യമായി അഭ്യസിച്ചത് അവരിൽനിന്നാണ്. ഉത്തരസമതലങ്ങളിൽ പാർത്തിരുന്ന അൽഗോങ്കിയർ കാട്ടുപോത്തുകളെ വേട്ടിയാടിയിരുന്നു. വൻതടാകങ്ങളുടെ തെക്കൻഭാഗങ്ങളിൽ പാർത്തുവന്നവർ മൃഗവേട്ടയും മീൻപിടിത്തവും നടത്തിവന്നു. കൃഷിയിലും അവർ തത്പരരായിരുന്നു; ചോളമായിരുന്നു മുഖ്യാഹാരം. ആദ്യകാലകുടിയേറ്റക്കാരെ ധാന്യകൃഷി അഭ്യസിപ്പിച്ചത് ഇവരായിരുന്നു. അൽഗോങ്കിയൻ ഭാഷയുടെ സ്വാധീനത അമേരിക്കയിലെ ഇംഗ്ലീഷിൽ തെളിഞ്ഞുകാണാം. അമേരിക്കൻ ഇംഗ്ലീഷ് പ്രാദേശിക ഭാഷകളിൽനിന്നും കടംകൊണ്ടിട്ടുള്ള വാക്കുകളിൽ ഏറിയകൂറും അൽഗോങ്കിയൻ ആണ്. 130-ൽ അധികം വരുന്ന അവയിൽ പലതും പതിനേഴാം നൂറ്റാണ്ടിനു മുൻപുതന്നെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അൽഗോങ്കിയർ ഭൂരിപക്ഷവും കത്തോലിക്കാമത വിശ്വാസികളാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൽഗോങ്കിയൻ വർഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൽഗോങ്കിയൻ_വർഗം&oldid=3748192" എന്ന താളിൽനിന്ന് ശേഖരിച്ചത്