Jump to content

അമരസിംഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമരകോശം എന്ന സംസ്കൃത നിഘണ്ടുവിന്റെ കർത്താവായിരുന്നു അമരസിംഹൻ. പ്രസ്തുത കോശത്തിൽ ദേവൻമാരുടെ പര്യായം, അമരാനിർജരാദേവാ..... എന്നിങ്ങനെ അമരപദംകൊണ്ട് ആരംഭിച്ചതിലുള്ള ഔചിത്യത്തെ ആസ്പദമാക്കി ലഭിച്ച ബിരുദപ്പേരാണ് അമരൻ എന്ന് ഒരു ഐതിഹ്യമുണ്ട്. രണ്ടാം വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിലെ നവരത്നങ്ങളെന്നു വിഖ്യാതരായ പണ്ഡിതൻമാരിൽ ഒരാളായി ഇദ്ദേഹം പരാമർശിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ ഈ നവരത്നങ്ങളിൽ പലരും പലകാലത്തു ജീവിച്ചവരാണെന്നു തെളിഞ്ഞിട്ടുള്ളതിനാൽ ഈ പദ്യം അമരസിംഹന്റെ കാലനിർണയത്തിൽ ഒരു പ്രമാണമാകുന്നില്ല.അമരകോശം എ.ഡി. 6-7 ശതകത്തിൽ ചീന ഭാഷയിലേക്കു തർജുമ ചെയ്തിട്ടുള്ളതായി, ഇന്ത്യയ്ക്കു നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും എന്ന ഗ്രന്ഥത്തിൽ മാക്സ്മുള്ളർ പ്രസ്താവിക്കുന്നു. അമരകോശത്തിന്റെ നിർമ്മാണകാലം എ.ഡി. 4-ം ശതകമാണെന്ന് സംസ്കൃത പണ്ഡിതനായ ഓക്കും, കുറേക്കൂടി മുൻപെന്നു ടെലാങും അഭിപ്രായപ്പെടുന്നു. ഏതായാലും പാണിനി, കാത്യായനൻ, പതഞ്ജലി എന്നീ വൈയാകരണൻമാരുടെ കാലശേഷം ബുദ്ധമതം പ്രചാരത്തിലിരുന്ന ഒരു കാലത്ത് ജീവിച്ച ഒരു ബുദ്ധമാർഗാനുസാരിയായിരുന്നു അമരസിംഹൻ എന്ന് ന്യായമായും ഊഹിക്കാം.

അമരസിംഹൻ ബുദ്ധമതാനുയായിയാണെന്നും അല്ലെന്നും പക്ഷങ്ങളുണ്ട്.

എന്ന അമരകോശവന്ദനശ്ളോകത്തിൽ ജ്ഞാനദയാസിന്ധു എന്ന പദപ്രയോഗം [[ബുദ്ധൻ|ബുദ്ധനെ ഉദ്ദേശിച്ചുകൊണ്ടാണെന്നും ആകയാൽ ബുദ്ധവന്ദനമാണ് ഇതിൽ നിർവഹിക്കപ്പെട്ടിട്ടുള്ളതെന്നും കോശകാരൻ ബുദ്ധമതാനുയായിയാണെന്നും ചില പണ്ഡിതൻമാർ പറയുന്നു. ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവേശ്വരൻമാർക്കു മുൻപായി ആർഹത, ക്ഷപണോ, നഗ്ന, ശ്രമണോ, ജീവകോമലീ ഇത്യാദി ബുദ്ധപര്യായങ്ങൾ കൊടുത്തിരിക്കുന്നത് കോശകാരന് ബുദ്ധനോടുള്ള കൂടുതൽ ഭക്ത്യാദരങ്ങൾക്കു തെളിവായും ചിലർ ചൂണ്ടിക്കാണിക്കുന്നു. അമരസിംഹൻ ബ്രാഹ്മണജാതിയിൽ ജനിച്ച ആളാണെന്നും ശ്രുതിസ്മൃതി പുരാണേതിഹാസദർശനാദികളിൽ അഗാധപാണ്ഡിത്യമുള്ളവനാണെന്നും, ബൌദ്ധൻമാരുടെ ഗ്രന്ഥങ്ങളിൽ പ്രകടമല്ലാത്ത ഒന്നാണ് ഇതെന്നും അഭിപ്രായമുള്ള പണ്ഡിതൻമാരും ഉണ്ട്.

ബൌദ്ധസന്ന്യാസികൾക്കിടയിൽ പ്രചുരപ്രചാരമുള്ള ഒരു ഐതിഹ്യം ഇപ്രകാരമാണ്: നേപാള രാജ്യത്തിലെ കാന്തി (ആധുനിക കാട്മണ്ഡു) എന്നു പേരായ തലസ്ഥാനനഗരിയിൽ വാങ്മതി എന്നും മണിഭദ്ര എന്നും രണ്ടു നദികൾ ഒഴുകുന്നുണ്ട്. അവയുടെ സംഗമസ്ഥാനം മുതൽ അഞ്ചുയോജന വ്യാപിച്ചുകിടക്കുന്ന വിശാല എന്ന ഒരു നഗരമുണ്ടായിരുന്നു. അമരസിംഹൻ അവിടെ ജനിച്ചു. അവിടെ ശ്രീനീലസരസ്വതി ക്ഷേത്രത്തിനടുത്തുള്ള ബുദ്ധവിഹാരത്തിലാണ് ജീവിതം കഴിച്ചുകൂട്ടിയത്. അമരസിംഹനെ ശങ്കരാചാര്യർ വാദിച്ചു തോല്പിച്ചതായി മറ്റൊരു ഐതിഹ്യമുള്ളത് കപോലകല്പിതമാവാനേ തരമുള്ളു. എങ്കിലും അമരസിംഹൻ ബുദ്ധമതക്കാരനായിരുന്നുവെന്നതിന് അതും ഒരു തെളിവാണ്.

എന്ന ഒരു പദ്യത്തിൽ അമരസിംഹനെ പാണിനിയുടെ സമകാലികനായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും ശരിയായ ഒരു നിഗമനമല്ല. അനേകം വൈയാകരണൻമാരെ ഒരു പദ്യത്തിൽ സ്മരിച്ചിരിക്കുന്നു എന്നേ ഇതിന്നർഥമുള്ളൂ. അമരസിംഹൻ വലിയ വ്യാകരണ പണ്ഡിതനായിരുന്നു എന്നത് അമരകോശം തന്നെ പ്രഖ്യാപിക്കുന്നുണ്ട്.

അമരസിംഹനെപ്പറ്റി നിലവിലുള്ള പല അറിവുകളും ഐതിഹ്യാസ്പദങ്ങളാകകൊണ്ട് അദ്ദേഹത്തിന്റെ കാലവും ജീവിതകഥയും നിഷ്കൃഷ്ട ഗവേഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമരസിംഹൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമരസിംഹൻ&oldid=3772388" എന്ന താളിൽനിന്ന് ശേഖരിച്ചത്