Jump to content

അബീഗയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാവീദും അബീഗയിലും

ഒരു ബൈബിൾ കഥാപാത്രമാണ് അബീഗയിൽ. കർമേലിലെ ഒരു ധനികവ്യാപാരി ആയിരുന്ന നാബാലിന്റെ ഭാര്യ. അബീഗയിൽ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു; നാബാൽ ദുഷ്ടനും നീചനും. അയാളുടെ ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരത്തിന് ദാവീദ് പരിചാരകരെ അയച്ച് അഭിവാദനം അറിയിച്ചു. എന്നാൽ നാബാൽ അവരെ അപമാനിച്ച് തിരികെ അയച്ചു. കോപാകുലനായ ദാവീദ് നാനൂറോളം ആയുധധാരികളുമായി നാബാലിനെ നശിപ്പിക്കാൻ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ അബീഗയിൽ പെട്ടെന്ന് അപ്പം, വീഞ്ഞ്, മലർ, മുന്തിരിങ്ങ തുടങ്ങിയ കാഴ്ചവസ്തുക്കളോടുകൂടി ദാവീദിനെ വഴിയിൽവച്ച് എതിരേറ്റ് ക്ഷമാപണം നടത്തി. അതു ഫലത്തിൽ എത്തുകയും ചെയ്തു. രക്തരൂഷിതമാകുമായിരുന്ന അപകടത്തിൽ നിന്നുള്ള നേരിയ രക്ഷപ്പെടലിനെപ്പറ്റി അറിഞ്ഞ നാബാൽ അസ്തപ്രജഞനായി; പത്തു ദിവസങ്ങൾക്കുള്ളിൽ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ വിവാഹം കഴിച്ചു. തൻമൂലം അദ്ദേഹം ഉയർന്ന സാമൂഹികപദവിക്കും ധാരാളം സ്വത്തിനും അവകാശി ആയിത്തീർന്നു. ദാവീദിന്റെ രണ്ടാമത്തെ പുത്രനായ ദാനിയേലിന്റെ മാതാവ് അബീഗയിൽ ആയിരുന്നു (1 ദിനവൃ 3: 1).

അബ്ശാലോമിന്റെ സേനാധിപനായിരുന്ന അമാസയുടെ അമ്മയും ഇത്രേയുടെ ഭാര്യയും ആയ ഒരു അബീഗയിലിനെപ്പറ്റിയും ബൈബിളിൽ പരാമർശമുണ്ട്. പരിചാരികമാരെ പൊതുവേ അബീഗയിൽ എന്ന് ഒരു കാലത്തു സംബോധന ചെയ്തിരുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബീഗയിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബീഗയിൽ&oldid=3623281" എന്ന താളിൽനിന്ന് ശേഖരിച്ചത്