അപിതാന ചിന്താമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിജ്ഞാനകോശമാതൃകയിൽ തമിഴിൽ ആദ്യമായുണ്ടായ ഗ്രന്ഥമാണ് അപിതാന ചിന്താമണി (1910). മദിരാശി പച്ചയ്യപ്പാസ് കോളജിലെ തമിഴ് അദ്ധ്യാപകനായിരുന്ന എ. ശിങ്കാരവേലു മുതലിയാരാണ് (മരണം: 1931) ഗ്രന്ഥകർത്താവ്. അദ്ദേഹത്തിന്റെ പുത്രനായ എ. ശിവപ്രകാശ മുതലിയാർ പ്രസ്തുത കൃതി പരിഷ്കരിച്ച് 1934-ൽ പുനഃപ്രകാശനം ചെയ്തിട്ടുണ്ട്.

ദേവസ്തുതിയോടെ ഗ്രന്ഥം ആരംഭിക്കുന്നു. വിഷയസ്വഭാവത്തെ ആസ്പദമാക്കി വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും, 1600-ൽപരം പേജുകളുള്ള ഒറ്റ വാല്യമായിട്ടാണ് അപിതാനചിന്താമണിയുടെ സംവിധാനം. അഗസ്ത്യമുനിയിൽ തുടങ്ങി ക്ഷേമിയനിൽ (പൂരുവംശരാജാവ്) അവസാനിക്കുന്ന ആദ്യഭാഗത്തെ ശീർഷകസംവിധാനം അക്ഷരമാലാക്രമത്തിലാണ്. തുടർന്ന് കൊടുത്തിരിക്കുന്നത് ക്ഷേത്രപുരാണമാണ്. കൈലാസത്തെക്കുറിച്ചുള്ള വിവരണത്തിനുശേഷം ഉത്തരേന്ത്യ മുതൽ തുളുനാടുവരെയുള്ള ക്ഷേത്രങ്ങൾ; അതുപോലെ വൈകുണ്ഠത്തിനുശേഷം വൈഷ്ണവ ക്ഷേത്രങ്ങൾ (തുളുനാട് ഇവിടെ പരാമൃഷ്ടമാകുന്നില്ല). തേവാരംപാട്ടിൽ പരാമൃഷ്ടമായ സ്ഥലങ്ങൾ, നായനാർമാരുടെയും ആഴ്വാരുടെയും നക്ഷത്രങ്ങൾ, അമൃതാദിയോഗങ്ങൾ (അമൃതയോഗം, സിദ്ധയോഗം മുതലായവ) ഗൌരീപഞ്ചാഗം, നക്ഷത്രാധിദേവതകൾ, പഞ്ചപക്ഷ ഫലാഫലങ്ങൾ, അംശോത്പത്തി (വ്യാസൻ, അശ്വാത്ഥാമാ മുതലായവ) ജാതിപ്പേരുകൾ, ഋഷിപരമ്പര (ബ്രഹ്മ, മരീചി, അത്രി, ഭൃഗു മുതലായവ) രാക്ഷസോത്പത്തി, സൂര്യവംശനാമാവലി, സ്വായംഭുവമനുപരമ്പര, ചന്ദ്രവംശം, യയാതിവംശം, ഹേഹയവംശം, യദുവംശം, വൃഷ്ണിവംശം, തുടങ്ങിയ വിഷയങ്ങൾ മുറയ്ക്ക് അടുത്തതായി വിവരിക്കപ്പെടുന്നു. നാലുവേദങ്ങളെയും പുരാണങ്ങളെയും പരാമർശിച്ചശേഷം ശൈവമഠങ്ങളും വൈഷ്ണവപരമ്പരയും യഥാക്രമം പ്രതിപാദിക്കപ്പെടുന്നു. ചോളപാണ്ഡ്യ രാജ്യങ്ങളിലെ ശാസനങ്ങളെ ആസ്പദമാക്കി, ദക്ഷിണേന്ത്യയുടെ പുരാതത്ത്വപര്യവേക്ഷണമാണ് അടുത്തഭാഗത്ത്. ജൈനക്ഷേത്രങ്ങൾ, ശ്രീലങ്ക, ആര്യന്മാരുടെ കാലത്തെ ദേശങ്ങളും അവയുടെ ആധുനിക നാമങ്ങളും എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ അവസാനഭാഗത്ത് കാണാം.

വിവിധ വിഷയങ്ങളിൽ പ്രാഗല്ഭ്യമുള്ളവർ എഴുതിയിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങളെ ഉപജീവിച്ചാണ് അപിതാന ചിന്താമണി രചിക്കപ്പെട്ടിരിക്കുന്നത്. സാഹിത്യം, പുരാണം, മതം എന്നിവയ്ക്കാണ് ഇതിൽ ഗണ്യമായ സ്ഥാനം. എന്നാൽ വ്യാകരണം, ഭാരതീയദർശനം, തർക്കശാസ്ത്രം, നരവംശശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യം, ജ്യോതിഷം തുടങ്ങി പൊതുവിജ്ഞാനപരമായ വിവിധ വിഷയങ്ങൾ ഏകത്ര ഉൾക്കൊള്ളുന്നു എന്നതിനാൽ, ആധുനികമാനദണ്ഡപ്രകാരം അല്ലെങ്കിലും, ഒരു വിജ്ഞാനകോശത്തിന്റെ സ്ഥാനം ഈ ഗ്രന്ഥത്തിനുണ്ട്.

ജൈനസന്ന്യാസിയായ ഹേമചന്ദ്രൻ (1088-1172) അഭിധാന ചിന്താമണി എന്ന പേരിൽ ഒരു വിജ്ഞാനകോശം രചിച്ചിട്ടുണ്ട്. ദേവാദിദേവം, ദേവം, മർത്ത്യം, ഭൂമി, തിര്യക്ക്, സാമാന്യം എന്നിങ്ങനെ ആറു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഈ കോശത്തിന് നിഘണ്ടുശേഷം എന്ന പേരിൽ ഒരു അനുബന്ധവുമുണ്ട്. മുതലിയാരുടെ അപിതാന ചിന്താമണിയും ഹേമചന്ദ്രന്റെ കൃതിയും തമ്മിൽ പേരിലല്ലാതെ ഉള്ളടക്കത്തിലോ സംവിധാനക്രമത്തിലോ പറയത്തക്ക സാമ്യമൊന്നും കാണാനില്ല.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപിതാന ചിന്താമണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപിതാന_ചിന്താമണി&oldid=1696338" എന്ന താളിൽനിന്ന് ശേഖരിച്ചത്