അന്യസ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജന്യരാഗത്തിൽ അതിന്റെ ജനകരാഗത്തിൽ ഉൾപ്പെട്ട സ്വരങ്ങൾക്കുപുറമേ കടന്നുകൂടുന്ന സ്വരമാണ് അന്യസ്വരം. രാഗങ്ങളുടെ വ്യക്തിത്വത്തിന് അന്യസ്വരപ്രയോഗം ആവശ്യമാണ്. സാധാരണ ഒരു ജന്യരാഗത്തിൽ അതിന്റെ ജനകരാഗസ്വരങ്ങളേ പാടുള്ളൂ എന്നാണ് വയ്പ്. എന്നാൽ പല രാഗങ്ങളും അവയുടെ സ്വരൂപത്തെ കൂടുതൽ ഭംഗിയാക്കാൻവേണ്ടി അന്യസ്വരങ്ങൾ സ്വീകരിക്കുന്നു. ഇങ്ങനെ അന്യസ്വരം സ്വീകരിക്കുന്ന രാഗങ്ങൾക്ക് ഭാഷാംഗരാഗം എന്നു പറഞ്ഞുവരുന്നു. ജനകരാഗങ്ങൾ ഉൾപ്പെട്ട സ്വരം മാത്രം സ്വീകരിച്ചുവരുന്ന ഉപാംഗരാഗങ്ങളായിട്ടാണ് ഭാഷാംഗരാഗങ്ങളിൽ പലതും ആദ്യകാലങ്ങളിൽ വർത്തിച്ചിരുന്നത്. എന്നാൽ മറ്റ് ഏതെങ്കിലും ജനകരാഗത്തിൽപ്പെട്ട സ്വരങ്ങളെ അന്യസ്വരങ്ങളായി സ്വീകരിച്ചു പാടുമ്പോഴുണ്ടാകുന്ന അപൂർവഭംഗിയെക്കുറിച്ച് സംഗീതജ്ഞൻമാർ ബോധവാൻമാരായതിനു ശേഷമാണ് ഭാഷാംഗരാഗങ്ങളെക്കുറിച്ചും അന്യസ്വരങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങൾ ദക്ഷിണേന്ത്യൻ സംഗീതത്തിൽ ആരംഭിച്ചത്. ഭാഷാംഗരാഗം എന്ന പദം ഇപ്പോഴുള്ള അർഥത്തിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുതന്നെ മൂന്നു നൂറ്റാണ്ടുളേ ആയിട്ടുള്ളൂ. മുൻപ് ഭാഷാപ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഗങ്ങളെ സൂചിപ്പിക്കുന്നതിനായിരുന്നു ഭാഷാംഗരാഗങ്ങൾ എന്ന സംജ്ഞ ഉപയോഗിച്ചിരുന്നത്. ഉദാ. സൌരാഷ്ട്രം, മാളവി, സുരുട്ടി.

ഒരു രാഗത്തിൽ ഒന്നുമുതൽ മൂന്നുവരെ അന്യസ്വരങ്ങൾ മാത്രമേ കടന്നുകൂടാറുള്ളൂ. കാംബോജി, ബിലഹരി തുടങ്ങിയവയിൽ ഓരോ അന്യസ്വരങ്ങൾ മാത്രമേ ഉള്ളൂ. അഠാണാ, ബിഹാഗ് തുടങ്ങിയവയിൽ രണ്ടും, കാപ്പി, ആനന്ദഭൈരവി എന്നിവയിൽ മൂന്നും അന്യസ്വരങ്ങൾവീതം ഉൾപ്പെടുന്നു. അന്യസ്വരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഭാഷാംഗരാഗങ്ങളെ ഏകാന്യസ്വരഭാഷാംഗരാഗങ്ങൾ, ദ്വിന്യസ്വരഭാഷാംഗരാഗങ്ങൾ, ത്രയന്യസ്വരഭാഷാംഗരാഗങ്ങൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. അന്യസ്വരത്തിന്റെ സ്വരസ്ഥാനത്തിന് ഭാഷാംഗരാഗത്തിന്റെ ഭാവത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. രണ്ടുവിധത്തിലാണ് അന്യസ്വരങ്ങൾ ഭാഷാംഗരാഗങ്ങളിൽ കടന്നുകൂടുന്നത്:

  1. ആരോഹണാവരോഹണത്തിൽ
  2. സഞ്ചാരങ്ങളിൽ.

സാധാരണ സഞ്ചാരങ്ങളിലാണ് അന്യസ്വരങ്ങൾ വന്നുചേരുക. എന്നാൽ ചിലപ്പോൾ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളിൽത്തന്നെ അന്യസ്വരങ്ങൾ കടന്നുകൂടും. ഉദാ. അസാവേരി, ഭൈരവി, ആനന്ദഭൈരവി, സാരംഗ തുടങ്ങിയവ. അന്യസ്വരങ്ങളെ രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിൽ ഉൾക്കൊള്ളിക്കാതെ സഞ്ചാരങ്ങളിൽമാത്രം ഉൾക്കൊള്ളിക്കുന്നവയ്ക്ക് ഉദാഹരണങ്ങളാണ് കാംബോജി, ബിലഹരി തുടങ്ങിയ രാഗങ്ങൾ.

ചില ഭാഷാംഗരാഗങ്ങളിൽ സ്വകീയസ്വരങ്ങളെക്കാൾ വളരെ കുറച്ചു പ്രാവശ്യം മാത്രമേ അന്യസ്വരങ്ങൾ ആവർത്തിക്കപ്പെടാറുള്ളൂ. ഉദാ. കാംബോജി രാഗത്തിൽ സ്വകീയ രാഗസ്വരമായ കൈശികിനിഷാദത്തേക്കാൾ വളരെ കുറച്ചുമാത്രമേ അന്യസ്വരമായ കാകളിനിഷാദം ആവർത്തിക്കപ്പെടുന്നുള്ളൂ. മറ്റു ചില ഭാഷാംഗരാഗങ്ങളിൽ സ്വകീയസ്വരങ്ങളെക്കാൾ അന്യസ്വരങ്ങൾ അധികം പ്രാവശ്യം ആവർത്തിക്കപ്പെടുന്നതായി കാണാം. അതിനുദാഹരണമാണ് ആനന്ദഭൈരവി. ഇതിൽ സ്വകീയസ്വരമായ കോമളധൈവതത്തേക്കാൾ അധികം പ്രാവശ്യം ആവർത്തിക്കപ്പെടുന്നത് അന്യസ്വരമായ തീവ്രധൈവതമാണ്. സംഗീതകലയുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ നിലവിലിരുന്ന നിയമങ്ങളെ അതിക്രമിച്ച് സ്വാഭാവികമായി കടന്നുവന്ന് വികാസപരിണാമങ്ങൾക്കിടയാക്കിയ രണ്ടു ഘടകങ്ങളാണ് ഭാഷാംഗരാഗങ്ങളും അവയ്ക്കു നിദാനമായ അന്യസ്വരങ്ങളും

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യസ്വരം&oldid=3623155" എന്ന താളിൽനിന്ന് ശേഖരിച്ചത്