അജാക്സ് (കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്)
അജാക്സ് ( AJAX ) അസിൻക്രണസ് ജാവാസ്ക്രിപ്റ്റ് ആൻഡ് എക്സ്എംഎൽ ( Asynchronous JavaScript and XML ) എന്നതിന്റെ ചുരുക്കമാണ്. വെബ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണിത്. അജാക്സ് സ്വയം ഒരു സാങ്കേതികവിദ്യ അല്ല എന്നു പറയാം, നിലവിലുള്ള പല സാങ്കേതികവിദ്യകൾ കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണ് ഇത്. പ്രധാനമായും വെബ് ബ്രൌസർ വെട്ടാതെ (ഫ്ലിക്കർ ചെയ്യാതെ) തന്നെ ബ്രൌസറിൽ ഉള്ള വിവരങ്ങൾ നവീകരിക്കാൻ (അപ്ഡേറ്റ് ചെയ്യാൻ) ഒരു പിൻവാതിൽ (കാൾബാക്ക്) നൽകുക ആണ് അജാക്സ് എന്ന സാങ്കേതിക വിദ്യ ചെയ്യുന്നത്. ഈ പിൻവാതിൽ ഉപയോഗിച്ച് ഏകദേശം വിവരങ്ങൾ ബ്രൌസറിലേക്ക് തള്ളിവിടുന്ന (പുഷ്) പ്രതീതി ഉണ്ടാക്കാൻ കഴിയും.
ഗൂഗിൾ മെയിൽ, ഗൂഗിൾ മാപ്പുകൾ തുടങ്ങിയവ എല്ലാം അജാക്സ് പ്രയോഗത്തിന്റെ ഉദാഹരണങ്ങൾ ആണ്. ഉദാഹരണത്തിന് പേജ് ഫ്ലിക്കർ ചെയ്യാതെ തന്നെ ഗൂഗിൾ മെയിലിൽ ഒരു പുതിയ മെയിൽ വന്നു എന്ന സന്ദേശം വരുന്നതും, ഗൂഗിൾ മെയിലിൽ ഉള്ള ഇൻലൈൻ ചാറ്റിന്റെ പിന്നിലും അജാക്സ് ആണ് പ്രവർത്തിക്കുന്നത് .
അജാക്സ് എന്ന സാങ്കേതിക വിദ്യ ആണ് വെബ് 2.0 എന്ന പുതിയ ഇന്റർനെറ്റ് തിരയ്ക്ക് അടിസ്ഥാനം. ഇന്ന് പല ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻസും അജാക്സും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റർനെറ്റിൽ കൂടി ഒരു ബ്രൌസറിൽ ലഭ്യമാണ്. സെയിൽസ്ഫോഴ്സ്.കോം (http://www.salesforce.com) ഇതിന് ഒരു നല്ല ഉദാഹരണമാണ്.
താരതമ്യേന കഠിനമായ ഈ സാങ്കേതിക വിദ്യ എളുപ്പമാക്കുവാൻ ഇന്ന് പല ടൂൾകിറ്റുകളും ലഭ്യമാണ്. ഡോജോ റ്റൂൾകിറ്റ് (http://dojotoolkit.org), ഗൂഗിൾ വെബ് റ്റൂൾകിറ്റ് എന്നിവ ഇതിനു ചില ഉദാഹരണങ്ങളാണ്.
താഴെ കാണുന്ന ഒന്നിലധികം സങ്കേതിക വിദ്യകളുടെ സമ്മിശ്രമായ ഉപയോഗത്തിലൂടെയാണ് അജാക്സ് ഫലത്തിൽ വരുത്തുന്നത്
- എക്സ്.എച്ച്.റ്റി.എം.എൽ ( XHTML ) അല്ലെങ്കിൽ എച്ച്.റ്റി.എം.എൽ ( HTML )
- ജാവാസ്ക്രിപ്റ്റ്
- കാസ്കേഡിങ്ങ് സ്റ്റൈൽ ഷീറ്റുകൾ അഥവാ സി.എസ്.എസ്
- ഡോം അഥവാ ഡോക്യുമെന്റ് ഒബ്‌ജക്റ്റ് മോഡൽ ( DOM or document object model )
- എക്സ്.എം.എൽ. ( XML )
- എക്സ്.എസ്.എൽ.റ്റി ( XSLT ),
- എക്സ്.എം.എൽ എച്ച്.റ്റി.റ്റി.പി റിക്വസ്റ്റ് ഒബ്‌ജക്റ്റ് ( XMLHttpRequest object )
എന്നിവയാണ് അവ.
കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]
- ഡബ്ല്യു3സ്കൂൾസ്.കോം : ഡബ്ല്യു3സ്കൂൾസ്.കോം എന്ന സൈറ്റിൽ അജാക്സ് പാഠങ്ങൾ
- മോസില്ല ഡെവലപ്പർ സെന്റർ : മോസില്ല ഡെവലപ്പർ സെന്റർ വെബ് സൈറ്റിൽ അജാക്സിനെപ്പറ്റി