ജിമെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിമെയിൽ
ജിമെയിൽ ബീറ്റയുടെ ലോഗോ
ജിമെയിലിന്റെ സ്ക്രീൻഷോട്ട്
ജിമെയിൽ യൂസർ ഇന്റർഫേസ്
വികസിപ്പിച്ചവർ ഗൂഗിൾ
ഓപ്പറേറ്റിങ്ങ് സിസ്റ്റം ക്രോസ്സ് പ്ലാറ്റ്ഫോം (വെബ് അധിഷ്ഠിത പ്രോഗ്രാം)
തരം പോപ്പ്3 ഇ-മെയിൽ, വെബ്‌മെയിൽ
വെബ്‌സൈറ്റ് മെയിൽ.ഗൂഗിൾ.കോം

ഗൂഗിൾ നൽകുന്ന ഒരു ഇ-മെയിൽ സേവനമാണ് ജിമെയിൽ. യുണൈറ്റഡ് കിങ്ഡം, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഗൂഗിൾ മെയിൽ എന്നാണ് ഈ സേവനം ഔദ്യോഗികമായി അറിയപ്പെടുന്നത്. വെബ് മെയിൽ ആയോ പോപ്പ് 3, ഐമാപ്പ്(IMAP) പ്രോട്ടോക്കോൾ ഉപയോഗിച്ചോ ജിമെയിൽ ഉപയോഗിക്കാം. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ജിമെയിൽ.[1]

2004 ഏപ്രിൽ 1-ന്‌ ആണ്‌ ഇതിന്റെ ബീറ്റാ വേർഷൻ പുറത്തുവിട്ടത്. [2] നിലവിലുള്ള ഉപയോക്താക്കളുടെ ക്ഷണം മുഖേന മാത്രമേ ആദ്യകാലത്ത് പുതിയ അക്കൌണ്ട് തുറക്കാൻ പറ്റുമായിരുന്നുള്ളൂ. 2007 ഫെബ്രുവരി 7-ന്‌ ഇത് മാറ്റി ആർക്കും അക്കൌണ്ട് തുറക്കാം എന്ന രീതിയിലാക്കി.

പ്രത്യേകതകൾ[തിരുത്തുക]

ലളിതമായ ഒരു വെബ് ഇന്റർഫേസ് ജിമെയിൽ പ്രദാനം ചെയ്യുന്നു, വോയ്സ് ചാറ്റ് വീഡിയോ ചാറ്റ്, ടെക്സ്റ്റ് ചാറ്റ് മുതലായവ ചെയ്യുന്നതിനും ഇതിൽ സൗകര്യമുണ്ട്. മലയാളം തുടങ്ങി കറെയേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാം, എല്ലാ മെയിലുകളും സെലക്ട് ചെയ്യാനുള്ള സൗകര്യം, വോയ്സ് മെയിൽ വായിക്കാനുള്ള സൗകര്യം, ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ ഇല്ല തുടങ്ങിയ പല ഗുണങ്ങളും ഗൂഗിൾ മെയിലിനുണ്ട്. ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ വേഗത ഉള്ളതല്ലെങ്കിൽ ചാറ്റ് സം‌വിധാനം ഉപയോഗിക്കാൻ സാധിച്ചേക്കില്ല. നിലവിൽ 7 ഗിഗാബൈറ്റ്സിലേറെ സംഭരണസ്ഥലം ജിമെയിൽ സൗജന്യമായി നൽകുന്നുണ്ട്. ഇത് ദിവസേന വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.[3]

പോപ്പ് 3, ഐമാപ്പ്(IMAP) പ്രോട്ടോക്കോളുകൾ പിന്തുണയ്ക്കുന്നതിനാലും ഇവ സൗജന്യമായി ഉപയോക്താക്കൾക്ക് നൽകുന്നതിനാലും തണ്ടർബേർഡ്, ഔട്ട്ലുക്ക്, തുടങ്ങിയ ഇ-മെയിൽ ക്ലൈയന്റ് സോഫ്റ്റ്‌വെയറുകൾ വഴി ജിമെയിൽ സേവനം ഉപയോഗിക്കുവാൻ സാധിക്കുന്നു.

ജിമെയിൽ ലാബ്സ്[തിരുത്തുക]

ജിമെയിൽ ലാബ്സ്

ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ്. പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ജൂൺ 5, 2008 മുതലാണ് ഇങ്ങനെ ഒരു വിഭാഗം ജിമെയിലിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങിയത്.

സ്വതേയുള്ള കീബോർഡ് കുറുക്കുവഴികൾക്കു പുറമേ സ്വന്തമായി ഇവ ക്രമീകരിക്കുവാനുള്ള സൗകര്യം, ചില നേരമ്പോക്ക് കളികൾ, യൂറ്റ്യൂബിൽ ഉള്ള ചലച്ചിത്രങ്ങൾ, പിക്കാസ വെബ് ആൽബങ്ങളിലുള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ ലിങ്ക് ആരെങ്കിലും അയച്ചു തന്നാൽ അത് മെയിലിനുള്ളിൽ വച്ചു തന്നെ കാണുവാനുള്ള സൗകര്യം എന്നിങ്ങനെ കുറേയേറെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങൾ ലാബ്സിൽ കാണാം. ഇവ പ്രശ്നങ്ങൾ കൂടാതെ പ്രവർത്തിക്കുകയും, ഉപയോക്താക്കൾക്ക് ഇഷ്ടമാവുകയും, കൂടുതൽ ആളുകൾ ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്താൽ ജിമെയിലിന്റെ സ്വതേയുള്ള സൗകര്യങ്ങളായി മാറും.

ജിമെയിൽ ലാബ്സിലുള്ള സൗകര്യങ്ങൾ എപ്പോൾ വേണമെങ്കിലും " മാറുകയോ,തകരുകയോ അല്ലെങ്കിൽ‌ അപ്രത്യക്ഷമാകുകയോ ചെയ്യാം " എന്ന മുന്നറിയിപ്പും ഉണ്ട്

ജിമെയിൽ മൊബൈൽ[തിരുത്തുക]

ജിമെയിൽ സേവനത്തിന്റെ മൊബൈൽ ഫോണുകൾക്കുവേണ്ടിയുള്ള പതിപ്പാണ് "ജിമെയിൽ മൊബൈൽ". ഇതും ഒരു സൗജന്യ സേവനമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നു. മൊബൈൽ ഉപകരണങ്ങളായ സെൽഫോണുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയവയിൽ നിന്നും ജിമെയിൽ സേവനം ഉപയോഗിക്കാൻ ജിമെയിൽ മൊബൈൽ സഹായിക്കുന്നു. ഡിസംബർ 16, 2005ലാണ് ഈ സേവനം ഗൂഗിൾ തുടങ്ങിയത്. മൊബൈൽ ഉപകരണങ്ങളുടെ ചെറിയ സ്‌ക്രീനുകളിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ പാകത്തിലാണ് ഇതിന്റെ രൂപകല്പന.

ജിമെയിൽ മൊബൈൽ സേവനം ഉപയോഗിക്കുവാൻ ആവശ്യമായ കാര്യങ്ങൾ-

  • ഇന്റർനെറ്റ് ലഭ്യതയുള്ള മൊബൈൽ ഉപകരണം, വാപ് (WAP) പിന്തുണയ്ക്കുന്ന വെബ് ബ്രൗസർ.
  • ഈ ബ്രൗസർ എക്സ്.എച്.റ്റി.എം.എൽ (XHTML) കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരിക്കണം.
  • കുക്കികൾ ഉപയോഗിക്കുവാനുള്ള സൗകര്യം ബ്രൗസറും, മൊബൈൽ ഇന്റർനെറ്റ് സേവനദാതാവും നൽകിയിരിക്കണം.
  • എസ്.എസ്.എൽ (SSL) വഴിയുള്ള വിനിമയം സാധ്യമായിരിക്കണം.

സാങ്കേതിക പ്രശ്നങ്ങൾ[തിരുത്തുക]

ജിമെയിൽ സേവനം 2009 ഫെബ്രുവരി 24-ന്‌ ഏതാണ്ട് രണ്ട് മണിക്കൂറോളം തകരാറിലായി. ഇത് കൂടുതലായി ബാധിച്ചത് യൂറോപ്പിലും ഇന്ത്യയിലുമായിരുന്നു.[4] ഇതുമൂലം നിരവധി ഉപയോക്താക്കൾക്ക് ജി മെയിൽ സേവനം ഉപയോഗിക്കുവാൻ കഴിയാതായി. ഇതേ മൂലം ഉപയോക്താകൾക്കുണ്ടായ അസൗകര്യങ്ങൾ പരിഗണിച്ച്, ജിമെയിലിന്റെ സൈറ്റ് റിയലബിലിറ്റി മാനേജർ അസാസിയോ ക്രൂസ് പിന്നീട് ക്ഷമാപണം നടത്തി[5]

2011 ഫെബ്രുവരി 28-നുണ്ടായ സാങ്കേതികപ്രശ്നം മൂലം നിരവധി ഉപയോക്താക്കളുടെ ഇൻബോക്സ് മൊത്തത്തിൽ ശൂന്യമായി. ഏതാണ്ട് ഒന്നരലക്ഷത്തോളം ഉപയോക്താക്കളെ ഈ പ്രശ്നം ബാധിച്ചു.[6]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Email and webmail statistics". ശേഖരിച്ചത് 9 ഒക്ടോബർ 2011. 
  2. "ഗൂഗിൾ ഈമെയിൽ സേവനം തുടങ്ങിയതിനെപ്പറ്റി എംഎസ്‌എൻബിസി.കോമിൽ വന്ന വാർത്ത" (ഭാഷ: ഇംഗ്ലീഷ്). എംഎസ്‌എൻബിസി. ശേഖരിച്ചത് 17-11-2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. "ജിമെയിൽ ഹോം പേജ്". ശേഖരിച്ചത് 9 ഒക്ടോബർ 2011. 
  4. http://ibnlive.in.com/news/google-apologises-for-gmail-outage-that-affected-millions/86223-11.html
  5. http://ibnlive.in.com/news/google-apologises-for-gmail-outage-that-affected-millions/86223-11.html
  6. Andrew R Hickey (2011 ജൂലൈ 5). "Google Gmail". The 10 Biggest Cloud Outages Of 2011 (So Far) (ഭാഷ: ഇംഗ്ലീഷ്). സി.ആർ.എൻ. ശേഖരിച്ചത് 9 ഒക്ടോബർ 2011. 
"https://ml.wikipedia.org/w/index.php?title=ജിമെയിൽ&oldid=1713858" എന്ന താളിൽനിന്നു ശേഖരിച്ചത്