അച്ചുതണ്ടു യുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ, പേർഷ്യ, ചൈന, പലസ്തീന, ഗ്രീസ് എന്നിങ്ങനെയുള്ള ചിതറിക്കിടക്കുന്ന നാടുകളെ കേന്ദ്രീകരിച്ച് ലോകത്താകമാനം മനുഷ്യചിന്തയിൽ വിപ്ലവകരമായ മുന്നേറ്റം നടന്നതായി പറയപ്പെടുന്ന ബി.സി. 800-നും 200-നും ഇടയ്ക്കുള്ള കാലഘട്ടത്തെ സൂചിപ്പിക്കാൻ ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ ചിന്തകൻ കാൾ ജാസ്പേഴ്സ് രൂപപ്പെടുത്തിയ പരികല്പനയാണ് അച്ചുതണ്ടു യുഗം (Axial Age). മനുഷ്യമനസ്സുകളേയും സംസ്കാരങ്ങളേയും മൗലികമായി സ്വാധീനിച്ച് ഇന്നോളം നിലനിൽക്കുന്ന മുഖ്യ ദാർശനിക-ധാർമ്മികവ്യവസ്ഥകളുടെയെല്ലാം അടിത്തറ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നു ജാസ്പേഴ്സ് വാദിച്ചു.[1]

മനുഷ്യചിന്തയുടെ ആഗോളതലത്തിലുള്ള വികാസത്തിൽ ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ മദ്ധ്യഘട്ടത്തിനുള്ള പ്രാധാന്യം ജാസ്പേഴ്സിനു മുൻപും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 1922-ൽ പ്രസിദ്ധീകരിച്ച "ലോകത്തിന്റെ ഒരു ലഘുചരിത്രം" (A Brief History of the World) എന്ന കൃതിയിൽ ബിസി ആറാം നൂറ്റാണ്ടിനെക്കുറിച്ച് എച്ച്.ജി.വെൽസ് ഇങ്ങനെ എഴുതിയിരിക്കുന്നു:‌

1953-ൽ പ്രസിദ്ധീകരിച്ച "ചരിത്രത്തിന്റെ ഉല്പത്തിയും ലക്ഷ്യവും" എന്ന കൃതിയിലാണ് ജാസ്പേഴ്സ് അച്ചുതണ്ടു യുഗത്തെ സംബന്ധിച്ച തന്റെ പരികല്പന അവതരിപ്പിച്ചത്. ഈ കൃതിയിൽ അദ്ദേഹം പിൽക്കാലദർശനങ്ങളേയും മതങ്ങളേയും മൗലികമായി സ്വാധീനിച്ച അച്ചുതണ്ടുയുഗത്തിലെ ചിന്തകന്മാരെ എടുത്തുപറയുകയും, ചിന്തയുടെ ലോകത്ത് അവരുടെ ഉത്ഭവമേഖലകൾക്കുണ്ടായിരുന്ന സവിശേഷതകൾ തിരിച്ചറിയുകയും ചെയ്തു. ഭൂമിയുടെ നാലു മേഖലകളിൽ നടന്ന ഈ വികാസത്തിൽ ചൈനയിൽ കൺഫ്യൂഷിയൻ, താവോയിസ്റ്റ് ധർമ്മങ്ങളും, ഇന്ത്യയിൽ ബുദ്ധ, ഹിന്ദുമതങ്ങളും, ഇസ്രായേലിൽ ഏകദൈവവാദവും, ഗ്രീസിൽ ദാർശനികയുക്തിയും (Philosophical rationalism) വികസിച്ചു. ബുദ്ധനും, സോക്രട്ടീസും, കൺഫ്യൂഷിയസും, ജെറമിയായും, ഉപനിഷൽയോഗികളും, മെൻഷിയസും, യൂറിപ്പിഡിസും ഇതിൽ പങ്കുപറ്റി.[1] വിവിധ സംസ്കാരങ്ങളിൽ ഏകകാലത്ത് നടന്ന ഈ ബൗദ്ധികമുന്നേറ്റങ്ങൾ തമ്മിൽ തിരിച്ചറിയാവുന്ന ഉഭയബന്ധങ്ങളോ കൊടുക്കൽ വാങ്ങലുകളോ ഇല്ലാതിരുന്നിട്ടും അവ അത്ഭുതകരമായ സമാനതകൾ പ്രകടിപ്പിച്ചതായി ജാസ്പേഴ്സ് കരുതി. ബിസി രണ്ടാം സഹസ്രാബ്ധത്തിന്റെ മദ്ധ്യഘട്ടത്തിലെ മനുഷ്യസംസ്കാരത്തെ സംബന്ധിച്ച ജാസ്പേഴിന്റെ ഈ ഉൾക്കാഴ്ച മറ്റു പല പണ്ഡിതന്മാരും പിന്തുടരുകയും മതങ്ങളുടെ ചരിത്രത്തിന്റെ പഠനത്തിൽ ചർച്ചാവിഷയമായി തുടരുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 കാരൻ ആംസ്ട്രോങ്ങ്, "ഗ്രേയ്റ്റ് ട്രാൻസ്ഫോർമേഷൻ" എന്ന കൃതിയുടെ ആമുഖത്തിൽ (പുറം xvi).
  2. എച്ച്.ജി.വെൽസ്, ലോകത്തിന്റെ ഒരു ലഘുചരിത്രം എന്ന കൃതിയിലെ "ഗൗതമബുദ്ധന്റെ ജീവിതം" എന്ന അദ്ധ്യായം (പുറം 100)
"https://ml.wikipedia.org/w/index.php?title=അച്ചുതണ്ടു_യുഗം&oldid=1698655" എന്ന താളിൽനിന്ന് ശേഖരിച്ചത്