അങ്കോർതോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധവിഹാർ, അങ്കോർവാത്

കമ്പോഡിയയിലെ ഖമെർ രാജാക്കൻമാർ നിർമിച്ച നഗരത്തിന്റെ പേരാണ് അങ്കോർതോം. അങ്കോർതോം എന്ന വാക്കിന്റെ അർഥം തലസ്ഥാനനഗരി എന്നാണ്. കംബോഡിയയുടെ മധ്യപ്രദേശത്തിന് വടക്കേ ടോൺലെസാപ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രാചീനനഗരി എ.ഡി. 12-ം ശതകത്തിൽ സ്ഥാപിച്ചത് ഖ്മെർ രാജാവായ ജയവർമൻ VII ആണെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. ഈ നഗരത്തിനുസമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമായ അങ്കോർവാത് പണികഴിക്കപ്പെട്ടത് സൂര്യവർമൻ II-ന്റെ കാലത്താണ്.

ഒരു കാലത്ത് 10 ലക്ഷത്തിൽപരം ജനങ്ങൾ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഇത്. നഗരത്തിനുചുറ്റും വലിയ മതിൽക്കെട്ടുകളുണ്ട്; മതിൽക്കെട്ടുകളിലും നഗരത്തിലെ ക്ഷേത്രഭിത്തികളിലും പ്രാചീനചരിത്രസംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശില്പവേലകളുണ്ട്.

ക്രിസ്ത്വബ്ദാരംഭത്തിന് മുൻപുതന്നെ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് കമ്പോഡിയയിൽ കുടിയേറി പാർത്തവർ ഹിന്ദുമതവും സംസ്കൃതഭാഷയും അവിടെ പ്രചരിപ്പിച്ചു. കമ്പോഡിയയുടെ പേരു തന്നെ കംബു (ഹൈന്ദവമതവിഭാഗത്തിൽപ്പെട്ട ഒരു വർഗത്തലവൻ)വിൽ നിന്നുണ്ടായതാണത്രേ. എ.ഡി. 5-ം ശതകത്തോടുകൂടി ഖ്മെർവർഗം ഒരു രാഷ്ട്രമായിത്തീർന്നു. അവരുടെ തലസ്ഥാനനഗരിയായ അങ്കോറിന്റെ നിർമ്മാണം എ.ഡി. 860-ൽ ജയവർമൻ III ആരംഭിച്ചുവെന്നും 40 കൊല്ലംകൊണ്ട് അതിന്റെ പണി പൂർത്തിയാക്കിയെന്നും ചില ചരിത്രകാരൻമാർ അനുമാനിക്കുന്നു. പിന്നീട് ജയവർമൻ VII അങ്കോർവാത് നഗരം സ്ഥാപിച്ചു. ഈ നഗരത്തിന്റെ മധ്യത്തിലുള്ള ബെയോൺ ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട അനേകം ശില്പങ്ങളാൽ അലംകൃതമാണ്.

ഖമെർകാരുടെ അധീശാധികാരത്തിൻകീഴിൽ കഴിഞ്ഞിരുന്ന തായ്‌ലാൻഡുകാർ, എ.ഡി. 14-ം ശതകത്തിന്റെ മധ്യത്തോടുകൂടി അങ്കോർതോം ആക്രമിച്ചു. ഈ ആക്രമണങ്ങളുടെ ഫലമായി ഏതാനും വർഷങ്ങൾക്കുശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു. ജനവാസമില്ലാതായിത്തീർന്ന നഗരം കാടുപിടിച്ച്, പൊതുജനദൃഷ്ടിയിൽനിന്ന് അപ്രത്യക്ഷമാകുകയും വിസ്മൃതമാകുകയും ചെയ്തു. 1860-ഓടുകൂടി ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ എ.എച്ച്. മൌഹൊ നഗരാവശിഷ്ടങ്ങൾ ടോൺ ലെസാപ് തടാകത്തിന് സമീപമായി കണ്ടെത്തി. കോട്ടകൊത്തളങ്ങളാൽ സംരക്ഷിക്കപ്പെട്ട ധാരാളം കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മൌഹൊ ഈ പ്രദേശത്തു കണ്ടു. ഒരു കാലത്ത് അഭിവൃദ്ധിയിൽ കഴിഞ്ഞിരുന്ന ഒരു ജനത അവിടെ വസിച്ചിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. ഈ നഗരവും അവിടത്തെ സംസ്കാരവും എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നതിന് രേഖകളില്ല. ആധുനികകാലത്ത് അങ്കോർതോം ഒരു വിനോദസഞ്ചാരകേന്ദ്രമായി സംരക്ഷിക്കപ്പെട്ടു വരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കോർതോം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കോർതോം&oldid=3478611" എന്ന താളിൽനിന്ന് ശേഖരിച്ചത്