മുസ്തഫ അക്കാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുസ്തഫ അക്കാദ് | |
|---|---|
| ജനനം | ജൂലൈ 1 1930 അലിപ്പോ, സിറിയ |
| മരണം | നവംബര്‍ 11 2005 (പ്രായം 75) അമ്മാന്‍, ജോര്‍ദാന്‍ |
| പ്രവര്‍ത്തന മേഖല | ചലച്ചിത്ര സംവിധായകന്‍ |
| പ്രവര്‍ത്തന കാലഘട്ടം | 1976 - 2005 |
| ഐ.എം.ഡി.ബിയില്‍ | |
സിറിയന്‍-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായിരുന്നു മുഹമ്മദ് അക്കാദ് (ജൂലൈ 1,1930-നവംബര്‍ 11,2005).മുഹമ്മദ്, മെസ്സഞ്ചര്‍ ഓഫ് ഗോഡ് ,ലയണ്‍ ഓഫ് ഡെസര്‍ട്ട് എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ " ഹല്ലോവീന്‍" എന്ന ചലച്ചിത്ര സീരീസിന്റെ നിര്‍മ്മാതാവ് എന്നീ നിലകളിലൂടെയാണ് അക്കാദ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 2005 ല്‍ ജോര്‍ഡാന്റെ തലസ്ഥാനമായ അമ്മാനില്‍ അല്‍-ഖൊയ്ദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ അക്കാദും അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ടു[1].
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
സിറിയയിലെ അലിപ്പോയിലാണ് അക്കാദ് ജനിച്ചത്.പിതാവ് നല്‍കിയ ഇരുനൂറ് ഡോളറും ഒരു ഖുര്‍ആന്‍ പ്രതിയുംകൊണ്ട് ചലച്ചിത്ര സംവിധാനവും നിര്‍മ്മാണവും പഠിക്കാന്‍ അമേരിക്കയിലേക്ക് പോയ അക്കാദ് അവിടെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ അറ്റ് ലോസ്സാഞ്ചല്‍സില്‍ ചേര്‍ന്നു. പിന്നീട് മാസ്റ്റ്ര്‍ ബിരുദപഠനത്തിനായി സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും ചേര്‍ന്നു പഠിച്ചു.അവിടെ വെച്ചാണ് സംവിധായകനായ സാം പെക്കിന്‍ഫയെ കണ്ടുമുട്ടുന്നത്.പെക്കിന്‍ഫ അക്കാദിന്റെ ഹോളിവുഡ് ചലച്ചിത്ര രംഗത്തെ വഴികാട്ടിയും ഉപദേശകനുമായിരുന്നു.
[തിരുത്തുക] ചലച്ചിത്ര ജീവിതം
1976 ലാണ് മുഹമ്മദ് അക്കാദ് "മുഹമ്മദ്, മെസഞ്ചര്‍ ഓഫ് ഗോഡ്" എന്ന ചലച്ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചത് അക്കാദ് തന്നെയായിരുന്നു.ആന്റണി ക്വിന്‍, ഐറിന്‍ പാപാസ് എന്നിവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.ഈ ചിത്രം നിര്‍മ്മിക്കുന്നതിന് മുമ്പ് അക്കാദ് ഇസ്ലാമിക പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു.ഇസ്ലാമിനോടും മുഹമ്മദിനെ ചിത്രീകരിക്കുന്നതില്‍ അതുപുലര്‍ത്തുന്ന കാഴ്ചപ്പാടിനോടും പരമാവധി ആദരം പുലര്‍ത്താന്‍ അക്കാദ് ശ്രമിച്ചു. ഇസ്ലാമിക ലോകവും പടിഞാറന്‍ ലോകവും തമ്മിലുള്ള വിടവിനെ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ് അക്കാദ് ഈ ചിത്രത്തെ കണ്ടത്.1976 ലെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു:ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയില്‍ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് തോന്നി.എഴുനൂറ് മില്ല്യന്‍ ജനങ്ങള്‍ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങള്‍ക്ക് കാര്യമായൊന്നുമറിയില്ല.
1978 ലാണ് "ഹല്ലോവീന്‍" എന്ന ചലച്ചിത്ര പരമ്പര അക്കാദ് നിര്‍മ്മിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിച്ച ഈ പരമ്പര വന്‍ വരുമാനമാനം ഉണ്ടാക്കി.
1980 ല്‍ "ലയണ്‍ ഓഫ് ഡെസെര്‍ട്ട്" സംവിധാനം ചെയ്തു. ലിബിയന്‍ മരുഭൂമയില്‍ ഇറ്റലിയിലെ മുസോളിനിയുടെ സൈന്യത്തിനെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍ എന്ന പോരാളിയുടെ ജീവിത കഥയായിരുന്നു ഈ ചിത്രം.ആന്റണി ക്വിന്‍,ഐറിസ് പാപാസ് എന്നിവരോടൊപ്പം ഒലിവര്‍ റീഡ്,റോഡ് സ്റ്റീഗര്‍,ജോണ്‍ ഗീല്‍ഗുഡ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചു. ചലച്ചിത്ര നിരൂപകരുടെ പ്രശംസ നേടിയ ചിത്രമായിരുന്നെങ്കിലും ചിലരുടെ ദുഷ്പ്രചരണം കാരണം വാണിജ്യവിജയം നേടുന്നതില്‍ ഈ ചിത്രം പരാജയപ്പെട്ടു.
മരണപ്പെടുന്നതിന് മുമ്പ് കുരിശുയുദ്ധത്തെ കുറിച്ചും അതിനെതിരെ പോരാടിയ സലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ചുമുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അക്കാദ്
[തിരുത്തുക] മരണം
2005 നവംബര്‍ 11ന് അമ്മാനില്‍ അല്‍ ഖാഇദ നടത്തിയ ബോംബിങ്ങിലാണ് അക്കാദ് മരണമടഞ്ഞത്. അദ്ദേഹത്തിനപ്പോള്‍ എഴുപത്തഞ്ച് വയസ്സുണ്ടായിരുന്നു. അക്കാദിനൊപ്പം മുപ്പത്തിനാലു വയസ്സായ തന്റെ മകള്‍ റിമാ അക്കാദ് മോണ്‍ലയും കൊല്ലപ്പെട്ടു.ഇരുവരും അമ്മാനിലെ ഗ്രാന്‍ഡ് ഹയ്യാത്ത് ഹോട്ടലിന്റെ ലോബിയിലാരിക്കുമ്പോഴാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്.