തിബെത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: പരമോന്നതമായ ബൂദ്ധത്വം പ്രാപിച്ചു് എല്ലാ ജീവജാലങ്ങളെയും സ്വതന്ത്രരാക്കുക | |
| ദേശീയ ഗാനം: ലോകജീവിതത്തിലും വിമോചനത്തിലും ആനന്ദത്തിനും ഗുണത്തിനും വേണ്ടിയുള്ള എല്ലാ പ്രത്യാശകളുടെയും അമൂല്യഖനിയായ ഉപദേശസാരങ്ങളുടെ പൂര്‍ത്തീകരണമെന്ന ബുദ്ധ അഭിലാഷത്തിന്റെ പ്രകാശകിരണങ്ങള്‍ വര്‍ഷിയ്ക്കട്ടെ... | |
![]() |
|
| തലസ്ഥാനം | ലാസ പ്രവാസിസര്‍ക്കാര്‍ ആസ്ഥാനം ധര്‍മശാല |
| രാഷ്ട്രഭാഷ | തിബത്തന്‍( തിബത്തോ-ബര്‍മീസ് ഭാഷാകുടുംബത്തില്‍ പെട്ടതു്) |
| ഗവണ്‍മന്റ്
രാഷ്ട്രത്തലവന്‍
പ്രധാനമന്ത്രി |
പാര്‍ലമെന്ററി ജനാധിപത്യം പതിനാലാം ദലൈ ലാമ ടെന്‍സിന്‍ ഗ്യാത്സൊ സാം ധോങ് ഋമ്പോച്ചെ |
| ദേശീയപ്രക്ഷോഭദിനം | 1959 മാര്‍ച്ച് 10 |
| വിസ്തീര്‍ണ്ണം |
25 ലക്ഷംചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
60 ലക്ഷം തിബെത്തുകാരും 75 ലക്ഷം ചീനക്കുടിയേറ്റക്കാരും (2003) -/ച.കി.മീ |
| നാണയം | - (-) |
| ആഭ്യന്തര ഉത്പാദനം | - (-) |
| പ്രതിശീര്‍ഷ വരുമാനം | - (-) |
| സമയ മേഖല | UTC +6 |
| ഇന്റര്‍നെറ്റ് സൂചിക | - |
| ടെലിഫോണ്‍ കോഡ് | + |
ഏഷ്യയിലെ തിബത്ത്പീഠഭൂമി ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന ഭുവിഭാഗമാണു്. സമുദ്രനിരപ്പില്‍നിന്ന് ശരാശരി 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ഹിമാലയരാജ്യം
ഇന്ത്യയുടെ വടക്കുള്ള ഹിമാലയരാജ്യം. ഏഷ്യാ ഭൂഖണ്ഡത്തില്‍ നാലുവശത്തും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന 25 ലക്ഷം ച.കി.മീ വിസ്തീര്‍ണമുള്ള തിബെത്ത് സമുദ്രനിരപ്പില്‍നിന്നു് 4880 മീറ്റര്‍ (ശരാശരി 16000 അടി) ഉയരത്തിലാണു് കിടക്കുന്നതു്. അതുകൊണ്ടു് ലോകത്തിന്റെ മേല്‍ക്കൂരയെന്നു് തിബെത്തിനെ വിശേഷിപ്പിയ്ക്കാറുണ്ടു്. മഞ്ഞുനിറഞ്ഞ കൊടുമുടികളും കാറ്റ് ആഞ്ഞടിയ്ക്കുന്ന പീഠഭൂമികളും അടങ്ങിയ തിബത്തിന്റെ തെക്കു് ഹിമാലയ പര്‍വതവും വടക്കു് കുന്‍ലുന്‍ പര്‍വതനിരകളുമാണു്.
60 ലക്ഷം തിബെത്തുകാരുടെ ജന്മഭൂമിയായ ഈ രാജ്യം ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്നു് പ്രവിശ്യകള്‍ ചേര്‍ന്നതാണു്.മതം: പ്രധാനമായും ലാമിക ബുദ്ധമതം. തിബത്തോ-ബര്‍മീസ് ഭാഷാകുടുംബത്തില്‍ പെട്ടതാണു് തിബത്തന്‍ ഭാഷ. തലസ്ഥാനം: ലാസ. അതിര്‍ത്തിരാജ്യങ്ങള്‍: ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ബര്‍മ, ചീന.
1949- 50 ഒക്ടോബര്‍ 7 കാലത്തു് സ്വതന്ത്ര പരമാധികാര തിബത്തിനെ ചീനയുടെ സൈന്യം അധിനിവേശം ചെയ്തു. 1959 മാര്‍ച്ച് 17-നു് തിബെത്തിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവര്‍ത്തകരോടൊപ്പം രാജ്യത്തുനിന്നു് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇന്ത്യ ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്കുകയും പ്രവാസി സര്‍ക്കാരിന്റെ ആസ്ഥാനമായി ഹിമാചല പ്രദേശ സംസ്ഥാനത്തെ ധര്‍മശാല എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു.
- പ്രവാസി സര്‍ക്കാരിന്റെ ആസ്ഥാനം: ധര്‍മശാല
- രാഷ്ട്രത്തലവന്‍: 14-ആം ദലൈ ലാമ ടെന്‍സിന്‍ ഗ്യാത്സൊ
- പ്രവാസി സര്‍ക്കാരിന്റെ ഘടന: പാര്‍ലമെന്ററി ജനാനധിപത്യം
- പ്രധാനമന്ത്രി: സാം ധോങ് ഋമ്പോച്ചെ
[തിരുത്തുക] പ്രാചീന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗം
സ്വര്‍ഗം എന്ന അര്‍ത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കില്‍നിന്നാണു് തിബത്ത് എന്ന പേരുണ്ടായതു്. സുകൃതികള്‍ വസിയ്ക്കുന്ന ഇടം എന്ന അര്‍ത്ഥത്തില്‍ സ്വര്‍ഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന സ്ഥലമായ അതായതു് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്)തിബത്തിലാണു്. പരമേശ്വരനായ ശിവന്‍ കൈലാസത്തിലാണു് വസിയ്ക്കുന്നതെന്നു് വിശ്വസിയ്ക്കപ്പെടുന്നു. (യഹൂദര്‍ അവരുടെ ദൈവമായ യഹോവ സീയോന്‍ പര്‍വതത്തില്‍ വസിയ്ക്കുന്നുവെന്നാണു് വിശ്വസിച്ചുപോന്നതു്.) മാനസസരസ്സിലാണു് മനുഷ്യോല്‍പത്തിയുണ്ടായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ടു് തിബത്തിനെ പുരാതനഇന്ത്യയുടെ ഭാഗമയികാണണമെന്നും ചീനക്കാരുടെയല്ലെന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവു് ഡോ. റാം മനോഹര്‍ ലോഹിയ അഭിപ്രായപ്പെട്ടിരുന്നു.
[തിരുത്തുക] ചരിത്രം
തിബത്തിന്റെ ആദ്യകാല ചരിത്രം സംബന്ധിച്ചു് നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലുമുള്ള വിവരങ്ങളേ കിട്ടാനുള്ളൂ.
[തിരുത്തുക] നാടോടിക്കഥകളില്‍
തിബത്തിലെ ആദ്യത്തെ രാജാവു് ഷിപ്പുയെ ആണെന്നും അദ്ദേഹത്തിന്റെ കാലത്താണു് പ്രധാനലോഹങ്ങള്‍ കണ്ടുപിടിച്ചതെന്നും കൃഷിയും ജലസേചനവും ആരംഭിച്ചതു് അദ്ദേഹമാണെന്നും ചില നാടോടിക്കഥകളില്‍ പറയുന്നതു് .
മഹാഭാരതയുദ്ധരംഗത്തു് നിന്നു് ഒളിച്ചോടിയ ഒരു കൗരവ രാജകുമാരന്‍ തിബത്തില്‍ വന്നു് രാജ്യം സ്ഥാപിച്ചുവെന്നും രൂപതി എന്നാണദ്ദേഹത്തിന്റെ പേരെന്നും അദ്ദേഹത്തിന്റെ പിന്ഗാമികള്‍ വളരെക്കാലം തിബത്തുഭരിച്ചെന്നും ചില തിബത്തുഗ്രന്ഥങ്ങള്‍ പറയുന്നുണ്ടു്.
പുഗ്യെ രാജാവു് തിബത്തു് ഭരിച്ചുവെന്നു് ചില നാടോടിക്കഥകളില്‍ പറയുന്നു. പിന്നെ ഘ്രീ, ടെങ്, ലെങ്സ്, ഡേ, സാന്‍ തുടങ്ങിയ രാജാക്കന്‍മാരും തിബത്തു് വാണുവെന്നും കഥകളുണ്ടു്.
[തിരുത്തുക] നാഹ്-തി-ത്സാന്‍ പൊ ഐതിഹ്യം
ഐതിഹ്യങ്ങളെ ആധാരമാക്കി ബുതൊന്‍ ക്രിസ്തു വര്‍ഷം പതിനാലാം നൂറ്റാണ്ടില്‍ എഴുതിവച്ചചരിത്രത്തിന്റെ ചുരുക്കം: ബുദ്ധന്റെ നിര്‍വാണംകഴിഞ്ഞു് വളരെആണ്ടു്കള്‍ക്കു് ശേഷം കോസലരാജ്യം വാണ പ്രസേനജിത്ത് തന്റെ അഞ്ചാമത്തെ മകനെ വികൃതരൂപിയാണെന്ന കാരണം കൊണ്ടു് വളര്‍ത്താന്‍ ഇഷ്ടപ്പെടാതെ ചെമ്പുപാത്രത്തില്‍ കിടത്തി ഗംഗയിലൊഴുക്കിവിട്ടു. രാജകുമാരനെ ഒരു കര്‍ഷകനെടുത്തു വളര്‍ത്തി വലുതായപ്പോള്‍ രാജകുമാരന്‍ ചരിത്രം മനസ്സിലാക്കി, ഒരു രാജാവാകണം, അല്ലെങ്കില്‍ മരിയ്ക്കണം എന്നു് തീരുമാനിച്ചു് ഹിമാലയത്തിലേയ്ക്കുപോയി. യാത്രാവസാനം തിബത്തിലെ ത്സാന്‍-താന്‍ എന്ന പീഠപ്രദേശത്തെത്തിയ രാജകുമാരനെ സ്വര്‍ഗത്തില്‍ നിന്നു് വന്ന ദേവനാണെന്നു് കരുതി തിബത്തുകാര്‍ രാജാവായി സ്വീകരിച്ചു . കസേരയില്‍ ഇരുത്തി മനുഷ്യര്‍ എടുത്തുകൊണ്ടുവന്ന രാജാവു് എന്ന അര്‍ത്ഥത്തില്‍ നാഹ്-തി-ത്സാന്‍ പൊ എന്നു് അവര്‍ അദ്ദേഹത്തെ വിളിച്ചു. പില്‍ക്കാലത്തു് തലസ്ഥാനമായ ലാസ്സ ആയിടത്തു് നാഹ്-തി-ത്സാന്‍ പൊ രാജാവു് യുമ്പു ലഗാന്‍ കൊട്ടാരം പണിതു. ഐതിഹ്യപ്രകാരം തിബത്തിലെ നാഹ്-തി-ത്സാന്‍ പൊ രാജാവിന്റെ ഭരണം തുടങ്ങിയതു് ക്രിസ്തുവിനു് മുമ്പു് 127 മുതലാണെന്നു് കരുതപ്പെടുന്നു വളരെക്കാലം തിബത്തു ഭരിച്ച അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കാലത്തു് തിബത്തില്‍ ബൊന്‍ മതം പ്രചരിച്ചു.
[തിരുത്തുക] അറിയപ്പെടുന്ന ചരിത്രം
(ക്രിസ്തുവിനു് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ അശോകചക്രവര്‍ത്തിയുടെ ആജ്ഞാനുസരണം കമറിയോണ്‍ രാജാവു് നന്ദിദേവ നടത്തിയതാണു് തിബത്തു് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്നു് കരുതപ്പെടുന്നു.
ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടുവരെ പലനാട്ടുരാജ്യങ്ങളായിരുന്നു തിബത്തു്. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ സോങ്ത്സെന്‍ ഗമ്പോ (song-tsen Gampo)ചക്രവര്‍ത്തി തിബത്തിനെ ഏകീകൃതവും സുശക്തവുമായ രാജ്യമാക്കി മാറ്റി.
രാഷ്ട്രീയ-സൈനീക ഉയര്‍ച്ചയുടെയും മൂന്നു് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സാമ്രാജ്യവിപുലീകരണത്തിന്റെ തുടക്കവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നേപ്പാള്‍ രാജാവും ചീന രാജാവും അവരുടെ പെണ്‍മക്കളെ അദ്ദേഹത്തിനു് വിവാഹം ചെയ്തുകൊടുത്തു. തിബത്തിലെ ബുദ്ധമതത്തിന്റെ പ്രചാരത്തിനു് പ്രധാന പങ്കു് വഹിച്ചവരായതിനാല്‍ നേപ്പാള്‍- ചീന രാജകുമാരിമാരായ ഈ തമ്പുരാട്ടിമാര്‍ക്കു് പ്രത്യേക പ്രാധാന്യമുണ്ടു്. ബുദ്ധമതത്തില്‍ ചേര്‍ന്ന ചക്രവര്‍ത്തി നിരവധി ബുദ്ധവിഹാരങ്ങള്‍ പണിയിയ്ക്കുകയും ബുദ്ധമത ഗ്രന്ഥങ്ങള്‍ക്കു് തിബത്തുഭാഷയില്‍ ഭാഷ്യങ്ങളുണ്ടാക്കിയ്ക്കുകയും ചെയ്തു. തിബത്തുഭാഷയ്ക്കു് ലിപിയുണ്ടായതു് ഇക്കാലത്താണു്.
ത്രിസോങ് ദെത്സെന്‍ (+755 - 797) ചക്രവര്‍ത്തിയുടെകാലത്തു് തിബത്തിന്റെ ശക്തി പാരമ്യത്തിലെത്തി.ചീനയുടെ പലഭാഗങ്ങളും തിബത്തു് കൈവശപ്പെടുത്തി. +763-ല്‍ചീനയുടെ തലസ്ഥാനമായ ചാങ് അന്‍ (ഇപ്പോഴത്തെ പേരു് ക്സിയന്‍) ആക്രമിച്ചതിനെത്തുടര്‍ന്നു് ചീന തിബത്തിനു് ആണ്ടുതോറും കപ്പം നല്കിവന്നു. 783-ല്‍ ചീനയും തിബത്തും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിച്ചു് ഉടമ്പടിയുണ്ടാക്കി (821-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ഉടമ്പടിയുമുണ്ടായി). ബുദ്ധമതത്തെ രാജകീയമതമാക്കിയതു് അദ്ദേഹമാണു്.
ബുദ്ധമതത്തെ രാജ്യമതമാക്കിയതില്‍ ബൊന്‍ മതക്കാര്‍ക്കു് എതിര്‍പ്പുണ്ടായിരുന്നു. റാല്‍ പചന്‍ രാജാവു് (+815- 838) ബൊന്‍ മതക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുമൂലം അവര്‍ രാജാവിനെതിരെ കലാപത്തിനു മുതിര്‍ന്നു. കലാപകാരികള്‍ രാജാവിനെ വധിച്ചു് അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഗ്ലാങ്-ദാര്‍-മ (+838-842) യെ രാജാവാക്കി. അദ്ദേഹം ബൊന്‍ മതക്കാരനും ബുദ്ധമതവിരോധിയുമായിരുന്നു. ബുദ്ധ മതക്കാരെ അടിച്ചമര്‍ത്തിയ അദ്ദേഹത്തെ ബുദ്ധ മതക്കാര്‍ വധിച്ചു.
ഗ്ലാങ്-ദാര്‍-മ യുടെപിന്‍ഗാമികള്‍ ത്സപരാങ് കേന്ദ്രമാക്കി പടിഞ്ഞാറെ തിബത്തില്‍ ഗു-ജേ രാജ്യം സ്ഥാപിച്ചെങ്കിലും കിഴക്കന്‍ തിബത്തില്‍ സ്വാധീനം കിട്ടിയില്ല. കിഴക്കന്‍ തിബത്തില്‍ ബുദ്ധ മതമേധാവികളും സംന്യാസിമാരുമാണു് ഭരണം നടത്തിയതു്. ഇക്കാലത്തു് ബൊന്‍ മതക്കാരും ബുദ്ധ മതക്കാരും തമ്മില്‍ മല്‍സരവും ഏറ്റുമുട്ടലുകളും നടന്നു. ബുദ്ധ മതക്കാര്‍ ചില ബൊന്‍ മതആശയങ്ങളും ബൊന്‍ മതക്കാര്‍ ചില ബുദ്ധ മതആശയങ്ങളും ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമായി.
പിന്നീടു് ഗു-ജേ രാജാക്കന്മാരും ബുദ്ധ മതം സ്വീകരിച്ചു. അവരുടെ ക്ഷണപ്രകാരം +1042-ല്‍ അതിഷന്‍ എന്ന ബുദ്ധ മതപണ്ഡിതന്‍ ബംഗാളില്‍ നിന്നു് തിബത്തില്‍ ചെന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബുദ്ധമത ഗ്രന്ഥങ്ങള്‍ തിബത്തുഭാഷയിലേയ്ക്കു് പരിഭാഷ ചെയ്തു.
[തിരുത്തുക] മംഗോള്‍ ബന്ധം
പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോള്‍ ഭരണാധികാരി ജെങ്ഗിസ് ഖാന്‍ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങള്‍ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോള്‍ തിബത്തു് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോള്‍ ഭരണാധികാരികളും തമ്മില്‍ ഉണ്ടായിരുന്നതു്. പടയോട്ടമായി 1240-ല്‍ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദന്‍ ഖാന്‍ രാജകുമാരന്‍ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപന്‍ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാല്‍ത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണു് ഈ ബന്ധം സ്ഥാപിതമായതു്. ഗോദന്‍ ഖാന്റെ പിന്‍ഗാമിയായ കുബ്ലൈ ഖാന്‍ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗന്‍ ചോഗ്യാല്‍ ഫഗ്പയെ ആത്മീയ മാര്‍ഗദര്‍ശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാന്‍ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയര്‍ന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ല്‍ ഫഗ്പയെ കുബ്ലൈ ഖാന്‍ തിബത്തിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.
[തിരുത്തുക] ഫഗ്മൊദ്രു-റിന്‍പുങ്-ത്സാങ് രാജാക്കള്‍
മംഗോള്‍ വാഴ്ച തകര്‍ന്നതോടെ (1350-ല്‍) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകര്‍ന്നു. ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാല്‍ത്സെന്‍ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു. ഈ രാജാവു് മംഗോള്‍ സ്വാധീനത്തില്‍ നിന്നു് വേറിട്ട ഭരണസമ്പ്രദായമാണു് തുടര്‍ന്നതു്.
1350 മുതല്‍ 1481 വരെ ഫഗ്മൊദ്രു വംശരാജാക്കന്‍മാര്‍ തിബത്തു് ഭരിച്ചു. 1406-ല്‍ രാജകീയക്ഷണപ്രകാരം ഫഗ്മൊദ്രു രാജവംശത്തിലെ ദക്പ ഗ്യാല്‍ത്സെന്‍ രാജാവു് മിങ് രാജവംശത്തിന്റെ ചീന സന്ദര്‍ശിച്ചതു് പ്രധാനസംഭവമാണു്. തത്വജ്ഞാനിയായ ത്സോങ്-ഖ-പ ( Tsong-kha-pa) (1357 – 1419) ആരംഭിച്ച ഗേലൂഗ് ശാല വലിയ ബുദ്ധമതനവീകരണ മുന്നേറ്റം സൃഷ്ടിച്ചു. 1409-ല്‍ ഗന്ദെന്‍ ആശ്രമം സ്ഥാപിച്ചതോടെ ഇതിന്റെ തുടക്കമായി. ദ്രെപുങ് ആശ്രമവും സേര ആശ്രമവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മറ്റു് പ്രധാന ആശ്രമങ്ങളാണു്. (ഇന്നു് ഇതിന്റെ പ്രധാന ആചാര്യന്‍ ദലൈ ലാമയാണെങ്കിലും ഗന്ദെന്‍ ആശ്രമാധിപനായ ഗന്ദെന്‍ തൃപയാണു് ഔപചാരിക തലവന്‍ )
ത്സോങ്-ഖ-പയുടെ അനന്തരവനും പ്രധാനശിഷ്യനുമായ ഗെന്ദുന്‍ ദ്രുപ് (Gendun Drup 1391 – 1474) പരമ ആദരണീയ പണ്ഡിത വിശുദ്ധനായിഅറിയപ്പെട്ടു. ആദ്യത്തെ ദലൈ ലാമയായി പില്‍ക്കാലത്തു് അദ്ദേഹത്തെകണക്കാക്കി. 1447-ല്‍ ഗെന്ദുന്‍ ദ്രുപ് ശിങ്ഗത്സെയില്‍ (Shigatse) സ്ഥാപിച്ച തശില്‍ഹുമ്പോ (Tashilhunpo) ആശ്രമം പില്‍ക്കാലത്തു് പഞ്ചന്‍ ലാമമാരുടെ ആസ്ഥാനവുമായി. ഗേലൂഗ് പാരമ്പര്യത്തില്‍ പ്രധാനാചാര്യന്മാരില്‍ രണ്ടാമനാണു് പഞ്ചന്‍ ലാമ (ഒന്നാമന്‍ ദലൈ ലാമയാണു്). ഗെന്ദുന്‍ ദ്രുപ് മരിച്ചു് രണ്ടുവര്‍ഷം കഴിഞ്ഞു് ജനിച്ച ഒരുകുട്ടിയില്‍ അദ്ദേഹത്തിന്റെ ആത്മാവുണ്ടെന്നു് പ്രചരിയ്ക്കപ്പെടുകയും ആ കുട്ടി അദ്ദേഹത്തിന്റെപിന്‍ഗാമിയായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. ഒരു ലാമ മരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവു് തിബത്തിലെവിടെയങ്കിലും ഒരു ശിശുവായിജനിയ്ക്കുമെന്ന സങ്കല്പം പ്രാമാണികവുമായി.
1430കളോടെ ഭരണം ദുര്‍ബലമാവുകയും അസ്ഥിരതയിലേയ്ക്കു് വീഴുകയും ചെയ്തു. രാജ്യം വിവിധ നാടുവാഴികളുടെ കൈകളിലമരുകയും മഠങ്ങള്‍ തമ്മില്‍ അധികാരമല്‍സരത്തിലാവുകയും ചെയ്ത കാലമാണിതു്.
1481 മുതല്‍ 1565 വരെ റിന്‍പുങ് വംശരാജാക്കന്‍മാരും1565 മുതല്‍ 1642 വരെ ത്സാങ് വംശരാജാക്കന്‍മാരും തിബത്തിനെ നയിച്ചു. ഗേലൂഗ് ശാലയുടെ ഉന്നതലാമയായ സോനം ഗ്യാത്സോയെ 1578-ല്‍ മംഗോളിയയുടെ തുമേദ് രാജാവു് അള്‍ത്താന്‍ ഖാന്‍ മംഗോളിയയിലേയ്ക്കു് ക്ഷണിച്ചു. ഖോഖ് നൂരിനടുത്തു് വച്ചു് അവര്‍ നടത്തിയകൂടിക്കാഴ്ചയില്‍ സോനം ഗ്യാത്സോയെ ദലൈ ലാമയെന്നു് വിളിച്ചതു് പിന്നീടു് അദ്ദേഹത്തിന്റെ സ്ഥാന നാമമായി മാറി. അദ്ദേഹം (സോനം ഗ്യാത്സോ) മൂന്നാമത്തെ ദലൈ ലാമയായാണു് പരിഗണിയ്ക്കപ്പെട്ടതു്. സാഗരം എന്നര്‍ത്ഥമുള്ള ഗ്യാത്സോ എന്ന തിബത്തന്‍ പദത്തിന്റെ മംഗോളിയന്‍ സമാനപദമായിരുന്നു ദലൈ എന്നതു്. ദലൈ ലാമ എന്നതിനു് ജ്ഞാനസാഗരമായയാള്‍ എന്നര്‍ത്ഥം.
[തിരുത്തുക] ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നു
അഞ്ചാമത്തെ ദലൈ ലാമയുടെ കാലമായപ്പോള്‍ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി. ത്സാങ് രാജവാഴ്ചയ്ക്കു് ശേഷം1642-ല്‍ മംഗോളിയന്‍ രാജാവു് ഗുര്‍ഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി....
[തിരുത്തുക] പ്രവിശ്യകള്‍
ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്നു് പ്രവിശ്യകള്‍ ചേര്‍ന്നതാണു് തിബത്ത്.
ആംദോ
വടക്കുകിഴക്കന്‍ പ്രവിശ്യയാണു് ആംദോ. ഇപ്പോഴിതിനെ ചീന പലതായിപിരിച്ചു് ചീനയുടെ ഖിങ്ഘായി, ഗാന്‍സു, സിച്ചുവാന്‍ എന്നീ മൂന്നു് പ്രവിശ്യകളിലാക്കിയിരിയ്ക്കുന്നു.
ഖാം
തെക്കുകിഴക്കന്‍ പ്രവിശ്യയാണു് ഖാം. ഈ പ്രവിശ്യയെ ചീന പലതായിപിരിച്ചു് മുഖ്യ ഭാഗം സിച്ചുവാനിലും ബാക്കി ഭാഗം ഖിങ്ഘായി, തിബത്ത് സ്വയംഭരണ പ്രദേശം എന്നീ പ്രവിശ്യകളിലും ആക്കിയിരിയ്ക്കുന്നു.
ഉ-ത്സാങ്
മദ്ധ്യ തിബത്തന്‍ പ്രവിശ്യയാണു് ഉ-ത്സാങ്. ഇതിന്റെ മുഖ്യ ഭാഗം ഇന്നു് തിബത്ത് സ്വയംഭരണ പ്രദേശം എന്ന ചീനപ്രവിശ്യയായിരിയ്ക്കുന്നു.


