തക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
തക്കാളി
തക്കാളിയുടെ പഴം.
തക്കാളിയുടെ പഴം.
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
Subkingdom: Tracheobionta
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
Subclass: Asteridae
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്‌: Solanum
വര്‍ഗ്ഗം: S. lycopersicum
ശാസ്ത്രീയനാമം
Lycopersicon esculentum
L.
Synonyms

Lycopersicon lycopersicum
Lycopersicon esculentum

സോളനേസിയേ സസ്യകുടുംബത്തില്‍പ്പെട്ട ബഹുവര്‍ഷസസ്യമാണ് ശാസ്ത്രീയ നാമം ലൈക്കോപെര്‍സിക്കോണ്‍ എസ്ക്കുലന്റം (Lycopersicon esculentum). തക്കാളി' (Tomato). തെക്ക്, വടക്ക് അമേരിക്കന്‍ വന്‍‌കരകളിലായി മെക്സിക്കോ മുതല്‍ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികള്‍ ചരിത്രാതീതകാലം മുതല്‍ക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്പെയിനില്‍ നിന്നു വന്നുചേര്‍ന്ന സഞ്ചാരികളാണ് യൂറോപ്പില്‍ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്. യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും കുടിയേറിപ്പാര്‍ത്തവര്‍ തങ്ങളുടെ പുതിയ ആവാസ സ്ഥാനങ്ങളില്‍ തക്കാളിക്കൃഷിയും ആരംഭിച്ചു എന്നു കരുതാം. ഇന്ത്യയിലാദ്യമായി തക്കാളി കൊണ്ടുവന്നതും പ്രചരിപ്പിച്ചതും പോര്‍ച്ചുഗീസുകാരായിരുന്നു. തക്കാളിയുടെ ഫലം (തക്കാളിപ്പഴം) ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്. ചൈന, യു.എസ്.എ., ടര്‍ക്കി, ഇന്ത്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് തക്കാളിയുത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാന്‍ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.

പത്തു മുതല്‍ 25 സെന്റീമീറ്റര്‍ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടില്‍ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രവും വ്യാപനവും

തക്കാളി ഏതുകാലം മുതല്‍ ഭക്ഷ്യവിഭവമായി കൃഷിചെയ്യപ്പെട്ടിരുന്നു എന്നതിന്‌‍ വിവിധ അഭിപ്രായങ്ങളുണ്ട്. ആന്‍ഡ്രൂ സ്മിത്തിന്റെ ദ് റ്റൊമേറ്റോ ഇന്‍ അമേരിക്ക എന്ന പുസ്തകമനുസരിച്ച് തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളാണ്. എന്നാല്‍ സ്പെയിന്‍‌കാര്‍ തെക്കേ അമേരിക്കയില്‍ വരുന്നതിനുമുന്‍പ് തക്കാളി കൃഷിചെയ്യപ്പെടുകയോ ഭക്ഷിക്കപ്പെടുകയോ ചെയ്തിരുന്നില്ലെന്നും സ്മിത്ത് വാദിക്കുന്നു. എന്നാല്‍ ചില ഗവേഷകര്‍ ഈ വാദം അംഗീകരിക്കുന്നില്ല. പെറു പോലെയുള്ള രാജ്യങ്ങളില്‍ സ്പാനിഷ് അധിനിവേശത്തിനു മുന്‍പുണ്ടായിരുന്ന കാര്‍ഷികവിഭവങ്ങളെപ്പറ്റി ചരിത്രരേഖകളില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മെക്സിക്കോയാണ് തക്കാളിയുടെ ജന്മദേശമെന്നും പ്രബലമായ അഭിപ്രായമുണ്ട്. റ്റുമേറ്റോ എന്ന പദം മെക്സിക്കന്‍ നാട്ടുഭാഷയായ നാവറ്റില്‍ നിന്നുള്ളതാണ്.

അമേരിക്കന്‍ വന്‍‌കരകളില്‍ നിന്നും സ്പെയിന്‍‌കാര്‍ തക്കാളിയെ അവരുടെ കോളനികളായ കരീബിയന്‍ ദ്വീപുസമൂഹങ്ങളിലെത്തിച്ചു. ഫിലിപ്പൈന്‍സ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സ്പാനിഷ് അധിനിവേശത്തോടൊപ്പം തക്കാളിയുമെത്തി. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പിലും തക്കാളിക്കൃഷി ആരംഭിച്ചു. മധ്യധരണ്യാ‍ഴിയുടെ തീരപ്രദേശങ്ങളിലായിരുന്നു തക്കാളി കൂടുതലും കൃഷിചെയ്യപ്പെട്ടത്. തക്കാളി ഉപയോഗിച്ചുള്ള പാചകവിധികള്‍ കാണപ്പെടുന്ന ഏറ്റവും പഴക്കമേറിയ ഗ്രന്ഥം ഇറ്റലിയിലെ നേപ്പിള്‍സില്‍ 1692-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

16, 18 നൂറ്റാണ്ടുകള്‍ക്കിടയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും തക്കാളിക്കൃഷി പ്രചരിച്ചു. വടക്കേ അമേരിക്കയുള്‍പ്പെടെ ഇവരുടെ കോളനികളിലും പിന്നീട് തക്കാളിക്കൃഷി വ്യാപകമായി.

[തിരുത്തുക] തക്കാളി കൃഷി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23ºC താപ നില ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. 18-27ºC വരെ താപനിലയുള്ള പ്രദേശങ്ങളില്‍ തക്കാളി വാണിജ്യാടിസ്ഥാന ത്തില്‍ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷക മൂല്യത്തേയും വര്‍ണരൂപീകരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവര്‍ന്നു വളരാന്‍ പ്രാപ്തവുമായ ഇനവും, നേര്‍ത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അര്‍ധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അര്‍ധ ആരോഹി ഇനത്തില്‍ നിന്നാണ് കൂടുതല്‍ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകള്‍ (ഊന്നുകള്‍) നല്കി നിവര്‍ത്തി നിറുത്തുകയാണു പതിവ്. ഇതിന്റെ തണ്ടിലാകമാനം തിളക്കമുള്ള ചുവപ്പുകലര്‍ന്ന മഞ്ഞനിറത്തിലുള്ള ഗ്രന്ഥീയരോമങ്ങളും ഗ്രന്ഥീയമല്ലാത്ത കൂര്‍ത്ത രോമങ്ങളുമുണ്ടായിരിക്കും.

തണ്ടില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത് ഏകാന്തരന്യാസ ത്തിലാണ്. ഇലകള്‍ക്ക് സമപിച്ഛകാകൃതിയാണുള്ളത്. തണ്ടില്‍ ഇലകള്‍ക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ(racemose)പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളു ണ്ടാകുന്നത്. തക്കാളിയുടെ ശാഖനരീതിക്ക് ചില സവിശേഷതക ളുണ്ട്. തണ്ടിന്റെ ചുവടുഭാഗത്ത് ഏകാക്ഷശാഖന (monopodial) രീതിയും അഗ്രത്തിലേക്കു പോകുന്തോറും യുക്തശാഖന (sympodial) രീതിയുമാണുള്ളത്. പുഷ്പമഞ്ജരി അഗ്രമുകുളത്തില്‍ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളര്‍ന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു. പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങള്‍ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങള്‍ വിരിഞ്ഞ് 2-3 ദിവസങ്ങള്‍ക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.

പുഷ്പങ്ങള്‍ക്ക് ബാഹ്യദളങ്ങളും ദളങ്ങളും ആറെണ്ണം വീതമുണ്ടായിരിക്കും. ബാഹ്യദളങ്ങള്‍ ചിരസ്ഥായിയായി ഫലത്തോടൊപ്പം വളരുന്നു. ബാഹ്യദളപുടത്തില്‍ ഗ്രന്ഥികളുള്ളതും ഇല്ലാത്തതുമായ ധാരാളം രോമങ്ങളുണ്ട്. മഞ്ഞ നിറത്തിലുള്ള ദളങ്ങളുടെ പുറഭാഗം രോമിലമാണ്. ദളങ്ങള്‍ സംയോജിച്ച് ഒരു ദളപുടനാളിയായി രൂപപ്പെടുന്നു. ആറു കേസരങ്ങളും ദളപുട നാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. കേസരങ്ങള്‍ക്ക് കുറുകിയ തന്തുവും നീണ്ടു വര്‍ണശബളമായ പരാഗകോശങ്ങളുമുണ്ട്. പരാഗകോശത്തിന്റെ അഗ്രഭാഗം വളഞ്ഞിരിക്കും. പരാഗകോശം നെടുനീളത്തില്‍ പൊട്ടിയാണ് പരാഗങ്ങള്‍ സ്വതന്ത്രമായി പരാഗണം നടത്തുന്നത്. തക്കാളി പുഷ്പങ്ങളില്‍ സ്വപരാഗണവും പരപരാഗണവും നടക്കാറുണ്ട്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ആറോ അതിലധികമോ അറകളുള്ള അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങളുണ്ടായിരിക്കും. ഇവ അക്ഷീയ വിന്യാസരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലുപ്പം കൂടിയ മാംസളമായ പ്ലാസെന്റയില്‍ അക്ഷീയ വിന്യാസരീതിയിലാണ് അണ്ഡങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദ്രാക്ഷായിത (berry) ഫലമാണ് തക്കാളിയുടേത്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും കാണപ്പെടുന്ന തക്കാളിപ്പഴത്തിന് കടുംചുവപ്പോ മഞ്ഞയോ നിറവും മിനുസമുള്ള പുറംതൊലിയുമുണ്ടായിരിക്കും. ഇനഭേദമനുസരിച്ച് ഫലത്തിന്റെ വികാസവും പുറം തൊലിയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

തക്കാളിപ്പഴത്തിന് വര്‍ണഭേദം നല്കുന്നത് കരോട്ടിന്‍, ലൈക്കോപെര്‍സിഡിന്‍ എന്നീ വര്‍ണകങ്ങളുടെ വ്യത്യസ്ത സാന്ദ്രത യിലുള്ള സാന്നിധ്യമാണ്. വിത്തുകള്‍ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.

മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്-വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍-ജൂല. മാസങ്ങളിലും, വസന്തകാല-വേനല്‍ക്കാല വിളകള്‍ക്കായി ന. മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ. തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ധിക്കുന്നതിനും മണ്ണില്‍ വയ്ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

മുന്‍കാലങ്ങളില്‍ കൃഷിചെയ്തിരുന്ന ഇനങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കാലത്തെ കൃഷിയില്‍ നിന്നു ലഭിക്കുന്ന ഫല ങ്ങള്‍. വലുപ്പം കൂടിയതും ഗുണമേന്മയുള്ളതുമായ ഫലങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ പുതിയ കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പൂസ റൂബി, മംഗള, പൂസ 120, എച്ച്.എസ്.102, എസ് 12, സി.ഒ.1 എന്നി വയാണ് ഇന്നു കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങള്‍.

[തിരുത്തുക] തക്കാളികൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുള്‍ രോഗമാണ്. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയല്‍ വാട്ടവും (wilt) ബാക്ടീരിയല്‍ കാങ്കര്‍ (canker) എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

[തിരുത്തുക] ഇതരലിങ്കുകള്‍

Tomato പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം