അശോകചക്രവര്‍ത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശോകചക്രവര്‍ത്തി (304 ബി.സി - 232 ബി.സി) മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. ബി.സി 273 തൊട്ട് ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. അനേകം യുദ്ധങ്ങള്‍ ചെയ്ത ഒരു ചക്രവര്‍ത്തിയായിരുന്നു അശോകന്‍. യുദ്ധങ്ങള്‍ മാത്രമല്ല വിജയവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു, തത്ഫലമായി കിഴക്കന്‍ ഏഷ്യയുടെ ഒരു വലിയ ഭാഗം അദ്ദേഹത്തിന്റെ കീഴിലായി.
അശോകന്‍ എന്നാല്‍ ശോകം (അഥവാ ദുഖം) ഇല്ലാത്തവന്‍ എന്നാണ് അര്‍ത്ഥം. വളരെ വിസ്തൃതമായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം , പടിഞ്ഞാറ് അഫ്ഗാനിസ്ഥാന്‍ മുതല്‍ പേര്‍ഷ്യയുടെ ചില ഭാഗങ്ങള്‍ കിഴക്ക് ബംഗാള്‍ ആസാം തുടങ്ങിയ സ്ഥലങ്ങള്‍ തെക്ക് ഏകദേശം മൈസൂര്‍ വരെ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
ഒരു മികച്ച ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല, മറിച്ച് സ്തൂപങ്ങളിലും ശിലകളിലുമായി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ബുദ്ധമതശാസനങ്ങളുടെ പേരിലുമാണ് അശോകന്‍ ചരിത്രത്തില്‍ സ്ഥാനമുറപ്പിക്കുന്നത്[1].
ഉള്ളടക്കം |
[തിരുത്തുക] ജനനം,ആദ്യകാലജീവിതം
പാടലീപുത്രമാണ് അശോകന്റെ ജന്മസ്ഥലം. മൗര്യ ചക്രവര്‍ത്തി ബിന്ദുസാരന്‍ പത്നി ധര്‍മ്മയുടെയും പുത്രനായിട്ടാണ് അശോകന്‍ ജനിച്ചത്. വളരെ ദരിദ്രനായ ഒരു ബ്രാഹ്മണന്റെ പുത്രിയായിരുന്നു ധര്‍മ്മ. ധര്‍മ്മയില്‍ ബിന്ദുസാരനുണ്ടാകുന്ന പുത്രന്‍ ഒരു മഹായോദ്ധാവാകുമെന്ന പ്രവചനം മൂലമാണ് ധര്‍മ്മ ബിന്ദുസാരന്റെ പത്നിയായത്. അശോകന് മൂത്തവരായി ഒട്ടേറെ അര്‍ദ്ധസഹോദരന്മാരുണ്ടായിരുന്നു. ധര്‍മ്മയുടെ പുത്രനായി ഒരു ഇളയ സഹോദരനും അദ്ദേഹത്തിനുണ്ടായിരുന്നു. രാജകുമാരന്മാര്‍ മത്സരബുദ്ധികളായിരുന്നു, പഠനത്തിലും , ആയോധനകലകളിലും എല്ലാം അശോകനായിരുന്നു മുന്‍പില്‍ .
[തിരുത്തുക] അധികാരത്തിലേക്ക്
[തിരുത്തുക] കലിംഗയുദ്ധം
ഇന്നത്തെ ഒറീസ്സയുടെ തീരത്തോടു ചേര്‍ന്നുള്ള ഒരു പുരാതനരാജ്യമായിരുന്നു കലിംഗം. കലിംഗ പിടിച്ചടക്കാനുള്ള അശോകന്റെ ശ്രമം ഒരു വന്‍യുദ്ധത്തില്‍ കലാശിച്ചു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട അശോകന്‍ ഇനി മേല്‍ യുദ്ധം ചെയ്യില്ലെന്നും ധര്‍മ്മമാര്‍ഗത്തില്‍ ചരിക്കുമെന്നും തീരുമാനമെടുത്തു. യുദ്ധവിജയത്തിനു ശേഷം ആക്രമണം ഉപേക്ഷിക്കുന്ന ലോകചരിത്രത്തിലെ തന്നെ ഒരേഒരു രാജാവാണ് അശോകന്‍[1]
കലിംഗയുദ്ധത്തെക്കുറിച്ചുള്ള അശോകന്റെ ശിലാശാസനം ഇങ്ങനെയാണ്:
| “ | രാജാവായി എട്ടു വര്‍ഷത്തിനു ശേഷം ഞാന്‍ കലിംഗ ആക്രമിച്ചു കീഴടക്കി. ഏകദേശം ഒന്നരലക്ഷത്തോളം പേരെ തടവുകാരായി പിടിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു. ഇത് എന്റെ മനസ്സില്‍ ദുഖം നിറച്ചു എന്തുകൊണ്ടെന്നാല്‍?
ഒരു സ്വതന്ത്രരാജ്യം ആക്രമിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ മരണമടയുകയും നിരവധി പേര്‍ തടവുകാരാക്കപ്പെടുകയും ചെയ്യുന്നു. ബ്രാഹ്മണരും ഭിക്ഷുക്കളും വരെ മൃത്യുവിനിരയാകുന്നു. തങ്ങളുടെ ബന്ധുമിത്രാദികളോടും ഭൃത്യരോടും ദയാലുക്കളായവര്‍ മരണപ്പെടുകയോ അവരുടെ ഇഷ്ടജനങ്ങള്‍ മരണമടയുകയോ ചെയ്യുന്നു. ഇതിനാലാണ് ഞാന്‍ ദുഖിതനായിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ ധര്‍മ്മം അനുഷ്ടിക്കാന്‍ തീരുമാനമെടുക്കുന്നു അതോടൊപ്പം മറ്റുള്ളവരേയും അതിനെക്കുറിച്ച് പഠിപ്പിക്കാനും ഉദ്ദേശിക്കുന്നു. ധര്‍മ്മമാര്‍ഗത്തിലൂടെ ജനങ്ങളെ ജയിക്കുന്നതാണ് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനേക്കാള്‍ ഉചിതം എന്ന് ഞാന്‍ കരുതുന്നു. ഈ സന്ദേശം ഞാന്‍ ഭാവിയിലേക്കു വേണ്ടി കുറിക്കുന്നു. അതായത് എന്റെ കാലശേഷം എന്റെ മകനോ പേരക്കുട്ടിയോ യുദ്ധത്തെക്കുറിച്ചു തന്നെ ചിന്തിക്കാതിരിക്കട്ടെ. പകരം അവര്‍ ധര്‍മ്മമാര്‍ഗം പ്രചരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തട്ടെ. |
” |
[തിരുത്തുക] ധര്‍മ്മപ്രചരണം
അശോകന്‍ വിഭാവനം ചെയ്യുന്ന ധര്‍മ്മത്തില്‍ ദൈവത്തോടുള്ള ആരാധനയോ യാഗങ്ങളോ ഉള്‍പ്പെട്ടിരുന്നില്ല. ബുദ്ധന്റെ ആശയങ്ങളാണ് അദ്ദേഹത്തിന്റെ ചിന്തകളെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനായി പൂജകളും യാഗങ്ങളും നടത്തുന്നത് അനാവശ്യമാണെന്നും പകരം ഭൃത്യരോടും നന്നായി പെരുമാറുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, എല്ലാ ജീവികളോടും ദയകാണിക്കുക, ബ്രാഹ്മണര്‍ക്കും ഭിക്ഷുക്കള്‍ക്കും ദാനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പൂജകളേക്കാള്‍ യോഗ്യമാണെന്ന് അദ്ദേഹം അനുശാസിച്ചു. ഒരുവന്‍ അവന്റെ മതത്തെ പുകഴ്‌ത്തുന്നതും മറ്റൊരാളുടെ മതത്തെ ഇകഴ്‌ത്തുന്നതും തെറ്റാണ്. അതുകൊണ്ട് മറ്റൊരാളുടെ മതത്തെ മനസ്സിലാക്കി അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.
തന്റെ സാമ്രാജ്യത്തിലെ വിവിധമതാനുയായികളായ ജനങ്ങള്‍ തമ്മിലുണ്ടായിരുന്ന സ്പര്‍ദ്ധ, ദൈവപ്രീതിക്കായുള്ള മൃഗബലി, ഭൃത്യരോടും അടിമകളോടും വളരെ മോശമായി പെരുമാറുക, കുടുംബത്തിനകത്തും അയല്‍പക്കത്തുമായുള്ള ജനങ്ങളുടെ കലഹം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് അദ്ദേഹം കരുതി. ഇവ പരിഹരിക്കുന്നതിന് ധര്‍മ്മ മഹാമത്ത എന്ന പേരില്‍ ഉദ്യോഗസ്ഥരെ അദ്ദേഹം നിയമിച്ചു. ഇവര്‍ വിവിധദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ധര്‍മ്മമാര്‍ഗം ഉപദേശിച്ചു.
ഇതിനു പുറമേ അശോകന്‍ തന്റെ സന്ദേശങ്ങള്‍ പാറകളിലും തൂണുകളിലും കൊത്തിവച്ചു. അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് ഇത് വായിച്ചു കേള്‍പ്പിക്കുന്നതിനും അശോകന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ധര്‍മ്മമാര്‍ഗം പ്രചരിപ്പിക്കുന്നതിന് അശോകന്‍ സിറിയ, ഈജിപ്ത്, ഗ്രീസ്, ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളിലേക്കും ദൂതന്മാരെ അയച്ചു[1].
[തിരുത്തുക] ശിലാശാസനങ്ങള്‍
തന്റെ സന്ദേശങ്ങള്‍ ശിലാലിഖിതങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച ആദ്യ ചക്രവര്‍ത്തിയാണ് അശോകന്‍. അശോകന്റെ മിക്കവാറും ശിലാശാസനങ്ങളും പ്രാകൃതഭാഷയിലായിരുന്നു. മിക്കവാറും ബ്രാഹ്മി ലിപിയിലാണ് ഇവ രചിക്കപ്പെട്ടിരിക്കുന്നത്[1]. എന്നാല്‍ അഫ്ഘാനിസ്താനില്‍ അരമായഭാഷയിലും, ഗ്രീക്ക് സംസാരിക്കുന്ന പ്രദേശങ്ങളില്‍ ഗ്രീക്കുഭാഷയിലുമുള്ള ശിലാശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അഫ്ഘാനിസ്ഥാനിലെ പ്രാകൃതഭാഷാശാസനങ്ങൾ ഖരോശ്ഥി ലിപിയിലായിരുന്നു എഴുതപ്പെട്ടിട്ടുള്ളത്[2].
[തിരുത്തുക] അറിവുകള്‍
അശോകന്റെ ചരിത്രം കൂടുതലും ലോകത്തിന് ലഭ്യമായത്, ശ്രീലങ്കയില്‍ പ്രചാരിച്ചിരുന്ന ബുദ്ധമതചരിത്രഗ്രന്ഥങ്ങളില്‍ നിന്നാണ്[3]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 75-79. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 126. ISBN 978-1-4051-8243-0.
- ↑ രാമചന്ദ്രന്‍, സി.കെ.. "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍", മാതൃഭൂമി വാരാന്തപ്പതിപ്പ്, 2008-07-27. ശേഖരിച്ചത് 2008-07-28.

