Jump to content

ഹെലൻ ഹണ്ട് ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലൻ ഹണ്ട് ജാക്സൺ
ജനനംHelen Maria Fiske
October 15, 1830
Amherst, Massachusetts, U.S.
മരണംഓഗസ്റ്റ് 12, 1885(1885-08-12) (പ്രായം 54)
San Francisco, California, U.S.
അന്ത്യവിശ്രമംEvergreen Cemetery, Colorado Springs, Colorado, U.S.
തൂലികാ നാമംH.H.
തൊഴിൽpoet, writer
ഭാഷEnglish
ദേശീയതAmerican
പഠിച്ച വിദ്യാലയംIpswich Female Seminary; Abbott Institute
ശ്രദ്ധേയമായ രചന(കൾ)A Century of Dishonor (1881); Ramona (1884)
പങ്കാളി
Edward Bissell Hunt
(m. 1852)
;
William Sharpless Jackson
(m. 1875)

ഹെലൻ ഹണ്ട് ജാക്സൺ (തൂലികാ നാമം, H.H.; ഒക്ടോബർ 15, 1830 - ഓഗസ്റ്റ് 12, 1885) തദ്ദേശീയ അമേരിക്കൻ ജനതയ്ക്ക് അമേരിക്കൻ ഐക്യനാടുകളുടെ ഭരണകൂടത്തിൽനിന്നും മെച്ചപ്പെട്ട പെരുമാറ്റം സ്ഥാപിച്ചുകിട്ടുന്നതിനായി പ്രവർത്തിച്ച ഒരു അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായിരുന്നു. എ സെഞ്ച്വറി ഓഫ് ഡിസ്ഹോണർ (1881) എന്ന തൻറെ പുസ്തകത്തിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതികൂലഫലങ്ങൾ വിവരിച്ചിരുന്നു. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തെത്തുടർന്ന് തെക്കൻ കാലിഫോർണിയയിൽ അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കക്കാരുടെ മേലുള്ള മോശമായ പെരുമാറ്റത്തെക്കുറിച്ച് റമോണ (1884) എന്ന തന്റെ നോവലിൽ അവർ നാടകീയമായി ആവിഷ്കരിക്കുകയും അവർ അവതരിപ്പിച്ച വിഷയം വ്യാപകമായ ജനശ്രദ്ധ നേടുകയും ചെയ്തു. വാണിജ്യപരമായി ജനപ്രീതി നേടിയ ഈ കൃതി ഏറ്റവും കുറഞ്ഞതു 300 തവണയെങ്കിലും പുനഃപ്രസിദ്ധീകരണം ചെയ്യപ്പെടുകയും, ഇതിലെ രാഷ്ട്രീയമായ ഉള്ളടക്കത്തേക്കാളുപരി മിക്ക വായനക്കാർക്കും ഇതിലെ കാൽപ്പനികവും മനോഹരവുമായ അവതരണ ശൈലി ഇഷ്ടപ്പെടുകയും ചെയ്തു.[1][2] വളരെയേറെ പ്രശസ്തമായിരുന്ന ഈ നോവലിൽ വിവരിച്ചിരുന്ന തെക്കൻ കാലിഫോർണിയയിലെ പ്രദേശങ്ങളിലേയ്ക്കു പല വിനോദ സഞ്ചാരികളും ആകർഷിക്കപ്പെട്ടിരുന്നു.

ആദ്യകാലവും വിദ്യാഭ്യാസവും

[തിരുത്തുക]

മസാച്ച്യുസെറ്റ്സിലെ ആംഹേസ്റ്റിൽ നതാൻ വെൽബി ഫിസ്കേയുടേയും ഡെബൊറാ വാട്ടർമാൻ വിനാൽ ഫിസ്കേയുടേയും പുത്രിയായി ഹെലൻ മരിയ ഫിസ്കേ ജനിച്ചു. അവരുടെ പിതാവ് ഒരു മന്ത്രിയും ഗ്രന്ഥകർത്താവും അതോടൊപ്പം ആംഹെസ്റ്റ് കലാലയത്തിൽ ലത്തീൻ, ഗ്രീക്ക് ഭാഷകൾ, തത്വശാസ്ത്രം എന്നിവ കൈകാര്യം ചെയ്തിരുന്ന പ്രൊഫസറുമായിരുന്നു. ഹെലന് ഹംഫ്രി വാഷ്ബൺ ഫിസ്കേ (? – 1833), ഡേവിഡ് വിനാൽ ഫിസ്കേ എന്നിങ്ങനെ രണ്ടു സഹോദരന്മാരും ആൻ എന്ന സഹോദരിയുമാണുണ്ടായിരുന്നത്. സഹോദരന്മാർ രണ്ടുപേരും ജനിച്ച് അധികം താമസിയാതെതന്നെ മരണമടഞ്ഞിരുന്നു. അദ്വൈതവാദികളായാണ് കുട്ടികൾ വളർ‌ത്തപ്പെട്ടത്. അമേരിക്കൻ ഐക്യനാടുകളുടെ ട്രഷറിയുടെ സോളിസിറ്ററായി സേവനമനുഷ്ടിച്ചിരുന്ന ഒരു ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇ.സി. ബാൻഫീൽഡിന്റെ പത്നിയായിരുന്നു സഹോദരി ആൻ.

1844-ൽ ഹെലൻ മേരിക്കു കേവലം പതിനാലു വയസ്സുള്ളപ്പോൾ പെൺകുട്ടികളുടെ മാതാവു മരണമടഞ്ഞു. മൂന്നു വർഷത്തിനു ശേഷം അവരുടെ പിതാവും മരണമടഞ്ഞു. ഹെലൻ ഫിസ്കിന്റെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സാമ്പത്തിക സഹായവും മേൽനോട്ടം വഹിക്കാൻ ഒരു അമ്മാവനെയും ഏർപ്പെടുത്തിയിരുന്നു. ഇബ്സ്വിച്ച് വനിതാ സെമിനാരിയിലും, ന്യൂയോർക്ക് നഗരത്തിൽ റവറന്റ് ജോൺ സ്റ്റീവൻസ് കാബട്ട് ആബട്ട് നടത്തിയിരുന്ന ആബട്ട് ഇൻസ്റ്റിട്ട്യൂട്ടിലുമായി ഹെലൻ മരിയ വിദ്യാഭ്യാസം ചെയ്തു. അവൾ ആംഹെസ്റ്റിൽ നിന്നുതന്നെയുള്ള അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസന്റെ സഹപാഠിയായിരുന്നു. അവരുടെ ജീവിതകാലം മുഴുവൻ രണ്ടുപേർ ചേർന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും അവരുടെ ചുരുക്കം ചില കത്തുകൾ മാത്രമേ കാലത്തെ അതിജീവിച്ചുള്ളു.

വിവാഹം, കുടുംബം ആദ്യകാല രചനകൾ എന്നിവ

[തിരുത്തുക]

1852 ൽ, തന്റെ 22 ആമത്തെ വയസിൽ, ഹെലൻ മരിയ ഫിസ്കെ യു.എസ്. ആർമി ക്യാപ്റ്റനായിരുന്ന എഡ്വേർഡ് ബിസ്സൽ ഹണ്ടിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺകുട്ടികളാണുണ്ടായിരുന്നത്. അതിൽ ഒരാളായിരുന്ന മുറേ ഹണ്ട് (1853-1854) 1854 ൽ ഒരു മസ്തിഷ്ക രോഗം ബാധിച്ച് ബാല്യകാലത്തുതന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെതന്നെ നാവിക കണ്ടുപിടിത്തങ്ങളിലൊന്ന് പരീക്ഷിച്ചു നോക്കവേ ഒരു അപകടം സംഭവിച്ച് 1863 ഒക്ടോബർ മാസത്തിൽ അവരുടെ ഭർത്താവ് കൊല്ലപ്പെട്ടു. അവരുടെ രണ്ടാമത്തെ പുത്രൻ വാറൻ "റെന്നി" ഹോഴ്സ്ഫോർഡ് ഹണ്ട് (1855-1865) വെസ്റ്റ് റോക്സ്ബറിയിലെ അമ്മായിയുടെ ഭവനത്തിൽവച്ച് 1865-ൽ ഡിഫ്തീരിയ ബാധിച്ചു മരണമടഞ്ഞിരുന്നു.

ഹണ്ടിന്റെ ആദ്യകാല ചെറുകാവ്യങ്ങളിലധികവും ശോകപൂർണ്ണ അന്തരീക്ഷത്തിൽനിന്നും നഷ്ടങ്ങളും ദുഃഖം ഖനീഭവിച്ച കടുത്ത അനുഭവങ്ങളിൽനിന്നുമൊക്കെ ഉയിർത്തുവന്നവയാണ്. ഈ സമയം വരെ, അവരുടെ ജീവിതം സ്വകാര്യവും സാമൂഹ്യവുമായ കടമകളിൽ ആമഗ്നമായതായിരുന്നു. 1866-ലെ ശൈത്യകാലത്ത് ന്യൂപോർട്ടിലേക്ക് സ്വയം പറിച്ചുനട്ടപ്പോഴാണ് അവരുടെ യഥാർഥ സാഹിത്യജീവിതം ആരംഭിച്ചതെന്നു പറയാം. മൂന്നു വർഷം കഴിഞ്ഞ് ദ അറ്റ്ലാന്റിക്സിൽ അവരുടെ ആദ്യ കവിതയായ "കൊറോണേഷൻ" പ്രത്യക്ഷപ്പെട്ടു. അതോടെ പ്രത്യേകിച്ച് ആ മാസികയുമായും അതുപോലെ തന്നെ ദ നേഷൻ, ഇൻഡിപ്പെൻഡന്റ് എന്നിവയുമായും ദീർഘവും ഫലപുഷ്ടിയുള്ളതുമായ ഒരു ബന്ധം ആരംഭിച്ചിരുന്നു. 1868-1870 കാലത്ത് യൂറോപ്പിൽ യാത്രയിലും സാഹിത്യപ്രവർത്തനത്തിലുമായി അവർ ചെലവഴിച്ചു. 1872 ൽ ആദ്യമായി കാലിഫോർണിയ സന്ദർശിക്കുകയുണ്ടായി.

1873-1874-ലെ ശൈത്യകാലത്ത്, കൊളറാഡോ സംസ്ഥാനത്തെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്തുള്ള സെവൻ ഫാൾസ് റിസോർട്ടിൽ ക്ഷയരോഗ ചികിത്സയുടെ ഭാഗമായുള്ള വിശ്രമത്തിനായി അവർ തങ്ങിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തിനുമുമ്പ് ഈ രോഗം  അതീവ വിനാശകരമായിരുന്നു. (കൊളറാഡോ സ്പ്രിങ്ങ്സിലെ ക്ഷയരോഗ ചികിത്സ എന്ന ഭാഗം കാണുക). കൊളറാഡോ സ്പ്രിങ്ങ്സിൽ ആയിരിക്കുമ്പോൾ, അവർ അതി സമ്പന്നനായ ഒരു ബാങ്കറും റെയിൽറോഡ് എക്സിക്യുട്ടീവുമായിരുന്ന വില്ല്യം ഷാർപ്ലെസ് ജാക്സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1875 ൽ അവർ വിവാഹിതരാകുകയും തന്റെ പേരിലേയ്ക്കു ജാക്ക്സൺ എന്ന പേരു കൂട്ടിച്ചേർക്കുകയും പിന്നീടുള്ള രചനകളിൽ ഈ പേരിൽ കൂടുതലായി അറിയപ്പെടുകയും ചെയ്തു.

തന്റെ ആദ്യകാല സൃഷ്ടികൾ അവർ അജ്ഞാതഎഴുത്തുകാരിയായാണു രചിച്ചത്.  സാധാരണയായി "H.H" എന്ന തൂലികാ നാമം ഉപയോഗിച്ചിരുന്നു. റാൽഫ് വാൽഡോ എമേഴ്സൺ അവരുടെ കവിതകളെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പൊതു വായനാവേദികളിൽ അവരുടെ പല കവിതകളും ഉപയോഗിക്കുകയും ചെയ്തിരുന്നു. അവയിൽ അഞ്ചു കവിതകൾ തന്റെ ‘പാർനാസ്സസ്: ആൻ ആന്തോളജി ഓഫ് പോയട്രി’ (1880) എന്ന കൃതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

അടുത്ത രണ്ടു വർഷങ്ങളിൽ, മെർസി ഫിൽബ്രിക്ക്സ് ചോയിസ്, ഹെറ്റിസ് സ്ട്രേഞ്ച് ഹിസ്റ്ററി എന്നിവ ഉൾപ്പെടെ മൂന്നു നോവലുകൾ ഗ്രന്ഥകാരിയുടെ പേരില്ലാതെ നോ നെയിം പരമ്പരയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതേ പരമ്പരയുടെ ഭാഗമായി എമിലി ഡിക്കിൻസന്റെ സംഭാവനയും ‘എ മാസ്ക്ക് ഓഫ് പോയെറ്റ്സ്’ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തുന്നതിനെ അവർ പ്രോത്സാഹിപ്പിച്ചു.

തദ്ദേശീയ അമേരിക്കൻ  ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തക

[തിരുത്തുക]

1879 ൽ പോൻക വർഗ്ഗത്തിലെ ചീഫ് സ്റ്റാൻഡിംഗ് ബീയർ ബോസ്റ്റണിൽ നടത്തിയ ഒരു പ്രഭാഷണം ശ്രവിച്ചതിനുശേഷം ജാക്സന്റെ താത്പര്യങ്ങൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരിലേയ്ക്കു തിരിഞ്ഞു. നെബ്രാസ്ക റിസർവ്വേഷനിൽനിന്ന് തങ്ങളെ നിർബന്ധിതമായി നീക്കം ചെയ്തതും ഒക്ലാഹോമയിലെ ഇന്ത്യൻ ടെറിറ്ററിയായ ക്വാപ്പാ റിസർവ്വേഷനിലേയ്ക്ക് അയച്ചതിനേക്കുറിച്ചു സ്റ്റാൻഡിംഗ് ബിയർ വിവരിക്കുകയുണ്ടായി. അവിടെ അവർ രോഗം, പ്രതികൂലവും കഠിനവുമായ കാലാവസ്ഥ, മോശമായ വിതരണ സംവിധാനങ്ങൾ‌ എന്നിവയാൽ ദുരിതമനുഭവിച്ചു. തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെമേലുള്ള  ഗവൺമെൻറ് ഏജന്റുമാരുടെ  മോശമായ പെരുമാറ്റത്തെത്തുടർന്ന് ജാക്ക്സൺ അവർക്കു വേണ്ടി ഒരു ആക്റ്റിവിസ്റ്റായി മാറി. ഗവൺമെന്റിന്റെ തെറ്റായ നടപടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും, പരാതികൾ പ്രചരിപ്പിക്കുകയും, വളരെയധികം സംഭാവനകൾ ശേഖരിക്കുകയും പോൻകാ വർഗ്ഗത്തിനുവേണ്ടി ന്യൂയോർക്ക് ടൈംസിൽ എഴുതുകയും ചെയ്തു.

വികാരതീവ്രയും ധാരാളം സാഹിത്യ സൃഷ്ടികൾ സ്വന്തമായുള്ള എഴുത്തുകാരിയുമായ ജാക്സൺ പോൻകാകൾക്കും മറ്റ് അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾക്കുമെതിരേയുള്ള അനീതികൾക്കെതിരേ ഫെഡറൽ അധികാരികളുമായി ചൂടൻ സംവാദങ്ങളിലേർപ്പെട്ടിരുന്നു. അവരുടെ പ്രധാന ഉന്നങ്ങളിലൊരാൾ യു.എസ്. ആഭ്യന്തര സെക്രട്ടറിയായിരുന്ന കാൾ ഷൂഴ്സായിരുന്നു. “ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും കൗശലമുള്ള അസത്യവാദികളിലൊരാൾ” എന്ന് ഒരിക്കൾ അവർ ഷൂഴ്സിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ ഇൻഡ്യൻ ഗോത്രങ്ങളുമായുള്ള ഉടമ്പടികൾ സർക്കാർ തുടരേ ലംഘിക്കുന്നതിനേക്കുറിച്ച് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. യുഎസ് ഇന്ത്യൻ ഏജന്റുമാരുടേയും, സൈനിക ഉദ്യോഗസ്ഥരുടേയും അഴിമതികേളേക്കുറിച്ചും കുടിയേറ്റക്കാർ ഇന്ത്യൻ റിസർവ്വ് പ്രദേശങ്ങളിലേയ്ക്ക് അതിക്രമിച്ചു കടക്കുന്ന് ഇന്ത്യൻ ഭൂമികൾ കൈവശപ്പെടുത്തുന്നതിനേക്കുറിച്ചും അവർ രേഖകൾ തയ്യാറാക്കിയിരുന്നു.

നിരവധി പത്രാധിപന്മാരുടെ പിന്തുണ ലഭിക്കുന്നതിൽ ജാക്സൺ വിജയിക്കുകയും റിപ്പോർട്ടുകൾ ഈ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അവരുടെ പത്രലേഖകരിൽ ന്യൂയോർക്ക് ഇൻഡിപെൻഡന്റിലെ വില്യം ഹെയ്സ് വാർഡ്, സെഞ്ച്വറി മാഗസിനിലെ റിച്ചാർഡ് വാട്സൺ ഗിൽഡർ, ന്യൂയോർക്ക് ഡെയ്ലി ട്രിബ്യൂണിലെ പ്രസാധകൻ വൈറ്റ്‍ലോ റെയ്ഡ് എന്നിവർ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. H.H.Jackson (1884) Ramona (NY: Harper)
  2. DeLyser, Dydia (2005), Ramona Memories: Tourism and the Shaping of Southern California, (Minneapolis: University of Minnesota Press)
"https://ml.wikipedia.org/w/index.php?title=ഹെലൻ_ഹണ്ട്_ജാക്സൺ&oldid=4102049" എന്ന താളിൽനിന്ന് ശേഖരിച്ചത്