Jump to content

ലുപിത യോങ്ഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുപിത യോങ്ഗോ
ലുപിത യോങ്ഗോ, 2019
ജനനം
ലുപിത അമോണ്ടി യോങ്ഗോ [1]

(1983-03-01) 1 മാർച്ച് 1983  (41 വയസ്സ്)
പൗരത്വംകെനിയൻ , മെക്സിക്കൻ[2]
കലാലയംഹാംപ്ഷെയർ കോളേജ്
യേൽ സ്കൂൾ ഓഫ് ഡ്രാമ (MFA)
വിറ്റിയർ കോളേജ്
തൊഴിൽനടി, സംവിധായിക
സജീവ കാലം2004–തുടരുന്നു
മാതാപിതാക്ക(ൾ)പീറ്റർ യോങ്ഗോ’’’ (അച്ഛൻ)
ഡൊറോത്തി യോങ്ഗോ’’’ (അമ്മ)

ഒരു കെനിയൻ അഭിനേത്രിയും സംവിധായികയുമാണ് ‘‘’ലുപിത അമോണ്ടി യോങ്ഗോ’’’(ജനനം: 1 മാർച്ച് 1983). 2013-ൽ പുറത്തിറങ്ങിയ 12 ഇയേഴ്സ് എ സ്ലേവ് (ചലച്ചിത്രം) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ്[3], സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവ കരസ്ഥമാക്കി. ഓസ്കാർ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ലുപിത യോങ്ഗോ നടത്തിയ സൗന്ദര്യത്തെപ്പറ്റിയുള്ള പ്രസംഗം ലോകശ്രദ്ധ ആകർഷിക്കുകയുണ്ടായി. കെനിയയിലെ രാഷ്ട്രീയക്കാരനായ പീറ്റർ അൻയങ് 'നിയോങ്’ഓ മകളായ ലുപ്പിറ്റ, മെക്സിക്കോ സിറ്റിയിൽ ജനിച്ചു. അദ്ദേഹം അക്കാലത്ത് മെക്സിക്കോയിൽ ഒരു അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നാം വയസ്സിൽ കെനിയയിലേക്ക് മടങ്ങിയ ലുപ്പിറ്റ തന്റെ കോളജ് വിദ്യാഭ്യാസം അമേരിക്കയിലെ ഹാംഷെയർ കോളേജിലാണ് പൂർത്തിയാക്കിയത്.

ഒരു നിർമ്മാണ സഹായിയായാണ് ഹോളിവുഡിൽ ലുപ്പിറ്റ തന്റെ ജീവിതം ആരംഭിച്ചത്. 2008-ൽ, ഈസ്റ്റ് റിവർ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം ചെയ്തശേഷം ഷൂഗ (2009-2012) എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു. 2009-ൽ ഇൻ മൈ ജീൻസ് എന്ന ഡോക്യുമെന്ററിയുടെ രചനയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ചു. പിന്നീട് യേൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. ബിരുദം നേടിയ ശേഷം, സ്റ്റീവ് മക്ക്വീനിന്റെ ചരിത്രനാടകമായ '12 ഇയർസ് എ സ്ലേവ്' എന്ന ചിത്രത്തിൽ പാറ്റ്സി എന്ന വേഷം അവതരിപ്പിച്ചു. ഈ വേഷത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡും അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കി. അക്കാദമി അവാർഡ് നേടുന്ന ആദ്യ കെനിയക്കാരിയും മെക്സിക്കോക്കാരിയുമാണ് ലുപ്പിറ്റ ന്യോങ്’ഒ.

സ്റ്റാർ വാർസ് സീക്വൽ പരമ്പരയിൽ മാസ് കനാത്ത എന്ന കഥാപാത്രത്തെ മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് അവതരിപ്പിച്ചു. 2018 ൽ ബ്ലാക്ക് പാന്തർ എന്ന മാർവെൽ സിനിമാറ്റിക് യൂണിവേർസ് സൂപ്പർഹീറോ ചിത്രത്തിൽ നകിയ എന്ന വേഷം ലുപ്പിറ്റ അവതരിപ്പിച്ചു.

ഓസ്കാർ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സാരം

[തിരുത്തുക]

ഈ അവസരം ഞാൻ സൌന്ദര്യത്തെപ്പറ്റി സംസാരിക്കുവാൻ ഉപയോഗിക്കുകയാണ്‌, കറുത്ത സൌന്ദര്യത്തെപ്പറ്റി. ഒരു പെൺകുട്ടിയിൽ നിന്നും ലഭിച്ച എഴുത്തിലെ ഒരു ഭാഗം ഞാൻ വായിക്കാം, "പ്രിയ ലുപിത, നിങ്ങൾ ഇത്രയ്ക്കങ്ങ്‌ കറുത്തിരുന്നിട്ടും ഒറ്റ രാത്രികൊണ്ട്‌ ഹോളിവുഡിൽ പ്രസിദ്ധയായത്‌ മഹാഭാഗ്യമായി. എന്റെ കറുത്ത തൊലി വെളുപ്പിക്കാനുള്ള ക്രീം വാങ്ങാൻ ഞാൻ ഒരുങ്ങുമ്പോഴാണ്‌ നിങ്ങൾ പ്രത്യക്ഷപ്പെട്ടതും എന്നെ രക്ഷിച്ചതും" ഇതു വായിച്ചപ്പോൾ എന്റെ ഹൃദയത്തിന്‌ ഒരു വിറ അനുഭവപ്പെട്ടു. കോളേജിൽ നിന്നും ഇറങ്ങിയ ശേഷം ചെയ്ത ആദ്യ ജോലിക്ക്‌ തന്നെ ഇത്രയും വലിയൊരു പ്രതീക്ഷ ദി കളർ പർപ്പിൾ എന്ന സിനിമയിലെ സ്ത്രീകളെപ്പോലെ ലോകത്തിനു നൽകാനായല്ലോ.

ഞാനും സ്വയം ഒരു വിരൂപയാണെന്ന് ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എപ്പോൾ ടി വി വച്ചാലും അതിലെല്ലാം വെളുത്ത തൊലിയുള്ളവർ മാത്രം. എന്റെ കറുത്ത തൊലിയെപ്പറ്റി എപ്പോഴും വിഷമിച്ച കാലം. അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള ഈശ്വരനോട്‌ എന്റെ ഏകപ്രാർത്ഥന ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ വെളുത്തിരിക്കണം എന്ന് മാത്രമായിരുന്നു. നേരം വെളുത്താൽ നേരെ കണ്ണാടിയുടെ മുന്നിലെത്തിയതിനുശേഷമേ കണ്ണുതുറക്കുമായിരുന്നുള്ളൂ, എന്തെന്നാൽ ആദ്യം എനിക്കെന്റെ മുഖമായിരുന്നു കാണേണ്ടത്‌. എന്നാൽ തലേന്നത്തെപ്പോലെ കറുത്തമുഖം തന്നെ കണ്ടതിന്റെ നിരാശ മാത്രമായിരുനു ബാക്കി.

കൌമാരമായപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ കഷ്ടമായി. ഞാൻ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നെങ്കിലും അതൊരു ആശ്വാസമായതേയില്ല. അമ്മമാർ അങ്ങനെയല്ലേ പറയൂ. അപ്പോഴാണ്‌ അലെക് വെക് അന്താരാഷ്ട്രതലത്തിലേക്ക്‌ വന്നത്‌. രാത്രി പോലെ ഇരുണ്ടിരുന്ന അവർ അതാ എല്ലാ മാസികകളുടെ മുഖചിത്രമായും അവരുടെ സൌന്ദര്യം ഏല്ലാവരാലും പുകഴ്ത്തപ്പെട്ടും ഇരിക്കുന്നു. എനിക്ക്‌ അത്ഭുതമായി, ഏതാണ്ട്‌ എന്നെപ്പോലെ തന്നെ ഇരുണ്ട്‌ കറുത്തിരിക്കുന്ന അവരുടെ സൌന്ദര്യത്തെപ്പറ്റിയാണ്‌ ആൾക്കാർ സംസാരിക്കുന്നത്‌. എന്റെ നിറമായിരുന്നു ഒരിക്കലും എനിക്കുമറികടക്കാനാവാത്ത തടസ്സം. പെട്ടെന്നതാ ഒഫ്രാ പറയുന്നു അതൊരു തടസ്സമേ അല്ല എന്ന്. ദൂരെയുള്ളവർ എന്നെ അംഗീകരിക്കാൻ തുടങ്ങിയപ്പോഴും അടുത്തുള്ളവർക്ക്‌ വെളുത്ത നിറത്തോടു തന്നെയായിരുന്നു പ്രതിപത്തി. എന്നെ ശ്രദ്ധിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നവരെല്ലാം എന്നെ വിരൂപയായിത്തന്നെയാണ്‌ കാണുന്നതെന്ന് ഞാൻ കരുതി.

നിനക്ക്‌ സൌന്ദര്യത്തെ നിന്നാനോ, സൌന്ദര്യത്തിന്‌ നിന്നെ പോറ്റാനോ ആവില്ല - എന്റെ അമ്മ എന്നോട്‌ പറയുന്ന ഇക്കാര്യത്തിനെ അർത്ഥം എനിക്കന്ന് മനസ്സിലായില്ല. അവസാനം എനിക്കതിന്റെ അർത്ഥം പിടികിട്ടി. സന്ദര്യം എന്നത്‌ എനിക്ക്‌ ഉണ്ടാക്കിയെടുക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതല്ല, സൌന്ദര്യം എന്നത്‌ ഞാൻ ആയിത്തീരേണ്ട ഒരു കാര്യമാണ്‌. അമ്മ പറാഞ്ഞത്‌ എനിക്ക്‌ മനസ്സിലായി. നിങ്ങൾ എങ്ങനെ ഇരിക്കുന്നു എന്ന കാര്യം നിങ്ങളുടെ ജീവസന്ധാരണത്തിന്‌ നിങ്ങൾക്ക്‌ ആശ്രയിക്കാവുന്ന ഒന്നല്ല. അടിസ്ഥാനപരമായി സൌന്ദര്യം എന്നത്‌ നിങ്ങൾക്ക്‌ നിങ്ങളോടും നിങ്ങളുടെ ചുറ്റുമുള്ളവരോടുമുള്ള സഹാനുഭൂതിയാണ്‌, ആർദ്രതയാണ്‌. അത്തരം സൌന്ദര്യം നിങ്ങളുടെ ഹൃദയത്തിൽ ഉന്നമനം ഉണ്ടാക്കുന്നു, നിങ്ങളുടെ ആത്മാവിനെ ഉദ്ദീപിപ്പിക്കുന്നു. ആ സൌന്ദര്യമാണ്‌ തന്റെ യജമാനനോട്‌ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടി വന്നപ്പോളും പാറ്റ്സിയുടെ(12 ഇയേഴ്സ് എ സ്ലേവിലെ ലുപിത യോങ്ഗോയുടെ കഥാപാത്രം) കഥ ഇന്നും നിലനിൽക്കാൻ കാരണമായത്‌. അവളുടെ ശരീരത്തിന്റെ സൌന്ദര്യം പൊലിഞ്ഞപ്പോളും അവളുടെ ആത്മാവിന്റെ സന്ദര്യത്തെയാണ്‌ നമ്മൾ ഓർക്കുന്നത്‌.

അതു കൊണ്ട്‌ എനിക്ക്‌ എഴുത്തയച്ച കൊച്ചുമോളേ, ഞാൻ നിങ്ങളുടെ സ്ക്രീനിൽ ഉള്ളത്‌ നിന്നെയും ഒരു സമാന യാത്രയ്ക്ക്‌ ഉതകുന്നവളാക്കട്ടെയെന്ന് ആശംസിക്കുന്നു. പുറമേ നീ സൌന്ദര്യവതി തന്നെയായിരിക്കും എന്നാലും നിന്റെ ആന്തരികസൌന്ദര്യമാവട്ടെ നിന്റെ യാഥാർത്ഥ സൌന്ദര്യം. ആ സൌന്ദര്യത്തിന്‌ നിഴലുകളും ഉണ്ടാവില്ല. [4]

അവലംബം

[തിരുത്തുക]
  1. "School of Drama 2012–2013" (PDF). Yale Unversity. Retrieved 17 February 2014.
  2. Terra: "Actriz de '12 Years a Slave' presume orgullo mexicano". 8 September 2013.
  3. "12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം; ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കർ". മാതൃഭൂമി. 3 മാർച്ച് 2014. Archived from the original on 2014-03-03. Retrieved 3 മാർച്ച് 2014.
  4. http://www.essence.com/2014/02/27/lupita-nyongo-delivers-moving-black-women-hollywood-acceptance-speech/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലുപിത_യോങ്ഗോ&oldid=3802864" എന്ന താളിൽനിന്ന് ശേഖരിച്ചത്