കേരളത്തിലെ വിമാനത്താവളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ ആദ്യമായി വിമാന സർവ്വീസ് തുടങ്ങിയത് 1935 ഒക്ടോബറിൽ ആണ്. മുംബൈക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ടാറ്റ സൺസ് കമ്പനി തുടങ്ങിയ എയർ മെയിൽ സർവ്വീസ് ആയിരുന്നു കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സർവ്വീസ്. എന്നാൽ തിരുവനന്തപുരത്തേക്ക് ആദ്യ യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് 1946 -ൽ ആണ്. ദിവാൻ സർ സി. പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ടാറ്റ എയർ ലൈൻസ് വിമാനം മദ്രാസിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയത്. ഏതാണ്ട് ഇതേ കാലയളവിൽത്തന്നെയാണ് കൊച്ചിയിലെ വെല്ലിങ്ടൺ ദ്വീപിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിച്ചത്.

കേരളത്തിൽ നിലവിൽ 4 വിമാനത്താവളങ്ങൾ ഉണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം[തിരുത്തുക]

1930 -കളിൽ കേരള ഫ്ലയിങ് ക്ലബ്ബിന്റെ ഭാഗമായാണ് ഈ വിമാനത്താവളം നിലവിൽ വന്നത്. 1977 -78 കാലങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് തിരുവനന്തപുരത്തു നിന്നും കൊളംബോ, മാലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനായത്[1].

1991 ജനുവരി 1- ന് തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദ്ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചു. ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം[2].

കരിപ്പൂർ[തിരുത്തുക]

കോഴിക്കോട് അന്തർദ്ദേശീയ വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതി ചെയ്യുന്നു. 1988 ഏപ്രിലിൽ തുറന്ന ഈ വിമാനത്താവളം തുടക്കത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. പിന്നീട് 1992 മുതൽ ഷാർജയിലേക്ക് നേരിട്ട് വിമാന സർവ്വീസ് തുടങ്ങി.

അന്തർദ്ദേശീയ വിമാനത്താവളം എന്ന പദവി 2006 ഫെബ്രുവരിയിൽ ലഭിച്ചു [3]

കണ്ണൂർ വിമാനത്താവളം[തിരുത്തുക]

കണ്ണൂരിൽ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന സ്ഥലത്താണ് ഈ വിമാനത്താവളം നിർമ്മിച്ചത്. കിൻഫ്രയ്ക്കായിരുന്നു ഈ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണച്ചുമതല[4]. ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷിപ്തമാണ്.

ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താവളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ" നിർമ്മിച്ചത് [5].

2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു [6].

പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട്‌ ആണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഈ ഗണത്തിൽപ്പെടുന്ന മറ്റൊരു വിമാനത്താവളം ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം ആണ്. [7]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർ ബുക്ക്‌ പ്ലസ് 2018(താൾ -383)
  2. മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ -383)
  3. മാതൃഭൂമി ഇയർബുക്ക് 2018 (താൾ -383)
  4. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 384)
  5. മാതൃഭൂമി ഇയർബുക്ക്‌ 2018(താൾ-532)
  6. Oral citation
  7. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ -532)