കേരളത്തിലെ വിമാനത്താവളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ ആദ്യമായി വിമാന സർവ്വീസ് തുടങ്ങിയത് 1935 ഒക്ടോബറിൽ ആണ്. മുംബൈക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ടാറ്റ സൺസ് കമ്പനി തുടങ്ങിയ എയർ മെയിൽ സർവ്വീസ് ആയിരുന്നു കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സർവ്വീസ്. എന്നാൽ തിരുവനന്തപുരത്തേക്ക് ആദ്യ യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് 1946 -ൽ ആണ്. ദിവാൻ സർ സി. പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ടാറ്റ എയർ ലൈൻസ് വിമാനം മദ്രാസിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയത്. ഏതാണ്ട് ഇതേ കാലയളവിൽത്തന്നെയാണ് കൊച്ചിയിലെ വെല്ലിങ്ടൺ ദ്വീപിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിച്ചത്.

കേരളത്തിൽ നിലവിൽ 4 വിമാനത്താവളങ്ങൾ ഉണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം[തിരുത്തുക]

1930 -കളിൽ കേരള ഫ്ലയിങ് ക്ലബ്ബിന്റെ ഭാഗമായാണ് ഈ വിമാനത്താവളം നിലവിൽ വന്നത്. 1977 -78 കാലങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് തിരുവനന്തപുരത്തു നിന്നും കൊളംബോ, മാലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനായത്[1].

1991 ജനുവരി 1- ന് തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദ്ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചു. ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം[2].

നെടുമ്പാശ്ശേരി[തിരുത്തുക]

കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെ, സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലെ കൊച്ചിൻ അന്തർദ്ദേശീയ വിമാനത്താവളം. 1994 മാർച്ചിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പേരിൽ ഒരു ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി. കേരള മുഖ്യമന്ത്രിയാണ് ഇതിന്റെ ഡയറക്ടർ ബോർഡ്‌ ചെയർമാൻ.

'സിയാലി" ന്റെ ഷെയർ ഉടമകളായി 11,000-ഓളം എൻ. ആർ. ഐ കൾ 30 രാജ്യങ്ങളിൽ നിന്നായിട്ടുണ്ട്. കൂടാതെ പല വ്യവസായ പ്രമുഖർ, സാമ്പത്തിക സ്ഥാപനങ്ങൾ, സർവ്വോപരി കേരള സർക്കാരും ഇതിന്റെ മേൽനോട്ടം വഹിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 1999 മെയ്‌ 25 -നു നിർവഹിക്കപ്പെട്ടു[3].

ചില പ്രത്യേകതകൾ

  1. ലോകത്തിലെ തന്നെ ആദ്യത്തെ സൗരോർജ്ജ വിമാനത്താവളം ആണിത്.
  2. 2015 ആഗസ്ത് 18- ന് വിമാനത്താവളത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും വേണ്ട ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന 12 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
  3. 15.5 മെഗാവാട്ടാണ് ഈ വിമാനത്താവളത്തിലെ സൗരോർജ്ജ സ്ഥാപിത ശേഷി. (2017 മാർച്ചിലെ കണക്കനുസരിച്ചു)
  4. 62,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
  5. 6 മെഗാവാട്ട് കൂടി വർധിപ്പിക്കാനായി 2017 -ൽ സോളാർ കാർപോർട്ട് ഉൾപ്പെടെ കൂടുതൽ സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.[4]

കരിപ്പൂർ[തിരുത്തുക]

കോഴിക്കോട് അന്തർദ്ദേശീയ വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതി ചെയ്യുന്നു. 1998 ഏപ്രിലിൽ തുറന്ന ഈ വിമാനത്താവളം തുടക്കത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. പിന്നീട് 1992 മുതൽ ഷാർജയിലേക്ക് നേരിട്ട് വിമാന സർവ്വീസ് തുടങ്ങി.

അന്തർദ്ദേശീയ വിമാനത്താവളം എന്ന പദവി 2006 ഫെബ്രുവരിയിൽ ലഭിച്ചു [5]

കണ്ണൂർ വിമാനത്താവളം[തിരുത്തുക]

കണ്ണൂരിൽ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന സ്ഥലത്താണ് ഈ വിമാനത്താവളം നിർമ്മിച്ചത്. കിൻഫ്രയ്ക്കായിരുന്നു ഈ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണച്ചുമതല[6]. ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷിപ്തമാണ്.

ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താവളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ" നിർമ്മിച്ചത് [7].

2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു [8].

പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട്‌ ആണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഈ ഗണത്തിൽപ്പെടുന്ന മറ്റൊരു വിമാനത്താവളം ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം ആണ്. [9]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർ ബുക്ക്‌ പ്ലസ് 2018(താൾ -383)
  2. മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ -383)
  3. മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ 383, 384)
  4. മാതൃഭൂമി ഇയർ ബുക്ക്‌ പ്ലസ് 2018 (താൾ-384)
  5. മാതൃഭൂമി ഇയർബുക്ക് 2018 (താൾ -383)
  6. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 384)
  7. മാതൃഭൂമി ഇയർബുക്ക്‌ 2018(താൾ-532)
  8. Oral citation
  9. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ -532)