Jump to content

ഡെക്കാമറൺ കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Decameron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെക്കാമറൺ കഥകൾ
Decameron, 1492
Illustration from a ca. 1492 edition of Il Decameron published in Venice
കർത്താവ്Giovanni Boccaccio
യഥാർത്ഥ പേര്Il Decameron, cognominato Prencipe Galeotto
പരിഭാഷJohn Payne,
Richard Aldington,
James McMullen Rigg,
Mark Musa,
Peter Bondanella,
et al.
രാജ്യംItaly
ഭാഷItalian
സാഹിത്യവിഭാഗംMedieval allegory
പ്രസാധകർFilippo and Bernardo Giunti
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1886
മാധ്യമംPrint
OCLC58887280
853.1
LC ClassPQ4267

ഇറ്റാലിയൻ കഥാസമാഹാരമാണ് ദെക്കാമറോൺ. ജൊവാനീ ബൊക്കാച്ചിയോ (1313-75)[1] ആണ് ഇതിന്റെ കർത്താവ്. 1348-ആം ആണ്ട് അവസാനിച്ച് അധികമാകുന്നതിനു മുമ്പാകാം ഇതിന്റെ രചനാകാലം. പത്തുദിവസം നീണ്ടു നിൽക്കുന്നത് എന്നാണ് ഡെകാമറൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം. പത്തുദിവസങ്ങൾ കൊണ്ട് പറഞ്ഞ് തീർത്ത കഥകൾ എന്നേ ഇതിനർത്ഥമുള്ളൂ. 1847 മുതൽ 1849 വരെ യൂറോപ്പിലാകമാനം പടർന്നു പിടിച്ച പ്ലേഗ്‌ബാധയുടെ അടിസ്ഥാനത്തിൽ രചിച്ച കഥകളാണിവ.

ഇറ്റാലിയൻ സാഹിത്യരംഗത്ത് ഒരു നൂറ്റാണ്ടിലെ മുഖ്യ പ്രകാശസ്രോതസ്സുകൾ എന്ന് ബൊക്കാച്ചിയോയും ദാന്തെയും പെട്രാർക്കും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദാന്തെ മനുഷ്യാത്മാവിന്റെ കഥയും പെട്രാർക് ശുദ്ധസാഹിത്യവും രചിച്ചപ്പോൾ ബൊക്കാച്ചിയോ പാരമ്പര്യത്തിന്റേതായ ചങ്ങലകളെ പൊട്ടിച്ച് സാധാരണക്കാരനുവേണ്ടി ജീവിതഗന്ധിയായ കഥകൾ പറയാനാണ് ശ്രമിച്ചത്. വിശ്വസാഹിത്യത്തിലെ സമാന കൃതികളായ ആയിരത്തൊന്നു രാവുകളിലെയും ചോസറിന്റെ കാന്റർബറി റ്റെയ്ൽസിലെയും പോലെ ഒരു ഗദിതകഥ(frame story)യുടെ സഹായത്തോടെ കഥകളുടെ ഒരു സമാഹാരം തന്നെ ദെക്കാമറോൺ അനുവാചകന് സമ്മാനിക്കുന്നു. മൊത്തം നൂറ് കഥകളാണ് ഇതിലുള്ളത്.

കഥാതന്തു

[തിരുത്തുക]
ജൊവാനീ ബൊക്കാച്ചിയോ

ഫ്ലോറൻസിൽ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയിൽ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ദെക്കാമറോണിലെ ഗദിതകഥയിലെ കഥാപാത്രങ്ങൾ. യാദൃച്ഛികമായി ഒരു പള്ളിയിൽവച്ച് കണ്ടുമുട്ടുകയാണിവർ. ഫ്ലോറൻസിനു സമീപമുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവർ അഭയം കണ്ടെത്തിയത്. മനോഹരമായ ഉദ്യാനങ്ങളും രമ്യഹർമ്മ്യങ്ങളും ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്. അവിടെക്കഴിയാൻ അവർ നിർബന്ധിതരായി. പത്തുദിവസം രസകരമായി തള്ളിനീക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി അവർ കഥാകഥനത്തിലേക്കു തിരിഞ്ഞു. ഇവരിൽ ഒരാളെ വീതം രാജാവോ രാജ്ഞിയോ ആയി ഒരു ദിവസത്തേക്കു തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിർദ്ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. അതിൽ നിന്ന് പത്തു ദിവസം എന്നർഥമുള്ള ശീർഷകവും ഉരുത്തിരിഞ്ഞു. ഒരാൾ പത്ത് കഥകൾ വെച്ച് പത്തുപേർ പത്തുദിവസങ്ങൾ എടുത്ത് 100 കഥകൾ പറഞ്ഞു തീർക്കുന്നു. ലൈംഗികതയാണ് എല്ലാ കഥകളിലും മുഴച്ചുനിൽക്കുന്നത്. കാമുകരുടേയും ഭാര്യാഭർത്താക്കന്മാരുടേയും അഗമ്യഗമനങ്ങൾ, കാമാർത്തരായ പുരോഹിതനമാരുടെ രസാവഹമായി കഥകൾ എന്നിവയൊക്കെയാണു കഥകൾക്കു വിഷയം. അതിശക്തമായ സാമൂഹിക വിമർശനമാണ് ഈ കഥകളുടെ പ്രത്യേകത.

കഥാഘടന

[തിരുത്തുക]

ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്ന കഥകൾക്ക് ഒരു പൊതുഭാവവും പ്രതിപാദ്യവും ഉണ്ടായിരിക്കണം. ഒന്നാം ദിവസം നർമപ്രധാനമായ രീതിയിൽ മനുഷ്യനിലുള്ള തിന്മകൾ ചർച്ച ചെയ്യപ്പെടുന്നു. രണ്ടും മൂന്നും ദിവസങ്ങളിൽ യഥാക്രമം വിധി മനുഷ്യജീവിതങ്ങളെ വെറും കളിപ്പാട്ടങ്ങൾപോലെ കൈകാര്യം ചെയ്യുന്നതും മനുഷ്യന്റെ ഇച്ഛാശക്തി വിധിക്കുമേൽ വിജയം നേടുന്നതും കാട്ടിത്തരുന്നു. നാലാം ദിവസം ദുരന്തപ്രണയകഥകൾക്കായി മാറ്റിവച്ചിരിക്കുന്നു. പ്രാരംഭത്തിൽ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നെങ്കിലും ഒടുവിൽ പ്രണയസാഫല്യം നേടുന്ന കമിതാക്കളെ അഞ്ചാം ദിവസം അനുവാചകന് കണ്ടുമുട്ടാം. നർമോക്തികൾ, ആഹ്ലാദാരവങ്ങൾ എന്നിവ അടുത്ത ദിവസത്തെ കഥകളിൽ അനുരണനം ചെയ്യുന്നു. അടുത്ത മൂന്നുദിവസങ്ങളിൽ കൌശലപ്പണികൾ, വഞ്ചന, അശ്ലീലം എന്നിവയ്ക്കാണ് പ്രാമുഖ്യം. പത്താം ദിവസം മുൻദിവസങ്ങളിലെ പ്രതിപാദ്യങ്ങളെല്ലാംതന്നെ അവയുടെ അത്യുച്ചസ്ഥായിയിൽ ഒരിക്കൽക്കൂടി അവതരിപ്പിക്കപ്പെടുന്നു. ദ് പേഷ്യന്റ് ഗ്രിസെൽദ എന്ന കഥയോടെ കഥകളുടെ ചക്രം പൂർണമാകുന്നു. (ഈ കഥ അനേകം പിൽക്കാല സാഹിത്യകാരന്മാർ പുനരാവിഷ്കരിച്ചിട്ടുണ്ട്.) ഓരോ ദിവസത്തെ കഥാകഥനവും അവസാനിക്കുമ്പോൾ ഒരു നൃത്തവും ഗാനാലാപനവും ഉണ്ടായിരിക്കും. ഈ ഗാനങ്ങളിൽ ചിലവ ബൊക്കാച്ചിയോയുടെ കാവ്യരചനാപാടവത്തിന്റെ മകുടോദാഹരണങ്ങളാണ്.

നാടോടികഥാ സാഹിത്യം

[തിരുത്തുക]
ദക്കാമറോൺ കഥാ കഥനം ഒരു പെന്റിംഗ്

ദെക്കാമറോണിലെ കഥകൾ മിക്കവാറും എല്ലാംതന്നെ നാടോടിക്കഥാസാഹിത്യം, ഐതിഹ്യങ്ങൾ തുടങ്ങിയവയിൽനിന്ന് കടംകൊണ്ടതാണ്. എന്നാൽ മികച്ച രചനാപാടവവും പരിഷ്കൃതമായ ഘടനയും അവയെ ഒന്നാംകിട രചനകളുടെ പട്ടികയിൽ പ്രതിഷ്ഠിക്കുന്നു. ഗ്രന്ഥകാരൻ വെറുമൊരു സമാഹാരകൻ അല്ല, മൌലിക പ്രതിഭയുള്ള എഴുത്തുകാരനാണെന്ന വസ്തുതയും ഈ കൃതി വിളിച്ചോതുന്നു. മിക്ക കഥകൾക്കും ഉദ്വേഗജനകമായ കഥാവസ്തുവും, വ്യക്തതയും ചാരുതയും ഒത്തിണങ്ങിയ പശ്ചാത്തലവും നർമത്തിൽ ചാലിച്ച സംഭാഷണങ്ങളും മാറ്റു കൂട്ടുന്നു. കെട്ടുറപ്പുള്ള ആഖ്യാനവും നാടകീയാംശങ്ങൾ ചോർന്നുപോകാതെയുള്ള അവതരണവും മറ്റും പ്രത്യേകതകളാണ്. മനുഷ്യന്റെ ബൌദ്ധികതയിലും പ്രകൃത്യാലുള്ള കഴിവുകളിലും ഊന്നി മുന്നോട്ടുപോകുന്ന കഥാപാത്രങ്ങളാണ് വായനക്കാരന്റെ മുന്നിലെത്തുന്നത്. അയാളുടെ ധാർമിക പ്രബുദ്ധത രചയിതാവ് ലക്ഷ്യമിടുന്നതേ ഇല്ല. രോഗാതുരമായ ഒരു അന്തരീക്ഷത്തിൽ കഴിയേണ്ടിവന്നവരുടെ മനസ്സിന് ഊഷ്മളത പകരുവാൻ ഇത്തരമൊരു ലോകത്തിനേ കഴിയൂ എന്ന് അനുവാചകന് മനസ്സിലാക്കിക്കൊടുക്കാൻ ബൊക്കാച്ചിയോ ഗദിതകഥയുടെ സഹായം തേടുന്നതായി അനുമാനിക്കപ്പെടുന്നു. അലസവനിതകൾക്കായാണ് ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. അതിലൂടെ ബൊക്കാച്ചിയോ, രസകരമായി സമയം ചെലവിടാൻ മാത്രം കാത്തിരിക്കുന്ന വായനക്കാരന്റെ അലസ നിമിഷങ്ങളെ വർണഭംഗിയാർന്നതാക്കുവാനാകും ശ്രമിക്കുന്നത് എന്ന് അനുമാനിക്കാം.

ലോകസാഹിത്യത്തിൽ

[തിരുത്തുക]

നവോത്ഥാനത്തിനുശേഷം എക്കാലവും യൂറോപ്പിനെ സ്വന്തം ആകർഷണവലയത്തിൽ നിർത്താൻ ദെക്കാമറോണിനു കഴിഞ്ഞു. ഇന്നും ലോകമെമ്പാടും ഇതിന് ആരാധകരുണ്ട്. ഋജുവും വ്യക്തവുമായ ശൈലിയിൽ ബൊക്കാച്ചിയൊ ഇതിലെ കഥകൾ അവതരിപ്പിച്ചപ്പോൾ, മൌലികകഥകൾ അല്ലാതിരുന്നിട്ടുപോലും, അവയ്ക്ക് ഒരു നവീനഭംഗി കൈവന്നു. രചനാകാലത്തിനു തൊട്ടുപിന്നാലെയുള്ള രണ്ടു ശതകങ്ങളിലും മികച്ച ഇറ്റാലിയൻ ഗദ്യത്തിന്റെ മാതൃകയായി ഈ കൃതി സ്വീകരിക്കപ്പെട്ടു.

ലോകസാഹിത്യത്തിൽ, വിശേഷിച്ചും ഇതര പശ്ചിമയൂറോപ്യൻ ഭാഷകളിൽ, ദെക്കാമറോണിലെ കഥകൾ ഉദ്ധരിക്കപ്പെടുകയോ അനുകരിക്കപ്പെടുകയോ പുനരാവിഷ്കരിക്കപ്പെടുകയോ ചെയ്തു. ഷെയ്ക്സ്പിയറുടെ സിംബലിൻ-ന്റെ കഥ ഭാഗികമായി ദെക്കാമറോണിലെ ബെർനാബൊ ഒഫ് ജെനോവയെ അവലംബിക്കുന്നു. ഷെയ്ക്സ്പിയറുടെതന്നെ ഓൾസ് വെൽ ദാറ്റ് എൻഡ്സ് വെലിന്റെ കഥാവസ്തുവിന്റെ പ്രഭവസ്ഥാനം ഇതിലെ ഗിലെത്തെ ഒഫ് നർബോനെ ആണ്. ചോസറുടെ കാന്റർബറി റ്റെയ് ൽസിലെ ഫ്രാങ്ക്ലിൻസ് റ്റെയ് ൽഇതിലെ ഏ ഗാർഡൻ ഇൻ ജനുവരിയെയും ക്ലാർക്ക്സ് റ്റെയ് ൽ എന്ന കഥ ദ് പേഷ്യന്റ് ഗ്രിസിൽദയെയും ആധാരമാക്കിയുള്ളവയാണ്. ഗ്രിസിൽദയുടെ കഥ പെട്രാർക്ക് വഴിയാണ് ചോസർക്കു ലഭ്യമായത്. ജീവിതനാടകത്തെ ആഹ്ലാദത്തോടെയും ദുഃഖത്തോടെയും മാറിമാറി നോക്കിക്കാണുന്ന കഥകളും അവയിൽ പ്രദർശിപ്പിക്കപ്പെടുന്ന വൈവിധ്യവും ദെക്കാമറോണിനെ ലോകസാഹിത്യത്തിലെ നിത്യപ്രിയങ്ങളായ കൃതികളിൽ ഒന്നാക്കിയിരിക്കുന്നു. ബൊക്കാച്ചിയോയുടെ പ്രകൃഷ്ട കൃതി എന്ന അംഗീകാരവും ഇതിനു തന്നെയാണ്.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദെക്കാമറോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെക്കാമറൺ_കഥകൾ&oldid=2516562" എന്ന താളിൽനിന്ന് ശേഖരിച്ചത്