സ്പാൻഡൗ തടവറ

Coordinates: 52°31′16″N 13°11′07″E / 52.52111°N 13.18528°E / 52.52111; 13.18528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spandau Prison എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

52°31′16″N 13°11′07″E / 52.52111°N 13.18528°E / 52.52111; 13.18528

സ്പാൻഡൗ തടവറ 1951 -ൽ

പശ്ചിമ ബർളിനിലെ സ്പാൻഡൗ നഗരഭാഗത്തിൽ ഉണ്ടായിരുന്ന ഒരു ജയിലാണ് സ്പാൻഡൗ തടവറ (Spandau Prison). 1876 -ൽ നിർമ്മിച്ച ഈ ജയിൽ ഇതിലെ അവസാന അന്തേവാസിയായ റുഡോൾഫ് ഹെസ്സിന്റെ മരണശേഷം നിയോ നാസികൾ ഒരു ആരാധനാകേന്ദ്രമാക്കുന്നതു തടായാനായി തകർത്തുകളഞ്ഞു. പിന്നീട് ജർമനിയിൽ നിലനിർത്തിയ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഇതേ സ്ഥാനത്ത് നിർമ്മിക്കുകയുണ്ടായി.

ചരിത്രം[തിരുത്തുക]

പട്ടാളക്കാരെ തടവിൽ പാർപ്പിക്കാനായി 1876 -ലാണ് സ്പാൻഡൗ തടവറ നിർമ്മിച്ചത്. 1919 മുതൽ മറ്റുള്ളവരെയും തടവിലിടാൻ തുടങ്ങിയ ഇവിടെ ഒരെഉ സമയം 600 പേരെ പാർപ്പിക്കാനുള്ള ഇടമാണ് ഉണ്ടായിരുന്നത്. 1933 -ലെ റീക്‌സ്റ്റാഗ് തീപ്പിടുത്തത്തിനു ശേഷം ഹിറ്റ്‌ലറുടെ എതിരാളികളെ തടവിലിടാനും പീഡിപ്പിക്കാനും ഈ തടവറ ഉപയോഗിച്ചിരുന്നു. നാസിപീഡനകേന്ദ്രങ്ങളുടെ ഒരു ആദ്യരൂപം എന്ന് ഈ തടവറയെ വിളിക്കാനാവും. എതിരാളികളെ തടവിലിടാനും ദ്രോഹിക്കാനും ഗെസ്റ്റപ്പോ ഈ ജയിൽ ഉപയോഗിച്ചിരുന്നു. പിന്നീട് പീഡനകേന്ദ്രങ്ങൾ ഉണ്ടാക്കിയപ്പോൾ ഇവിടെയുള്ള തടവുകാരെ അങ്ങോട്ട് കൊണ്ടുപോയി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ന്യൂറംബർഗ് വിചാരണകളിലെ നാസി കുറ്റവാളികളെ പാർപ്പിക്കാൻ ആണ് ഈ തടവറ ഉപയോഗിച്ചത്. അവസാനം ആകെ ഏഴുപേരെ മാത്രമേ ഇവിടെ തടവിൽ ഇടുകയുണ്ടായുള്ളൂ. 1947 ജൂലൈ 18 -ന് ന്യൂറംബർഗിൽ നിന്നും ഇവിടെ എത്തിയവർ:

പേര് ക്രമ സംഖ്യ വിധി തടവ് തീർന്ന ദിവസം വിട്ടയച്ചോ മരിച്ചോ ജനനം മരണം പ്രായം
കോൺസ്റ്റാന്റിൻ വൺ ന്യൂറത് 3 15 വർഷം 6 നവംബർ 1954 നേരത്തേ വിട്ടയച്ചു 2 ഫെബ്രുവരി 1873 14 ആഗസ്ത് 1956 83
എറിക് റീഡർ 2 ജീവപര്യന്തം 26 സെപ്തംബർ 1955 നേരത്തേ വിട്ടയച്ചു 24 ഏപ്രിൽ 1876 6 നവംബർ 1960 84
കാൾ ഡോണിസ് 4 10 വർഷം 30 സെപ്തംബർ 1956 16 സെപ്തംബർ 1891 24 ഡിസംബർ 1980 89
വാൽതർ ഫങ്ക് 6 ജീവപര്യന്തം 16 മെയ് 1957 നേരത്തേ വിട്ടയച്ചു 18 ആഗസ്ത് 1890 31 May 1960 69
ആൽബർട്ട് സ്പീർ 5 20 വർഷം 30 സെപ്തംബർ 1966 19 മാർച്ച് 1905 1 സെപ്തംബർ 1981 76
ബാൾഡർ വൺ ഷിറാത് 1 20 വർഷം 30 സെപ്തംബർ 1966 9 മെയ് 1907 8 ആഗസ്ത് 1974 67
റുഡോൾഫ് ഹെസ് 7 ജീവപര്യന്തം 17 ആഗസ്ത് 1987 ജയിലിൽ വച്ച് മരിച്ചു 26 ഏപ്രിൽ 1894 17 ആഗസ്ത് 1987 93

ഏഴുപേരിൽ മൂന്നുപേരെ അവരുടെ നിർദ്ദിഷ്ടതടവുകാലം കഴിഞ്ഞും ജീവപര്യന്തം തടവു വിധിച്ചിട്ടും മറ്റു മൂന്നുപേരെ ആരോഗ്യകാരണങ്ങളാൽ നേരത്തെയും മോചിപ്പിച്ചു. 1966 മുതൽ 1987 വരെയുള്ള കാലത്ത് റുഡോൾഫ് ഹെസ്സ് മാത്രമായിരുന്നു ഈ തടവറയിലെ ഏക തടവുകാരൻ. ആ ജയിലിന്റെ വാർഡനായ യൂജിൻ ബേഡ് മാത്രമായിരുന്നു ഹെസ്സിനെക്കൂടാതെ ആ ജയിലിൽ ഉണ്ടായിരുന്നത്. രണ്ടുപേരും തമ്മിൽ ഉറ്റസൗഹൃദം ഉടലെടുക്കുകയും, പിന്നീട് ഹെസ്സിനെപ്പറ്റി ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ (The Loneliest Man in the World) എന്ന പേരിൽ ബേഡ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

യുദ്ധാനന്തരം ജർമനിയെ നിയന്ത്രിക്കാൻ സഖ്യകക്ഷികൾ ഉണ്ടാക്കിയ സഖ്യം തകർന്നതിനുശേഷം സഖ്യകക്ഷികൾ നാലുകൂട്ടരുംകൂടി നിയന്ത്രിച്ചിരുന്ന രണ്ടു കാര്യാലയങ്ങളിൽ ഒന്നായിരുന്നു ഈ തടവറ. നാലുശക്തികളും ഈ ജയിലിനെ മാസംതോറും മാറിമാറി വർഷത്തിൽ മൂന്നുമാസമാണ് നിയന്ത്രിച്ചിരുന്നത്. ജയിലിനുമുകളിൽ പാറിയിരുന്ന കൊടി നോക്കി ആരുടെ നിയന്ത്രണത്തിലാണ് ജയിൽ ഉള്ളതെന്നു കണ്ടുപിടിക്കാമായിരുന്നു.

1966 -ൽ സ്പിയറും വോൺ ഷിറാക്കും മോചിതരായ ശേഷം ഈ ജയിലിൽ ഒറ്റയ്ക്കായ ഹെസ്സും മരിച്ചതോടെ നവനാസികൾ ഇതൊരു തീർത്ഥാടനകേന്ദ്രമാക്കുന്നതു തടയാനായി 1987 -ൽത്തന്നെ ഈ തടവറ ഇടിച്ചുനിരത്തി. അതു ഒന്നുകൂടെ ഉറപ്പുവരുത്താൻ പിന്നീട് ഈ സ്ഥലം ഒരു ഷോപ്പിംഗ് സെന്ററിൽ വരുന്ന കാറുകൾ പാർക്കുചെയ്യാനുള്ള സ്ഥലമാക്കി മാറ്റി. തകർത്ത ജയിലിന്റെ സർവ്വഅവശിഷ്ടവും പൊടിച്ച് ഉത്തരസമുദ്രത്തിൽ വിതറുകയോ മുൻ‌ ബ്രിട്ടീഷ് സൈനികആസ്ഥാനം നിന്നിടത്ത് കുഴിച്ചുമൂടുകയോ ചെയ്തു. 2013 -ലെ ബിബിസിയുടെ പുരാവസ്തുക്കളെപ്പറ്റിയുള്ള ഒരു പരിപാടിയിൽ ഇവിടെ നിന്നുമുള്ള ഒറ്റ ഒരു ഇഷ്ടിക കൊണ്ടുവന്നിരുന്നു.[1]

തടവറ[തിരുത്തുക]

നൂറുകണക്കിനാളുകളെ ഒരുമിച്ചു താമസിപ്പിക്കാനുതകുന്ന വിധത്തിലാണ് ഈ ജയിൽ സജ്ജീകരിച്ചിരുന്നത്. അതീവസുരക്ഷയിൽ ഒരുക്കിയിരുന്ന ഇതിന്റെ മുകളിൽ മുള്ളുകമ്പിവേലിയും വൈദ്യുതവേലിയുമൊക്കെ ഉണ്ടായിരുന്നു. ഒന്നിന് ഉയരം 4.5 m (15 ft.), മറ്റൊന്നിന് 9 m (30 ft.), വൈദ്യുതവേലികൊണ്ട് മറ്റൊന്ന് 3 m (10 ft.), അതിനും വെളിയിൽ മുള്ളുകമ്പികൊണ്ട് വേറൊന്ന്. തമ്മിൽ ആശയവിനിമയം ചെയ്യാതിരിക്കാൻ ഒന്നിടവിട്ട മുറികളിലാണ് തടവുകാരെ പാർപ്പിച്ചിരുന്നത്. യന്ത്രത്തോക്കുകളുമായി 60 കാവൽക്കാർ 24 മണിക്കൂറും കാവലിന് പട്ടാളക്കാർ നിന്നിരുന്നു. ലൈബ്രറിയും പ്രാർത്ഥനാമുറിയുമായി ചില മുറികൾ സജ്ജീകരിച്ചിരുന്നു. ഓരോ തടവുമുറിയും ഏതാണ്ട് 3 മീറ്റർ നീളവും 2.7 മീറ്റർ നീളവും 4 മീറ്റർ ഉയരവും ഉള്ളതായിരുന്നു.[2]

ഉദ്യാനം[തിരുത്തുക]

അന്തേവാസികളുടെ കാഴ്ചപ്പാടിൽ തടവറയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം അതിലെ ഉദ്യാനമായിരുന്നു. തീരെ കുറച്ചുതടവുക്കാർ മാത്രം ഉള്ളുവെന്നതിനാൽ വളരെയേറെ സ്ഥലം ഉദ്യാനത്തിന് ഉണ്ടായിരുന്നു. ആദ്യാമൊക്കെ ഓരോരുത്തർക്കും സ്വന്തമായി ചെറിയ പച്ചക്കറികളൊക്കെ നടാനായി വീതിച്ചു നൽകിയിരുന്നു. ഡോനിസിന് പയറുകൾ നടാനായിരുന്നു ഇഷ്ടം, ഫങ്കിന് തക്കാളിയും, സ്പീയറിന് ഡെയ്സിയുമായിരുന്നു പ്രിയപ്പെട്ടത്. എന്നാൽ സോവിയറ്റുകാർ പൂക്കൾ നടുന്നത് തടഞ്ഞു. ഓരോ കാലത്ത് ഓരോ ആൾക്കാർ നിയന്ത്രണം ഏറ്റെടുക്കുമ്പോൽ അവർക്കിഷ്ടമായ രീതിയിലായിരുന്നു കാര്യങ്ങളുടെ നടത്തിപ്പുകൾ. അങ്ങനെ ഉദ്യാനത്തിന്റെ നടത്തിപ്പു തന്നെ വേണ്ടുംവണ്ണമല്ലാതെ മാറി. ഒരു മുൻ ആർക്കിടെക്ട് ആയ സ്പീയർ അതിനെ ഏറ്റെടുക്കുകയും നല്ല നടവഴികൾ എല്ലാമുള്ള ഒരു മികച്ച് ഔദ്യാനമാക്കി അതിനെ മാറ്റുകയും ചെയ്തു. ഉദ്യാനത്തിൽ പോകാൻ സാധ്യമല്ലാത്ത ദിവസങ്ങളിൽ തടവുകാർ ചെറിയതരം ജോലികൾ ചെയ്തുകൊണ്ട് ജീവിച്ചു.

വിവാദം[തിരുത്തുക]

നൂറിലേറെ യുദ്ധക്കുറ്റവാളികളെ പാർപ്പിക്കാൻ ഉദ്ദ്യേശിച്ചാണ് സഖ്യകക്ഷികൾ 1946 നവംബറിൽ ഈ തടവറ ഉപയോഗിച്ചുതുടങ്ങിയത്. ഏതുസമയത്തു അവിടെ ഉണ്ടാവാമായിരുന്ന അറുപതിലേറെ സൈനികരെ കൂടാതെ നാലുരാജ്യങ്ങളിലെയും ജയിൽവാർഡന്മാരും നാലു ജയിൽ ഡയറക്ടർമാരും അവരുടെ സഹായികളും നാലു സൈനിക ഡോക്ടർമാരും പാചകക്കാരും വിവർത്തകരും പരിചാരകരും ജോലിക്കാരും മറ്റുള്ളവരും എല്ലാം അവിടെ ഉണ്ടായിരുന്നു. തീർത്തും അനാവശ്യമായ വിഭവവിന്യാസത്തിന് ഉദാഹരണമായിരുന്നു ഇത്. ഇതു കൂടാതെ ഇതിന്റെയെല്ലാം ചെലവു വഹിക്കേണ്ടിവന്ന പശ്ചിമ ബർളിൻ സർക്കാരിനാവട്ടെ ആ തടവറയുടെ യാതൊരു അധികാരവും ഇല്ലായിരുന്നുതാനും. ആകെ ഉണ്ടായിരുന്ന ഏഴു തടവുകാർക്കുവേണ്ടിയായിരുന്നു ഈ വലിയതോതിലുള്ള വിഭവവിന്യാസമെല്ലാം, കൂടാതെ നാളുകൾ ചെല്ലുന്തോറും തടവുകാർ വിട്ടയയ്ക്കപ്പെടുന്നതോടെ അനാവശ്യചെലവുകൾ ഏറിയും വന്നു. 1966 -ൽ സ്പീയറിനെയും ഷിറാക്കിനെയും മോചിപ്പിച്ചതോടെ ഹെസ് മാത്രമായി അവിടെയുള്ള ഏക തടവുകാരൻ. തടവുകാരെ വേറൊരിടത്തേക്കു മാറ്റാനോ, വിട്ടയയ്ക്കാനോ, ഒറ്റയ്ക്ക് മറ്റെവിടെയെങ്കിലും താമസിപ്പിക്കാനോ ഒക്കെ പല ആവശ്യങ്ങളും ഉയർന്നെങ്കിലും അതൊന്നും നടപ്പിലായില്ല.

അവലംബം[തിരുത്തുക]

  1. "Brick from demolition of Spandau Prison". BBC One – Antiques Roadshow. Retrieved 3 September 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; obrien എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പാൻഡൗ_തടവറ&oldid=2442730" എന്ന താളിൽനിന്ന് ശേഖരിച്ചത്