Jump to content

മുഖരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonorant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വനനാളത്തിൽ വായുപ്രവാഹത്തിന് ശ്രദ്ധേയമായ തടസ്സമൊന്നുമില്ലാതെ ഉച്ചരിക്കുന്ന സ്വനങ്ങളെ സാമാന്യമായി മുഖരങ്ങൾ‍(sonorant) എന്നു വിളിക്കുന്നു. മുഖരങ്ങൾ സ്വനനാളത്തിൽനിന്ന് ഘർഷണത്തിലൂടെയോ സ്ഫോടനത്തിലൂടെയോ പുറത്തുവരുന്നവയല്ല. സ്വരങ്ങൾ, പ്രവാഹികൾ, അനുനാസികങ്ങൾ, പാർശ്വികങ്ങൾ, ഉൽക്ഷിപ്തങ്ങൾ, കമ്പിതങ്ങൾ എന്നിവയാണ് മുഖരസ്വനങ്ങൾ. ചോംസ്കി തന്റെ ഗ്രന്ഥത്തിൽ [+മുഖരം] കൊണ്ട് മുഖരത്തെയും [-മുഖരം] കൊണ്ട് പ്രതിബദ്ധങ്ങളെയും സൂചിപ്പിക്കുന്നു. മുഖരതാശ്രേണിയനുസരിച്ച് ഘർഷത്തിനു മുകളിൽ വരുന്ന എല്ലാ സ്വനങ്ങളും മുഖരങ്ങളാണ്. മുഖരസ്വനങ്ങളെത്തന്നെയാണ് കേരളപാണിനീയത്തിൽ കോമളധ്വനികൾ (ശിഥിലങ്ങൾ) എന്നുപറയുന്നത്. തുറന്നുച്ചരിക്കുന്നതിനാൽ (വിവൃതാഭ്യാഗമം) മുഖരങ്ങൾക്ക് ഒരു സിലബിളിന്റെ കേന്ദ്രമാ‍കാൻ കഴിയും.

ഭാഗികരോധമോ തടസ്സരഹിതമായ മൗഖിക/ നാസിക വായുപ്രവാഹമോ വഴിയാണ് മുഖരങ്ങൾ ഉണ്ടാ‍കുന്നത്. അനുനാസികങ്ങൾക്ക് വായ്ക്കകത്ത് പൂർണ്ണരോധം സംഭവിക്കുമെങ്കിലും മൂക്കിലൂടെ അവ പുറത്തെത്തുന്നന്നിതാൽ വായുപ്രവാഹത്തിന് ഞെരുക്കമൊന്നുമുണ്ടാകുന്നില്ല. കമ്പിതങ്ങളും ഉൽക്ഷിപ്തങ്ങളും ഉച്ചരിക്കുമ്പോൾ‍ ചലകരണത്തിന്റെ രോധവും വിവൃതിയും വളരെ ചുരുങ്ങിയ നേരത്തേക്കു മാത്രമായതിനാൽ (അന്തരിതരോധം) പരിഗണ്യമായ തടസ്സം വായുപ്രവാഹത്തിൽ ഉണ്ടാകുന്നില്ല. അതിനാൽ രോധനികോചത്തിലൂടെ ഉണ്ടാകുന്നവയെങ്കിലും ഈ മൂന്നു വിഭാഗങ്ങളും മുഖരങ്ങളാണ്. മുഖരങ്ങൾ പൊതുവേ നാദികളാണ്; ഘർഷരഹിതങ്ങളും. രവത്വമില്ലാത്തതിനാൽ(noisyness) സ്വരങ്ങളുടെ ചില ഉച്ചാരണഗുണങ്ങൾ മുഖരങ്ങൾക്കെല്ലാം കാണാം.

ചിലപ്പോൾ രണിതങ്ങൾ(resonant) എന്നും ഈ സംഘർഷരഹിതസ്വനങ്ങളെ(non-turbulent) വിളിക്കാറുണ്ട്. മുഖരങ്ങൾക്ക് സ്വരങ്ങൾ (ഉപസ്വരങ്ങളും) ഒഴികെയുള്ള രണിതങ്ങൾ എന്ന് ഒരു നിർവ്വചനം നൽകാറുണ്ട്. എങ്കിലും ഈ പദങ്ങൾ പര്യായങ്ങളായാണ് സാധാരണ ഉപയോഗിക്കുന്നത്.

സ്വനനാളത്തിൽ സംഘർഷമുണ്ടാക്കുന്ന പ്രതിബദ്ധസ്വനങ്ങളിൽനിന്ന് ഭിന്നമാണ് മുഖരങ്ങൾ. എങ്കിലും പ്രജിഹ്വീയവും ഗളീയവും പോലുള്ള കന്ധരസ്വനങ്ങളിൽ പ്രവാഹിയും നാദീയഘർഷങ്ങളും തമ്മിലുള്ള ഭേദം അവ്യക്തമാണ്. നാദീയ പ്രജിഹ്വീയഘർഷം, നാദീയ ഗളീയഘർഷം തുടങ്ങിയവ മുഖരങ്ങളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. കേരളപാണിനി ഹകാരത്തെ ശിഥിലവ്യഞ്ജനമായി പരിഗണിച്ചത് ഇതുകൊണ്ടാണ്. അകാരത്തിനു തുല്യമായ ഉപസ്വരമാണ് ഗളീയഘർഷം.

ലോകഭാഷകളിൽ 5 ശതമാനം മുഖരങ്ങളേ ശ്വാസിയായ സ്വനിമങ്ങളായി നിലനിൽക്കുന്നുള്ളൂ. ഇവയിൽത്തന്നെ ശ്വാസീയമുഖരങ്ങൾ നാദികളായിത്തീരുകയോ ദൃഢീകരണത്തിനു വിധേയമായി [ç] യെയോ [ɬ] യെയോ പോലെ ഘർഷങ്ങളായിത്തീരുകയോ ചെയ്യുന്നത് സാധാരണമാണ്.

ഇംഗ്ലീഷിലെ മുഖരസ്വനിമങ്ങൾ

[തിരുത്തുക]

ഇംഗ്ലീഷ് ഭാഷയിലെ വ്യഞ്ജനീയമായ മുഖരസ്വനിമങ്ങൾ ഇവയാണ്: /l/, /m/, /n/, /ŋ/, /ɹ/, /w/, /j/.

മലയാളത്തിലെ മുഖരസ്വനിമങ്ങൾ

[തിരുത്തുക]

മലയാളത്തിലെ സ്വരങ്ങളൊഴികെയുള്ള മുഖരസ്വനിമങ്ങൾ താഴെ:

/ങ/, /ഞ/, /ണ/, /ന/, /ന/, /മ/

/യ/, /ഴ/, /വ/

/ര/, /റ/, /ല/, /ള/

"https://ml.wikipedia.org/w/index.php?title=മുഖരം&oldid=1696381" എന്ന താളിൽനിന്ന് ശേഖരിച്ചത്