സാൻഡ് ബബ്ലർ ഞണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sand bubbler crab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാൻഡ് ബബ്ലർ ഞണ്ടുകൾ
സ്കോപിമേറ ഗ്ലോബോസ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
സ്കോപിമേറ
De Haan, 1833
Dotilla
Stimpson, 1858
Species

See text

സാൻഡ് ബബ്ലർ ഞണ്ടുകൾ (അല്ലെങ്കിൽ സാൻഡ് ബബ്ലേർസ്) ഡോട്ടില്ലിഡേ കുടുംബത്തിലെ സ്കോപിമേറ, ഡോട്ടില്ല എന്നീ ജനുസ്സുകളിൽപ്പെട്ട ഒരിനം ഞണ്ടുകളാണ്.[1] ഇന്തോ-പസഫിക്കിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മണൽ നിറഞ്ഞ ബീച്ചുകളിൽ കാണപ്പെടുന്ന ചെറുതരം ഞണ്ടുകളാണ് ഇവ. വായ്‌ഭാഗങ്ങളിലൂടെ മണൽത്തരികൾ ഉള്ളിലാക്കി അരിച്ച് ആഹാരം കണ്ടെത്തുന്ന ഇവ അവശേഷിപ്പിക്കുന്ന മണൽ ഉരുളകൾ[2] തിരകളടിയ്ക്കുമ്പോൾ നുറുങ്ങു ഗോളങ്ങളായി മാറി തീരത്ത് വിവിധ രൂപരേഖകൾ സൃഷ്ടിക്കപ്പെടുന്നു.[3]

വിവരണം[തിരുത്തുക]

മണലിനോട് സാമ്യമുള്ള ശരീര നിറമുള്ളതിനാൽ, സാൻഡ് ബബ്ലർ ഞണ്ടിനെ പെട്ടെന്ന് കണ്ടെത്താൻ പ്രയാസമാണ്. അവയക്ക് ഏകദേശം 1 സെന്റീമീറ്ററോളം മാത്രമേ വലിപ്പമുള്ളു എന്നിരുന്നാലും, കടൽത്തീരത്ത് അവ നിർമ്മിക്കുന്ന സങ്കീർണ്ണമായ രൂപരേഖകൾ കാഴ്ച്ചക്കാരിൽ കൌതുകം നിറയ്ക്കുന്നു. ബ്രാച്യുറ ഞണ്ടുകളെന്നും അറിയപ്പെടുന്ന ഇവയ്ക്ക് യഥാർത്ഥ ഞണ്ടുകളെപ്പോലെ ഒരു ചെറിയ വയറും നാല് നടക്കാവുന്ന കാലുകളും മുൻവശത്ത് ഒരു ജോടി നഖങ്ങളുള്ള കൈകളുമാണുള്ളത്.

വിതരണം[തിരുത്തുക]

ഇന്തോ-പസഫിക് മേഖലയിലുടനീളം വ്യാപകമായി കാണപ്പെടുന്ന സാൻഡ് ബബ്ലർ ഞണ്ടുകൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലെയും മണൽ നിറഞ്ഞ ബീച്ചുകളിലാണ് ധാരാളമായി കാണപ്പെടുന്നത്.[4]

പരിസ്ഥിതി, പെരുമാറ്റം എന്നിവ[തിരുത്തുക]

സ്കോപിമേറ ഗ്ലോബോസയും അത് ഉണ്ടാക്കിയ മണൽ ഉരുളകളും

മണലിലെ മാളങ്ങളിൽ വസിക്കുന്ന സാൻഡ് ബബ്ലർ ഞണ്ടുകൾ വേലിയേറ്റം അവസാനിക്കുന്നതുവരെയുള്ള സമയം അവയുടെ മാളങ്ങളിൽത്തന്നെ നിലയുറപ്പിക്കുന്നു. വേലിയേറ്റത്തിനു ശേഷം വീണ്ടും ഉപരിതലത്തിൽ നൂറുകണക്കിന് പ്രത്യക്ഷപ്പെടുന്ന അവ തങ്ങളുടെ വായ്ഭാഗങ്ങൾ ഉപയോഗിച്ച് മണൽ അരിച്ച് ഉള്ളിലേയ്ക്ക് കടത്തിവിടുകയും, മണലിൽ അടങ്ങിയിരിക്കുന്ന ജൈവാവശിഷ്ടങ്ങളും പ്ലവകങ്ങളും[5] ഭക്ഷിച്ചശേഷം സംസ്കരിച്ച മണലിനെ ഉരുളകളായി പുറന്തള്ളുകയും ചെയ്യുന്നതോടെ ഇത് കടൽത്തീരത്താകമാനം വ്യാപിക്കുന്നു. ഉരുളകളെ ശിഥിലമാക്കിക്കൊണ്ട് വേലിയേറ്റം ആരംഭിക്കുമ്പോൾ ഓരോ മാളത്തിലും ഒരോ കുമിളകളിൽ വേലിയേറ്റം അവസാനിക്കുന്നതിനായി അവ കാത്തിരിക്കുന്നു. ലജ്ജാശീലരും ഏത് ചലനത്തോടും സംവേദനക്ഷമതയുള്ളവരുമായ അവ, അപകടം കണ്ടാലുടനെ മാളങ്ങളിലേയ്ക്ക് മറയുന്നു. ഇവയുടെ ശരാശരി ജീവിതകാലം അഞ്ച് വർഷം വരെയാണ്. ഇവയുടെ മാളങ്ങൾക്ക് സമീപം ആരോ വരച്ചുവച്ച കലാസൃഷ്ടികൾപോലെ നൂറുകണക്കിന് ചെറിയ മണലുരുളകൾ കാണാൻ സാധിക്കുന്നു. അവ സൃഷ്ടിച്ച മണൽ ഉരുളകളുടെ പാറ്റേണുകൾ പരിശോധിച്ച് വേലിയേറ്റം എത്ര സമയം ആയിരുന്നുവെന്നുള്ള ഏകദേശ ധാരണ ലഭിക്കുന്നു. മണൽ ഉരുളകളുടെ പാറ്റേണുകൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ, വേലിയേറ്റം നീണ്ടുനിന്നിരുന്നതായി മനസിലാക്കാം.

സാൻഡ് ബബ്ലർ ഞണ്ടുകൾ യഥാർത്ഥത്തിൽ നനഞ്ഞ മണലിൽ ജീവിക്കുന്ന മിയോഫൗണ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളെ അരിച്ചെടുത്ത് ഭക്ഷിക്കുകയാണ് ചെയ്യുന്നത്. മണൽത്തരികൾ അതിവേഗതയിൽ വായിലേക്ക് കടത്തിവിടുന്ന അവ മണലിൽ അടങ്ങിയിരിക്കുന്ന എല്ലാ മെയോഫൗണകളെയും അരിച്ചെടുക്കുകയും  മാലിന്യങ്ങൾ കുറച്ച് വൃത്തിയാക്കിയ മണൽത്തരികളെ ഉരുളകളാക്കി പുറന്തള്ളുകയും ചെയ്യുന്നു. വൃത്തിയാക്കിയ മണൽ ഒരു പന്തുപോലെ ഉരുട്ടി, അധികം വലുതാകുന്നതിന് മുമ്പുതന്നെ വശത്തേക്ക് ചവിട്ടി തെറിപ്പിക്കുന്നു. താമസിയാതെ, ഈ ജീവികൾ അവർ സൃഷ്ടിക്കുന്ന ഡസൻ കണക്കിന് ചെറിയ ഗോളങ്ങളാൽ വലയം ചെയ്യപ്പെടുന്നു. ഈ ഞണ്ടുകൾ വളരെ ചെറുതായതിനാൽ, അവ എന്താണ് ചെയ്യുന്നതെന്ന് നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കക ശരിക്കും ബുദ്ധിമുട്ടാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഒരേ മണൽത്തരികൾ രണ്ടുതവണ അരിച്ചെടുക്കുന്നതിനെ അവർ ഒഴിവാക്കുന്നു. ഞണ്ട് അതിന്റെ മാളത്തിന്റെ ഒരു മീറ്ററിനുള്ളിലുള്ള എല്ലാ മണൽ തരികളും വൃത്തിയാക്കുകയും ചെറിയ കലാരൂപങ്ങളുടെ വ്യൂഹങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

തങ്ങളുടെ അധിവാസമേഖല സംരക്ഷിക്കുന്നതിനും മറ്റ് ഞണ്ടുകളുടെ നേരേ തങ്ങളുടെ ആധിപത്യം കാണിക്കുന്നതിനുമായി ആൺ ഞണ്ടുകൾ രസകരമായ ഒരു നൃത്തം അവതരിപ്പിക്കാറുണ്ട്. അവ കാലുകൾ ഉയർത്തി നേരെ നിൽക്കുകയും ശരീരത്തിന് മുകളിലേയ്ക്ക് നഖങ്ങൾ നീട്ടുകയും ചെയ്യുന്നു. ആക്രമണ നടപടിയിലേയ്ക്കുള്ള തിരിയുന്നതിനായി അവയുടെ എല്ലാ അവയവങ്ങളും അതിവേഗത്തിൽ തിരികെ വലിക്കുന്നു.

ശാസ്ത്രീയ വർഗ്ഗീകരണം[തിരുത്തുക]

സ്വീഡിഷ് ഭാഷക്കാരനായിരുന്ന ഫിന്നിഷ് പ്രകൃതിശാസ്ത്രജ്ഞനും പര്യവേക്ഷകനുമായ പീറ്റർ ഫ്രോസ്‌കൽ 1775-ൽ സാൻഡ് ബബ്ലർ ഞണ്ടിനെ കാൻസർ സൾക്കാറ്റസ് എന്നാണ് ആദ്യമായി വിശേഷിപ്പിച്ചത്. 1833-ൽ വിൽഹെം ഡി ഹാൻ സ്‌കോപിമേറ ജനുസ്സിനെ ഓസിപോഡിന് കീഴിലെ ഒരു ഉപജാതിയായി വിശേഷിപ്പിച്ചു. എന്നിരുന്നാലും, ആദ്യത്തെ സ്പീഷിസായ സ്കോപിമേറ ഗ്ലോബോസ 1835 ൽ ഔദ്യോഗികമായി വിവരിക്കപ്പെട്ടു. പിന്നീട്, വില്യം സ്റ്റിംപ്സൺ 1833-ൽ നൽകിയിരുന്ന ജനുസ് നാമമായ ഡോട്ടോയ്ക്ക് പകരം ലഭ്യമായ ഡോട്ടില്ല എന്ന നാമം പ്രസിദ്ധീകരിക്കപ്പെട്ടു. നിലവിൽ, സാൻഡ് ബബ്ലർ ക്രാബ് ടാക്സോണമിയിൽ നടന്നുകൊണ്ടിരിക്കുന്ന പുനരവലോകനങ്ങൾ സ്കോപിമേറ ജനുസ്സിനെ ഡോട്ടില്ല, സ്കോപിമേറ എന്നിങ്ങനെയായി വിഭജിച്ചേക്കാം. നിലവിൽ ഡോട്ടില്ലയിലും സ്കോപിമേറയിലുമായി യഥാക്രമം എട്ട്, പതിനഞ്ച് അംഗീകൃത സ്പീഷീസുകളുണ്ട്.

സ്പീഷീസ്[തിരുത്തുക]

എട്ട് ഇനം ഡോട്ടില്ല, പതിനഞ്ച് ഇനം സ്കോപിമേറ ജനുസുകൾ നിലവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു:[6]

അവലംബം[തിരുത്തുക]

  1. Peter K. L. Ng; Danièle Guinot & Peter J. F. Davie (2008). "Systema Brachyurorum: Part I. An annotated checklist of extant Brachyuran crabs of the world" (PDF). Raffles Bulletin of Zoology. 17: 1–286. Archived from the original (PDF) on 2011-06-06. Retrieved 2023-11-20.
  2. Fothergill, Alastair; Cordey, Huw (2015). The Hunt (in ഇംഗ്ലീഷ്). Ebury Publishing. p. 138. ISBN 9781448141890.
  3. Fothergill, Alastair; Cordey, Huw (2015). The Hunt (in ഇംഗ്ലീഷ്). Ebury Publishing. p. 138. ISBN 9781448141890.
  4. David P. Maitland (1986). "Crabs that breathe air with their legs - Scopimera and Dotilla". Nature. 319 (6053): 493–495. Bibcode:1986Natur.319..493M. doi:10.1038/319493a0. S2CID 4362098.
  5. "Legs that are made for breathing". New Scientist. February 20, 1986. p. 24.[പ്രവർത്തിക്കാത്ത കണ്ണി]
  6. Peter K. L. Ng; Danièle Guinot & Peter J. F. Davie (2008). "Systema Brachyurorum: Part I. An annotated checklist of extant Brachyuran crabs of the world" (PDF). Raffles Bulletin of Zoology. 17: 1–286. Archived from the original (PDF) on 2011-06-06. Retrieved 2023-11-20.
  7. 7.0 7.1 Kingsley J. H. Wong, Hsi-Te Shih & Benny K. K. Chan (2011). "Two new species of sand-bubbler crabs, Scopimera, from North China and the Philippines (Crustacea: Decapoda: Dotillidae)" (PDF). Zootaxa. 2962: 21–35. doi:10.11646/zootaxa.2962.1.2.
"https://ml.wikipedia.org/w/index.php?title=സാൻഡ്_ബബ്ലർ_ഞണ്ട്&oldid=3995197" എന്ന താളിൽനിന്ന് ശേഖരിച്ചത്