ഞണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Crab
Temporal range: Jurassic–Recent
Grey swimming crab
Liocarcinus vernalis
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Arthropoda
Subphylum: Crustacea
Class: Malacostraca
Order: Decapoda
Suborder: Pleocyemata
Infraorder: Brachyura
Linnaeus, 1758
Sections and subsections[1]

ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്[2]. ഇവയുടെ ശരീരത്തിന്റെ ബാഹ്യഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്.

ചിലയിനം ഞണ്ടുകൾ[തിരുത്തുക]

മഡ്ക്രാബ്[തിരുത്തുക]

കായൽ ഞണ്ടായ മഡ്ക്രാബ് ഞണ്ടുകളിലെ ഭീമന്മാർ ആണ്. പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല തീറ്റ കൊടുത്താൽ ഏഴാം മാസത്തിൽ തന്നെ ഏകദേശം ഒന്നര കിലോയോളം തൂക്കം വെയ്ക്കും.

നല്ല വേലിയേറ്റ സമയത്ത് ഞണ്ടുകൾ വെള്ളത്തിനടിയിൽ നിന്ന് ഇളകി മുകളിൽ എത്തും. വളരുന്നു എന്നതിന്റെ സൂചനയായി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറം തോട് പൊളിക്കും. ഓരോ തവണയും ഇങ്ങനെ ചെയ്യുമ്പോൾ 100 - 150 ഗ്രാം അധിക ഭാരമെത്തും. വെള്ളം ഉള്ളിലുറയുന്ന 500 - 600 ഗ്രാം ഭാരമുള്ള മെത്ത ഞണ്ടുകളെ ലവണാംശമുള്ള കുളത്തിൽ ഒന്നര മാസം വളർത്തി മാംസമുറപ്പിച്ചു മഡ് ക്രാബുകൾ ആക്കാം. ഞണ്ട് കൊഴുപ്പിക്കൽ എന്ന സാങ്കേതിക വിദ്യ ആണിത് !

കാട്ടുഞണ്ട് /കൊതക്കാടൻ[തിരുത്തുക]

ഇതിന്റെ പുറംതോടിന് ഇരുണ്ട പച്ച നിറം ആണ്. കടികാലഗ്രങ്ങൾ ചോര നിറത്തിൽ കാണപ്പെടുന്നു. അള്ളുകാലുകൾക്ക് നേർത്ത മഞ്ഞ കലർന്ന ഓറഞ്ചു നിറം. ഇതിന് ജാഗ്രതയും ശൗര്യവും വളരെ കൂടുതൽ ആയതിനാൽ കാട്ടുഞണ്ടിനെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ഒളിവേസിയ ഇനത്തിലെ പെൺഞണ്ടിന് കാട്ടുഞണ്ട് എന്നും, ആൺഞണ്ടിന് കൊതക്കാടൻ എന്നുമാണ് വിളിപ്പേരുകൾ.

കോറ ഞണ്ട്[തിരുത്തുക]

കടൽ ഞണ്ടാണ് കോറ ഞണ്ട്. വേലിയേറ്റ സമയത്ത് കായലിൽ എത്തി വളരുന്നു. ഇവയുടെ പച്ച നിറമാർന്ന പുറംതോടിൽ വയലറ്റ് വൃത്തങ്ങളും മഞ്ഞ പുള്ളിക്കുത്തുകളും വീഴും. കടികാലഗ്രങ്ങൾക്കും തുഴക്കാലഗ്രങ്ങൾക്കും നേർത്ത നീല നിറമാണ്. ഇവ നല്ല വലിപ്പം വെയ്ക്കും.

കുരിശ് ഞണ്ട്[തിരുത്തുക]

ഇവയെ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്നു. തവിട്ട് നിറമുള്ള പുറംതോടിൽ വീതിയുള്ള കുറുവരകൾ വീഴും. അള്ളുകാലിലെയും തുഴക്കാലിലെയും വെള്ളപ്പൊട്ടുകൾ കാണാൻ നല്ല ഭംഗിയാണ്.കടികാലഗ്രങ്ങൾക്ക് ഓറഞ്ചു നിറമാണ്. ഇവയുടെ മാംസത്തിനു നല്ല രുചിയാണെന്ന കീർത്തിയുണ്ട്. സൂപ്പിനും റോസ്റ്റിനും വളരെ ഉത്തമം. [3]

ജാപ്പനീസ് ചിലന്തി ഞണ്ട്[തിരുത്തുക]

ജാപ്പനീസ് ചിലന്തി ഞണ്ടുകളുടെ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു.

കിവ ഹിർസുത[തിരുത്തുക]

രോമാവരണമുള്ള ഈ ഞണ്ടിൽ നിന്നും അർബുദ രോഗത്തിന്റെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്നു.

[4]

ഞണ്ട് കൃഷി[തിരുത്തുക]

കായലിൽ നിന്ന് തൂമ്പുകളിലൂടെ വെള്ളം കയറിയിറങ്ങാൻ സൗകര്യം ഉള്ള കുളങ്ങളിൽ ഞണ്ട് കൃഷി ചെയ്യാം. വള്ളക്കാരിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാം. കൂടാതെ തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള തൊടുവായ് രാജീവ് ഗാന്ധി സെന്ററിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാൻ കിട്ടും (AD-2019). ശ്രദ്ധിക്കേണ്ടത് ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളെ ഒരുമിച്ച് കൃഷി ചെയ്തില്ലെങ്കിൽ പരസ്പരം പിടിച്ചു തിന്നാൻ സാധ്യതയുണ്ട് എന്നുള്ളതാണ് !

കുളം ഇല്ലെങ്കിൽ ഒന്നര മീറ്ററെങ്കിലും ആഴത്തിൽ കുളമൊരുക്കി ബണ്ടുകൾ ബലപ്പെടുത്തി അതിർത്തിവേലികൾ തീർത്തും ഞണ്ട് കൃഷി ചെയ്യാവുന്നതാണ്. രണ്ട് ചതുരശ്ര മീറ്ററിന് ഒരു ഞണ്ട് എന്നതാണ് കണക്ക്.

തീറ്റ[തിരുത്തുക]

കടിമീൻ, തിലാപ്പിയ, പനാഞ്ചി, കൊഴുചാള മുതലായവ കഷണം മുറിച്ചു മഞ്ഞൾ പൊടി പുരട്ടി തീറ്റയാക്കാം. ശരീരഭാരത്തിന്റെ 4% തീറ്റ ഇവയ്‌ക്ക് ദിവസവും വേണം. ഇവയുടെ മരണനിരക്ക് കുറവാണ് എന്നതാണ് ഞണ്ട് കൃഷിയിലെ ലാഭം. ഓട്ടി പൊളിക്കുന്ന കാലമാണ് ഇവയുടെ പ്രജനന കാലം. ശരാശരി അരക്കിലോ ഭാരം ഉണ്ടാവും ആ സമയത്ത്.

കോരു വലകൾ കൊണ്ടും റിങ് നെറ്റിൽ തീറ്റയിട്ടും ഞണ്ടുകളെ കുടുക്കിപ്പിടിക്കാം.ഞണ്ട് കൊഴുപ്പിക്കുന്നത് ലാഭകരം ആയിരിക്കും. [5]

അവലംബം[തിരുത്തുക]

  1. Sammy De Grave; N. Dean Pentcheff; Shane T. Ahyong; മുതലായവർ (2009). "A classification of living and fossil genera of decapod crustaceans" (PDF). Raffles Bulletin of Zoology. Suppl. 21: 1–109. മൂലതാളിൽ (PDF) നിന്നും 2011-06-06-ന് ആർക്കൈവ് ചെയ്തത്.
  2. R. von Sternberg & N. Cumberlidge (2001). "On the heterotreme-thoracotreme distinction in the Eubrachyura De Saint Laurent, 1980 (Decapoda: Brachyura)". Crustaceana. 74 (4): 321–338. doi:10.1163/156854001300104417.
  3. മനോരമ ദിനപത്രം 2019 സെപ്റ്റംബർ 19 (താൾ -16)
  4. "Marine Wildlife Encyclopedia". മൂലതാളിൽ നിന്നും 2012-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-14.
  5. മനോരമ ദിനപത്രം 2019 സെപ്റ്റംബർ 19 (പഠിപ്പുര താൾ -16)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞണ്ട്&oldid=3632596" എന്ന താളിൽനിന്ന് ശേഖരിച്ചത്