ഋതുസംഹാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ritusamhara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന ഒരു ലഘുകാവ്യമാണ് ഋതുസംഹാരം. ഋതുപരിവർത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്റെ ഉള്ളടക്കം.ആറ് ലഘുസർഗങ്ങളും 155 പദ്യങ്ങളുമടങ്ങിയ ഈ കാവ്യത്തിന്റെ കർതൃത്വത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലു കാളിദാസന്റെ തന്നെ ആദ്യരചനയായാണ് ഇന്ന് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.[1]ഈ കൃതി ലത്തീൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകളിലേക്കും ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .[അവലംബം ആവശ്യമാണ്]

ഉള്ളടക്കം[തിരുത്തുക]

ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വർഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകൻ കാമുകിക്ക് വർണിച്ചു കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. [2] ഒരോ ഋതുവിനും ഒന്ന് എന്ന കണക്കിൽ ഗ്രീഷ്മവർണ്ണനം, വർഷവർണ്ണനം, ശരദ്വർണ്ണനം, ഹേമന്തവർണ്ണനം, ശിശിരവർണ്ണനം, വസന്തവർണ്ണനം എന്നിങ്ങനെ ആറു സർഗ്ഗളുണ്ട് ഈ കാവ്യത്തിൽ. ഋതുപരിവർത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും കാമുമീകാമുകന്മാരുടെ സല്ലാപകേളികൾക്ക് ഏതൊക്കെ മട്ടിൽ അവസരമൊരുക്കുന്നുവെന്നും വിവരിയ്ക്കുന്ന ഈ കാവ്യം ശൃംഗാരരസപ്രാധാനമാണ്. എല്ലാ ഋതുക്കളുടെ ചിത്രീകരണത്തിലും കാണാവുന്ന ശൃംഗാര ഭാവത്തിനും കാവ്യത്തിന്റെ പൊതുസ്വഭാവത്തിനും താഴെക്കൊടുക്കുന്ന[2] വർണ്ണനകൾ ഉദാഹരണങ്ങളാണ്:-

  • ഗ്രീഷ്മവർണ്ണനം: "കാമിനിമാർ രാവുകളിൽ വെണ്മാടങ്ങളിൽ എത്തി സുഖമായി ഉറങ്ങുന്നു. അവരുടെ മുഖദർശനത്തിൽ നാണം പൊറുക്കാനാവാത്തതിനാൽ ചന്ദ്രന്റെ മുഖം വിളറി വിവർണ്ണമാകുന്നു".
  • വർഷവർണ്ണനം: "മഴവില്ല്, മിന്നൽക്കൊടി, ഇവ ആഭരണങ്ങളായ മേഘങ്ങൾ, മനോഹരമായ കുണ്ഡലം, അരഞ്ഞാൺ ഇവയോടുകൂടിയ സുന്ദരാംഗിമാരെപ്പോലെ വിരഹദുഃഖിതരുടെ ഹൃദയം ഹരിക്കുന്നു.
  • ശരദ്വർണ്ണനം: "രാത്രി, കുമാരിയെപ്പോലെ നാൾക്കുനാൾ വളർന്നു. അവൾ നക്ഷത്രജാലമാമുന്ന സുവർണ്ണഭൂഷകൾ അണിഞ്ഞു. മഴമുകിലിന്റെ മൂടുപടം നീക്കി നറുതിങ്കൾ വദനത്തിൽ പുഞ്ചിരി വിരിഞ്ഞു. തൂവെണ്ണിലാവാകുന്ന പട്ടുചേലയുടുത്തു.
  • ഹേമന്തവർണ്ണനം: "ഒരു യുവസുന്ദരി, പ്രഭാതത്തിൽ കരത്തിൽ പിടിച്ച വാൽക്കണ്ണാടിയിൽ നോക്കി വദനത്തിൽ ചായങ്ങൾ അണിയുന്നു. കാന്തൻ നുകർന്നപ്പോൾ പല്ലുപതിഞ്ഞു പോറൽ പറ്റിയ ചുവന്ന അധരങ്ങൾ വലിച്ചുനോക്കുന്നു.
  • ശിശിരവർണ്ണനം: "താംബൂലം, കളഭലേപനങ്ങൾ ഇവയേന്തി പുഷ്പാസവത്താൽ മുഖം ഗന്ധഭരിതമാക്കി, അകിൽധൂമപരിമളം നിറയുന്ന കിടപ്പറകളിലേയ്ക്ക് കാമിനിമാർ സമുത്സുകരായി കടന്നുചെന്നുന്നു".
  • വസന്തവർണ്ണനം: "തേന്മാവിന്റെ ആസവും മോന്തി മദം പിടിച്ച ഇണയിൽ രാഗം വളർന്ന ആൺ കുയിലുകൾ ചുംബനം നൽകുമ്പോൾ, ചാടുവാക്യങ്ങൾ മുരണ്ട് താമരപ്പൂവിൽ വണ്ട് ഇണയ്ക്ക് പ്രിയമരുളുന്നു."

അവലംബം[തിരുത്തുക]

  1. Kalidasa - Sri Aurobindo, പോണ്ടിച്ചേരി ശ്രീ അരവിന്ദാശ്രമം പ്രസിദ്ധീകരിച്ചത് "We see (Kalidasa's) characteristic gift even in the immature workmanship...and can distinguish the persistent personality in spite of the defective self-expression"
  2. 2.0 2.1 കാളിദാസകൃതികൾ, ഗദ്യശില്പം‍, സി.ജെ. മണ്ണുമ്മൂട് - സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
"https://ml.wikipedia.org/w/index.php?title=ഋതുസംഹാരം&oldid=2824241" എന്ന താളിൽനിന്ന് ശേഖരിച്ചത്