രഘുവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനഭാരതത്തിലെ വിഖ്യാതകവി കാളിദാസൻ രചിച്ച മഹാകാവ്യമാണ് രഘുവംശം. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.[1]

ഘടന[തിരുത്തുക]

തുടക്കം[തിരുത്തുക]

വാക്കും അർത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാർവതീ പരമേശ്വരന്മാരെ, വാഗർത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് [ക] രഘുവംശത്തിന്റെ തുടക്കം. തുടർന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനിൽ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാൻ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തിൽ തരണം ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീർഘകായന്മാർക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.[2] എന്നാൽ, പൂർവ കവിശ്രേഷ്ഠന്മാർ വാക്കുകൾ കൊണ്ട് മാർഗ്ഗം തെളിച്ച ഈ കഥയിൽ, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലിൽ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തിൽ അദ്ദേഹം മുന്നോട്ടുപോകുന്നു.[3]

28 രാജാക്കന്മാർ[തിരുത്തുക]

ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, രഘു, അജൻ, ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയിൽ ഒൻപതു മുതൽ പതിനഞ്ചു വരെയുള്ള ഏഴു സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധൻ മുതൻ സുദർശൻ വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.[1]

അവസാനം[തിരുത്തുക]

അവസാനത്തെ രഘുവംശരാജാവായ അഗ്നിവർണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊൻപതാം അദ്ധ്യായത്തത്തോടെ രഘുവംശം സമാപിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

ക. ^  വാഗർത്ഥാവിവ സംപ്രിക്തൗ
വാഗർത്ഥ പ്രതിപത്തയേ
ജഗത പിതരൗ വന്ദേ
പാർവ്വതീ പരമേശ്വരൗ.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 കാളിദാസകൃതികൾ, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
  2. രഘുവംശം ഒന്നാം സർഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങൾ
  3. രഘുവംശം ഒന്നാം സർഗ്ഗം, നാലാം ശ്ലോകം‍
  4. രഘുവംശം, ഒന്നാം സർഗ്ഗം, ഒന്നാം ശ്ലോകം
"https://ml.wikipedia.org/w/index.php?title=രഘുവംശം&oldid=2356244" എന്ന താളിൽനിന്നു ശേഖരിച്ചത്