Jump to content

പൂതന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Putana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂതനയും, മുലകുടിക്കുന്ന കണ്ണനും - അഷ്ടമിരോഹിണി നാളിലെ ഘോഷയാത്രയിൽ നിന്നും

ഭാഗവതത്തിൽ പരാമർശിക്കപ്പെടുന്ന ഒരു രാക്ഷസിയാണ് പൂതന.[1] മഥുര രാജാവായിരുന്ന കംസന്റെ പത്നിയായ അസ്തിയുടെ ദാസിയായിരുന്നു പൂതന (കംസന്റെ സഹോദരിയാണു പൂതനയെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്). കംസന്റെ ആജ്ഞാനുസരണം[2] ശിശുവായിരുന്ന ശ്രീകൃഷ്ണനെ കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയിൽ എത്തുന്ന പൂതന മാതാവായ യശോദ അടുത്തില്ലാതിരുന്ന തക്കത്തിൽ നന്ദഗോപഗൃഹത്തിൽ പ്രവേശിച്ച് കൃഷ്ണനു വിഷം ചേർത്ത മുലപ്പാൽ കൊടുത്തു. എന്നാൽ പാൽ കുടിച്ചുതീർന്നിട്ടും മതിയാകാഞ്ഞ ഉണ്ണിക്കണ്ണൻ പൂതനയുടെ രക്തം ഉൾപ്പടെ ഊറ്റിക്കുടിച്ചു. കുഞ്ഞ് തന്റെ രക്തവും കുടിക്കുന്നത് മനസ്സിലാക്കിയ പൂതന കുഞ്ഞായ കണ്ണനെ എടുത്തുകൊണ്ട് പോകുവാൻ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു വീണു. കൃഷ്ണന് കാർമേഘവർണം ആയിപോയത് പൂതനയുടെ വിഷപ്പാൽ കുടിച്ചിട്ടാണെന്ന് പറയപ്പെടുന്നു[3]

പൂർവ്വജന്മം

[തിരുത്തുക]
മഹാബലിയെ സുതലത്തിലേക്ക് ചവുട്ടി താഴ്തുന്ന വാമനൻ

പൂർവ്വ ജന്മത്തിൽ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ പുത്രിയായ രത്‌നമാലയായിരുന്നു പൂതന. അവതാരോദ്ദേശം നിർവ്വഹിക്കുവാനായി വാമനൻ മഹാബലിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ ബലിക്കൊപ്പം രത്നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോൾ അവൾക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാൻ ആഗ്രഹം തോന്നി. രത്നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു. അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.

പൂതനാമോക്ഷം

[തിരുത്തുക]
പൂതനാമോക്ഷം-ദാരുശില്പം-വാഴപ്പള്ളി ക്ഷേത്രം

ഭാഗവതം ദശമസ്കന്ദത്തിൽ കൃഷ്ണാവതാരകഥകൾ പറയുന്നിടത്താണ്‌ പൂതനയുടെ കഥയും തുടങ്ങുന്നത്. പൂതന മുൻജന്മത്തിൽ മഹാബലിയുടെ മകളായ രത്നാവലിയായിരുന്നു. മഹാബലിക്ക് ഒരു മകനും മകളും ഉണ്ടായിരുന്നു, മകന്റെ നാമാവലി [4]

പൂതനയും, മുലകുടിച്ചു കിടക്കുന്ന കണ്ണനും

എന്നാണ് ചെറുശ്ശേരി കൃഷ്ണഗാഥയിൽ എഴുതിയിരിക്കുന്നത്.[5] രത്നമാലിയുടെ ജന്മമായതിനാൽ പൂതന കണ്ണനെ കാണുമ്പോൾ ഇവനു മുലയൂട്ടുവാൻ കഴിയുന്നത് തന്റെ ജന്മസുകൃതമാണെന്നു കരുതി മുലയൂട്ടുന്നു. ആദ്യം പൂതന മാതൃഭാവത്തോടെയാണ്‌ മുലയൂട്ടുന്നത്. വന്ന കാര്യത്തെക്കുറിച്ച് പൂതന അല്പനേരം ഒന്നു മറന്നുപോകുന്നു. (വാമനാവതാരത്തിൽ മഹാബലിയുടെ പുത്രിയായിരുന്ന പൂതന വാമനനെ കണ്ട് ഇവനെപ്പോലൊരു മകൻ തനിക്കുണ്ടായിരുന്നെങ്കിൽ​ എന്ന് മോഹിക്കുകയും, വാമനൻ 'മനസുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു' - നോക്കുക പൂർവ്വ ജന്മം)

പൂതനയായുള്ള ഈ ജന്മത്തിൽ ആ വരം നിവർത്തിക്കുവാനാണ്‌, പൂതനയ്ക്ക് കൃഷ്ണനെ കാണുന്ന മാത്രയിൽ മാതൃഭാവം തോന്നിയത്. തുടർന്ന് താൻ വന്ന കാര്യം ഓർമ്മിച്ച്, ഇനി ഒട്ടും വൈകാതെ വിഷം കൊടുത്ത് കൊല്ലുക തന്നെ എന്നുറച്ച്, രാക്ഷസീയഭാവത്തിൽ കുഞ്ഞിന്‌ വീണ്ടും മുലയൂട്ടുന്നു. പൂതനാമോക്ഷം കഥകളിയിലും ഇങ്ങനെതന്നെ പറയുന്നുണ്ട്. പാലിനൊപ്പം പൂതനയുടെ രക്തവും കണ്ണൻ കുടിക്കുകയും പൂതന മരിച്ചുവീഴുകയും ചെയ്യുന്നു. പൂതനയുടെ ഈ ജന്മമോക്ഷമാണിവിടെ ഉദ്ദേശിക്കുന്നത്. ഒടുവിൽ വേദനകളൊക്കെ മറന്ന് ആനന്ദത്തോടെ പൂതന വിഷ്ണുചൈതന്യത്തിൽ ലയിച്ചു. നന്ദഗോപർ ആചാരവിധിയനുസരിച്ച് പൂതനയുടെ ശേഷക്രിയാധികളും നടത്തി.[5]

അവലംബം

[തിരുത്തുക]
  1. ശ്രീമദ് ഭാഗവതം 10.6
  2. വിഷ്ണു പുരാണം
  3. Hrishikesa: Krishna - A Natural Evolution
  4. ഭാഗവതം -- ഡോ.പി.എസ്.വാര്യർ -- വിദ്യാരംഭം പബ്ലിഷേസ്
  5. 5.0 5.1 s:കൃഷ്ണഗാഥ/ഒന്നാം ഭാഗം/പൂതനാമോക്ഷം
"https://ml.wikipedia.org/w/index.php?title=പൂതന&oldid=3828244" എന്ന താളിൽനിന്ന് ശേഖരിച്ചത്