Jump to content

പ്രതിബദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Obstruent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വായുപ്രവാഹത്തെ തടഞ്ഞുവെച്ച് സ്വനനാളത്തിലെ വായുമർദ്ദം ഉയർത്തി ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് പ്രതിബദ്ധങ്ങൾ(Obstruent) എന്നത്. ഉച്ചാരണശാസ്ത്രത്തിൽ സ്വനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ഒരു വിഭാഗമാണ് ഇവ. മുഖരങ്ങളാണ് മറ്റേ വിഭാഗം.

പ്രതിബദ്ധങ്ങളുടെ ഉച്ചാരണത്തിൽ സ്വനനാളത്തിൽ പൂർണ്ണമോ ഭാഗികമോ ആയ തടസ്സം(നികോചം) സംഭവിക്കുന്നു. ഇതുമൂലം ഉച്ചാരണത്തിൽ സ്ഫോടനമോ ഘർഷണമോ സംഭവിക്കുന്നു. പൂർണ്ണനികോചത്തിനു ശേഷം വായു ശക്തിയായി പുറത്തുകടക്കുന്നതാണ് സ്ഫോ‍ടനം. ഭാഗികനികോചത്തിൽ വായു ഉരസി ശബ്ദമുണ്ടാക്കിക്കൊണ്ട് പുറത്തുകടക്കുന്നത് ഘർഷണം. പൂർണ്ണനികോചശേഷം ചലകരണം പതുക്കെ മാത്രം പിൻവലിയുമ്പോൾ സ്പർശഘർഷണം സംഭവിക്കുന്നു. ഈ പ്രക്രിയകൾ യഥാക്രമം സ്ഫോടകവ്യഞ്ജനങ്ങൾ, ഘർഷങ്ങൾ, സ്പർശഘർഷികൾ എന്നീ വ്യഞ്ജനങ്ങൾക്ക് കാരണമാകുന്നു. വായിലൂടെയുള്ള പ്രവാഹം തടയപ്പെടുന്നുവെങ്കിലും മൂക്കിലൂടെ വായുവിനെ പുറംതള്ളുന്നതിനാൽ അനുനാസികങ്ങളുടെ ഉച്ചാരണത്തിൽ വായുപ്രവാഹം നിയന്ത്രിക്കപ്പെടുന്നില്ല. അതിനാൽ അവ പ്രതിബദ്ധങ്ങളല്ല.

പ്രതിബദ്ധങ്ങൾ ദൃഢവ്യഞ്ജനങ്ങളും മുഖരങ്ങൾ ശിഥിലവ്യഞ്ജനങ്ങളുമാണ്. പ്രതിബദ്ധങ്ങളിൽ കൂടുതലായി ശ്വാസികൾ കാണപ്പെടുമ്പോൾ മുഖരങ്ങളിൽ ശ്വാസികൾ വിരളമായേ പ്രത്യക്ഷപ്പെടുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=പ്രതിബദ്ധം&oldid=1734768" എന്ന താളിൽനിന്ന് ശേഖരിച്ചത്