മെറ്റബോളിക് റിഫ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metabolic rift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമൂഹ്യ രാസവിനിമയത്തിലെ (Social Metabolism) പരസ്പരാശ്രയ പ്രക്രിയയിൽ സംഭവിച്ചിട്ടുള്ള അപരിഹാര്യമായ പിളർപ്പ്[1] എന്ന കാറൽമാർക്‌സിന്റെ ആശയത്തെ [2] സൂചിപ്പിക്കാനായി ജോൺ ബല്ലാമി ഫോസ്റ്റർ പ്രയോഗിച്ച പദമാണ് രാസവിനിമയത്തിലെ വിള്ളൽ(Metabolic Rift) . മുതലാളിത്തത്തിന്റെ കീഴിലെ പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ചുള്ള മാർക്‌സിന്റെ അടിസ്ഥാനധാരണയായിരുന്നു അത്.

മുതലാളിത്ത ഉല്പാദനത്തിൽ നിന്നും, അതുപോലെ ഉത്ഭവിക്കുന്ന നഗരവും ഗ്രാമവും തമ്മിലുള്ള വിഭജനത്തിൽ നിന്നും, മനുഷ്യപ്രകൃതിയും ശേഷിക്കുന്ന പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ കൊടുക്കൽ വാങ്ങലിൽ സംഭവിച്ചിട്ടുള്ള വിടവിനെ മാർക്‌സ് സിദ്ധാന്തവൽക്കരിച്ചു. സമീപകാലത്ത് വിവിധ തരത്തിൽ നടക്കുന്ന പാരിസ്ഥിതിക ചർച്ചകളിൽ, പ്രത്യേകിച്ച് ഇടതുപക്ഷ ചർച്ചകളിൽ, മാർക്‌സിന്റെ ഈ സങ്കല്പനം വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

ഫോസ്റ്ററിനെ സംബന്ധിച്ച്, രാസവിനിമയത്തിലെ വിള്ളൽ എന്ന ആശയം ജീവവർഗങ്ങളുടെ അസ്തിത്വത്തെപ്പറ്റിയും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമുള്ള മാർക്‌സിന്റെ ആദ്യകാല കൃതിയായ 1844 -ലെ സാമ്പത്തികവും ദാർശനികവുമായ കൈയ്യെഴുത്തുപ്രതിയിൽ (Econimic and Philosophical Manuscript) നിന്നാണ് വികസിച്ചുവന്നത്. മെറ്റബോളിക് റിഫ്റ്റ് എന്നത് 'പ്രകൃതിയുടെ അന്യവൽക്കരണത്തെ (allianation of nature) കുറിച്ചുള്ള മാർക്‌സിന്റെ കൂടുതൽ പക്വമായ അപഗ്രഥനമാണ്.[3] കൂടാതെ, 'മനുഷ്യനും പ്രകൃതിയും തമ്മിൽ ചലനാത്മകമായ പരസ്പര കൊടുക്കൽ വാങ്ങലുകളെ ശക്തമായും ശാസ്ത്രീയമായ രീതിയിലും വരച്ചുകാട്ടാനുള്ള ഒരു മാർഗവും കൂടിയായിരുന്നു ഇത്.[4]

മാർക്‌സ് പരിസ്ഥിതിയെ പരിഗണിച്ചിട്ടേയില്ല എന്ന് വാദിച്ചവരേയും ഒപ്പം സോവിയറ്റ് യൂണിയനിലും മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം മാർക്‌സിന്റെ തലയിൽ കെട്ടിവെയ്ക്കുന്നവരെയും എതിർത്തുകൊണ്ട്, മാർക്സ് മുന്നോട്ടുവെയ്കുന്ന രാസവിനിയത്തിലെ വിള്ളലിനെ (The Theory of Metabolic Rift)കുറിച്ചുള്ള സിദ്ധാന്തത്തെ മാർക്‌സിന്റെ പാരിസ്ഥിതിക വീക്ഷണത്തിന്റെ തെളിവായി ഫോസ്റ്റർ ചൂണ്ടിക്കാണിക്കുന്നു. വർത്തമാനകാല പാരിസ്ഥിതിക ചിന്തകളെ ആകുലപ്പെടുത്തുന്ന, അതിജീവനത്തിന്റെ പ്രശ്‌നങ്ങളുൾപ്പെടെയുള്ള പരിസ്ഥിതി ജീർണനത്തെക്കുറിച്ച് ഒരു വിമർശനം വികസിപ്പിച്ചെടുക്കാൻ ഈ സിദ്ധാന്തം മാർക്‌സിനെ പ്രാപ്തനാക്കി.[5]

സിദ്ധാന്തത്തിന്റെ ആരംഭം[തിരുത്തുക]

മണ്ണപഹരണവും കാർഷിക വിപ്ലവങ്ങളും (Soil exhaustion and agricultural revolutions)[തിരുത്തുക]

രാസവിനിമയത്തെക്കുറിച്ചുള്ള മാർക്‌സിന്റെ ലേഖനങ്ങൾ ആരംഭിക്കുന്നത് ഇംഗ്ലണ്ടിലെ രണ്ടാം കാർഷിക വിപ്ലവത്തിന്റെ കാലത്തായിരുന്നു (1815-1880). മണ്ണ്-രസതന്ത്രം (Soil chemistry) പുരോഗമിക്കുകയും രാസവളങ്ങളുടെ ഉപയോഗം വർധിക്കുകയും ചെയ്ത ഒരു കാലഘട്ടം.[6] എല്ലിന്റെയും ഗുവാനോയുടെയും (Guano - കടൽപക്ഷികളുടെ കാഷ്ഠം) ഇറക്കുമതിക്കുവേണ്ടി നെപ്പോളിയന്റെ പോർക്കളങ്ങളും[7] ഭൂഗർഭ കല്ലറകളും[8] റെയ്ഡ് നടത്തും വിധവും പെറുവിലെ ഗുവാനോ വിതരണ[9]ത്തിന്റെ കുത്തക ബ്രിട്ടൻ ഏറ്റെടുക്കും വിധവും ഗുവാനോ സമ്പുഷ്ടമായ ഏതൊരു ദ്വീപും തങ്ങളുടെ സാമ്രാജ്യത്വത്തിലേക്ക് കൂട്ടിച്ചേർക്കും വിധവും അമേരിക്കയിലുമൊക്കെ അക്കാലത്ത് വളത്തിനുള്ള ആവശ്യം ക്രമാതീതമായി വർധിക്കുകയുണ്ടായി. ഇത് എല്ലും ഗുവാനോയും ഇറക്കുമതി ചെയ്യാനുള്ള വ്യതിരിക്ത നയങ്ങൾ രൂപീകരിക്കാൻ അവരെ നിർബന്ധിതമാക്കി. അങ്ങനെ, ഒരു വശത്ത് മണ്ണിന്റെ ഫലഭൂയിഷ്ഠതയിലുള്ള ശോഷണം അഥവാ 'മണ്ണ് ശോഷണം' (Soiles exhaustion) എന്നത് മുതലാളിത്തത്തിന്റെ ഒരു അടിസ്ഥാന പ്രശ്‌നമായി മാറി. മറുവശത്ത് വളത്തിനുവേണ്ടിയുള്ള മുറവിളി ഉയരുകയും ചെയ്തു.[10][11][12]

മണ്ണ് ശാസ്ത്രവും ലീബിഗും (Liebig and soil science)[തിരുത്തുക]

ക്ലാസിക്കൽ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ്‌ റിക്കാർഡോവിനും മാൽത്തൂസിനും അപരിചിതമായ കാർഷിക രസതന്ത്രത്തിലെ അക്കാലത്തുണ്ടായ മുന്നേറ്റങ്ങൾ മാർക്‌സിന്റെ സിദ്ധാന്തം ഉൾക്കൊള്ളുകയായിരുന്നു. റിക്കാർഡോയെയും മാൽത്തൂസിനെയും സംബന്ധിച്ചിടത്തോളം വ്യത്യസ്ത തലങ്ങളിലുള്ള മണ്ണിന്റെ വളക്കൂറ് (അതിനാൽ പാട്ടവും) മണ്ണിന്റെ തനതും സമ്പൂർണ്ണവുമായ ഉല്പാദനക്ഷമതയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.[13] അതിൽ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കലിനു (അല്ലെങ്കിൽ ഗുണമേന്മ നശിക്കുന്നതിനോ) ചെറിയൊരു പങ്കുമാത്രമേ വഹിക്കാനുണ്ടായിരുന്നുള്ളൂ. സസ്യങ്ങളുടെ വളർച്ചയിൽ മണ്ണിലെ പോഷകങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആദ്യത്തെ വിശ്വാസയോഗ്യമായ വിശദീകരണം അവതരിപ്പിച്ചത്, 'Organic chemistry in its applications to agriculture and physiology'(1840) എന്ന തന്റെ കൃതിയിലൂടെ ജർമ്മൻ കാർഷിക രസതന്ത്രജ്ഞനായ യുസ്റ്റസ് ലീബിഗാണ്.[14] 1842-ൽ ലീബിഗ് രാസവിനിമയം (Metabolism) എന്ന പദപ്രയോഗത്തെ ശരീരത്തിലെ പദാർത്ഥ കൈമാറ്റത്തെ സൂചിപ്പിക്കുന്നതിൽ നിന്നും പ്രകൃതി വ്യവസ്ഥകളിലെ ജീവരസതന്ത്ര പ്രക്രിയകളെ (biochemical process) സൂചിപ്പിക്കുന്നതിലേക്ക് വികസിപ്പിയ്ക്കുകയുണ്ടായി.[15]

കാലം കഴിയുന്തോറും ലീബിഗിന്റെ കൃതികൾ മുതലാളിത്ത രീതിയോട് കൂടുതൽ വിമർശനപരമായിത്തീർന്നു എന്ന വാദമാണ് ഫോസ്റ്റർ മുന്നോട്ട് വയ്ക്കുന്നത്. പോഷക ചക്രത്തെ സംബന്ധിച്ചു നോക്കുമ്പോൾ സുസ്ഥിരതയെ തടസ്സപ്പെടുത്തുന്ന വിധം നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാമൂഹിക സാമ്പത്തിക ബന്ധം സ്വതേപ്രത്യക്ഷത്തിൽ തന്നെ പരസ്പര വിരുദ്ധമാണെന്ന്‌ വെളിവാക്കപ്പെട്ടിരിക്കുന്നുവെന്നും ലീബിഗ് നിരീക്ഷിച്ചു;

വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും ശേഖരിക്കാൻ കഴിയുമെങ്കിൽ നഗരവാസികൾ പുറം തള്ളുന്ന മാലിന്യ/വിസർജ്യങ്ങൾ, എത്രതന്നെ നഗരങ്ങൾക്ക് കൊടുത്തുവോ അത് തിരികെ ഗ്രാമങ്ങളിൽ മടക്കി നൽകിയാൽ മണ്ണിന്റെ ഫലഭൂയിഷ്ഠത ഏറെക്കുറെ നിലനിർത്താനാവും; ഒപ്പം നിലവിൽ അവശേഷിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ വഴി വർദ്ധിച്ചുവരുന്ന ജനങ്ങൾക്കും ഉപയോഗിക്കാനാവുന്നതാണ്. [16]

മനുഷ്യാദ്ധ്വാനവും പ്രകൃതിയും[തിരുത്തുക]

മാർക്‌സ് തന്റെ സാമൂഹിക പാരിസ്ഥിതിക രാസവിനിമയത്തെ ലീബിഗിന്റെ വിശകലനത്തിൽ അടിസ്ഥാനപ്പെടുത്തിയെങ്കിലും അധ്വാനപ്രകൃതിയോടാണ് ഇത് ബന്ധിപ്പിച്ചത്.[17] ചരിത്രത്തിലുടനീളം മനുഷ്യൻ അധ്വാനത്തിലൂടെയാണ് തന്റെ ആവശ്യങ്ങൾ സാധിക്കുവാൻ പ്രകൃതിയെ ഉപയോഗിച്ചതെന്ന് മാർക്‌സ് മനസ്സിലാക്കി.[18] അതകൊണ്ട് സമൂഹവും പ്രകൃതിയും തമ്മിലുള്ള രാസവിനിമയം അഥവാ കൊടുക്കൽ-വാങ്ങൽ സാർവലൗകികവും അനശ്വരവുമായ അവസ്ഥയാണ്.[19]

മൂലധനത്തിൽ മാർക്‌സ് അദ്ദേഹത്തിന്റെ പ്രകൃയെക്കുറിച്ചുള്ള ഭൗതികവാദത്തെ ചരിത്രപരമായ ഭൗതിരകവാദവുമായി സമന്വയിപ്പിക്കുകയായിരുന്നു.[20]

ഫലഭൂയിഷ്ടി എന്നത് മണ്ണിന്റെ തനതായ ഗുണമല്ലെന്നും അത് ഓരോ കാലത്തുമുള്ള സാമൂഹ്യ ബന്ധങ്ങളുമായി അവ ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും മാർക്‌സ് വാദിച്ചു. മനുഷ്യസമൂഹത്തെ മനുഷ്യേതര പ്രകൃതിയുമായി കണ്ണി ചേർക്കുന്ന, സങ്കീർണ്ണവും പരസ്പരാശ്രയപരവുമായ വിധം ഇവ തമ്മിലുള്ള പദാർത്ഥ കൈമാറ്റപ്രക്രിയയെയും നിയന്ത്രണങ്ങളെയും 'രാസവിനിമയ ബന്ധങ്ങൾ' എന്ന് സൈദ്ധാന്തിക വൽക്കരിക്കുകയായിരുന്നു മാർക്‌സ്. ഇവിടെ 'പ്രകൃതി അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങ'ളെയും (nature-imposed conditions) അതേസമയം അത് മനുഷ്യനെന്ന ഏജൻസിക്ക് വിധേയമായിക്കൊണ്ടാണെന്ന കാര്യത്തെയും അദ്ദേഹം അംഗീകരിക്കുന്നു.[21] എന്നാൽ ഇതിൽ ഫോസ്റ്ററെ സംബന്ധിച്ചിടത്തോളം പാരിസ്ഥിതിക പ്രശ്‌നങ്ങളെ മൂല്യത്തിന്റെ മാത്രം വിഷയമായി ന്യൂനീകരിച്ചതുകൊണ്ടാണ് ഈ ഒരു ബലതന്ത്രം നഷ്ടപ്പെട്ടുപോയത്.[22]

മാർക്‌സ് മുതലുളള എഴുത്തുകാർ[തിരുത്തുക]

മുതലാളിത്തത്തിന്റെ വികാസത്തിലെ ആന്തരികമായ സാമൂഹിക പാരിസ്ഥിതിക വൈരുദ്ധ്യങ്ങളെ കണ്ടെത്തുക എന്നതായിരുന്നു രാസവിനിമയത്തിലെ വിള്ളൽ എന്ന സങ്കല്പനത്തിന്റെ പ്രധാനസംഭാവന. പിൽക്കാല സോഷ്യലിസ്റ്റുകൾ, ചരിത്രപരമായ ഭൗതികവാദം (Historical Meterialism, 1921) എന്ന കൃതിയിലൂടെ നിക്കോലായ് ബുക്കാറിൻ, The Agraian Question എന്ന കൃതിയിലൂടെ കാറൽ കൗട്‌സിക്കിയുൾപ്പെടെയുള്ളവർ, മാർക്‌സിന്റെ ആശയങ്ങളെ വിപുലീകരിക്കുകയുണ്ടായി. അതിലൂടെ നഗരങ്ങൾ ഗ്രാമപ്രദേശങ്ങളെ ചൂഷണം ചെയ്യുന്ന രാസവിനിമയ വിള്ളലിൽ സൃഷ്ടിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള വളങ്ങളുടെ കുതിച്ചുകയറ്റത്തിന്റെ പ്രശ്‌നങ്ങളുമൊക്കെ ഉയർത്തപ്പെടുകയുണ്ടായി.[23]

ഫോസ്റ്ററിനു പുറമേ വർത്തമാന പാരിസ്ഥിതിക സോഷ്യലിസ്റ്റുകളും ഈ ദിശയിലുള്ള കണ്ടെത്തലുകൾ നടത്തി. ഉദാഹരണമായി ജയിംസ് കൊണോർ. മുതലാളിത്തം പ്രകൃതിയെ കേവലം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഒന്നായി മാത്രം വിലകുറച്ച് കാണുകയാണെന്നായിരുന്നുവെന്നാണ് അദ്ദേഹം വാദിച്ചത്. 'മുതലാളിത്തത്തിന്റെ രണ്ടാം വൈരുദ്ധ്യം' എന്നാണദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.[24]

വ്യത്യസ്ത വിജ്ഞാന ശാഖകളിൽ നിന്നുള്ള പണ്ഡിതന്മാർ സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ അപഗ്രഥനം ചെയ്യാൻ മാർക്‌സിന്റെ രാസവിനിമയ സമീപനത്തിനും രാസവിനിമയ വിള്ളൽ എന്ന ആശയത്തിനും ചെവിനൽകിയിരുന്നു.[25]

ചരിത്രപരമായ ഭൗതികവാദികളും രാസവിനിമയ വിള്ളലിനെ വ്യത്യസ്തരീതികളിൽ വിശേഷിപ്പിക്കുന്നുണ്ട്. ജെയ്‌സൺ ഡബ്ല്യൂ മൂർ (Jaison W Moor) നെ സംബന്ധിച്ചിടത്തോളം സമൂഹവും പ്രകൃതിയും തമ്മിലുള്ള ഭിന്നത ആനുഭവികമായി (Empirical) ശരിയല്ലാത്തതും സൈദ്ധാന്തികമായി ഏകപക്ഷീയമായതുമാണ്. മാർക്‌സിനെ വ്യത്യസ്തമായി വായിച്ചുകൊണ്ട് രാസവിനിമയത്തെ മനുഷ്യനും മനുഷ്യ-ബാഹ്യ പ്രകൃതിയും (extra-human nature) തമ്മിലുള്ള ബന്ധമായിട്ടാണ് മൂർ വീക്ഷിച്ചിരുന്നത്. ഈ വീക്ഷണത്തിൽ, മുതലാളിത്തിന്റെ 'രാസവിനിമയ വിള്ളൽ' അദ്ധ്വാനത്തിന്റെ നഗര-ഗ്രാമ വിഭജനത്തിലൂടെയുള്ള മനുഷ്യനും ശേഷിക്കുന്ന പ്രകൃതിയും തമ്മിലുള്ള ഒരു കൂട്ടം ബന്ധങ്ങളെ ചുരുളഴിക്കുകയും ചെയ്യുന്നു. മൂലധനത്തിന്റെ അനന്തമായ കുന്നുകൂടലിനുള്ള (Accumulation) ആധാരമായി മൂർ ഇതിനെ കാണുന്നു.[26]

ചരിത്രപരമായ ഭൗതികവാദത്തിൽ മൂറിന്റെ വീക്ഷണം അടിസ്ഥാനപ്പെടുത്തുമ്പോൾ തന്നെ പാരിസ്ഥിതിക പ്രതിസന്ധികളുണ്ടാവുന്നതിനെ കുറിച്ചും അതെങ്ങനെ മൂലധനത്തിന്റെ കുന്നുകൂടലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചും ഫോസ്റ്റർ അടക്കമുള്ള ചിന്തകരിൽ നിന്നും ഭിന്നമായൊരു കാഴ്ച്ചപ്പാടാണ് മൂർ അവതരിപ്പിച്ചിട്ടുള്ളത്. ഫോസ്റ്ററിന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട് ഒൻപത് മാസങ്ങൾക്ക് ശേഷം 'രാസവിനിമയ വിള്ളൽ'ന്റെ ഉദയം 19-ാം നൂറ്റാണ്ടിലല്ല, മറിച്ച് മുതലാളിത്തത്തിന്റെ ഉദയനാളുകളായ 'നീണ്ട' 16-ാം നൂറ്റാണ്ടിലാണെന്ന് മൂർ വാദിച്ചു.[27]

രാസവിനിമയ വിള്ളൽ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയുടെ പരിണതഫലമായിരുന്നില്ല, മറിച്ച് മൂല്യനിയമത്തെ അച്ചുതണ്ടാക്കിയുള്ള മുതലാളിത്ത ബന്ധങ്ങളാണ് അതിനാധാരം എന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രാകൃതമായ മൂലധന സഞ്ചയത്തിന്റെയും (Primitive Accumulation of Capital) കോളനിവൽക്കരണത്തിന്റെയും ആധുനിക മുതലാളിത്തത്തിന്റെയും ആദ്യനാളുകളിലെ സവിശേഷമായ നഗര-ഗ്രാമ ബന്ധങ്ങളുടെയും ആഗോളീകരണത്തിന്റെയും ഭൂദാന പ്രസ്ഥാനങ്ങളിലാണ് (Ground Movement). ഈ വീക്ഷണപ്രകാരം ഒന്നല്ല, നിരവധിയായ രാസവിനിമയ വിള്ളലുകൾ കാണാൻ കഴിയും. മുതലാളിത്ത വികാസത്തിലെ ഓരോ സുപ്രധാന ഘട്ടത്തിലും പ്രകൃതിയെ ഒരു പുതിയ രീതിയിൽ സജ്ജീകരിക്കപ്പെടുന്നു. അങ്ങനെ ഓരോ ഘട്ടത്തിലും അവയുടേതായ രാസവിനിമയ വിള്ളലുകൾ ഉണ്ടാവുന്നുണ്ട്. കാർഷിക വിപ്ലവങ്ങളുടെ സ്ഥാനത്ത് മൂർ കേന്ദ്രീകരിക്കുന്നത് നിസ്സാര വിലയ്ക്ക് ഭക്ഷണവും അദ്ധ്വാനവും നൽകുകയെന്ന കർത്തവ്യത്തിലൂന്നിക്കൊണ്ടുള്ള, മുതലാളിത്ത ചരിത്രത്തിൽ 21-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ഭക്ഷണ പ്രതിസന്ധിയെ കുറിച്ചുള്ള വിശകലനമുൾക്കൊള്ളുന്ന ആവർത്തിച്ചുവരുന്ന കാർഷിക പാരിസ്ഥിതിക വിപ്ലവങ്ങളിലാണ്.[28]

മുതലാളിത്തത്തിലെ പാരിസ്ഥിതിക വൈരുദ്ധ്യങ്ങൾ[തിരുത്തുക]

നഗരവും ഗ്രാമവും (Town & Country)[തിരുത്തുക]

16, 17 നൂറ്റാണ്ടുവരെയും നഗരങ്ങളുടെ രാസവിനിമയപരമായ (Metabolic) ആശ്രയത്വം നഗരങ്ങളെ ചുറ്റിയായിരുന്നു. കൂടുതൽ നഗരവൽക്കരണം തടഞ്ഞുകൊണ്ടും ഉൽപാദനത്തിലും ഉപയുക്തതയിലും സാങ്കേതികമായ പരിമിതികൾക്കുള്ളിലായിരുന്നു ഇത്. ആദ്യകാല നഗരകേന്ദ്രങ്ങൾ വാസ്തവത്തിൽ ജൈവ ആവാസപ്രദേശമായാണ് (bioregionally) നിർവ്വചിക്കപ്പെട്ടിരുന്നത്. മാത്രമല്ല അവിടങ്ങളിൽ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ മണ്ണിനെ (nightsoil) പുനഃസ്ഥാപിക്കുന്നതിനുള്ള കാൽപാടുകളുണ്ട്.[29] എന്നിരുന്നാലും മുതലാളിത്തത്തിന്റെ ഉദയത്തോടെ നഗരങ്ങൾ വികസിക്കുകയും ജനപ്പെരുപ്പം വർദ്ധിക്കുകയും ചെയ്തു. വൻകിട വ്യവസായങ്ങൾക്ക് ഫാക്ടറികളും അസംസ്‌കൃത പദാർത്ഥങ്ങളും തൊഴിലാളികളും കൂടുതൽ ഭക്ഷണവും ആവശ്യമായി വന്നു. നഗരങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വം രാസവിനിമയത്തിന്റെ സഹായക വ്യവസ്ഥയെ (Metabolic support system)[30] ആശ്രയിച്ചതിനാൽ കൂടുതൽ സ്വന്തം വിഭവങ്ങളിലേയ്ക്കും മാലിന്യസംസ്‌കരണത്തിലേയ്ക്കുമാണ് നഗരങ്ങൾ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എല്ലാ അതിർവരമ്പുകളും ഇല്ലാതായതോടെ "സുസ്ഥിരതയ്ക്കായി പ്രകൃതി നിർബന്ധിതമാക്കുന്ന സാഹചര്യങ്ങളെ" (nature imposed conditions of sustainability) മുതലാളിത്ത സമൂഹം 'സംഘടിപ്പിക്കാനും' തുടങ്ങി.[31]

വ്യാപാരം വർദ്ധിച്ചതോടെ ഭക്ഷണവും ഫൈബറും കൂടുതൽ ദൂരദേശങ്ങളിലേയ്ക്ക് അയക്കാൻ തുടങ്ങി. കാർഷികോൽപ്പന്നങ്ങളുടെ രൂപത്തിൽ മണ്ണിന്റെ പോഷകങ്ങൾ നഗരങ്ങളിലേയ്ക്ക് എത്തിയെങ്കിലും ഇവ മനുഷ്യ-മൃഗ വിസർജ്യങ്ങളുടെ രൂപത്തിൽ തിരികെ അതിന്റെ ഉത്ഭവസ്ഥാനങ്ങളിലെത്തുന്നില്ല. അങ്ങനെ വരുമ്പോൾ ഒരുവശത്തേയ്ക്ക് മാത്രമുള്ള ചലനമായി അത് മാറുകയും സമൂഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുനരുൽപാദനത്തിനു വേണ്ടിയുള്ള 'മണ്ണ് കൊള്ള'യായിത്തീരുകയും ചെയ്യുന്നു.[32]

അതുകൊണ്ട് തന്നെ നഗരമലിനീകരണ പ്രശ്‌നത്തെ മണ്ണ്‌ശോഷണ പ്രശ്‌നവുമായി മാർക്‌സ് കണ്ണിചേർത്തു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ശത്രുതാപരമായ വേർതിരിവ്, വിള്ളൽ ഉണ്ടാക്കുകയും മുതലാളിത്തം സൃഷ്ടിച്ച ഉൽപാദനത്തിന്റെ സാമൂഹ്യ പാരിസ്ഥിതിക ബന്ധങ്ങൾ ഒടുവിൽ സുസ്ഥിരമല്ലാതാവുകയും ചെയ്തു.[33]

മൂലധനം ഒന്നാം വാള്യത്തിലെ 'വൻകിടവ്യവസായങ്ങളും കൃഷിയും' എന്ന ഭാഗത്തിൽ നിന്ന്;

മുതലാളിത്ത ഉൽപാദനം വൻകേന്ദ്രങ്ങളിലേയ്ക്ക് ജനങ്ങളെ ഒരുമിച്ച് ചേർക്കുകയും നഗരജനസംഖ്യയിൽ മുമ്പത്തെക്കാളും വർദ്ധനവുണ്ടാവുകയും ചെയ്തു. ഇതിന് രണ്ട് ഫലങ്ങളാണുണ്ടായത്. ഒരുവശത്ത് സമൂഹത്തിന്റെ ചരിത്രപരമായ ചാലകശക്തിയിലേയ്ക്ക് കേന്ദ്രീകരിക്കുകയും മറുവശത്ത് മനുഷ്യനും ഭൂമിയും തമ്മിലുള്ള രാസവിനിമയപരമായ പാരസ്പര്യത്തെ ഇത് തകർക്കുകയും ചെയ്തു. അതായത്, ഭക്ഷണമായും വസ്ത്രമായും മനുഷ്യർ ഉപയോഗിക്കുന്നതൊന്നും തന്നെ മണ്ണിലേയ്ക്ക് തിരികെ കൊടുക്കുന്നില്ല. അതിനാൽ തന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിനുള്ള സ്ഥായിയായ പ്രകൃതിദത്ത സാഹചര്യത്തെയാണ് ഇത് തകർക്കുന്നത്... രാസവിനിമയങ്ങളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെ നശിപ്പിക്കുന്നതിലൂടെ ഒരു സാമൂഹ്യ ഉൽപാദനത്തെ നിയന്ത്രിക്കാനുള്ള നിയമരൂപമെന്ന നിലയ്ക്കും (Regulative law) മനുഷ്യവർഗത്തിന്റെ പൂർണവികാസത്തിന് അനുഗുണമായ ഒരു രൂപമെന്ന നിലയ്ക്കും ഘട്ടംഘട്ടമായ മണ്ണിന്റെ പോഷണങ്ങളുടെ പുനഃസ്ഥാപനം നിർബന്ധിതമാവുകയാണ്. മുതലാളിത്ത കൃഷിയിലെ ഏതൊരു പുരോഗതിയും തൊഴിലാളികളെ മാത്രമല്ല മണ്ണിനെ കൊള്ളയടിക്കാനുള്ള കലയിലെ പുരോഗതികൂടിയാണ്. ഒരു നിശ്ചിത കാലത്തിലേയ്ക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിലുള്ള പുരോഗതി കൂടുതൽ നീണ്ട കാലത്തേക്ക് നീണ്ടുനിൽക്കേണ്ടുന്ന ഊർവരതയുടെ സ്രോതസ്സുകളെ തകർക്കുന്നതിലേക്കുള്ള പുരോഗതിയാണ്. എല്ലാ സമ്പത്തിന്റെയും യഥാർത്ഥ ഉറവിടങ്ങളെ - മണ്ണിനെയും തൊഴിലാളികളെയും - ഒരേസമയം തകർത്തുകൊണ്ട് സാങ്കേതികവിദ്യകളെയും സാമൂഹ്യോൽപാദന പ്രക്രിയയുടെ ചേരുവകളെയും വികസിപ്പിക്കുകയാണ് മുതലാളിത്ത ഉൽപാദനം ചെയ്യുന്നത്.[34]

സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ഭാവി[തിരുത്തുക]

നിലനിൽപിന്റെ അടിസ്ഥാനമായ പ്രകൃതിദത്ത സാഹചര്യങ്ങളിൽ നിന്നും മുതലാളിത്ത സമൂഹത്തിൽ മനുഷ്യരെ ഭൗതികമായി അടർത്തിമാറ്റുന്ന (Material estrangement of human beings) പ്രക്രിയയിലേയ്ക്കാണ് രാസവിനിമയമെന്ന ആശയം വിരൽ ചൂണ്ടുന്നത്.[35] എന്നിരുന്നാൽ തന്നെയും ചരിത്രപരമായ മാറ്റത്തിന് മാർക്‌സ് പ്രാധാന്യം കൊടുത്തു. പ്രകൃതിയുമായുള്ള മനുഷ്യ രാസവിനിമയത്തെ യുക്തിസഹമായും സാധ്യമായ വിധവും പരിപാലിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇത് ബൂർഷ്വാ സമൂഹത്തിന്റെ കഴിവുകൾക്കപ്പുറത്തു നിൽക്കുന്ന കാര്യമാണ്.[36] സ്വതന്ത്രമായി ഇടപെടുന്ന ഉൽപാദകരുടെ ഭാവി സമൂഹത്തിൽ, കമ്പോളബന്ധങ്ങളുടെ അന്ധമായ ശക്തിപ്രയോഗത്തിൽ നിന്ന് ഭിന്നമായി കൂട്ടായ നിയന്ത്രണത്തിലൂടെ മനുഷ്യർ പ്രകൃതിയുമായുള്ള അവരുടെ ബന്ധങ്ങളെ പരിപാലിക്കും.[37] മൂലധനത്തിന്റെ മൂന്നാം വാള്യത്തിൽ മാർക്‌സ് പ്രസ്താവിക്കുന്നു;

യുക്തിസഹമായ രീതിയിൽ സാമൂഹ്യവൽക്കരിക്കപ്പെട്ട മനുഷ്യൻ, ഇടപെട്ടുകൊണ്ടിരിക്കുന്ന ഉൽപാദകർ, എന്നിവർക്കൊക്കെ പ്രകൃതിയുമായുള്ള രാസവിനിമയത്തെ നിയന്ത്രിക്കുകയും അന്ധമായി അധികാരം പ്രയോഗിക്കുന്നതിനുപകരം കൂട്ടായ നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്യുന്നതിനാൽ അവിടെ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നു. ഊർജ്ജം മിതമായി ചിലവഴിച്ച് ഗുണപരമായും മനുഷ്യ സ്വഭാവത്തിന് ഇണങ്ങുവിധവുമായിരിക്കണം അത് നടപ്പിലാക്കേണ്ടത്.[38]

ഭൂമിയുടെ സുസ്ഥിര ബന്ധമെന്നത് സോഷ്യലിസത്തിലേയ്ക്കുള്ള യാത്രയിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണെന്ന് മാർക്‌സ് വാദിച്ചിട്ടില്ല.[39] എന്നാൽ മണ്ണിന്റെ പരിപോഷണവും പുനസ്ഥാപനവും കൂടാതെ നഗരത്തിലേയും ഗ്രാമത്തിലേയും ജനസംഖ്യയുടെയും തൊഴിൽ വിഭജനവും തേടുന്നതിന് വ്യക്തമായ പദ്ധതികളും ഉപായങ്ങളും വേണമെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തിരുന്നു.[40][41]

രാസവിനിമയവും പാരിസ്ഥിതിക പരിപാലനവും[തിരുത്തുക]

ഒരു മുതലാളിത്ത സമൂഹത്തിൽ, കടുത്ത മത്സരം നിമിത്തം യുക്തിസഹമായ ശാസ്ത്രീയ രീതികളും സാമൂഹ്യ പദ്ധതികളും നടപ്പാക്കാൻ കഴിയാത്തതിനാൽ തന്നെ,[42] മുതലാളിത്ത സമൂഹത്തിൽ പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്ക് വളരെ ചുരുങ്ങിയ പ്രായോഗിക പ്രാധാന്യമേയുള്ളൂവെന്ന് മാർക്‌സ് പ്രസ്താവിക്കുന്നു. എന്നിരുന്നാലും ഇന്നു നടന്നുവരുന്ന പാരിസ്ഥിതിക ചർച്ചകളിലും നയരൂപീകരണങ്ങളിലും രാസവിനിമയ സിദ്ധാന്തത്തിന് പ്രാധാന്യമുണ്ട്.

സാമൂഹ്യ-പാരിസ്ഥിതിക രാസവിനിമയത്തെക്കുറിച്ചുള്ള കൃതികൾ കൂടിവരികയാണ്. ആരംഭ ഘട്ടത്തിൽ മണ്ണിന്റെ ഫലഭൂയിഷ്ഠതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ - മുതലാളിത്ത കൃഷിരീതിയുടെ ഒരു വിമർശനമെന്ന നിലയിൽ- ഒതുങ്ങിയെങ്കിലും രാസവിനിമയമെന്ന ആശയത്തെ അനവധി മേഖലകൾ ഏറ്റെടുക്കുകയും അതിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് 2005ൽ ക്ലോസോണും ക്ലാർക്കും (Clausen and Clark) മറൈൻ ഇക്കോളജിയിൽ രാസവിനിമയമെന്ന ആശയത്തെ പ്രയോഗിക്കുകയുണ്ടായി.[43]

2000-ൽ മൂർ മുതലാളിത്തത്തിലെ തന്നെ ജീവനസാമർദ്ധ്യത്തെയും ആഗോളീകരണ പാരിസ്ഥിതിക ദുരന്തങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ ഇത് ഉപയോഗിച്ചു. സാമൂഹ്യവ്യവസ്ഥിതികളുമായുള്ള രാസവിനിമയമെന്ന ജീവശാസ്ത്രാശയം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഷെർ കൊവാൾസ്‌കി (Fischer Kowalski) ചർച്ച ചെയ്യുന്നുണ്ട്.[44] "ജീവശാസ്ത്രം , പരിസ്ഥിതി വിജ്ഞാനീയം, സാമൂഹിക സിദ്ധാന്തം, സാംസ്‌കാരിക നരവംശശാസ്ത്രം, സാമൂഹിക ഭൂമിശാസ്ത്രം മുതലായവ ഉൾപ്പെടെയുള്ള നിരവധി ശാസ്ത്രീയ മേഖലകളെയും ഇത് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു."[45] 'വിവിധ വൈജ്ഞാനിക മേഖലയിലെ നിരവധി സാമൂഹികവും പ്രകൃതിപരവുമായ കൊടുക്കൽ വാങ്ങലിനെക്കുറിച്ചുള്ള ആനുഭവികാവലോകനത്തിനുള്ള (Empirical analysis) ഒരു സുപ്രധാന മാതൃകയായി സാമൂഹ്യ രാസവിനിമയസമീപനം മാറിക്കഴിഞ്ഞിരിക്കുന്നു.'[46] പ്രധാനമായും വ്യാവസായിക രാസവിനിമയത്തിലും പദാർത്ഥത്തിന്റെ പ്രവാഹത്തിലുമുള്ള അപഗ്രഥനങ്ങളിലാണിതുള്ളത്.

നഗര രാഷ്ട്രീയ പാരിസ്ഥിതികത (Urban Political Ecology)[തിരുത്തുക]

'ഭൂമിയെ സംബന്ധിച്ചിടത്തോളം നല്ലതും വിശുദ്ധമായതുമായ എല്ലാത്തിനെയും കൊള്ളയടിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന മുഖ്യ ഇടങ്ങളാണ് നഗരങ്ങൾ' എന്ന നിലയിൽ മിക്കവാറും എല്ലാ പരിസ്ഥിതി സമരങ്ങളും നഗരവിരുദ്ധ വികാരമാണ് ഊട്ടിയുറപ്പിച്ചിട്ടുള്ളത് (ഇപ്പോഴും അത് തുടരുകയുമാണ്)[47] എന്ന് ഡേവിഡ് ഹാർവി സൂചിപ്പിക്കുന്നു. എന്നാൽ അത്തരത്തിലുള്ള വീക്ഷണം പൂർണമായും പ്രകൃതിയുടെ ഒരു പ്രത്യേക രൂപത്തെ മാത്രമേ കേന്ദ്രീകരിക്കുന്നുള്ളു. പാരിസ്ഥിതിക പ്രക്രിയയിൽ നഗരങ്ങളുടെ പ്രാധാന്യവും പാരിസ്ഥിതിക പ്രദേശം എന്ന നിലയിൽ അവരുടെ തന്നെ അവകാശങ്ങളും പ്രകൃതിയോടുള്ള നിരവധിയാൾക്കാരുടെ അനുഭവങ്ങളും ഇവിടെ അവഗണിക്കപ്പെടുകയാണ്.

എന്നാലതേസമയം നഗരത്തിനുള്ളിലും നഗരവും ഗ്രാമവും തമ്മിലുള്ള പദാർത്ഥ പ്രവാഹത്തെ യോജിപ്പിക്കുന്ന നഗര രാഷ്ട്രീയ പാരിസ്ഥിതികത എന്ന നിലയിൽ നഗരങ്ങളെ പരിസ്ഥിതി ഇടങ്ങളായാണ് എറിക് ഷ്യാങ്‌ദോ (Erik Swyngedouw) പോലുള്ള സൈദ്ധാന്തികർ സൈദ്ധാന്തീകരിക്കുന്നത്.

സുസ്ഥിര നഗരങ്ങൾ (Sustainable cities)[തിരുത്തുക]

നഗരാസൂത്രണ സർക്കിളുകളിൽ സുസ്ഥിരതയെ കുറിച്ച് ഒരു മുന്നേറ്റം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഊർജം, ജലം, ഭക്ഷണം, അവശിഷ്ടങ്ങൾ അതുപോലുള്ള പദാർത്ഥ പ്രവാഹത്തെ[48] ആന്തരികവൽക്കരിക്കാനായി പരിസ്ഥിതിയും ഇൻഫ്രാസ്ട്രക്ചറിനെയും 'തടയണ' വാസ്തുവിദ്യയെയും പരിസ്ഥിതിവിജ്ഞാനീയത്തെയും സാങ്കേതികവിദ്യയെയുമൊക്കെ സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു 'പുതിയ പാരിസ്ഥിതിക നഗരവൽക്കരണ'ത്തെകുറിച്ച് ഹോഡ്‌സണും മർവിനും (Hodson and Marvin) ചർച്ചചെയ്യുന്നുണ്ട്.[49] പ്രകൃതിയെ നഗരവുമായി കൂട്ടിക്കെട്ടുന്ന പഴയ പരിശ്രമങ്ങൾ സൗന്ദര്യശാസ്ത്രപരവും ബൂർഷ്വാസ്വഭാവത്തിലുമുള്ളതാണെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥാവ്യതിയാനത്തിന്റെയും വിഭവചുരുക്കലിന്റെയും പാരിസ്ഥിതിക പ്രതിസന്ധിയുടെയും പുതിയ പശ്ചാത്തലത്തിലാണ് പുതിയ പരിശ്രമങ്ങൾ ഉണ്ടാവുന്നത് എന്നാണ്.[50]

വിദൂരത്തുള്ള കൂടുതൽ കൂടുതൽ പദാർത്ഥ സ്രോതസ്സുകളെയും മാലിന്യ നിക്ഷേപ പ്രദേശങ്ങളെയും (waste sinks) തിരക്കിപ്പോകുന്ന - ലോസ് ഏഞ്ചൽസിലെ വെള്ളത്തിന്റെ ചരിത്രം നാം കണ്ടതുപോലെ - മുതലാളിത്ത നാഗരികതയുടെ സാമ്പ്രദായിക മുതലാളിത്ത സമീപനത്തിന് വിരുദ്ധമായി പാരിസ്ഥിതിക-നാഗരിക പ്രദേശങ്ങളാകട്ടെ അവരുടെ തന്നെ സ്രോതസ്സുകളെ പുനരാന്തരികവൽക്കരിക്കുകയും (reinternalize) മാലിന്യങ്ങളെ പുനർവിതരണം ചെയ്യുകയും ചെയ്യുന്നു. ബാഹ്യശൃംഖലകളെ (extenal networks) ആശ്രയിക്കുന്നതിനെ വളരെ കുറയ്ക്കുന്ന 'അടഞ്ഞ ലൂപ്പ് (loop) വ്യവസ്ഥ'യിലൂടെ കൂടുതൽ പാരിസ്ഥിതികവും ഉൽപാദനവസ്തുക്കളുടെ സ്വയം പര്യാപ്തതയും ഉറപ്പിക്കുകയെന്ന ലക്ഷ്യം ആണ് ഇതിനുള്ളത്.[51]

എന്നിരുന്നാലും ഈ പരിശ്രമങ്ങളെയൊക്കെയും മാനേജീരിയൽ പാരിസ്ഥിതികവാദവുമായി വിമർശകർ കണ്ണിചേർക്കുകയും[52] നാഗരിക പാരിസ്ഥിതിക സുരക്ഷാ സമീപനത്തോട് ഒട്ടി നിൽക്കുന്നതാണ് പാരിസ്ഥിതിക-നാഗരികത എന്ന ആശയമെന്ന് ആശങ്കപ്പെടുകയും[53] ചെയ്യുന്നുണ്ട്. മൈക്ക് ഡേവീസിന്റെ സുരക്ഷയും സുരക്ഷിത നാഗരികതയും എന്ന വീക്ഷണത്തിന്റെ മാറ്റൊലികളാണ് ഇവയൊക്കെ. ഇന്നത്തെ ആഗോളവൽക്കരണ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ നഗരങ്ങളുടെ സുസ്ഥിരതയ്ക്ക് സാധ്യതയുണ്ടോ എന്ന് മാർക്‌സിസ്റ്റ് വിമർശകന് ചോദ്യമുന്നയിക്കാം.


അവലംബം[തിരുത്തുക]

  1. 1Marx, Karl. 1981. Capital, vol. III. New York: Vintage, p. 949.
  2. Marx, Karl. 1981. Capital, vol. III. New York: Vintage, p. 949.
  3. Foster, John Bellamy (2000) Marx’s Ecology: Materialism and Nature, New York: Monthly Review Press, p. ix
  4. Foster, John Bellamy (1999). "'Marx's Theory of Metabolic Rift: Classical Foundations for Environmental Sociology'". The American Journal of Sociology 105 (2): 381.
  5. Foster 2000, p. 142.
  6. Foster 2000, p. 148.
  7. Foster 1999, p. 375.
  8. Foster 2000, p. 150.
  9. Foster 1999, p. 377.
  10. Foster 2000, p. 151.
  11. Foster 1999, p. 377.
  12. Clark, Brett; Foster, John Bellamy (2009). "'Ecological Imperialism and the Global Metabolic Rift: Unequal Exchange and the Guano/Nitrates Trade'". International Journal of Comparative Sociology 50 (3–4): 311–334. doi:10.1177/0020715209105144.
  13. Foster 1999, p. 374.
  14. Foster 1999, p. 376.
  15. Foster 1999, p. 374.
  16. von Liebig, Justus (1863) The Natural Laws of Husbandry, New York: D. Appleton, p. 261.
  17. Foster 1999, p. 380.
  18. Foster 2000, p. 141.
  19. Harvey, David (1996) Justice, Nature and the Geography of Difference, Malden: Blackwell, p. 145.
  20. Foster 2000, p. 141.
  21. Foster 1999, p. 381.
  22. Foster 2000, p. 11.
  23. Foster 2000, p. 239.
  24. O’Connor, James (1997) Natural Causes: Essays in Ecological Marxism, New York: Guilford Press.
  25. "Metabolic Rift: A Selected Bibliography"
  26. Moore, Jason W. (2011), "Transcending the Metabolic Rift: Towards a Theory of Crises in the Capitalist World-Ecology," Journal of Peasant Studies 38(1), 1-46.
  27. Moore, Jason W. (2000), "Environmental Crises and the Metabolic Rift in World-Historical Perspective,"Organization and Environment, 13(2), 123-158.
  28. (See among other essays, Moore, Jason W. (2010), "The End of the Road?Agricultural Revolutions in the Capitalist World-Ecology, 1450-2010," Journal of Agrarian Change, 10(3), 389-413; and Moore, Jason W., 2010, "Cheap Food & Bad Money: Food, Frontiers, and Financialization in the Rise and Demise of Neoliberalism,” Review: A Journal of the Fernand Braudel Center 33(2-3), 225-261.
  29. Harvey 1996, pp. 410-411.
  30. Harvey 1996, p. 411.
  31. Foster 2000, pp. 153-156.
  32. Foster 2000, pp. 153-156.
  33. Moore, Jason W. (2000). "'Environmental Crises and the Metabolic Rift in World-Historical Perspective'". Organization & Environment 13 (2): 123–158. doi:10.1177/1086026600132001.
  34. Marx, Karl (1976) Capital, vol. I, New York: Vintage, pp. 637-638. (emphasis added) Alternate translation: Marx, Karl (1967) Capital, vol. I, New York: International Publishers Co., Inc., pp. 505-506, http://www.marxists.org/archive/marx/works/1867-c1/ch15.htm#S10.
  35. Foster 2000, p. 163.
  36. Foster 2000, p. 141.
  37. Foster 2000, p. 159.
  38. Marx 1981, p. 959.
  39. Foster 1999, p. 386.
  40. Foster 2000, p. 169.
  41. Marx, Karl, and Engels, Friedrich (1967) The Communist Manifesto, New York: Monthly Review Press, pp. 40-41.
  42. Foster 2000, p. 164.
  43. Clausen, Rebecca; Clark, Brett (2005). "'The Metabolic Rift and Marine Ecology: An Analysis of the Ocean Crisis Within Capitalist Production Organization & Environment'". Organization and Environment 18 (4): 422–444. doi:10.1177/1086026605281187.
  44. Moore 2000, 2011.
  45. Fischer-Kowalski, Marina (1998). "'Society's Metabolism: The Intellectual History of Materials Flow Analysis, Part I, 1860–1970'". Journal of Industrial Ecology 2 (1): 61–78. doi:10.1162/jiec.1998.2.1.61.
  46. Fischer-Kowalski 1998.
  47. Harvey 1996, p. 426.
  48. Hodson, Mike and Marvin, Simon (2010) 'Eco-urbanism: Transcendent Eco-Cities or Urban Ecological Security?', in: Mostafavi, M. and Doherty, G. (eds) Ecological Urbanism, Cambridge: Lars Muller Publishers.
  49. Harvey 1996, p. 427.
  50. Hodson & Marvin 2010.
  51. Hodson & Marvin 2010.
  52. Harvey 1996, p. 427.
  53. Hodson & Marvin 2010.

കൂടുതൽ വായനയ്ക്ക്‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെറ്റബോളിക്_റിഫ്റ്റ്‌&oldid=3641737" എന്ന താളിൽനിന്ന് ശേഖരിച്ചത്