LZ 129 ഹിൻഡെൻബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിൻഡെൻബർഗ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹിൻഡെൻബർഗ് (വിവക്ഷകൾ) എന്ന താൾ കാണുക. ഹിൻഡെൻബർഗ് (വിവക്ഷകൾ)
കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം

ഒരു ജർമ്മൻ സെപ്പെലിൻ ആകാശനൌകയായിരുന്നു ഹിൻഡെൻബർഗ്. ലോകത്തിൽ ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ ആകാശക്കപ്പൽ എന്ന സ്ഥാനം സഹോദര വിമാനമായ LZ ഗ്രാഫ് സെപ്പെലിൻ 2-നോടൊപ്പം ഹിൻഡെൻബർഗ് പങ്കു വെയ്ക്കുന്നു. എന്നാൽ സേവനമാരംഭിച്ചതിന്റെ രണ്ടാം വർഷം 1937 മേയ് 6ന് അമേരിക്കയിൽ വച്ച് മാഞ്ചെസ്റ്ററിലെ ലേക്ഹർസ്റ്റ് നാവിക വിമാനത്താവളത്തിന് മുകളിൽ എത്തിച്ചേർന്ന് നിലത്തിറങ്ങാൻ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തിൽ ഹിൻഡെൻബർഗ് കത്തി നശിച്ചു. 36 പേർ (വിമാനത്തിൽ ആകെ ഉണ്ടായിരുന്നവരിൽ മൂന്നിലൊന്നു പേർ) ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകർഷിച്ചു.

രൂപകൽപ്പന[തിരുത്തുക]

1925 മുതൽ 1934 വരെ ജർമ്മനിയുടെ രാഷ്ട്രപതിയായിരുന്ന പോൾ വോൺ ഹിൻഡെൻബർഗിന്റെ (1847-1934) പേരാണ് ഈ ആകാശനൌകയുടെ പേരിനാധാരം. ആദ്യം ഇതിന് അഡോൾഫ് ഹിറ്റ്‌ലർ എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെർ നാസിവിരുദ്ധനായിരുന്നതിനാൽ ആ പേര് നിലവിൽ വന്നില്ല. ഡ്യുറാലുമിൻ ഉപയോഗിച്ച് നിർമ്മിച്ച ഈ വിമാനത്തിന് 245 മീറ്റർ (804 അടി) നീളവും 41 മീറ്റർ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകൾ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റർ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 ന്യൂട്ടൺ (247,000 പൗണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയർന്നു പൊങ്ങാനുള്ള ശക്തി) വരെ ആർജ്ജിക്കാൻ കഴിവുണ്ടായിരുന്നു. 890 കിലോവാട്ട് ശക്തി(1200 കുതിര ശക്തി)യുള്ള നാല് ഡൈമ്ലെർ-ബെൻസ് എഞ്ചിനുകൾ ഹിൻഡെൻബർഗിന് 135 കിലോമീറ്റർ പ്രതി മണിക്കൂർ (മണിക്കൂറിൽ 84 മൈൽ) വേഗത നൽകി.

ടൈറ്റാനിക്കിന്റെ നീളത്തോളം വരുമായിരുന്ന ഹിൻഡെൻബർഗിന് നാലു ബോയിങ് 747 വിമാനങ്ങൾ അറ്റത്തോടറ്റം നിരയായി നിർത്തിയാൽ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാർക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ൽ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാർക്കാരേയും ഉൾക്കൊള്ളാൻ കഴിവുണ്ടായിരുന്നു.

ലുഫ്ഷിബൌ സെപ്പെലിൻ എന്ന കമ്പനി 1935 ൽ 500,000 പൗണ്ട് ചെലവാക്കി നിർമ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കൽ നടത്തിയത് 1934 മാർച്ച് 4 നായിരുന്നു. ജെർമനി മുതൽ ലേക്ഹർസ്റ്റ് വരെ പറക്കാൻ ഒരു ടിക്കറ്റിന്റെ വില 400 അമേരിക്കൻ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കൻ ഡോളറിന് തുല്യമാണ്). അതിനാൽ ഹിൻഡെൻബർഗിൽ അക്കാലത്തെ പ്രമാണികൾക്കും നേതാക്കൾക്കും മാത്രമേ പറക്കാൻ കഴിവുണ്ടായിരുന്നുള്ളൂ.

ഈ വിമാനത്തിൽ ആദ്യം ഹീലിയം നിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കയുടെ സൈനിക ഉപരോധം മൂലം ജെർമനിക്ക് ഹീലിയം കിട്ടാതെ വന്നതിനാൽ ജെർമനിക്കാർ വിമാനത്തിന്റെ രൂപകൽപ്പന തന്നെ മാറ്റി ഹൈഡ്രജൻ നിറക്കാവുന്ന വിധത്തിലാക്കി. ഹൈഡ്രജൻ വാതകത്തിന്റെ അപകട സാധ്യതകൾ നന്നേ മനസ്സിലാക്കിയിരുന്ന ജർമ്മൻ ശാസ്ത്രജ്ഞർ വിമാനത്തിന്റെ സുരക്ഷക്കായി പലവിധ മുൻകരുതലുകളും എടുത്തിരുന്നു.

വിജയകരമായ ആദ്യ വർഷം[തിരുത്തുക]

അമേരിക്കയിൽ വച്ച് അപകടമുണ്ടാകുന്നതിന് മുൻപ് ഒരു വർഷത്തിലേറെക്കാലം ഹിൻഡെൻബർഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുൻഗാമിയായ ഗ്രാഫ് സെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകൽപ്പന ചെയ്യാൻ സെപ്പെലിൻ കമ്പനിക്ക് പ്രചോദനമായത്. 1936 ൽ അതായത് ഹിൻഡെൻബർഗിന്റെ സേവനത്തിന്റെ ഒന്നാം വർഷത്തിൽ അത് ആകെ 2798 യാത്രക്കാരെയും 160 ടൺ ചരക്കും തപാലും വഹിച്ച് 191,583 മൈലുകൾ പറന്നു. ഇതേ വർഷത്തിൽ തന്നെ ഈ ആകാശക്കപ്പൽ അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകൾ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകൾ) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയിൽ അറ്റ്ലാൻറിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോർഡും ജൂലൈയിൽ ഇത് നേടി.

1936 ഓഗസ്റ്റ് 1ന് ജർമനിയിലെ ബെർലിനിൽ നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്റെ സമാരോഹണച്ചടങ്ങുകളിൽ ഹിൻഡെൻബർഗിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്ലെർ എത്തിച്ചേരുന്നതിന് തൊട്ട് മുൻപ് ഈ ആകാശക്കപ്പൽ ഒളിമ്പിക്സിന്റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു. ഹിൻഡെൻബർഗിന്റെ വിജയത്തോടെ സെപ്പെലിൻ കമ്പനി അറ്റ്ലാൻറികിനു കുറുകേയുള്ള വിമാന സേവനങ്ങൾ കൂട്ടാനും ആകാശക്കപ്പൽ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.

ദുരന്തം[തിരുത്തുക]

ഹിൻഡൻബർഗ് തീ പിടിച്ച് നിമിഷങ്ങൾക്കകം

ഹിൻഡൻബർഗ് ദുരന്തം ഇന്നും ഓർമ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ ഹെർബെർട്ട് മോറിസൺ റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോർട്ട് ചെയ്ത മോറിസൺ ദയാപൂർവം പറഞ്ഞ “Oh, the humanity!" എന്ന വാക്കുകൾ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.

അന്നുവരെയും അനേകം ആകാശക്കപ്പലുകൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഒന്നു പോലും സെപ്പെലിൻ കമ്പനിയുടേതായിരുന്നില്ല; മറിച്ച് അവ നിർമ്മിച്ചത് അക്കാലത്ത് ജർമൻ ശാസ്ത്രജ്ഞരുടെയത്രയും പ്രാവീണ്യം നേടിയിട്ടില്ലായിരുന്ന അമേരിക്കക്കാരും ബ്രിട്ടീഷുകാരുമായിരുന്നു. അന്നു വരേയും തങ്ങളുടെ വിമാനങ്ങളിൽ യാത്ര ചെയ്ത ഒരു മനുഷ്യൻ പോലും അപകടത്തിൽ പെട്ടിട്ടില്ല എന്നതിൽ സെപ്പലിൻ അഭിമാനിച്ചിരുന്നു. എന്നാൽ ഹിൻഡൻബർഗ് ദുരന്തത്തോടെ ഈ അഭിപ്രായം മാറി. റേഡിയോയിലൂടെ തത്സമയം നടന്ന ദൃക്‌സാക്ഷി വിവരണങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും അനുഭവിച്ചറിഞ്ഞ പൊതുജനങ്ങൾക്ക് ആകാശനൌകകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതോടെ ആകാശനൌകകളുടെ യുഗത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ദുരന്തത്തിന്റെ വീഡിയോ

അനേകം ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഗ്രേറ്റ് സെപ്പെലിന്റെ വെബ് പേജ്Archived 2012-12-27 at the Wayback Machine.

സെപ്പെലിൻ കമ്പനി Archived 2006-05-10 at the Wayback Machine.(ഇന്നും വ്യോമയാനരംഗത്ത് നിലവിലുണ്ട്)

"https://ml.wikipedia.org/w/index.php?title=LZ_129_ഹിൻഡെൻബർഗ്&oldid=3770893" എന്ന താളിൽനിന്ന് ശേഖരിച്ചത്