കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerla state land use board എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്. 1975 ൽ പ്രവർത്തനമാരംഭിച്ച ബോർഡ് പിന്നീട് സർക്കാർ വകുപ്പാക്കി. സംസ്ഥാനത്തെ പ്രകൃതി വിഭവ ഭൂവിനിയോഗ നിർവ്വഹണത്തിനാവശ്യമായ ചട്ടങ്ങൾക്ക് രൂപം നല്കുന്നതിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണ് ബോർഡിന്റെ പ്രധാന പ്രവർത്തനം. സംസ്ഥാനത്തെ റിമോട്ട് സെൻസിങ് പ്രവർത്തനങ്ങൾക്ക് ഉത്തരവാദപ്പെട്ട അംഗീകൃത വകുപ്പാണിത്.[1] മണ്ണ്, ജലം, സസ്യ, മൃഗ വ്യവസ്ഥകൾ തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെയും സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ബോർഡ് നിലവിൽ വന്നത്.

പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

സംസ്ഥാനത്തെ 44 നദീതട പ്രദേശങ്ങളെക്കുറിച്ചുള്ള 1:50,000 തോതിലുള്ള നീർത്തട ഭൂപടം തയ്യാറാക്കി പ്രസിദ്ധീകരിച്ചതും റിമോട്ട് സെൻസിംഗ് സാങ്കേതികത ഉപയോഗിച്ച് ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ സർവ്വേ നടത്തിയതും ബോർഡിന്റെ നേതൃത്ത്വത്തിലായിരുന്നു.

  • നിലവിലുള്ള ഭൂവിഭവങ്ങളെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ക്രമപ്പെടുത്തുക.
  • ശരിയായ ഭൂവിനിയോഗത്തെക്കുറിച്ചും, ഭൂമിയുടെ ഉല്പാദനക്ഷമതയും ഗുണമേന്മയും കുറയുന്നതിനെക്കുറിച്ചും, ഭൂവിഭവ സംരക്ഷണമാർഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങൾ ഏറ്റെടുക്കുക.
  • ഭൂവിനിയോഗ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ഭൂമി സംബന്ധമായ കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് അനുയോജ്യമായ നയ രൂപീകരണത്തിന് സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.
  • ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും, വികസനത്തിനും, പരിപാലനത്തിനും, ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
  • ഭൂവിഭവ പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക.

പദ്ധതികൾ[തിരുത്തുക]

  • പ്രകൃതി വിഭവ പരിപാലന രംഗത്ത് ലഭ്യമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വികസന വകുപ്പുകൾക്കും ലഭ്യമാക്കൽ.
  • ഗ്രാമ ബ്ലോക്ക് പഞ്ചായത്ത്തല വിഭവ പര്യവേക്ഷണം
  • ഭൂവിഭവ വിവര സംവിധാനം
  • സംയോജിത നീർത്തട പരിപാലന പദ്ധതി
  • നീർത്തടാധിഷ്ഠിത കർമ്മ പദ്ധതി തയ്യാറാക്കൽ

പഞ്ചായത്ത് വിഭവ ഭൂപട നിർമ്മാണ പദ്ധതി[തിരുത്തുക]

സോയിൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ബ്ലോക്ക് അടിസ്ഥാനത്തിൽ ഭൂപ്രകൃതി, കൃഷി, പ്രകൃതി വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാകും. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളുടെ സമ്പൂർണ ഭൂവിഭവ വിജ്ഞാനം ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമാണ്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്". കേരള സർക്കാർ. Archived from the original on 2013-09-06. Retrieved 2013 സെപ്റ്റംബർ 1. {{cite web}}: Check date values in: |accessdate= (help)
  2. ടി.എം. ശ്രീജിത്ത്‌ (2013 സെപ്റ്റംബർ 1). "ഭൂവിഭവ വിജ്ഞാനം ഇനി വിരൽത്തുമ്പിൽ". മാതൃഭൂമി. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)