മഹാബോധിവൃക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaya Sri Maha Bodhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാബോധി

ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ്‌ ശ്രീലങ്കയിലെ അനുരാധപുരത്തുള്ള മഹാബോധി എന്ന അരയാൽ. ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചയിടത്തെ ബോധീവൃക്ഷത്തിൽ നിന്നുള്ള തൈ ആണ്‌ ഇതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്[1]. ബി.സി.ഇ. 288-ൽ നട്ട ഈ വൃക്ഷമാണ്‌ മനുഷ്യൻ നട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.


ചരിത്രം[തിരുത്തുക]

ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ മകൾ സംഘമിത്രയാണ്‌ ഈ തൈ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു[1].

ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ്‌ ഈ വൃക്ഷം എന്നാണ്‌ വിശ്വാസം. രാജാവ് ദേവനമ്പിയതിസയാണ്‌ ബി.സി.ഇ. 249-ൽ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തിൽ നട്ടത്.

സം‌രക്ഷണം[തിരുത്തുക]

വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന്‌ ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന്‌ സ്വർണം പൂശിയ മൂന്നു താങ്ങുകൾ നൽകിയിട്ടുണ്ട്[1].

ഭൂനിരപ്പിൽ നിന്നും ആറര മീറ്റർ ഉയരത്തിലുള്ള ഒരു തറയിൽ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി രാജാവായിരുന്ന കീർത്തി ശ്രീ രാജസിംഹനാണ്‌ ചുറ്റുമതിൽ കെട്ടിയത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2008-07-29. Retrieved 2008-07-28.
"https://ml.wikipedia.org/w/index.php?title=മഹാബോധിവൃക്ഷം&oldid=3640640" എന്ന താളിൽനിന്ന് ശേഖരിച്ചത്