ഹബീബുള്ള ഖാൻ
ഹബീബുള്ള ഖാൻ | |
---|---|
അഫ്ഗാനിസ്താന്റെ അമീർ | |
ഭരണകാലം | 1901 ഒക്ടോബർ 3 - 1919 ഫെബ്രുവരി 20 |
അടക്കം ചെയ്തത് | ജലാലാബാദ് |
മുൻഗാമി | അബ്ദുർറഹ്മാൻ ഖാൻ |
പിൻഗാമി | നാസറുള്ള ഖാൻ (ചെറിയ കാലയളവ്) അമാനുള്ള ഖാൻ |
പിതാവ് | അബ്ദുർറഹ്മാൻ ഖാൻ |
മാതാവ് | അസൽ ബീഗം, Uzbek consort |
1901 മുതൽ 1919 വരെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്നു ഹബീബുള്ള ഖാൻ (1872 ജൂൺ 3 – 1919 ഫെബ്രുവരി 20). അമീർ അബ്ദുർ റഹ്മാൻ ഖാന്റെ പുത്രനായിരുന്ന ഹബീബുള്ള, പിതാവിന്റെ മരണശേഷം1901 ഒക്ടോബറിൽ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. താരതമ്യേന മതേതര-പരിഷ്കരണവാദിയായിരുന്ന ഹബീബുള്ള രാജ്യത്തെ ആധുനികവൽക്കരിക്കാൻ ശ്രമിച്ചു. തന്റെ ഭരണകാലത്ത്, പാശ്ചാത്യരീതിയിലുള്ള വൈദ്യചികിത്സയും, മറ്റു സാങ്കേതികവിദ്യകളും രാജ്യത്ത് നടപ്പിലാക്കി എന്നതിനു പുറമേ, വിദ്യാഭ്യാസരംഗത്തും മികച്ച മുന്നേറ്റങ്ങൾ ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി.
ജീവചരിത്രം
[തിരുത്തുക]തന്റെ പിതാവിന്റെ പ്രവാസകാലത്ത്,1872-ൽ[1] ഇന്നത്തെ ഉസ്ബെക്കിസ്താനിലെ സമർഖണ്ഡിലാണ് ഹബീബുള്ള ജനിച്ചത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് നാസറുള്ള[2]. ഹബീബുള്ളയുടെ മരണശേഷം അല്പകാലത്തേക്ക് നാസറുള്ള അമീറായിരുന്നു.
അധികാരത്തിലേക്ക്
[തിരുത്തുക]പിതാവിന്റെ മരണശേഷം, ഹബീബുള്ളയുടെ സ്ഥാനാരോഹണം, എതിരില്ലാതെയായിരുന്നു. നേരത്തേ തന്നെ ഭരണകാര്യങ്ങളിൽ ഇടപെട്ടുള്ള പരിചയം, രാജ്യത്തെ പ്രധാനപ്പെട്ട ഒരു മഹാപണ്ഡിതന്റെ പുത്രിയെ വിവാഹം ചെയ്തിരിക്കുക തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഹബീബുള്ളക്ക് സഹായകരമായി. അബ്ദുർ റഹ്മാൻ ഖാന്റെ മരണത്തിന് 2 ദിവസങ്ങൾക്കു ശേഷം, അതായത് 1901 ഒക്ടോബർ 3-ന് ഹബീബുള്ളാ, അമീർ ആയി അധികാരമേറ്റു.[2]
ഭരണപരിഷ്കാരങ്ങൾ
[തിരുത്തുക]കടുത്ത നടപടികളിലൂടെ, തന്റെ പിതാവ് കെട്ടിപ്പടുത്ത കേന്ദ്രീകൃതാധിപത്യം മൂലം, ഭരണം ഏറ്റെടുക്കുന്നതിലും ഹബീബ് അള്ളാക്ക് വിഷമതകൾ നേരിട്ടില്ല. പിതാവിന്റെ ഭരണകാലത്തെ സാമൂഹികനിയന്ത്രണങ്ങൾക്ക് സാവധാനം അയവു വരുത്തുക എന്നതായിരുന്നു ഭരണമേറ്റതിനു ശേഷം ഹബീബുള്ള ചെയ്ത ആദ്യ നടപടി. അബ്ദുറഹ്മാന്റെ കാലത്ത് അടിച്ചമർത്തപ്പെട്ട, മതനേതാക്കളുടെ അധികാരങ്ങൾ ഹബീബുള്ളയുടെ കാലത്ത് അവർക്ക് തിരികെ നൽകി. പിതാവിന്റെ കാലത്ത് നാടുകടത്തപ്പെട്ട പലരേയും രാജ്യത്തേക്ക് തിരിച്ചു വരാൻ അനുവദിച്ചു[ക]. സൈന്യത്തിന് ശമ്പളവർദ്ധനവ് നൽകുകയും ഗോത്രവർഗ്ഗക്കാരുടെ ഭരണകാര്യങ്ങൾക്ക് പ്രത്യേക ഗോത്രവർഗ്ഗസമിതിയും സ്ഥാപിച്ചു. മതനേതാക്കളുടെ ഒരു പ്രത്യേക സമിതിയുണ്ടാക്കി. സർക്കാർ നയങ്ങൾ ഇസ്ലാമിനനുസൃതമാണെന്ന് ഉറപ്പു വരുത്തുകയായിരുന്നു ഈ സമിതിയുടെ ഉദ്ദേശം.
പടിഞ്ഞാറൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനാരംഭിച്ച ഹബീബുള്ള, രാജ്യത്ത് ആധുനികരീതിയിലുള്ള ആശുപത്രിയും ജലവൈദ്യുതകേന്ദ്രവും ആദ്യമായി സ്ഥാപിച്ചു. 1910-ൽ കാബൂളിനും ജലാലാബാദിനുമിടയിൽ ആദ്യത്തെ ടെലഫോൺ ബന്ധവും സ്ഥാപിച്ചു. നിരവധി പുതിയ റോഡുകളും ഇദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു. തന്റെ പിതാവിന്റെ കാലത്ത് പ്രഭുക്കന്മാർക്ക് മാത്രമയി പരിമിതപ്പെട്ടിരുന്ന വിദ്യാഭ്യാസം, ഹബീബുള്ളായുടെ കാലത്ത് എല്ലാവിഭാഗം ജനങ്ങൾക്കുമിടയിൽ വ്യാപകമാക്കാൻ തീരുമാനിച്ചു. 1903-ൽ കാബൂളിൽ പാശ്ചാത്യരീതിയിലുള്ള ദ്വിതീയവിദ്യാഭ്യാസകേന്ദ്രവും ഹബീബിയ കോളേജും ഒരു സൈനികകോളേജും ആരംഭിച്ചു. 1913-ൽ വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കുകയും 1914-ൽ ഒരു അദ്ധ്യാപകപരിശീലനകേന്ദ്രം തുറക്കുകയും ചെയ്തു. കാബൂളിന് പടിഞ്ഞാറ് മലമുകളിലെ ചാഗ്മാനിൽ, പാശ്ചാത്യരീതിയിലുൾല ഒരു രാജകീയോദ്യാനം തീർത്തതും ഹബീബുള്ളയുടെ കാലത്താണ്.[2]
ബ്രിട്ടീഷുകാരുമായുള്ള ബന്ധം
[തിരുത്തുക]അബ്ദുർറഹ്മാനുമായി നിലനിന്നിരുന്ന കരാറുകൾ പുനരവലോകനം ചെയ്യുന്നതിന് ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ വൈസ്രോയി ആയിരുന്ന കർസൺ പ്രഭു, ഭരണമേറ്റതിനുശേഷം അമീർ ഹബീബുള്ളയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം ഹബീബുള്ള നിരസിച്ചു. തുടർന്ന് ബ്രിട്ടീഷുകാരുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ലൂയിസ് ഡാൻ കാബൂളിലെക്കെത്തി. ചർച്ചകൾ തുടർന്നെങ്കിലും ക്വെത്തയിൽ നിന്നും അഫ്ഗാനിസ്താനിലേക്ക് തീവണ്ടിപ്പാത നീട്ടാനുള്ള ബ്രിട്ടീഷുകാരുടെ ആഗ്രഹം സഫലമായില്ല. എന്നിരുന്നാലും 1905 മാർച്ച് 21-ന് ഹബീബുള്ളയെ അഫ്ഗാനിസ്താന്റെ സ്വതന്ത്രഭരണാധികാരിയായി ബ്രിട്ടീഷുകാർ അംഗീകരിക്കുകയും അബ്ദുർ റഹ്മാന്റെ മരണത്തോടെ, 1901-ൽ നിർത്തിവച്ച ധനസഹായം തുടർന്നും നൽകാനും തീരുമാനിച്ചു.
1907-ൽ ഹബീബുള്ളായും 1100-ഓളം പേരടങ്ങുന്ന ഒരു സംഘം ഇന്ത്യയിലെ പുതിയ വൈസ്രോയി, മിന്റോ പ്രഭുവിനെ സന്ദർശിക്കാൻ ആഗ്രയിലെത്തി. ഇവിടെ യഥാവിധി സ്വീകരിക്കപ്പെട്ട ഇദ്ദേഹത്തിന് ഗ്രാന്റ് ക്രോസ് ഓഫ് ദ് ഓർഡർ ഓഫ് ദ് ബാത്ത് എന്ന ബഹുമതിയും നൽകി ആദരിക്കപ്പെട്ടു. ലാഹോറിലെ ഇസ്ലാമിക് കോളേജ് സന്ദർശിച്ച ഹബീബ് അള്ളാ “അറിവ് ആർജ്ജിക്കുക” എന്ന മുദ്രാവാക്യമാണ് അവിടത്തെ വിദ്യാർത്ഥികൾക്കായി നൽകിയത്
എന്നാൽ 1907 ഓഗസ്റ്റ് 31-ന് കാലങ്ങളായുള്ള വൻകളിക്ക് (Great Game) വിരാമമിട്ട് റഷ്യയും ബ്രിട്ടണും ആംഗ്ലോ റഷ്യൻ കണ്വെൻഷൻ എന്നറിയപ്പെടുന്ന ധാരണയിലെത്തി. ഇതോടെ ബ്രിട്ടീഷുകാർക്കെന്ന പോലെ റഷ്യക്കാർക്കും അഫ്ഗാനിസ്താനിൽ വാണിജ്യം നടത്താൻ അനുവാദമായി. എന്നാൽ ഈ ധാരണയെക്കുറിച്ച് അഫ്ഗാനികളെ മുങ്കൂട്ടി അറിയിച്ചിരുന്നില്ല. അതുകൊണ്ട് ആംഗ്ലോ റഷ്യൻ കണ്വെൻഷനിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ അമീർ തയ്യാറായുമില്ല.[2]
ഒന്നാം ലോകമഹായുദ്ധകാലം
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധകാലത്ത് നിഷ്പക്ഷനിലപാടെടുക്കാനാണ് അമീർ ആഗ്രഹിച്ചത്. എന്നാൽ അമീറിന്റെ സഹോദരൻ നാസർ അള്ളായും, അമീറിന്റെ മകൻ ഇനായത്ത് അള്ളായും, ബ്രിട്ടീഷ് വിരുദ്ധനായിരുന്ന മഹ്മൂദ് താർസിയുടെ സംഘത്തിന്റെ പിന്തുണയോടെ ബ്രിട്ടണെതിരെ യുദ്ധം നടത്താൻ തീരുമാനിച്ചു. ഇതിനകം വിവിധ മതനേതാക്കളുടെ ആഹ്വാനപ്രകാരം ബ്രിട്ടീഷുകാർക്കെതിരെ വിശുദ്ധയുദ്ധത്തിന് തയ്യാറെടുത്തിരുന്ന ഡ്യൂറണ്ട് രേഖക്കിരുവശവുമുള്ള വിവിധ പഷ്തൂൺ വിഭാഗങ്ങളുടെ പിന്തുണയും ഇക്കൂട്ടർക്ക് ലഭിച്ചിരുന്നു.
അഫ്ഗാൻ സർക്കാർ ഇവരെ ഔദ്യോഗികമായി പിന്തുണച്ചിരുന്നില്ലെങ്കിലും കാബൂളിലെ ശക്തരായിരുന്ന ഒരു വിഭാഗം ഇവർക്ക് ആയുധവും അർത്ഥവും നൽകി സഹായിച്ചു. ഇങ്ങനെ അഫ്ഗാൻ സർക്കാർ ഒന്നാം ലോകമഹായുദ്ധകാലത്ത് ഇരുവിഭാഗങ്ങളായി വിഘടിച്ചു. അമീറിന്റെ സ്ഥാനവും ഇക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടു. ജർമ്മനിയിൽ നിന്നും തുർക്കിയിൽ നിന്നും ശക്തമായ സ്വാധീനമുണ്ടായെങ്കിലും യുദ്ധത്തിൽ ബ്രിട്ടീഷ് വിരുദ്ധപക്ഷം ചേരാൻ ഹബീബ് അള്ളാ വിസമ്മതിച്ചു. 1919-ൽ തുർക്കിഷ് പ്രതിനിധിസംഘം, അഫ്ഗാനിസ്ഥാനെ തങ്ങളുടെ സഖ്യത്തിൽ ചേരാൻ ക്ഷണിക്കാൻ അഫ്ഗാനിസ്താൻ സന്ദർശിച്ചു. നിഷ്പക്ഷമായിരിക്കാനുള്ള ഹബീബ് അള്ളായുടെ തീരുമാനം, അഫ്ഗാനികളിൽ പലർക്കും ഇഷ്ടപ്പെട്ടില്ല. ബ്രിട്ടീഷുകാർ അഫ്ഗാനിസ്താന് പൂർണസ്വാതന്ത്ര്യം അനുവദിക്കാതിരുന്നതും ഹബീബ് അള്ളായുടെ പിന്തുണ കുറയാൻ കാരണമായി.[2]
അന്ത്യം
[തിരുത്തുക]1919 ഫെബ്രുവരി 20-ന് ലാഗ്മാനിൽ നായാട്ടിനു പോയ ഹബീബുള്ളാ അവിചാരിതമായി കൊല്ലപ്പെട്ടു. ഈ സംഭവത്തിന്റെ പൂർണ്ണവിവരങ്ങൾ ഇന്നും അജ്ഞാതമാണ്. ജലാലാബാദിലാണ് ഹബീബ് അള്ളായെ അടക്കം ചെയ്തിരിക്കുന്നത്.
ഹബീബ് അള്ളാക്ക് 4 ഭാര്യമാരും 30-ലധികം വെപ്പാട്ടികളും 50-ലധികം മക്കളുമുണ്ടായിരുന്നു. ഹബീബുള്ളായുടെ മരണശേഷം സഹോദരൻ നാസറുള്ളായാണ് ഭരണത്തിലേറിയത്. ഹബീബ് അള്ളായുടെ മൂത്ത മകൻ, സർദാർ ഇനായത്ത് അള്ളായുടെയും , അഫ്ഗാൻ സമൂഹത്തിലെ യാഥാസ്ഥിതികരുടേയ്യും ഗോത്രത്തലവന്മാരുടേയും പിന്തുണ നാസറുള്ളാക്കുണ്ടായിരുന്നു. ബ്രിട്ടീഷ് വിരുദ്ധനായിരുന്ന നാസറുള്ളാ, തന്റെ സഹോദരന്റെ നിഷ്പക്ഷതാനയത്തേയും എതിർത്തിരുന്നു. ഇതുകൊണ്ടുതന്നെ 1919-ൽ ഹബീബുള്ള കൊല്ലപ്പെട്ടതിനു പിന്നിലുള്ള ഗൂഢാലോചനയിൽ നാസറുള്ളാക്ക് പങ്കുണ്ടെന്ന് കിംവദന്തികൾ പരന്നിരുന്നു. ഇതേ ആരോപണമുയർത്തിയാണ്, പിന്നീട് നാസറുള്ളയെ അധികാരത്തിൽ നിന്ന് പുറത്താക്കി, ഹബീബുള്ളയുടെ പുത്രൻ അമാനുള്ള അധികാരത്തിലെത്തിയത്.[2]
കുറിപ്പുകൾ
[തിരുത്തുക]- ക.^ പിൽക്കാലത്ത് രാജ്യത്തെ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ താർസി (മഹ്മൂദ് താർസിയുടെ കുടുംബം), മുസാഹിബാൻ (മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിലെ വീരനായകനും, 1929-ൽ രാജാവായി അധികാരത്തിലേറിയതുമായ മുഹമ്മദ് നാദിർ ഖാന്റെ കുടുംബം) എന്നീ രണ്ടു കുടുംബങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു.