Jump to content

ജോർജി ദിമിത്രോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Georgi Dimitrov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Georgi Dimitrov
ജോർജി ദിമിത്രോവ്
Георги Димитров Михайлов
Chairman of the Council of Ministers of the Bulgarian Communist Party
ഓഫീസിൽ
1946–1949
മുൻഗാമിKimon Georgiev
പിൻഗാമിVasil Kolarov
വ്യക്തിഗത വിവരങ്ങൾ
ജനനം
Georgi Dimitrov Mikhaylov

(ബൾഗേറിയൻ: Георги Димитров Михайлов)

(Russian: Георгий Михайлович Димитров)

(1882-06-18)18 ജൂൺ 1882
Kovachevtsi, Pernik Province, Principality of Bulgaria
മരണം2 ജൂലൈ 1949(1949-07-02) (പ്രായം 67)
Barvikha Sanatorium, Russian SFSR, Soviet Union
ദേശീയതBulgarian
രാഷ്ട്രീയ കക്ഷിBulgarian Communist Party
പങ്കാളികൾLjubica Ivošević (1906–1933)
Roza Yulievna (???-1949)
തൊഴിൽcompositor, revolutionary, politician

കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ജോർജി ദിമിത്രോവ്.

ജീവിതരേഖ[തിരുത്തുക]

1882 ജൂൺ 18-ന് ബൾഗേറിയയിലെ കോവാച്ചേവ്ത്സിലുള്ള തൊഴിലാളികുടുംബത്തിൽ ജനിച്ചു. അച്ഛനും അമ്മയും സാധാരണ തൊഴിലാളികളായിരുന്നു. ചെറുപ്പത്തിൽത്തന്നെ തൊഴിലാളിയായി ജീവിതമാരംഭിക്കേണ്ടിവന്നുവെങ്കിലും വിപുലമായ വായനയിലൂടെ ദിമിത്രോവ് അറിവുനേടി. അച്ചടിശാലയിൽ ജോലിക്കാരനായിരിക്കേ പതിനഞ്ചാം വയസ്സോടെ വിപ്ളവ പ്രസ്ഥാനത്തിൽ ചേരുകയും തൊഴിലാളിസംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തു. ബൾഗേറിയൻ പുരോഗമന സാഹിത്യകൃതികളും റഷ്യൻ പുരോഗമന സാഹിത്യകൃതികളും ദിമിത്രോവിനെ തൊഴിലാളിവർഗ വിപ്ലവകാരിയായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ ഇദ്ദേഹം ബൾഗേറിയയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. 1909-ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1913-ൽ ബൾഗേറിയയിലെ പാർലമെന്റിൽ അംഗമാകുവാനും ഇദ്ദേഹത്തിനു സാധിച്ചു. സോഫിയ നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജോർജി ദിമിത്രോവ്

ഒന്നാം ലോകയുദ്ധത്തിൽ ബൾഗേറിയ പങ്കെടുക്കുന്നതിനെതിരായി സംഘടിപ്പിക്കപ്പെട്ട സമരത്തിന്റെ മുൻപന്തിയിൽ ദിമിത്രോവ് ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം ഇദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. മോചിതനായ ദിമിത്രോവിന് ഒളിവിൽ പോയി രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടിവന്നു. ഇതിനിടെ പാർട്ടിയിൽ പ്രബലമായിത്തീർന്ന ഇടതുപക്ഷ വിഭാഗം 1919-ൽ ബൾഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയായി മാറി. ദിമിത്രോവ് ഇതിന്റെ നേതാക്കളിലൊരാളായിരുന്നു. പാർട്ടിയുടെ പ്രതിനിധിയെന്ന നിലയിൽ ഇദ്ദേഹം 1921-ൽ മോസ്കോയിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ മൂന്നാം കോൺഗ്രസ്സിൽ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അംഗമാവുകയും ചെയ്തു.

ബൾഗേറിയയിൽ 1923-ലുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിൽ ദിമിത്രോവ് സജീവമായ പങ്കുവഹിച്ചു. ഈ മുന്നേറ്റം അടിച്ചമർത്തപ്പെട്ടതോടെ ബൾഗേറിയ വിടാൻ ഇദ്ദേഹം നിർബന്ധിതനായി. യുഗോസ്ലാവിയ, വിയന്ന എന്നിവിടങ്ങളിൽ താമസിച്ചശേഷം 1929-ൽ ബർലിനിലെത്തി. വിപ്ലവപ്രവർത്തനം നടത്തിയതിന് 1933-ൽ ബർലിനിൽ വച്ച് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ജർമൻ പാർലമെന്റ് മന്ദിരത്തിന് (റീഷ്സ്റ്റാഗ്) തീവച്ചു എന്നായിരുന്നു കേസ്. ഈ കേസിന്റെ വിചാരണയിൽ സ്വയം കേസു വാദിച്ച് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. 'ലൈപ്സീഗ് വിചാരണ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ വിചാരണയ്ക്കെതിരായി ബഹുജന സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഇടപെടൽകൂടി ഉണ്ടായതിന്റെ ഫലമായി ദിമിത്രോവ് സ്വതന്ത്രനായി. 1934-ൽ മോസ്കോയിൽ എത്തി കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1935-ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ ക്കെതിരായുള്ള ബൾഗേറിയൻ ചെറുത്തുനില്പിന്റെ നേതാവായിരുന്നു ദിമിത്രോവ്. നാസി ജർമനിയുടെ നേതൃത്വത്തിലുള്ള സേനകളെ പരാജയപ്പെടുത്തി സോവിയറ്റ് സൈനികർ ബൾഗേറിയയിൽ പ്രവേശിച്ചതോടെ അവിടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തു (1944). ഇതോടെ, ഇരുപതിൽപ്പരം വർഷങ്ങളായി വിദേശജീവിതത്തിലായിരുന്ന ദിമിത്രോവ്, 1945-ൽ ബൾഗേറിയയിൽ തിരിച്ചെത്തി. 1946-ൽ ബൾഗേറിയയിൽ രാജവാഴ്ച അവസാനിക്കുകയും റിപ്പബ്ലിക് നിലവിൽ വരുകയും ചെയ്തു. തുടർന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഉണ്ടായി. ദിമിത്രോവ് ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

ദിമിത്രോവിന്റെ ഭരണകാലത്ത് ബൾഗേറിയ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടും സഹായത്തോടും കൂടി രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള നടപടികൾ ഇദ്ദേഹം കൈക്കൊണ്ടു. പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമർഥനായ സംഘാടകനുമായിരുന്നു ഇദ്ദേഹം. ബൾഗേറിയയെ സോഷ്യലിസത്തിന്റെ മാർഗ്ഗത്തിൽക്കൂടി വികസിപ്പിക്കുവാൻ ഇദ്ദേഹം യത്നിച്ചു.

ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഫാസിസത്തിനെതിരായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ഇദ്ദേഹം ഉയർത്തിക്കാട്ടി. ദിമിത്രോവ് 1949 ജൂലൈ 2-ന് മോസ്കോയ്ക്കടുത്ത് നിര്യാതനായി.

"https://ml.wikipedia.org/w/index.php?title=ജോർജി_ദിമിത്രോവ്&oldid=2282724" എന്ന താളിൽനിന്ന് ശേഖരിച്ചത്