ഉള്ളടക്കത്തിലേക്ക് പോവുക

സ്ത്രീധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dowry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവാഹസമയത്ത് പുരുഷന് വധുവിന്റെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതിക ആസ്തികളെ (പണം, സ്വർണം, സ്വത്തുവകകൾ, വാഹനം തുടങ്ങിയവ) യാണ്‌ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്. ഇത് ഒരു സമൂഹത്തിലെ സ്ത്രീയുടെ താഴ്ന്ന പദവിയെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പൊതുവേ വിവാഹത്തിന് ശേഷം സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കേണ്ടതായി വരുന്നു. ഇങ്ങനെ ഭർത്താവിന്റെ വീട്ടിലെത്തുന്ന വിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാനമാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നതിന് പകരമായി പുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുന്നത് ഒരു തൊഴിലിന് തുല്യം തന്നെയാണ് എന്ന് മറുവാദവും ഉയരാറുണ്ട്.

സ്ത്രീധനത്തിന്റെ ഭാഗമായി വധു വിവാഹ സമയത്ത് അമിതമായി സ്വർണ്ണം ഉപയോഗിച്ച് കാണാറുണ്ട്. ഇതിലൂടെ സ്ത്രീയെ ഒരു കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുകയാണ് എന്ന് പറയപ്പെടുന്നു.

വിവാഹജീവിതത്തിൽ സ്ത്രീയെ ഒരു തുല്യപങ്കാളിയായി കാണാൻ പല പുരുഷന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കാണാൻ സാധിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് വിമർശനം ഉയരാറുണ്ട്. അതിനാൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസവും സ്വന്തമായി ഒരു ചെറിയ തൊഴിലോ വരുമാനമോ നേടിയതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറാകേണ്ടതുള്ളൂവെന്ന് സ്ത്രീവാദികൾ വാദിക്കുന്നു. മാത്രമല്ല, വിവാഹത്തിന് സ്ത്രീകൾ സ്വർണം കുറച്ചു മാത്രം ഉപയോഗിച്ചാൽ മതിയാകും എന്നും പറയപ്പെടുന്നു.

സ്ത്രീകൾ അവർക്ക് തുല്യമായ അംഗീകാരം നൽകുന്ന പങ്കാളിയെ മാത്രം തെരെഞ്ഞെടുക്കേണ്ടതാണെന്നും സ്ത്രീവാദികൾ ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനം നൽകേണ്ടതില്ലെങ്കിലും പെൺമക്കൾക്ക് ആൺമക്കളെ പോലെ തന്നെ തങ്ങളുടെ കുടുംബസ്വത്തിൽ തുല്യ അവകാശം ഉണ്ടായിരിക്കുന്നതാണ് എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത് സ്ത്രീധനം എന്ന പേരിൽ പുരുഷന് നൽകുന്നതിന് പകരം സ്ത്രീകൾക്ക് തന്നെ നൽകുന്നതാണ് മെച്ചം എന്നും വാദിക്കപ്പെടുന്നു.

സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സ്‌ത്രീധനം കൊടുക്കാൻ ശേഷിയില്ലാത്ത ഭാര്യമാർക്ക് ഭർത്താവിന്റെ വീട്ടിൽ വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടി വരാറുള്ളതായി കണ്ടുവരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീക്ക് പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധന നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ സ്വർണത്തെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. [1]

സ്ത്രീധനം ഇസ്ലാമിൽ

[തിരുത്തുക]

ഇസ്ലാമിക വിശ്വാസപ്രകാരം വിവാഹ വേളയിൽ പുരുഷൻ സ്ത്രീക്ക് നൽകുന്നു വിവാഹമൂല്യമാണ് മഹർ. 'മഹർ' വിവാഹത്തിൽ മുസ്ലീങ്ങൾ ഏർപ്പെടുന്ന ഒരു കരാറാണ്. ഭർത്താവിന്റെ സാമ്പത്തികമനുസരിച് എന്ത്‌ വേണെങ്കിലും സ്ത്രീകൾക്ക് മഹാറായി ആവിശ്യപ്പെടാം. ഇസ്ലാമിക നിയമത്തിൽ വരൻ തന്റെ വധുവിനോടുള്ള ആദരസൂചകമായി, അവളുടെ സ്വാതന്ത്ര്യത്തിനുള്ള അംഗീകാരമായി നൽകിയ ഒരു സമ്മാനമോ ഉപഹാരമോ ആണ് മഹർ. സ്ത്രീധനം എന്ന സമ്പ്രദായം ഇസ്ലാം പൂർണമായും എതിർകുന്നു. എന്നാൽ സ്ത്രീധനം മാത്രമല്ല ഇസ്ലാമിക വിശ്വാസപ്രകാരം പെൺകുട്ടികൾക്ക് അവരുടെ കുടുംബസ്വത്തിൽ തുല്യ അവകാശം നൽകാത്തത് ഒരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനം നൽകേണ്ടതില്ലെങ്കിലും പെൺമക്കൾക്ക് ആൺമക്കൾക്ക് ലഭിക്കുന്നത് പോലെ തന്നെ കുടുംബസ്വത്തിൽ തുല്യ അവകാശം നൽകേണ്ടതാണെന്ന് സ്ത്രീവാദികൾ ചൂണ്ടിക്കാട്ടുന്നു.

അവലംബം

[തിരുത്തുക]
  1. ദി ഡൗറി പ്രൊഹിബിഷൻ ആക്ട്
"https://ml.wikipedia.org/w/index.php?title=സ്ത്രീധനം&oldid=4588157" എന്ന താളിൽനിന്ന് ശേഖരിച്ചത്