Jump to content

അഫ്ഗാനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Demography of Afghanistan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫ്ഗാൻ സ്കൂൾകുട്ടികൽ കാബൂളിൽ

പൊതുവേ അഫ്ഗാനി എന്ന പ്രയോഗം പഷ്തൂണുകളെ സൂചിപ്പിക്കുന്നതിന് മാത്രമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇന്ന് അഫ്ഗാനിസ്ഥാനിലെ മൊത്തം ജനതയെ അഫ്ഗാനികൾ എന്ന് വിളിക്കുന്നു. അഫ്ഗാനികളെ നാലു വിഭാഗങ്ങളായി തരംതിരിക്കാം:

  1. പഷ്തുൺ (പത്താൻ),
  2. താഡ്ഷിക് (താജിക്),
  3. ഉസ്ബെക്,
  4. ഹസാറാ.

ജനതയും വാസസ്ഥലവും

[തിരുത്തുക]

പഷ്തുണുകൾ

[തിരുത്തുക]
പ്രധാന ലേഖനം: പഷ്തൂൺ

അഫ്ഗാനികളിൽ 60 ശതമാനത്തോളം പത്താൻ വർഗക്കാരാണ്. അഫ്ഗാനിസ്താന്റെ തെക്കുകിഴക്കുഭാഗത്തും ഹിരേത്തിലും സീസ്താനിലുമാണ് പത്താൻ വർഗക്കാർ താമസിക്കുന്നത്. യൂറോപ്പിഫോം മെഡിറ്ററേനിയൻ ഗോത്രത്തിൽപെട്ടവരാണ് പത്താൻ വർഗക്കാർ. ഇളംമഞ്ഞനിറവും ഇരുണ്ട മുടിയും ഇരുണ്ട കണ്ണുകളുമുള്ളവരാണ് ഇക്കൂട്ടർ. ഇടത്തരം ഉയരമുള്ള ഇവർക്ക് ഉയർന്ന വലിയ തലകളും ഉന്തിനില്ക്കുന്ന കപാലപൃഷ്ഠാസ്ഥികളും പുഷ്ടിയുള്ള കൺപുരികങ്ങളും വിശാലമായ ഗരുഡച്ചുണ്ടൻ മൂക്കുകളുമുണ്ട്.

പത്താൻ വർഗക്കാർ പുഷ്തു ഭാഷയും പേർഷ്യൻ ഭാഷയും സംസാരിക്കുന്നു. പുഷ്തു പത്താൻകാരുടെ മാതൃഭാഷയാണ്. 1936-ൽ പുഷ്തു രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഒരിടത്ത് സ്ഥിരതാമസമില്ലാതെ കാലിമേച്ചു നടക്കുന്ന കൂട്ടരായിരുന്നു പത്താൻ വർഗക്കാർ. കാലാവസ്ഥയനുസരിച്ച്, കന്നുകാലികളെ വേനല്ക്കാലതീറ്റിസ്ഥലങ്ങളിൽനിന്ന് വർഷകാലതീറ്റിസ്ഥലങ്ങളിലേക്കോ, മറിച്ചോ മാറ്റാറുണ്ട്.

താഡ്ഷിക്കുകൾ

[തിരുത്തുക]
പ്രധാന ലേഖനം: താജിക്
പഷ്തൂണുകളുടെ ഒരു കൂട്ടംചേരൽ

അഫ്ഗാനികളിൽ 30 ശതമാനം താഡ്ഷിക് വർക്കാരാണ്. ഹെറാത്തിലും കാബൂളിലുമാണ് ഇവർ വസിക്കുന്നത്. യൂറോപ്പിഫോം പമീറിയൻ ഗോത്രത്തിൽപെട്ടവരാണ് താജിക് വർഗക്കാർ. വിളറിയനിറമുള്ള ഇക്കൂട്ടർക്ക് ഇളംനിറമുള്ള മുടിയും കണ്ണുകളുമാണുള്ളത്. ഇടത്തരം ഉയരമുള്ള ഈ വർഗക്കാർക്ക് ഉയർന്ന ചെറിയ തലയും പരന്ന കപാലപൃഷ്ഠാസ്ഥികളും സുദൃഢമായ കൺപുരികങ്ങളും ഇടുങ്ങിയ മൂക്കുമാണുള്ളത്. താജിക് വർഗക്കാർ കൃഷിക്കാരാണ്. അവർ കൃഷിവിളകൾക്ക് ജലസേചനം നടത്താറുണ്ട്. അവരുടെ കൂട്ടത്തിൽ വ്യാപാരികളുമുണ്ട്. ഹുങ്കുഷിനു വടക്കുള്ള പ്രദേശത്തെ പ്രധാന നഗരവാസികൾ താജിക് വർഗക്കാരാണ്.

ഉസ്ബെക്കുകളും ഹസാരകളും

[തിരുത്തുക]
പ്രധാന ലേഖനങ്ങൾ: ഉസ്ബെക്, ഹസാര ജനത

അഫ്ഗാനികളിൽ 5 ശതമാനം ഉസ്ബെക്കുകളാണ്. യൂറോപ്പിഫോം, മംഗോളിഫോം, സങ്കരഗോത്രക്കാരാണ് ഉസ്ബെക്കുകൾ. 3 ശതമാനം വരുന്ന ഹസാറാ വർഗക്കാരും മംഗോളിയൻ ഗോത്രത്തിൽപ്പെട്ടവരാണ്. രോമരഹിതരായ ഈ കൂട്ടർക്ക് ചെറിയ തലയും ഇടത്തരം ഉയരവും നീണ്ടമുഖവും ഉന്തിനില്ക്കുന്ന കപാലാസ്ഥികളും സാമാന്യം വീതിയുള്ളതും ഉന്തിനില്ക്കുന്നതുമായ മൂക്കുമാണുള്ളത്. ഇവർ ഉസ്ബെക്കുഭാഷ സംസാരിക്കുന്നു. ഹസാറാവർഗക്കാർ കന്നുകാലിമേച്ചു നടക്കുന്നവരാണ്.

യോധാക്കൾ

[തിരുത്തുക]

അഫ്ഗാനികളിൽ നല്ലൊരുവിഭാഗം യോദ്ധാക്കളാണ്. സ്ത്രീകൾക്ക് സമൂഹത്തിൽ താഴ്ന്ന സ്ഥാനമേയുള്ളു. അവർ മുഖാവരണം ധരിക്കണമെന്ന് നിർബന്ധമില്ല. സ്ത്രീകൾ തൊഴിലിന് പോകാറുണ്ട്.

ഘോസായ് എന്നു പേരുള്ള മല്പിടിത്തം ഇവരുടെ ഒരു കായികവിനോദമാണ്. കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ശിരച്ഛേദം ചെയ്ത പശുക്കുട്ടികളുടെ ശരീരം കുഴിയിൽനിന്ന് തിരഞ്ഞുപിടിച്ച് എടുത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. ഈ മത്സരത്തിൽ നൂറുകണക്കിന് കുതിരക്കാർ പങ്കെടുക്കുന്നു. ഇവർ പോളോ കളിക്കാറുണ്ട്. അഫ്ഗാനികൾക്ക് അത്തൻ എന്ന ഒരു ദേശീയ നൃത്തവുമുണ്ട്.

അഫ്ഗാനികളിൽ ഭൂരിഭാഗവും ഹനഫി ആചാരക്രമങ്ങൾ അനുഷ്ഠിക്കുന്നു. സുന്നി വിഭാഗത്തിൽപ്പെട്ടവരാണിവർ. ഹസാരികൾ ഷിയാ വിഭാഗത്തിൽപ്പെടുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്ഗാനികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഫ്ഗാനികൾ&oldid=3922821" എന്ന താളിൽനിന്ന് ശേഖരിച്ചത്