സിറ്റി പാലസ്, ജയ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(City Palace, Jaipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി പാലസ്, ജയ്പൂർ
ജയ്പൂർ സിറ്റി പാലസിലെ പ്രധാന കെട്ടിടമായ ചന്ദ്രമഹൽ - 1885-ലെ ചിത്രം
സിറ്റി പാലസ്, ജയ്പൂർ is located in Rajasthan
സിറ്റി പാലസ്, ജയ്പൂർ
Location within Rajasthan
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിരജപുത്ര, മുഗൾ ശൈലികളുടെ മിശ്രണം
നഗരംജയ്പൂർ
രാജ്യംഇന്ത്യ
നിർമ്മാണം ആരംഭിച്ച ദിവസം1729
പദ്ധതി അവസാനിച്ച ദിവസം1732
ഇടപാടുകാരൻസവായ് ജയ് സിങ് രണ്ടാമൻ
സാങ്കേതിക വിവരങ്ങൾ
Structural systemചുവപ്പും പിങ്കും മണൽക്കല്ല്
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിവിദ്യാധർ ഭട്ടാചാര്യ, സാമുവൽ സ്വിന്റൺ ജേക്കബ്

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. ചന്ദ്രമഹൽ, മുബാരക് മഹൽ എന്നീ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു. ജയ്പൂരിലെ മറ്റു രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളായ ഹവാ മഹൽ, ജന്തർ മന്തർ എന്നിവ ഈ കൊട്ടാരത്തിന്റെ തൊട്ടടുത്താണെന്നു മാത്രമല്ല, ഇവയെല്ലാം മുൻപ് കൊട്ടാരസമുച്ചയത്തിന്റെ ഭാഗവുമായിരുന്നു.

ആംബറിന്റെ ഭരണാധികാരിയായിരുന്ന സവായ് ജയ്സിങ് രണ്ടാമൻ ആണ് 1729-നും 1732-നും ഇടയിൽ ഈ കൊട്ടാരത്തിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊട്ടാരത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചുറ്റുമതിലുകൾ തീർക്കുകയും ചെയ്തെങ്കിലും മറ്റു കൂട്ടിച്ചേർക്കലുകൾ, ഇരുപതാം നൂറ്റാണ്ടുവരെയുള്ള ജയ് സിങ്ങിന്റെ പിൻഗാമികളാണ് പൂർത്തിയാക്കിയത്. വിദ്യാധർ ഭട്ടാചാര്യ, സർ സാമുവൽ സ്വിന്റൺ ജേക്കബ് എന്നീ വാസ്തുശിൽപ്പികൾക്കാണ് കൊട്ടാരത്തിന്റേയും ചുറ്റുമുള്ള നഗരത്തിന്റേയും രൂപകൽപ്പന നിർവഹിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഒരു വാസ്തുശില്പവിദഗ്ദ്ധനായിരുന്ന സവായ് ജയ് സിങ്ങും ഇതിൽ പങ്കാളിയായിരുന്നു. രജപുത്ര-മുഗൾ സമ്മിശ്രശൈലിയിലാണ് ഇവിടത്തെ കെട്ടിടങ്ങൾ തീർത്തിരിക്കുന്നത്.[1][2][3][4][5]

കൊട്ടാരത്തിന്റെ ഭാഗങ്ങൾ[തിരുത്തുക]

  • ദിവാൻ ഇ ഖാസ് (സ്വകാര്യസഭ) - രാജകീയപ്രൗഢിയിൽ മനോഹരമായി നിലനിൽക്കുന്ന ദിവാൻ-ഖാസിൽ മുൻകാലത്തെ ആയുധങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഗംഗാജലി എന്ന രണ്ടൂ കൂറ്റൻ വെള്ളിക്കുടങ്ങൾ ശ്രദ്ധേയമാണ്.
  • സഭാ നിവാസ് അഥവാ ദിവാൻ ഇ ആം (പൊതുസഭ) - ദിവാൻ ഇ ആം എന്നത് മുഗൾ ശൈലിയിലുള്ള പേരാണെങ്കിലും ആംബർ കോട്ടയിൽ നിന്നും വ്യത്യസ്തമായി സിറ്റി പാലസിലെ ദിവാൻ ഇ ആം രജപുത്രരീതിയിലുള്ളതാണ്. രാജാവിന്റെ സിംഹാസനവും സഭാവാസികളുടെ ഇരിപ്പിടങ്ങളുമെല്ലാം യഥാസ്ഥാനങ്ങളിൽ ഇവിടെ നിലനിർത്തിയിട്ടുണ്ട്.[൧]
  • മുബാരക് മഹൽ - ഇവിടെ വസ്ത്രമ്യൂസിയം പ്രവർത്തിക്കുന്നു.
  • ചന്ദ്രമഹൽ - പ്രധാന കൊട്ടാരം - ഇതിന്റെ കൂടുതൽ ഭാഗങ്ങളും രാജകുടുംബത്തിന്റെ താമസത്തിനായി നീക്കി വച്ചിരിക്കുന്നു.
  • പീതം നിവാസ് ചൗക്ക് - ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമാണിത്.

പീതം നിവാസ് ചൗക്ക്[തിരുത്തുക]

മയൂരകവാടത്തിലെ ശിൽപങ്ങളും ചിത്രപ്പണിയും

ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കും അവിടെയുള്ള നാലുവാതിലുകളും ഈ കൊട്ടാരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്. ഈ നടുമുറ്റത്തേക്ക് കടക്കുന്നതിനു വേണ്ടിയുള്ള നാലുവാതിലുകൾ നാലു ഋതുക്കളെ പ്രതിനിധീകരിക്കും വിധത്തിലുള്ള ശിൽപകലകലയാൽ അലങ്കരിച്ചിരിക്കുന്നു. മുറ്റത്തിന്റെ കിഴക്കും പടിഞ്ഞാറൂം ഭാഗത്തായാണ് രണ്ടു വീതമായി ഈ നാലു കവാടങ്ങളുള്ളത്. ഓടു കൊണ്ടൂ നിർമ്മിച്ച വാതിലിനു മുകളിലും ഹിന്ദു ദൈവങ്ങളുടെ (ശിവന്റെ കുടുംബം) ചെറിയ ശിൽപ്പവുമുണ്ട്. ചലച്ചിത്രചിത്രീകരണത്തിന്റെ ഇഷ്ടവേദിയായ ഈ നടുമുറ്റത്ത് നിരവധി ഹിന്ദി ചലച്ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [6]

ഹരിതകവാടം
മയൂരകവാടം
റോസ് ഗേറ്റ്
പത്മകവാടം

മയൂരകവാടം (പീക്കോക്ക് ഗേറ്റ്)[തിരുത്തുക]

പീതം ചൗക്കിന്റെ കിഴക്കുവശത്തായി വടക്കേ അറ്റത്തുള്ള വാതിലാണ്‌ പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശിൽപ്പങ്ങളാൽ അലങ്കരിച്ച ഈ കവാടം മഴക്കാലത്തെ പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയിൽവാഹനനുമായ കാർത്തികേയന്റെ ശിൽപ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികൾ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.[6]

പത്മകവാടം (ലോട്ടസ് ഗേറ്റ്)[തിരുത്തുക]

നടുമുറ്റത്തിന്റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളാണ്‌ ഈ കവാടത്തിലെ ചിത്ര-ശിൽപ്പകലയിലെ പ്രമേയം. ഈ കവാടം വേനൽക്കാലത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്. ശിവന്റെ പത്നിയായ പാർവതിയുടെ ശിൽപ്പമാണ് ഈ കവാടത്തിനു മുകളിലുള്ളത്.[6]

റോസ് ഗേറ്റ്[തിരുത്തുക]

പടിഞ്ഞാറു വശത്തുള്ള രണ്ടു കവാടങ്ങളിൽ തെക്കേ അറ്റത്തുള്ള പത്മകവാടത്തിന് അഭിമുഖമായി നിൽക്കുന്ന കവാടമാണ് റോസ് ഗേറ്റ്. പനീർപ്പൂവിതളുകൾ പ്രമേയമാക്കിയുള്ള ശിൽപകലയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ കവാടം തണുപ്പകാലത്തെ പ്രതിനിധീകരിക്കുന്നു. ശിവനും പാർവതിയുമാണ് ഈ കവാടത്തിന്റെ മുകളിലെ ചെറൂശിൽപ്പത്തിലുള്ളത്.[6]

ഹരിതകവാടം (ഗ്രീൻ ഗേറ്റ്)[തിരുത്തുക]

പടിഞ്ഞാറുവശത്തുള്ള രണ്ടാമത്തെ കവാടമായ ഹരിതകവാടം, പ്രവേശനകവാടമായ മയൂരകവാടത്തിന് എതിർവശത്താണ്. പച്ചപ്പ് പ്രമേയമാക്കിയിരിക്കുന്ന ഈ കവാടം വസന്തഋതുവിനെ പ്രതിനിധീകരിക്കുന്നു. കവാടത്തിനു മുകളിലുള്ളത് ഗണപതിയുടെ ശിൽപ്പമാണ്.[6]

ഗംഗാജലി[തിരുത്തുക]

ഗംഗാജലി എന്ന വെള്ളിക്കുടം

സിറ്റി പാലസിലെ ദിവാൻ-ഇ ഖാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ രണ്ട് വെള്ളിക്കുടങ്ങളാണ് ഗംഗാജലികൾ. 1896-ൽ പണിതീർത്ത ഇവയോരോന്നിനും 345 കിലോ വീതം ഭാരമുണ്ട്. വെള്ളി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന പേരിൽ ഇവ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. 5 അടി 3 ഇഞ്ച് ഉയരവും 14 അടി 10 ഇഞ്ച് ചുറ്റളവുമുള്ള ഓരോ കുടത്തിനും 4091 ലിറ്റർ വ്യാപ്തമുണ്ട്.

സിറ്റി പാലസിലെ മിസ്ത്രിഖാന എന്ന പണിശാലയിൽ ഗോവിന്ദ് റാം, മാധവ് എന്നീ ശിൽപ്പികളാണ് ഈ കുടം പണിതീർത്തത്. ജയ്പൂർ രാജ്യത്തിന്റെ ഝർ ശാഹി എന്ന വെള്ളിക്കാശ് ഉരുക്കിയാണ് ഇവ പണിതത്. ഓരോന്നിന്റേയും നിർമ്മാണത്തിന് 14000 ഝർ ശാഹി വീതം രാജ്യത്തെ കപത്ദ്വാര ഖജനാവിൽ നിന്നും 1894-ൽ അനുവദിച്ചിരുന്നു. വെള്ളി നാണയങ്ങൾ ഉരുക്കി തകിടാക്കുകയും മരം കൊണ്ടു നിർമ്മിച്ച മൂശക്കു മുകളിൽ തകിട് പൊതിഞ്ഞ് അടിച്ച് ഈ കുടങ്ങൾക്ക് രൂപം നൽകുകയായിരുന്നു. ഈ പണിയിൽ വിളക്കൽ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷമെടുത്ത് 1896-ലാണ് ഇതിന്റെ പണി പൂർത്തിയായത്.

1902-ൽ എഡ്വേർഡ് ഏഴാമൻ രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് തിരിച്ച ജയ്പൂർ രാജാവ് സവായ് മാധോ സിങ് രണ്ടാമൻ, ഗംഗാജലം നിറച്ച് ഈ കുടങ്ങൾ തന്റെ യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു.[7]

ചിത്രങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ സഭാ നിവാസ് അടക്കം സിറ്റി പാലസിലെ മ്യൂസിയങ്ങളിൽ ഒന്നും ദൃശ്യചിത്രീകരണം അനുവദിക്കുന്നില്ല

അവലംബം[തിരുത്തുക]

  1. Brown, Lindsay (2008). Rajasthan, Delhi and Agra. Lonely Planet. pp. 151–158. ISBN 1741046904. Retrieved 2009-12-10. {{cite book}}: |work= ignored (help); Unknown parameter |coauthor= ignored (|author= suggested) (help)
  2. Marshall Cavendish Coropration (2007). World and Its Peoples: Eastern and Southern Asia. Marshall Cavendish. p. 444. ISBN 0761476318. Retrieved 2009-12-11. {{cite book}}: |work= ignored (help)
  3. "Palace of Maharajah, Jeypore, Rajpootana". British Libraray Online Gallery. Archived from the original on 2012-10-18. Retrieved 2009-12-11.
  4. "City Palace Jaipur". Retrieved 2009-12-10.
  5. "City Palace Jaipur". Retrieved 2009-12-10.
  6. 6.0 6.1 6.2 6.3 6.4 "പീതം നിവാസ് ചൗക്ക്". മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്. മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം ട്രസ്റ്റ്. Retrieved 2010-11-10.
  7. വെള്ളിക്കുടങ്ങൾക്കടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിറ്റി_പാലസ്,_ജയ്പൂർ&oldid=3987798" എന്ന താളിൽനിന്ന് ശേഖരിച്ചത്