Jump to content

ആംബർ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംബർ കോട്ട
Part of Jaipur
ആംബർ, രാജസ്ഥാൻ, ഇന്ത്യ
ആംബർ കോട്ടയുടെ മുൻഭാഗം
Front view of the Palace with serpentine staircase viewing from the road.
ആംബർ കോട്ട is located in Rajasthan
ആംബർ കോട്ട
ആംബർ കോട്ട
Coordinates 26°59′09″N 75°51′03″E / 26.9859°N 75.8507°E / 26.9859; 75.8507
തരം Fort and Palace
Site information
Controlled by Government of Rajasthan
Open to
the public
Yes
Condition Good
Site history
Built 1592 [അവലംബം ആവശ്യമാണ്]
നിർമ്മിച്ചത് Raja Man Singh
Materials Red sandstone and marble
ആംബർ കോട്ട

രാജസ്ഥാനിലെ ജയ്പൂരിനടുത്ത് ആംബറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബർ കോട്ട. ആമെർ കോട്ട (ഹിന്ദി: आमेर क़िला) എന്നും ഇത് അറിയപ്പെടുന്നു. ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. രജപുത്ര - മുഗൾ ശൈലികൾ സമ്മേളിക്കുന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. കോട്ടയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്ന രീതിയിൽ കോട്ടക്കരികിൽ മഹോത തടാകവും സ്ഥിതി ചെയ്യുന്നു.[1][2] ആംബർ കോട്ടയുടെ പടിഞ്ഞാറുവശത്ത്, ഒരേ കോട്ടമതിൽക്കെട്ടിനകത്തുതന്നെ ജയ്ഗഢ് കോട്ടയും നിലകൊള്ളുന്നു.

ചരിത്രം

[തിരുത്തുക]
കിഴക്കുവശത്തു നിന്നും കോട്ടയിലേക്കുള്ള വഴിയും മഹോത തടാകവും

അംബ അഥവ ഗട്ടാ റാണി എന്ന മാതൃദൈവത്തിന് സമർപ്പിച്ചുകൊണ്ട് മീണ വംശക്കാരാണ്‌ ആംബർ നഗരം സ്ഥാപിച്ചത്. നിലവിലുണ്ടായ നഗരാവശിഷ്ടങ്ങളെ പുനരുദ്ധരിച്ച് 1592-ൽ അക്ബർ ചക്രവർത്തിയുടെ ഒരു സേനാനായകനും സഭയിലെ നവരത്നങ്ങളിലൊരാളുമായിരുന്ന രാജ മാൻ സിങ് ആണ് ആംബറിലെ ഇന്നത്തെ കൊട്ടാരസമുച്ചയത്തിന്റെ പണിയാരംഭിച്ചത്. കോട്ടയുടെ പ്രാരംഭഘട്ടം, മാൻ സിങ്ങിന്റെ പിൻഗാമിയായ ജയ്സിങ് ഒന്നാമന്റെ കാലത്ത് പൂർത്തിയായി.[3]സവായ് ജയ്സിങ് രണ്ടാമന്റെ കാലത്ത് കഛാവാ രജപുത്രരുടെ തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റുന്നതുവരെയുള്ള 150 വർഷക്കാലം ജയ് സിങ്ങ്ിന്റെ പിൻഗാമികൾ കോട്ടയെ നവീകരിച്ചുകൊണ്ടിരുന്നു.[4]

ആംബർ കോട്ട, ജയ്ഗഢ് കോട്ടയിൽ നിന്നും വീക്ഷിക്കുമ്പോൾ.
ജയ്ഗഢ് കോട്ട - ആംബർ കോട്ടയിൽ നിന്നുള്ള വീക്ഷണം.

ഇന്ന് ആംബർ കോട്ട എന്നറിയപ്പെടുന്ന കോട്ട/കൊട്ടാരം, യഥാർത്ഥത്തിൽ ജയ്ഗഢ് കോട്ടയുടെ മതിൽക്കെട്ടിനകത്തെ ഒരു കൊട്ടാരം മാത്രമായിരുന്നു. ആംബർ കൊട്ടാരസമുച്ചയത്തിനു പടിഞ്ഞാറുവശത്തുള്ള ഒരു കുന്നിനു മുകളിലാണ് ജയ്ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. സുരക്ഷിതമാക്കിയ വഴികളിലൂടെ ജയ്ഗഢ് കോട്ടയും ആംബറൂം തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

വെളുപ്പും ചുവപ്പും മണൽക്കല്ലുകൊണ്ടാണ് ആംബർ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രതിരോധദുർഗമായി കെട്ടിപ്പടുത്തിട്ടുള്ള കോട്ടയുടെ പുറംഭാഗത്തുനിന്ന് വ്യത്യസ്തമായി, ഉൾവശം, ഹിന്ദു-മുഗൾ സമ്മിശ്രശൈലിയിലുള്ള കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാണ്. കോട്ടയുടെ മതിലുകളുടെ ഉൾവശം, നിത്യജീവിതത്തിലെ രംഗങ്ങൾ പകർത്തിയിട്ടുള്ള മ്യൂറൽ ഫ്രസ്കോ ചുമർ ചിത്രങ്ങൾ‌ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു മതിലുകൾ കൊത്തുപണികൾ കൊണ്ടൂം, മൊസൈക്കുകൾ കൊണ്ടൂം, കണ്ണാടിയിലുള്ള സൂക്ഷ്മമായ ചിത്രപ്പണികൾകൊണ്ടൂം അലങ്കരിച്ചിരിക്കുന്നു.[5]

ജലേബ് ചൗക്ക്

[തിരുത്തുക]
കിഴക്കുവശത്തുള്ള സൂരജ് പോൾ എന്ന കവാടം - ജലേബ് ചൗക്കിൽ നിന്നും ചിത്രീകരിച്ചിരിക്കുന്നതിനാൽ സൂരജ് പോളിന്റെ അകത്തെ വശമാണ് ചിത്രത്തിൽ കാണുന്നത്
ജലേബ് ചൗക്ക് - വടക്കേ അറ്റത്തു നിന്നുള്ള വീക്ഷണം. ചിത്രത്തിന്റെ വലത്തേ അറ്റത്ത് (ജലേബ് ചൗക്കിന്റെ പടിഞ്ഞാറുവശത്ത്) ജലേബ് ചൗക്കിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നായ ചാന്ദ് പോളും; ചിത്രത്തിന്റെ ഇടത്തേ അറ്റത്ത് (ജലേബ് ചൗക്കിന്റെ തെക്കുവശത്ത്), സിംഹ് പോളിലേക്കുള്ള പടിക്കെട്ടുകളൂം കാണാം. ഈ ചിത്രമെടുക്കുമ്പോൾ ജലേബ് ചൗക്കിൽ ഒരു ഉദ്യാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജലേബ് ചൗക്കിന്റെ തറയിൽ കല്ല് പാകിയിരിക്കുകയാണ്.
ജലേബ് ചൗക്കിൽ നിന്നും ദിവാൻ-ഇ ആം സ്ഥിതി ചെയ്യുന്ന മുറ്റത്തേക്ക് പ്രവേശിക്കുന്നതിനുള്ള പടിക്കെട്ട്. പടിക്കെട്ടിന് മുകളിൽ കാണുന്ന കവാടമാണ് സിംഹ് പോൾ (സിംഹകവാടം)

തെക്കുവടക്കായി തൊട്ടുകിടക്കുന്ന ചതുരാകൃതിയിലുള്ള നാല് മുറ്റങ്ങളും അവക്കു ചുറ്റും മന്ദിരങ്ങളും അടങ്ങിയ ഘടനയാണ് ആംബർ കോട്ടക്കുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കുന്നവർ വടക്കേ അറ്റത്തുള്ള ജലേബ് ചൗക്ക് എന്ന മുറ്റത്തേക്കാണ് എത്തിച്ചേരുന്നത്. കിഴക്കു നിന്നും പടിഞ്ഞാറു നിന്നുമായി പരസ്പരം അഭിമുഖമായി നിൽക്കുന്ന ഒരോപോലെയുള്ള രണ്ട് കവാടങ്ങൾ ജലേബ് ചൗക്കിനുണ്ട്. ഇവ യഥാക്രമം സൂരജ് പോൾ (സൂര്യകവാടം), ചാന്ദ് പോൾ (ചന്ദ്രകവാടം) എന്നീ പേരുകളീൽ അറിയപ്പെടുന്നു. രാജഭരണകാലത്ത് സൂരജ് പോളിലൂടെയുള്ള പ്രവേശനം വിശേഷവ്യക്തികൾക്കു മാത്രമായിരുന്നു. പൊതുജനങ്ങൾക്ക് ചാന്ദ് പോൾ വഴിയായിരുന്നു പ്രവേശിക്കേണ്ടീയിരുന്നത്. സൂരജ് പോളിനു മുകളിൽ കാവൽക്കാർക്കുള്ള അറയായിരുന്നെങ്കിൽ ചാന്ദ് പോളിനു മുകളിൽ നോബത്ഖാന എന്ന ഒരു വാദ്യസംഘമാണ്. ഇവർ വലിയ ചെണ്ടകളും മറ്റു വാദ്യോപകരണങ്ങളും ഉപയോഗിച്ച് സംഗീതസദസ്സ് നടത്തുന്നു.[6]

ഇന്ന് താഴെ നിന്ന് കാൽനടയായോ, ആനപ്പുറത്തേറിയോ കോട്ടയിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾ സൂരജ് പോൾ വഴിയാണ് പൊതുവേ കോട്ടയിലേക്ക് പ്രവേശിക്കുന്നത്. കോട്ടക്കകത്തേക്ക് നേരിട്ട് വാഹനങ്ങളിൽ എത്തുന്നവർക്ക് പടിഞ്ഞാറുവശത്തുള്ള ചാന്ദ് പോൾ വഴിയാണ് പ്രവേശനം. ചാന്ദ് പോളിനു മുകളിൽ നോബത്ഖാന സംഘം, ഇന്നും കച്ചേരി നടത്തുന്നുണ്ട്. ഇരുകവാടങ്ങളിലൂടെ പ്രവേശിച്ചാലും എത്തിച്ചേരുന്ന വിശാലമായ ചതുരമാണ് ജലേബ് ചൗക്ക്.

ജലേബ് ചൗക്ക് എന്നത് അറബിഭാഷയിൽ നിന്നുള്ളതാണ്. പട്ടാളക്കാർക്ക് പരേഡ് നടത്തുന്നതിനുള്ള മൈതാനം എന്നാണ് ഈ വാക്കിനർത്ഥം. 1699-1749 കാലത്ത് ഭരണത്തിലിരുന്ന സവായ് ജയ് സിങ്ങിന്റെ കാലത്താണ് ജലേബ് ചൗക്ക് പണി തീർത്തത്. രാജാവിന്റെ സ്വകാര്യ അംഗരക്ഷകർ ഇവിടെ പരേഡ് നടത്തിയിരുന്നു.[7]

ജലേബ് ചൗക്കിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ ശീലാദേവി മന്ദിർ എന്ന ഒരു കാളീക്ഷേത്രമുണ്ട്. ഇതിന് തൊട്ടുകിഴക്കായി ദിവാൻ-ഇ ആം സ്ഥിതി ചെയ്യുന്ന മുറ്റത്തേക്കുള്ള പടിക്കെട്ടാണ്. ഈ പടിക്കെട്ട്, സിംഹ് പോൾ എന്ന കവാടത്തിലേക്കെത്തുന്നു.

ദിവാൻ-ഇ ആമും ഗണേശ് പോളും

[തിരുത്തുക]
ദിവാൻ ഇ ആം
ദിവാൻ ഇ ആമിലെ തൂണുകളിലെ രജപുത്രരീതിയിലുള്ള കൊത്തുപണികൾ
ദിവാൻ ഇ ആമിനടുത്തുള്ള തോശാഖാന എന്ന 27 കച്ചേരികൾ

ജലേബ് ചൗക്കിന് തൊട്ട് തെക്കുള്ള രണ്ടാമത്തെ മുറ്റത്ത് കിഴക്കേ അറ്റത്താണ് ദിവാൻ ഇ ആം എന്ന പൊതുസഭ സ്ഥിതി ചെയ്യുന്നത്. സിംഹ് പോൾ വഴിയാണ് ഈ മുറ്റത്തേക്ക് പ്രവേശിക്കുന്നത്. മുഗൾ ശൈലിയിൽ തൂണുകൾ നിറഞ്ഞ മന്ദിരമാണ് ദിവാൻ ഇ ആം. രാജഭരണകാലത്ത് സഭാസമ്മേളനങ്ങൾക്കു പുറമേ ആഘോഷങ്ങളും മറ്റും ഇവിടെയാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. രാജ മാൻ സിങ്ങിന്റെ (1589 - 1614) കാലത്താണ് ചുവന്ന മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ച് ഈ മാളികയുടെ പണി തീർത്തത്. ദിവാൻ ഇ ആമിലെ തൂണുകളുടെ ബാഹുല്യം മുഗൾ ശൈലിയാണെങ്കിലും, ആനയുടെ തലയുടേയും തുമ്പിക്കൈയുംടേയും രൂപത്തിലുള്ള, തൂണുകളിലെ കൊത്തുപണികൾ രജപുത്രശൈലിയിലാണ്. രണ്ടു തരത്തിലുള്ള തൂണുകൾ ഈ മാളികക്കുണ്ട്. മാളികക്ക് ചുറ്റുമുള്ള ഇരട്ടത്തൂണുകൾ‌ ചുവന്ന മണൽക്കല്ലുകൊണ്ടുള്ളതാണ്. ഉള്ളിലുള്ള ഒറ്റത്തൂണുകളാകട്ടെ, വെളുത്ത മാർബിളിലാണ് തീർത്തിരിക്കുന്നത്. ദിവാൻ ഇ ആമിന്റെ കിഴക്കുഭാഗം, മഹാരാജ സവായ് രാംസിങ് രണ്ടാമൻ (1835 - 80), ഒരു ബില്യാർഡ് മുറിയാക്കി മാറ്റി.[8]

ദിവാൻ ഇ ആമിന്റെ തെക്കുഭാഗത്ത് കിഴക്കോട്ട് നീങ്ങി നിരവധി കമാനങ്ങളടങ്ങിയ ഒരു വരാന്തയുണ്ട്. നിരനിരയായുള്ള ഈ 27 കമാനങ്ങളെ 27 കച്ചേരികൾ‌ അഥവാ തോശഖാന എന്നാണ് അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങളായിരുന്നു ഇവ. ആംബർ രാജ്യത്തിന്റെ ഭരണം ഇവിടെ നിന്നായിരുന്നു നടത്തപ്പെട്ടിരുന്നത്.[9]

ഗണേശ് പോൾ
സുഹാഗ് മന്ദിർ - ഗണേശ് പോളിനു മുകളിൽ നിന്നും താഴേക്കുള്ള വീക്ഷണത്തിനായി നിർമ്മിച്ചിരിക്കുന്ന മാർബിൾ തിരശീലകൾ

ഈ മുറ്റത്തെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് തെക്കുവശത്തുള്ള ഫ്രസ്കോ ശൈലിയിലുള്ള ചുമർചിത്രപ്പണികൾ കൊണ്ട് സമ്പന്നമായ ഗണേശ് പോൾ എന്ന കവാടം. കൊട്ടാരത്തിന്റെ മൂന്നാമത്തെ മുറ്റത്തേക്ക് അതായത് രാജാവിന്റെ സ്വകാര്യവാസസ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കവാടമാണിത്. ഒരു ഗണപതിയുടെ ചിത്രമൊഴികെ ഗണേശ് പോളിലെ ചിത്രപ്പണികൾ ഇസ്ലാമിക/മുഗൾ ശൈലിയിലുള്ള ജ്യാമിതീയരൂപങ്ങളും സസ്യങ്ങളുമാണ്. 1621-67 കാലത്തെ മിർസ രാജ ജയ് സിങ്ങിന്റെ കാലത്താണ്‌ ഗണേശ് പോൾ നിർമ്മിച്ചിരിക്കുന്നത്. ഗണേശ് പോളിന് മുകളിൽ സുഹാഗ് മന്ദിർ എന്ന ഒരു അറയുണ്ട്. ഇവിടെ നിന്നും ദിവാൻ ഇ ആമും, ജലേബ് ചൗക്കും മാർബിൾ കൊണ്ട് അഴിയിട്ട (തിരശീലയിട്ട) ജനലുകളിലൂടെ വീക്ഷിക്കാനാകും. രാജഭരണകാലത്ത്, കൊട്ടാരത്തിലെ സ്ത്രീകൾക്ക്, ദിവാൻ ഇ ആമിലും മറ്റും നടക്കുന്ന ഭരണനടപടികൾ വീക്ഷിക്കുന്നതിനാണ് ഈ അറ ഉപയോഗപ്പെടുത്തിയിരുന്നത്.[10]

ഗണേശ് പോളിനും ദിവാൻ ഇ ആമിനും പുറമേ ഈ മുറ്റത്ത് പടിഞ്ഞാറുവശത്തായി അടുക്കളകളും കാണാം.

ദിവാൻ ഇ ഖാസും സുഖ് നിവാസും

[തിരുത്തുക]
ദിവാൻ ഇ ഖാസ്
ദിവാൻ ഇ ഖാസിലെ കണ്ണാടി കൊണ്ടുള്ള അലങ്കാരപ്പണികൾ

ഗണേശ് പോളിലൂടെ തെക്കോട്ട് പ്രവേശിക്കുമ്പോൾ ആംബർ കോട്ടയുടെ മൂന്നാമത്തെ മുറ്റത്തേക്കെത്തുന്നു. മുഗൾ ശൈലിയിൽ ഒരു ദിവാൻ ഇ ഖാസ് (സ്വകാര്യസഭ) ആംബർ കോട്ടയിലുമുണ്ട്. മൂന്നാമത്തെ മുറ്റത്ത് കിഴക്കുവശത്തായാണ് വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ച ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. ജയ് മന്ദിർ എന്നും ദിവാൻ-ഇ ഖാസ് അറിയപ്പെടുന്നു.

സുഖ് നിവാസിനു മുൻപിലെ വരാന്ത
സുഖ് നിവാസിലെ ശീതികരണസംവിധാനം

തൂണുകൾ കൊണ്ടുള്ള ബാഹ്യഭാഗമാണ് ദിവാൻ-ഇ ഖാസിനുള്ളതെങ്കിൽ ഇതിനകത്തെ ചുമരും, മച്ചും കണ്ണാടിയിലെ ചിത്രപ്പണികൾ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ്. അതുകൊണ്ട് ദിവാൻ ഇ ഖാസിനെ ശീഷ് മഹൽ (കണ്ണാടിമന്ദിരം) എന്നും വിളിക്കുന്നു. മുഗൾ ശൈലിയായ ചാർ ബാഗ് രീതിയിലുള്ള ഒരു പൂന്തോട്ടവും ദിവാൻ ഇ ഖാസിനു മുൻപിലുണ്ട്. മിർസ രാജ ജയ്സിങ്ങിന്റെ കാലത്താണ് (1621-67) ദിവാൻ ഇ ഖാസ് പണിതീർത്തത്. രാജാവ് തന്റെ വിശിഷ്ടാഥിതികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ഈ മാളികയിൽ വച്ചാണ്.[11]

ദിവാൻ ഇ ഖാസിന് എതിർവശത്ത് സുഖ് നിവാസ് എന്ന വെണ്ണക്കല്ലിൽ തീർത്ത ഒരു മാളികയുമുണ്ട്. ചന്ദനം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിന്റെ വാതിലുകളീൽ ആനക്കൊമ്പു കൊണ്ടുള്ള അലങ്കാരപ്പണികളുണ്ട്. ചൂടുകാലത്ത് മാളിക തണുപ്പിക്കുന്നതിന്, തണുത്ത വെള്ളം ഒഴുകുന്നതിനുള്ള ചാലുകളോടു കൂടിയ ശീതീകരണ സംവിധാനം ഇതിനുണ്ട്.

മാൻ സിങ് ഒന്നാമന്റെ കൊട്ടാരം

[തിരുത്തുക]
മാൻ സിങ് കൊട്ടാരത്തിന്റെ ഒരു ഭാഗം. പശ്ചാത്തലത്തിൽ കുന്നിനു മുകളിലെ ജയ്ഗഢ് കോട്ടയും കാണാം
മാൻ സിങ് കൊട്ടാരത്തിന്റെ നടുമുറ്റത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ബാരാധാരി മണ്ഡപം

ആംബർ കോട്ടയുടെ ഏറ്റവും തെക്കുവശത്തുള്ള ഭാഗമാണ് മാൻസിങ് ഒന്നാമന്റെ കൊട്ടാരം. കോട്ടയുടെ ഏറ്റവും പഴക്കമേറിയ ഈ ഭാഗം നാലാമത്തെ നടുമുറ്റത്തിന് ചുറ്റുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.

മാൻസിങ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്ത് 1599-ലാണ് ഈ കൊട്ടാരത്തിന്റെ പണി തീർത്തിരിക്കുന്നത്. 25 വർഷമെടുത്താണ് ഈ കൊട്ടാരം പണിതത്. ആംബർ കോട്ടയുടെ മറ്റു ഭാഗങ്ങളിലെന്ന പോലെ ചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും ചുറ്റുമായി കെട്ടിടങ്ങളും എന്ന ഘടനയിൽത്തന്നെയാണ് മാൻ സിങ് കൊട്ടാരവും ചുറ്റുമുള്ള രണ്ടു നിലകളായുള്ള മുറികളിൽ പടിഞ്ഞാറുവശം സ്ത്രീകളുടെ അന്തഃപുരമാണ്. ഇതിനെ ജനാനി ഡിയോഢി (Zenani Deorhi) എന്നുവിളിക്കുന്നു.

മുറ്റത്തിന് ഒത്ത നടുവിൽ നിരവധി തൂണുകളുള്ള ബാരാധാരി എന്ന ഒരു മണ്ഡപമുണ്ട്.[12]

തുരങ്കം

[തിരുത്തുക]
ആംബർ കോട്ടയിൽ നിന്നും ജയ്ഗഢ് കോട്ടയിലേക്കുള്ള തുരങ്കം

ആംബർ കോട്ടയും അതിനു പടിഞ്ഞാറ് കുന്നിനു മുകളിലുള്ള ജയ്ഗഢ് കോട്ടയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു തുരങ്കം നിലവിലുണ്ട്. മാൻ സിങ് കൊട്ടാരം, സ്ത്രീകളുടെ അന്തഃപുരമായ ജനാനി ഡിയോഢി, ദിവാൻ-ഇ ഖാസ് എന്നിവിടങ്ങളിൽ നിന്നും ഈ തുരങ്കത്തിലേക്ക് പ്രവേശനകവാടങ്ങളുണ്ട്. ജയ്ഗഢ് കോട്ടയിലേക്കടുക്കുമ്പോൾ ഈ തുരങ്കം, മുകൾവശം തുറന്ന പാതയായി പരിണമിക്കുന്നു.[13]

ജലസംഭരണികൾ

[തിരുത്തുക]
മാൻ സിങ് കൊട്ടാരത്തിനടിയിലെ ജലസംഭരണിയിലേക്ക് മഴവെള്ളം എത്തിച്ചേരുന്നതിനുള്ള ദ്വാരങ്ങൾ

പൊതുവേ ജലദൗർലഭ്യമനുഭവപ്പെടുന്ന രാജസ്ഥാനിലെ മിക്കവാറും കോട്ടകളിലും കൊട്ടാരങ്ങളിലും ജലസംഭരണത്തിനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഴവെള്ളം സംഭരിക്കുന്നതിന് ആംബർ കോട്ടയിൽ മൂന്ന് സംഭരണികളാണ് ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവ ജലേബ് ചൗക്കിലും, ദിവാൻ ഇ ആമിനും, മാൻ സിങ് കൊട്ടാരത്തിനും അടിയിലാണ്. സംഭരണികൾ ഭൂമിക്കടിയിലായതിനാൽ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം പരമാവധി ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.[14]

ചിത്രങ്ങൾ‌

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Amber Fort - Jaipur". Archived from the original on 2009-03-08. Retrieved 2008-05-20.
  2. "Amber". Archived from the original on 2008-08-04. Retrieved 2010-10-23.
  3. "Amber Fort - Jaipur". Archived from the original on 2009-03-08. Retrieved 2010-10-23.
  4. http://www.iloveindia.com/indian-monuments/amber-fort.html
  5. "Amber Fort". Archived from the original on 2009-03-08. Retrieved 2008-04-20.
  6. ചാന്ദ് പോളിനും സൂരജ് പോളിനും മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫലകങ്ങൾ
  7. ജലേബ് ചൗക്കിൽ സ്ഥാപിച്ചിരിക്കുന്ന വിവരഫലകം
  8. ദിവാൻ ഇ ആമിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ
  9. "Jaipur the Pink City". Retrieved 28 October 2010.
  10. ഗണേശ് പോളിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ
  11. ദിവാൻ ഇ ഖാസിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന വിവരഫലകം
  12. മാൻ സിങ് കൊട്ടാരത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ
  13. തുരങ്കത്തിന്റെ പ്രവേശനദ്വാരത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന വിവരഫലകം
  14. മാൻ സിങ് കൊട്ടാരത്തിലേയും ദിവാൻ ഇ ആമിലേയും ജലസംഭരണികൾക്കടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആംബർ_കോട്ട&oldid=3650248" എന്ന താളിൽനിന്ന് ശേഖരിച്ചത്