Jump to content

പഞ്ചാബി ചലച്ചിത്രം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cinema of Punjab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും പാകിസ്താനിലും ഉള്ള പഞ്ചാബ് സംസ്ഥാനങ്ങളിൽ പഞ്ചാബി ഭാഷ അടിസ്ഥാനമാക്കിയുള്ള സിനിമവ്യവസായമാണ് പഞ്ചാബി സിനിമ (പഞ്ചാബിയിൽ : ਪੰਜਾਬੀ ਸਿਨੇਮਾ) സാധാരണയായി പോളിവൂഡ്‌, എന്നറിയപ്പെടുന്നത് . 20 നൂറ്റാണ്ടിലെ പഞ്ചാബി സിനിമയിൽ പാക് അധിഷ്ഠിത പഞ്ചാബി സിനിമയുടെ വലിയ സ്വാധീനം ഉണ്ടായിരുന്നു , എന്നാൽ 21 നൂറ്റാണ്ടിലെ പഞ്ചാബി സിനിമ ഇന്ത്യൻ പഞ്ചാബ് സിനിമയിലുണ്ടായ കുതിച്ചുചാട്ടം കാരണം അതിന്റെ പര്യായമാണ് മാറിയിരിക്കുന്നു. 

ആദ്യ പഞ്ചാബി സിനിമ കൽക്കട്ടയിൽ (ഇന്നത്തെ കൊൽക്കത്ത) നിർമ്മിച്ച് അന്നത്തെ ബ്രിട്ടീഷ് അടിസ്ഥിത പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിൽ പ്രദർശിപ്പിച്ചു. ലാഹോർ സിനിമാ വ്യവസായം ലാഹോർ എന്നതും ഹോളിവുഡ് എന്നതും ചേർത്ത് ലോലിവുഡ് എന്നറിയപ്പെടുന്നു. 

2009 വരേക്കും പഞ്ചാബി സിനിമവ്യവസായം 900 നും 1000നും ഇടക്ക് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പ്രദർശനത്തിനെത്തുന്ന ശരാശരി സിനിമയുടെ എണ്ണം 1970കളിൽ 9, 1980കളിൽ 8, 1990കളിൽ 6 എന്നിങ്ങനെ ആയിരുന്നു. 1995 റിലീസ് ചെയ്ത ചിത്രങ്ങൾ 11നും 1996 ഏഴായി ചുരുങ്ങുകയും 1997 അഞ്ചണ്ണം ആകുകയും ചെയ്തു. 2000കൾ മുതൽ വലിയ ബഡ്ജറ്റുകളുമായി കൂടുതൽ കൂടുതൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. 

ആദ്യ ചലച്ചിത്രം

[തിരുത്തുക]

1935 ൽ കെ.ഡി. മെഹ്‌റയാണ് ഷീല അഥവാ പിൻഡ്‌ കി ഗുഡി എന്ന പേരിൽ ആദ്യ പഞ്ചാബി ഭാഷ ചലച്ചിത്രം നിർമ്മിക്കുന്നത്. നൂർ ജഹാനെ ഈ ചിത്രത്തിൽ അഭിനേത്രിയായും ഗായികയായും അവതരിപ്പിച്ചു. ഷീല കൽക്കട്ട നഗരത്തിൽ നിർമ്മിക്കുകയും ലാഹോറിൽ പ്രദർശിപ്പിക്കുകയും ആണുണ്ടായത്. ചിത്രം പ്രവിശ്യയിൽ ഉടനീളം വിജയകരമായി ഓടുകയും ഹിറ്റായി മാറുകയും ചെയ്തു. ഇതിന്റെ വിജയത്തെ തുടർന്നു കൂടുതൽ നിർമ്മാതാക്കൾ പഞ്ചാബി സിനിമകൾ നിർമ്മിക്കാൻ തുടങ്ങി. എം.എം. ബില്ലൂ മെഹ്റയുടെ സഹായത്തോടെ എം.ഡി. മെഹ്റ തന്റെ രണ്ടാമത്തെ ചലച്ചിത്രം, ഹീർ സിയാൽ 1938 ൽ നിർമ്മിച്ചു. ചിത്രത്തിൽ നൂർ ജഹാനും പുതിയ അഭിനേതാക്കളായി ബാലുവും എം.ഇസ്മായിലും അഭിനയിച്ചു.ചിത്രം സാമ്പത്തിക വിജയം കൈവരിക്കുകയുണ്ടായി.[1]

ലാഹോറിലെയും പഞ്ചാബിലെയും വിശാലമായ പഞ്ചാബി സമൂഹം മൂലം പ്രസ്തുത സ്ഥലങ്ങൾ പഞ്ചാബി ഭാഷാ സിനിമാവിപണിയായി മാറി.സ്റ്റുഡിയോകൾ തുറക്കുകയും ബോംബെ, കൽക്കട്ട തുടങ്ങിയിടങ്ങളിലെ കലാകാരന്മാർ,നിർമാതാക്കൾ, സംവിധായകർ,ടെക്നീഷ്യന്മാർ ലാഹോറിലേക്കു മാറി. ശാന്ത ആപ്‌തെ, മോത്തിലാൽ, ചന്ദ്ര മോഹൻ, ഹീരാലാൽ, നൂർ ജഹാൻ, മുംതാസ് ശാന്തി, വാലി, സയ്ദ് അറ്റഹുള്ള ഷാ ഹാഷ്മി, കൃഷ്ണ കുമാർ തുടങ്ങിയവരായിരുന്നു പ്രമുഖർ. ബൽദേവ് രാജ് ചോപ്ര,പിൽകാലത്ത് സംവിധായകനായി അറിയപ്പെട്ടു, ലാഹോറിൽ സിനിമ വ്യവസായം തുടങ്ങുകയും സിനി ഹെറാൾഡ് എന്ന പേരിൽ സിനിമാവാരിക പ്രസിദ്ധീകരിക്കുകയും ചെയ്തു. രാമാനന്ദ് സാഗർ,ഇദ്ദേഹവും പിൽകാലത്ത് സംവിധായകനായി അറിയപ്പെട്ടു, ഈവെനിംഗ് ന്യൂസുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു. 

പഞ്ചാബ് വിഭജനം

[തിരുത്തുക]

1947 ഇന്ത്യയെ ഇന്ത്യ എന്നും പാകിസ്താൻ എന്നും രണ്ടു രാജ്യങ്ങളായി വിഭജിച്ചു. പഞ്ചാബ് പ്രവിശ്യയും രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറൻ പഞ്ചാബ് പാകിസ്താന്റെയും കിഴക്കൻ പഞ്ചാബ് ഇന്ത്യയുടേയും ഭാഗമായി. ഈ വിഭജനം പഞ്ചാബി സിനിമാവ്യവസായത്തെ പ്രതികൂലമായി സ്വാധീനിച്ചു. കാരണം മിക്ക മുസ്ലിം കലാകാരന്മാരും സംവിധായകരും പാകിസ്താനിലേക്ക് കുടിയേറുകയും അവിടെ ലോലിവുഡിൽ പ്രവർത്തിക്കുകയും ചെയ്തു. അതേ സമയം ഹിന്ദുക്കളും സിഖുകാരും ബോംബൈയിലേക്കും കുടിയേറി.

ഇന്ത്യൻ പഞ്ചാബി സിനിമാവ്യവസായത്തെ സജീവമാക്കി നിലനിർത്താൻ ഇക്കാലത്തു ശ്രമങ്ങൾ നടത്തിയിരുന്നു. പോസ്റ്റി, ദോ ലാച്ചിയാൻ, ഭാംഗ്‌റ തുടങ്ങിയ ചലച്ചിത്രങ്ങൾ ചില വിജയങ്ങൾ നേടിയെങ്കിലും പഞ്ചാബി സിനിമയെ പുനരുജ്ജീവിപ്പിക്കാൻ പര്യാപ്തമായില്ല. ഈ ചലച്ചിത്രങ്ങളിലെ പാട്ടുകൾ റേഡിയോവിൽ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോളമോ ഓടിയിരുന്നു.

വിഭജനത്തിനു ശേഷവും ഹാസ്യത്തിന്റെ പ്രവണത തുടർന്നു. സുന്ദറും നിഷിയും അഭിനയിച്ച രാജ് ബക്രിയുടെ ഭാംഗ്‌റ(1958) അക്കാലത്തെ ഒരു ഹിറ്റായിരുന്നു. 1980ൽ സംവിധായകനായ മോഹൻ ബക്രി മെഹർ മിത്തലിനെയും അപർണ ചൗധരിയെയും വച്ചു ജാട്ടി എന്ന പേരിൽ പുനർനിർമ്മിച്ച ചിത്രവും മികച്ച സാമ്പത്തിക വിജയം നേടുകയുണ്ടായി.വർമ മാലിക് രചിച്ച വരികൾക്ക് സംഗീതം പകർന്നത് ഹാൻസ്‌രാജ് ബെഹ്‌ൽ ആയിരുന്നു. ഷംഷാദും റാഫിയും ആലപിച്ച ഗാനങ്ങളും ഹിറ്റുകൾ തന്നെയായിരുന്നു. 1957ൽ പുറത്തിറങ്ങിയ ജോണി വാക്കർ എന്ന ചലച്ചിത്രവും ഈ കാലയളവിലെ വിജയിച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ്.

പ്രകാശ് മഹേശ്വരി സംവിധാനം ചെയ്ത വലിയ ബഡ്ജറ്റ് ചിത്രമായ, സത്ലജ് ദെ കാണ്ടേ, എന്ന ചിത്രം 1964ലാണ് പ്രദർശനത്തിനെത്തുന്നത്. ബൽരാജ് സാഹ്നി,നിഷി,വസ്തി,മിർസ മുഷറഫ് എന്നിവർ അഭിനയിച്ച ചിത്രത്തിന് സംഗീതം നൽകിയത് ഹാൻസ്‌രാജ് ബെഹ്‌ൽ ആയിരുന്നു.ബൽരാജ് സാഹ്നി അഭിനയിച്ച ഏക പഞ്ചാബി ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വലിയ ഹിറ്റായി മാറിയ ചിത്രം ഒരു ദേശീയ ചലച്ചിത്ര അവാർഡും നേടുകയുണ്ടായി. സത്ലജ് ദെ കാണ്ടേ ദൂരദർശനിൽ മൂന്നു തവണ പ്രദർശിപ്പിച്ചു.

1969ൽ പ്രിത്വി രാജ് കപൂർ,ഐ എസ് ജോഹർ, വിമി, സോം ദത്ത്, നിഷി,സുരേഷ്,ഡേവിഡ് അബ്രഹാം തുടങ്ങിയവർ അഭിനയിച്ച നാനക് നാം ജഹാസ് ഹെ എന്ന ചിത്രം പുറത്തിറങ്ങി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ യഥാർത്ഥ വിജയം നേടിയ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പഞ്ചാബി സിഖുകാരെ സാംസ്കാരികമായി സ്വാധീനിച്ച ഈ ചിത്രം പഞ്ചാബി ചലച്ചിത്രവ്യവസായത്തെ ഉണർത്തി എന്നു കണക്കാക്കാം. ടിക്കറ്റുകൾ വാങ്ങാൻ ആളുകൾ കിലോമീറ്ററുകൾ നീണ്ട വരികൾ സൃഷ്ടിച്ചിരുന്നു.

1970- ലെ ചിത്രങ്ങൾ നാനാക് നാം ജഹാസ് ഹെ എന്ന ചിത്രത്തിന്റെ വിജയത്തോടുകൂടി ഒരുപാടു ചിത്രങ്ങൾ റിലീസായി. ഹിന്ദിസിനിമയിലെ പഞ്ചാബിൽ നിന്നുള്ള താരങ്ങൾ പഞ്ചാബിസിനിമയിൽ താല്പര്യം കാണിച്ചു. 1970 ൽ കങ്കൺ ദേ ഓലേ( ധർമ്മേന്ദ്ര, ആഷാ പരേഖ്, രവീന്ദ്ര കപൂർ), നാനാക് ദുഖിയ സബ് സംസാർ (ധാരാസിംഹ്, ബൽ‌രാജ് സാഹ്നി, രാം മോഹൻ, ആശാ സച്ദേവ്), എന്നീ ചിത്രങ്ങൾ ഇറങ്ങി. 1971 ൽ വലിയ ചിത്രങ്ങളൊന്നും ഇറങ്ങിയില്ല. 1972 ൽ, ധാരാ സിംഗ്, പ്രിത്ഥ്വീരാജ് കപൂർ എന്നിവ അഭിനയിച്ച മേളേ മിത്രൻ ദേ, സുനിൽ ദത്ത്, രാധ സലൂജ, രഞ്ജിത്ത് എന്നിവർ അഭിനയിച്ച മൻ ജീത്തേ ജഗ് ജീത്ത് എന്നിവയായിരുന്നു പ്രമുഖചിത്രങ്ങൾ. ദോ ശേർ (ധർമ്മേന്ദ്ര, രാജേന്ദ്രകുമാർ), ഭഗത് ധന്നാ ജട്ട് (ധാരാസിംഗ്, ഫിറോസ് ഖാൻ), സച്ചാ മേരാ രൂപ് ഹേ (മൻ‌മോഹൻകൃഷൻ) ദുഃഖ് ഭഞ്ജൻ തേരാ നാം (ഷമീന്ദർ സിംഗ്, രാധ സലൂജ) എന്നീ ചിത്രങ്ങൾ 1974-ൽ പുറത്തിറങ്ങി.

1975 ൽ ഇറങ്ങിയ തേരി മേരി ജിന്ദ്‌രീ എന്ന ചിത്രത്തിൽ ധർമ്മേന്ദ്രയ്ക്കൊപ്പം അദ്ദേഹത്തിന്റെ കസിൻ വീരേന്ദ്രയും അഭിനയിച്ചു. ദാജ്, ഗിഡ്ഡ, മേം പാപി തും ഭക്ഷൻ‌ഹാർ, പാപീ താരേ അനേക്, സന്തോ ബന്തോ, സർദാർ - എ- ആസാം, സവാ ലാഖ് സേ ഏക് ലദാൻ, താക്രാ, യമ്‌ലാ ജട്ട് എന്നീ ചിത്രങ്ങൾ 1976 ൽ ഇറങ്ങി. ധാരാ സിംഗ് നായകനായി അഭിനയിച്ച്, രാജേഷ്ഖന്ന അതിഥിതാരമായി എത്തിയ ചിത്രം സവാ ലാഖ് സേ ഏക് ലദാൻ വലിയ ഹിറ്റ് ആയി. 1977 ൽ ജയ് മാതാ ദി, സാൽ സോൽവൻ ചഡ്‌യാ, സത് ശ്രീ അകാൽ, ഷഹീദ് സർത്താർ സിംഗ് സരാഭാ എന്നിവ ഇറങ്ങി.

രേഖ അഭിനയിച്ച സാൽ സോ‌ൽ‌വൻ ചഡ്‌യാ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രത്തിൽ സുനിൽ ദത്ത്, ശത്രുഘ്നൻ സിൻ‌ഹ, പ്രേംനാഥ് എന്നിവരും ഉണ്ടായിരുന്നു. ഉഡീകാൻ, ധ്യാനി ഭഗത്, ജയ് മാതാ ഷേരോംവാലി, ജിന്ദ്‌രീ യാർ ദീ എന്നീ ചിത്രങ്ങൾ 1978ൽ പുറത്തിറങ്ങി. ഉഡീകാൻ എന്ന സിനിമ വലിയ ഹിറ്റായിരുന്നു. മെഹർ മിത്തൽ പ്രധാനതാരമായി അഭിനയിച്ച വിലായത്തി ബാബു എന്ന ജോണീവാക്കർ ചിത്രമാണ് റീമേക്കു ചെയ്യുന്ന ആദ്യത്തെ പഞ്ചാബി ചിത്രം. അതിൽ അമിതാബ് ബച്ചനും അഭിനയിച്ചു. ഗുരുമാനിയോ ഗ്രന്ഥ്, ജട്ട് പഞ്ചാബി, കുവാരാ മാമാ, സുഖി പരിവാർ, തിൽ തിൽ ദലേഖാ എന്നീ ചിത്രങ്ങൾ 1979ൽ ഇറങ്ങി. തിൽ തിൽ ദലേഖാ എന്ന ചിത്രം രാജേഷ് ഖന്നയുടെ രണ്ടാമത്തെ പഞ്ചാബി ചിത്രവും, അദ്ദേഹം നായകനാവുന്ന ആദ്യത്തെ ചിത്രവും ആയിരുന്നു. കഥയ്ക്കും, നല്ല രണ്ടാമത്തെ ചിത്രത്തിനുമുള്ള പഞ്ചാബ് സർക്കാറിന്റെ അവാർഡ് ആ ചിത്രം നേടി. ആദ്യത്തെ പഞ്ചാബി മിസ്റ്ററി ചിത്രമായ വാംഗാർ 1979ൽ ഇറങ്ങിയെങ്കിലും ഹിറ്റ് ആയില്ല.

1980ൽ ഇറങ്ങിയ ഛൻ പർദേശി എന്ന ചിത്രമാണ് നാഷനൽ അവാർഡ് നേടുന്ന ആദ്യത്തെ പഞ്ചാബ് ചിത്രം. അക്കൊല്ലത്തെ വലിയ ഹിറ്റും ആയിരുന്നു അത്. രാജ് ബബ്ബർ, രമാ വിജ്, അമരീഷ് പുരി, ഓം പുരി, കുൽഭൂഷൺ കർബന്ദ എന്നിവർ അഭിനയിച്ചു.

സഞ്ജീവ് കുമാർ പ്രധാന റോളിൽ അഭിനയിച്ച് ഫൌജി ചാച്ച അക്കൊല്ലം ഇറങ്ങി. 1958 ലെ ഭാംഗ്രാ എന്ന ചിത്രം ജാട്ടി എന്ന പേരിൽ പുറത്തിറങ്ങി. സുന്ദർ, നിഷി, മെഹർ മിത്തൽ, അപർണ ചൌധരി എന്നിവരാണ് അതിലെ അഭിനേതാക്കൾ. ചിത്രം വിജയമായിരുന്നു.

1981 ലെ ഏക ഹിറ്റ് ചിത്രം ബൽബിറോ ഭാഭി ആയിരുന്നു. വീരേന്ദ്രയായിരുന്നു നായകൻ. 1985 ൽ ഉച്ചാ ദർ ബാബേ നാനാക് ദാ, സർപഞ്ച് എന്നീ ചിത്രങ്ങൾ ഇറങ്ങി. 1983ൽ പല ചിത്രങ്ങളും ഇറങ്ങി. അതിൽ പട്ട് ജട്ടൻ ദേ വലിയ വിജയമായി. 1984ൽ വീരേന്ദ്ര നായകനായ യാരീ ജട്ട് ദീ വലിയ ഹിറ്റായി. പകുതിയോളം ഭാഗങ്ങൾ യുകെ യിൽ ചിത്രീകരിച്ച ആദ്യത്തെ പഞ്ചാബ് ചിത്രമായിരുന്നു അത്. ഗുർദാസ് മാൻ ന്റെ മാമ്‌ലാ ഗർബർ ഹേ എന്നതും ഹിറ്റായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ആയി.

മൊഹമ്മദ് സാദിക്കിന്റെ ഗുഡ്ഡോയും വീരേന്ദ്രയുടെ വൈരിയും 1985 ലെ ഹിറ്റ് ചിത്രങ്ങളായിരുന്നു. രാജ് ബബ്ബാർ, ഗുർദാസ് മാൻ, ഓം പുരി, നീന ഡിയോൾ എന്നിവർ അഭിനയിച്ച ലോംഗ് ദാ ലഷ്കാരാ എന്ന ചിത്രം 1986 ലെ സൂപ്പർഹിറ്റ് ആയിരുന്നു. 1987 ൽ വീരേന്ദ്രയുടെ പട്ടോളയും ജോർ ജട്ട് ദാ യും ഇറങ്ങി. ജട്ട് ദേ സമീൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് വീരേന്ദ്ര കൊല്ലപ്പെട്ടു.

1988 ൽ വലിയ റിലീസുകളൊന്നും ഉണ്ടായില്ല. രാജ് ബബ്ബർ, പങ്കജ് കപൂർ, കൻ‌വൽജിത് സിംഗ്, പരീക്ഷിത് സാഹ്നി, ദീപ്തി നവൽ എന്നിവരഭിനയിച്ച മാർഹി ദാ ദേവാ 1989ൽ ഇറങ്ങി. ഗുഗ്ഗു ഗിൽ, യോഗ് രാജ് സിംഗ്, ഗുർദാൻ മാൻ, ധർമ്മേന്ദ്ര, രാജ് ബബ്ബർ, പ്രീതി സപ്രു എന്നിവരഭിനയിച്ച കുർബ്ബാനി ജട്ട് ദി എന്ന ചിത്രം ഇറങ്ങി. പ്രീതി സപ്രു സംവിധാനം ചെയ്ത ആ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി. വീരേന്ദ്രയുടെ അവസാനചിത്രമായ ദുശ്മനി ദി ആഗ് ആയിരുന്നു മറ്റൊരു പ്രമുഖചിത്രം. ഗുർദാസ് മാൻ, പ്രീതി സപ്രു എന്നിവരും അഭിനയിച്ച ആ ചിത്രവും ഹിറ്റായിരുന്നു.

ദൽജീത് കൌർ, ഗുഗ്ഗു ഗിൽ എന്നിവർ അഭിനയിച്ച ആംഖ് ജട്ടൻ ദി എന്ന ചിത്രം 1991 ലെ ഒരു മികച്ച ചിത്രമായിരുന്നു. ഗുഗ്ഗു ഗിൽ എന്ന വില്ലൻ നടനെ നായകനായി പ്രേക്ഷകർ അംഗീകരിച്ച ആദ്യചിത്രം കൂടെ ആയിരുന്നു അത്. ബദ്‌ലാ ജട്ടി ദാ അക്കൊല്ലത്തെ വിജയചിത്രമായിരുന്നു. ഗുഗ്ഗു ഗിൽ, അമൻ നൂറി എന്നിവരും, യോഗ്‌രാജ് സിംഗ് വില്ലൻ റോളിലും അഭിനയിച്ച ചിത്രമായിരുന്നു അത്. സതീഷ് കൌൾ, രമ വിജ്, മെഹർ മിത്തൽ, എന്നിവരഭിനയിച്ച സൌ മെനൂ പഞ്ചാബ് ദീ എന്ന ചിത്രവും 1991ൽ പുറത്തിറങ്ങി. പ്രമുഖ സംവിധായകനായ സുഖ്ദേവ് അലുവാലിയ സംവിധാനം ചെയ്ത ആ ചിത്രത്തിന് സംഗീതം നൽകിയത് സുരീന്ദർ കോഹ്ലി ആയിരുന്നു.

ദീപ് ധില്ലൻ, സുനിത ധീർ എന്നിവരഭിനയിച്ച്, 1991ൽ പുറത്തിറങ്ങിയ വൈശാഖി, വലിയ വിജയം നേടിയില്ല. ജട്ട് ജിയോണാ മോർ അക്കൊല്ലം വലിയ ഹിറ്റ് ആവുകയും ഗുഗ്ഗു ഗിൽ സൂപ്പർസ്റ്റാർ ആവുകയും ചെയ്തു. യോഗ്‌രാജ് സിംഗിന്റെ ജഗ്ഗ ഡാക്കു തരക്കേടില്ലാത്ത വിജയം നേടി. ഗുഗ്ഗു ഗിൽ, അമൻ നൂറി എന്നിവരഭിനയിച്ച ദിൽ ദാ മാമ്‌ലാ പരാജയം ആയിരുന്നു.

യോഗ്‌രാജ് സിംഗ്, നീന സിദ്ധു എന്നിവരുടെ ചിത്രമായ ജട്ട് സച്ചാ സിംഗ് സൂർമ്മ, ഗുഗ്ഗു ഗില്ലിന്റെ മിർസാ സാഹിബാൻ, ലൽക്കാരാ ജട്ട് ദാ, സാലി ആധി ഘർവാലി എന്നീ ചിത്രങ്ങൾ വലിയ വിജയം നേടിയില്ല. മെഹന്ദി ഷഗ്നൻ ദി, കുഡി കാനഡാ ദി എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു.

ഗുർദാസ് മാൻ, യോഗ്‌രാജ് സിംഗ് എന്നിവരുടെ 1994 ൽ ഇറങ്ങിയ കച്ചേരി എന്ന ചിത്രത്തിന് നാഷനൽ അവാർഡ് ലഭിച്ചു. പുതുമുഖനടനായ വിശാൽ സിംഗ് അഭിനയിച്ച തബാഹി എന്ന ചിത്രവും അക്കൊല്ലത്തെ ഒരു ഹിറ്റ് ചിത്രമായിരുന്നു. ഗുഗ്ഗു ഗില്ലിന്റെ വൈരി എന്ന ചിത്രവും വിജയിച്ചു. പക്ഷെ, യോഗ്‌രാജ് സിംഗ് വില്ലനായി അഭിനയിച്ച ജിഗ്‌രാ ജട്ട് ദാ എന്ന ചിത്രം പരാജയപ്പെട്ടു. കിമി വർമ്മയുടെ,1995 ൽ ഇറങ്ങിയ നസീബോയും ക്വഹറും വലിയ വിജയമായില്ല. ഗുർദാസ് മാൻ, പ്രീതി സപ്രു, ധാരാ സിംഗ് എന്നിവരഭിനയിച്ച പ്രതിഗ്യ എന്ന ചിത്രം വിജയമായി. യോഗ്‌രാജ് സിംഗിന്റെ സൈൽദാർ, നയൻ പ്രീതോ ദേ, എന്നീ ചിത്രങ്ങളും സർ ധാദ് ദീ ബാസി എന്നീ ചിത്രങ്ങളും വിജയം നേടി. എന്നാൽ ഗു‌ർദാസ് മാൻ ന്റെ ഭാഗ്‌വത് വിജയിച്ചില്ല. ഝക്മി ജാഗിർദാർ, മേരാ പഞ്ചാബ് എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു.

1996 ൽ സൂഖാ എന്ന വിശാൽ സിംഗ് ചിത്രം മാത്രമാണ് വിജയിച്ചത്. ദേശോം പർദേശോം, ഉപാസന സിംഗ്, ഗുർകീർത്തൻ, ശിവിന്ദർ മഹൽ എന്നിവരഭിനയിച്ച ധീ ജട്ട് ദീ, യോഗ്‌രാജ് സിംഗിന്റെ വിച്ചോഡാ, ഗവാഹി ജട്ട് ദീ, ജോറാവർ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ധാരാ സിംഗിന്റെ വിന്ദൂ, ഫറയുടെ രബ്ബ് ദിയാ രഖൻ എന്നിവയും പരാജയപ്പെട്ടു.

1997 ലെ ചിത്രങ്ങളായ മേള, ട്രക്ക് ഡ്രൈവർ, സർദാരി, പ്രീതൻ ദേ പെഹ്‌രേദാർ, പശ്ച്താവാ എന്നീ ചിത്രങ്ങൾ ലാഭമുണ്ടാക്കിയില്ല. ഗുഗ്ഗു ഗില്ലിന്റെ പടം പോലും വിജയമായിരുന്നില്ല. ട്രെയിൻ ടു പാകിസ്താൻ ഹിന്ദിയും പഞ്ചാബിയും കലർത്തിയുണ്ടാക്കി. പിന്നീട് ഫിലിം ഫെസ്റ്റിവലുകൾക്കുവേണ്ടി പഞ്ചാബിയിൽ ഡബ്ബു ചെയ്തു.

1998ൽ ഗുഗ്ഗു ഗില്ലിന്റെ, പർജ്ജാ പർജ്ജാ ഖത് മാരേ, ധാരാ സിംഗ്, രവീന്ദർ മാൻ, വിശാൽ എന്നിവരുടെ ലാലി, ഖുൽഭൂഷൺ കർബന്ദ, തനൂജ എന്നിവരുടെ ദിൽദാരാ എന്നീ ചിത്രങ്ങൾ ലാഭം നേടിയില്ല. വലിയ ബജറ്റ ചിത്രമായിരുന്ന ഗുരു ഗോബിന്ദ് സിംഗ് പോലും പരാജയപ്പെട്ടു. ബൽ‌വന്ത് ദുല്ലത്ത് സംവിധാനം ചെയ്ത മേം മാ പഞ്ചാബ് ദീ എന്ന ചിത്രം നാഷനൽ അവാർഡ് നേടി. ആ ചിത്രം ടി വി യിൽ ആവർത്തിച്ച് കാണിച്ചിരുന്നു. ജസ്‌പാൽ ഭട്ടിയുടെ മഹോൾ ഠീക് ഹേ എന്ന ചിത്രം ആ വർഷം ഒടുവിൽ ഇറങ്ങി. അത് ഹിറ്റ് ആയിരുന്നു. 1991 ലെ ജട്ട് ജിയോണാ മോറ യ്ക്കും, 1992 ലെ ബദ്‌ലാ ജട്ടി ദാ യ്ക്കും ശേഷമുള്ള ആദ്യത്തെ ഹിറ്റ് ചിത്രമായി അത്. മഹോൾ ഠീക് ഹേ, ഷഹീദ് എ മൊഹബ്ബത്ത് (ഗുർദാസ് മാൻ, ദിവ്യ ദത്ത) എന്നീ ചിത്രങ്ങൾ 1999ൽ വിജയചിത്രങ്ങളായി. മുക്കദ്ദർ, തേരാ മേരാ പ്യാർ, നദിയോം വിച്ച് ദേ നീർ, ദൂർ നഹി നങ്കാനാ, ഇഷ്ക് നചാവേ ഗലി ഗലി, എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടു.

രാജ്‌നീതി എന്ന ചിത്രവും ലാഭം ഉണ്ടാക്കിയില്ല. രാജ് ബബ്ബറിന്റെ ഷഹീദ് ഉദ്ധം സിംഗ്, ഗുർദാസ് മാൻ ന്റെ ഷഹീദ് എ മൊഹബ്ബത്ത് എന്നീ ചിത്രങ്ങൾ മാത്രമാണ് ഹിറ്റ് ആയത്. 2002ൽ ഇറങ്ങിയ ഒരൊറ്റ ചിത്രമായ, അവിനാശ് വാധ്‌വാൻ, ഉപാസന സിംഗ്, ദീപ്‌ശിഖ എന്നിവരുടെ ദർദ് പർദേസൻ ദേ എന്ന ചിത്രം പഞ്ചാബിൽ പരാജയമായെങ്കിലും വിദേശത്ത് വിജയമായി. 2001 ൽ സിക്കന്ദ്രയും ജാഗിരയും റിലീസ് ആയി. അവിനാശ് വാധ്‌വാനും അയേഷ ജുൽക്കയും അഭിനയിച്ച ഖത്സ മേരോ രൂപ് ഹേ ഖാസ് വിദേശത്തുമാത്രം റീലീസായി.

ഗായകനായിരുന്ന ഹർഭജൻ സിംഗ് മാൻ അഭിനയിക്കുകയും മൻ‌മോഹൻ സിംഗ് സംവിധാനം നിർവ്വഹിക്കുകയും ചെയ്ത ജീ അയാൻ നു എന്ന ചിത്രം 2002ൽ റിലീസായി. ആ ചിത്രം വൻ വിജയമായി.

2003 ൽ ബദ്‌ലാ ഇറങ്ങി. 2004 ൽ ആശാ നു മാൻ വത്നാ ദേയും. മൻ‌മോഹൻ സിംഗ് സംവിധാനം ചെയ്ത ആ ചിത്രത്തിലും ഹർഭജൻ സിംഗ് മാൻ ആയിരുന്നു നായകൻ.

2005 ൽ ജീജാ ജി, ദേശ് ഹോ യാ പർദേശ്, മേം തു അസ്സി തുസ്സി, യാരാ നാൾ ബഹാരൺ, നാലായക് എന്നീ ചിത്രങ്ങൾ റിലീസായി. ഹർഭജൻ അഭിനയിച്ച് മൻ‌മോഹൻ സംവിധാനം ചെയ്ത ദിൽ അപ്നാ പഞ്ചാബി, പ്രഭ്ലീൻ സന്ധുവിന്റെ ആദ്യചിത്രമായ ഏക് ജിന്ദ് ഏക് ജാൻ, ഗുർബീർ സിംഗ് ഗ്രേവാൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത, ജിമ്മി ഷേർഗില്ലും, കുല്‌രാജ് രാന്ധ്‌വയും അഭിനയിച്ച മന്നത്ത്, വാരിസ് ഷാ: ഇഷ്ക് ദാ വാരിസ് എന്നീ ചിത്രങ്ങൾ 2006ൽ ഇറങ്ങി. 2007ൽ രുസ്തം ഏ ഹിന്ദ്, മിട്ടി വജൻ മർദ്ദി (ഹർഭജനും മൻ‌മോഹനും) എന്നിവ ഇറങ്ങി.

2008ൽ ഗുർലീൻ ചോപ്ര ആദ്യമായി അഭിനയിച്ച ഹഷർ - എ ലവ് സ്റ്റോറി. യാരിയാം, മേരാ പിന്ദ്, ലഖ് പർദേസി ഹോയേ, ഹെവൻ ഓൺ എർത്ത്, സത് ശ്രീ അകാൽ എന്നീ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. 2009 ൽ ജഗ് ജിയോദെയേ മേളേ എന്ന ചിത്രം ഹിറ്റ് ആയി.

ജിമ്മി ഷേർഗില്ലിന്റേയും കുൽ‌രാജ് രാന്ധ്‌വയുടേയും ചിത്രമായ തേരാ മേരാ കി രിശ്‌ത എന്ന ചിത്രവും ഹിറ്റ് ആയി. മൻ‌മോഹൻ സിംഗ് സംവിധാനം ചെയ്ത്, ജിമ്മി ഷേർഗിലും, ഗുർപ്രീത് ഗുഗ്ഗിയും അഭിനയിച്ച മുണ്ടേ യു കെ ദി സൂപ്പർഹിറ്റ് ആയി.

മുണ്ടേ യു കെ ദി എന്ന ചിത്രം മൻ‌മോഹൻ സിംഗ് തന്നെ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദിൽ അപ്‌നാ പഞ്ചാബി എന്ന ചിത്രത്തേക്കാൾ ഹിറ്റ് ആയി. 2006ൽ ഹരീന്ദർ ഗിൽ സംവിധാനം ചെയ്ത് ഗോൾഡി സോമൽ, ഗാവീ ചാഹൽ, പ്രബ്‌ലീൻ എന്നിവരഭിനയിച്ച ഈസ്റ്റ് പഞ്ചാബിൽ ഹിറ്റായിരുന്നു.


  1. "mazhar.dk - An infotainment website". mazhar.dk. Archived from the original on 2015-04-02. Retrieved 30 March 2015.