അറ്റീന ഫർഗദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atena Farghadani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അറ്റീന ഫർഗദാനി
അറ്റീന ഫർഗദാനി
ജനനം (1987-01-29) 29 ജനുവരി 1987  (37 വയസ്സ്)
ദേശീയത ഇറാനിയൻ
വിദ്യാഭ്യാസം അൽസഹ്‌റ യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾ CRNI Award for Courage in Editorial Cartooning, Václav Havel Prize for Creative Dissent (2016)


അറ്റീന ഫർഗദാനി (പേർഷ്യൻ: آتنا فرقدانی; ജനനം 29 ജനുവരി 1987) ഒരു ഇറാനിയൻ കലാകാരിയും രാഷ്ട്രീയ പ്രവർത്തകയും ഏകദേശം 18 മാസക്കാലം ഇറാനിൽ തടവിലാക്കപ്പെട്ട വനിതയുമായിരുന്നു. ആംനസ്റ്റി ഇൻ്റർനാഷണൽ അവരെ മനസ്സാക്ഷിയുടെ തടവുകാരി എന്ന സംജ്ഞ നൽകി ആദരിക്കുന്നു.[1] 2016 മെയ് 3 നാണ് അവർ ജയിൽവാസം പൂർത്തിയാക്കി പുറത്തിറങ്ങിയത്.[2]

അറസ്റ്റും തടവും[തിരുത്തുക]

അവർ രചിച്ച ഒരു കാർട്ടൂണിൽ, സ്വമേധയായുള്ള വന്ധ്യംകരണം നിയമവിരുദ്ധമാക്കുകയും ജനന നിയന്ത്രണ നടപടികളെ നിയന്ത്രിക്കുകയും ചെയ്യുന്ന കരട് നിയമത്തെ വിമർശിക്കുകയും ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരെ കുരങ്ങന്മാരും ആടുകളും ആയി ചിത്രീകരിക്കുകയും ചെയ്തു. അവരുടെ കലാസൃഷ്ടികൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം, 2014 ഓഗസ്റ്റ് മാസത്തിൽ അവർ അറസ്റ്റ് ചെയ്യപ്പെടുകയും, സംഘടിത ആശയപ്രചരണം, പാർലമെൻ്റ് അംഗങ്ങളെ അപമാനിക്കൽ, ഇറാൻ്റെ പരമോന്നത നേതാവിനെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ടെഹ്‌റാനിലെ എവിൻ ജയിലിൽ മൂന്ന് മാസക്കാലത്തേക്ക് ജയിലിലടക്കുകയും ചെയ്തു. നവംബറിൽ അവർ ജയിലിൽനിന്ന് പുറത്തിറങ്ങി.[3]

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, പ്രസിഡൻ്റ് ഹസൻ റൂഹാനി, ജയിൽ മേധാവി എന്നിവർക്ക് തൻ്റെ ജയിൽ അനുഭവങ്ങളിൽ പ്രതിഷേധിച്ച് ഫർഗദാനി കത്തുകൾ അയച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. തുടർന്ന് അവൾ അതിൽ എവിൻ ജയിലിൽ തൻ്റെ അനുഭവത്തെക്കുറിച്ചും ഗാർഡുകൾ തന്നെ വസ്ത്രമുരുഞ്ഞ് പരിശോധന നടത്തുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വിശദീകരിച്ചുകൊണ്ട് പൊതുജനങ്ങളോട് ഒരു ഓൺലൈൻ വീഡിയോ പോസ്റ്റ് ചെയ്തു. 2015 ജനുവരിയിൽ അവർ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.[4] മൂന്നാഴ്ചകൾക്ക് ശേഷം, ജയിൽ വ്യവസ്ഥകളിൽ പ്രതിഷേധിച്ചുകൊണ്ട് അവർ ഒരു നിരാഹാര സമരം നടത്തി. 2015 ഫെബ്രുവരി അവസാനം അവർക്ക് ഒരു ഹൃദയാഘാതമുണ്ടായി.[5]

2015 ജൂൺ 1 ന്, ടെഹ്‌റാൻ കോടതിയിലെ ജഡ്ജി അബോൽഗാസെം സലാവതി ഈ ആരോപണങ്ങൾ ശരിവയ്ക്കുകയും അവൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തി 12 വർഷവും ഒമ്പത് മാസവും തടവിന് ശിക്ഷിക്കുകയും ചെയ്തു.[6] അവരെ ഇറാനിലെ ഘർചാക് ജയിലിലാണ് പാർപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.[7] 2015 ജൂണിൽ, വിചാരണയ്ക്ക് ശേഷം ജയിലിൽ തന്നെ സന്ദർശിച്ച അഭിഭാഷകനെ ഹസ്തദാനം ചെയ്തതിൻറെ പേരിൽ കന്യകാത്വ പരിശോധനയ്ക്കും ഗർഭ പരിശോധനയ്ക്കും തന്നെ വിധേയയാക്കിയതായി അവകാശപ്പെടുന്ന ഒരു കുറിപ്പ് അവർ ജയിലിൽ നിന്ന് ഒളിച്ചു കടത്തി. ഈ വാദം പിന്നീട് ജയിൽ അധികൃതർ സ്ഥിരീകരിച്ചു.[8] 2015 സെപ്റ്റംബറിൽ, ഫർഗദാനിയുടെ അഭിഭാഷകൻ മുഹമ്മദ് മൊഗിമിയെ ഹസ്തദാനം ചെയ്തത് 'വ്യഭിചാരത്തേക്കാൾ കുറഞ്ഞ നിയമവിരുദ്ധമായ അവിഹിത ബന്ധം', 'മാന്യതയില്ലാത്ത പെരുമാറ്റം' തുടങ്ങിയ കുറ്റങ്ങളായി കണക്കാക്കിക്കൊണ്ട് മൊഗിമിക്കെതിരെയും കേസെടുത്തു. ഇതിൽ പ്രതിഷേധിച്ച് അവർ നിരാഹാര സമരം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.[9]

ഡ്രോ4അറ്റീന[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായുള്ള ഒരു പ്രചാരണ ഗ്രൂപ്പായ കാർട്ടൂണിസ്റ്റ് റൈറ്റ്‌സ് നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൻ്റെ[10] ഒരു തുറന്ന കത്തിനും വാഷിംഗ്ടൺ പോസ്റ്റിൽ കാർട്ടൂണിസ്റ്റ് മൈക്കൽ കാവ്‌നയുടെ അഭ്യർത്ഥനയ്ക്കും ശേഷം,[11] ലോകമെമ്പാടുമുള്ള കലാകാരന്മാരും കാർട്ടൂണിസ്റ്റുകളും അവരുടെ കേസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ അവരുടെ കാർട്ടൂണുകൾ വ്യാപകമായി പങ്കിടാൻ തുടങ്ങി. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിൽ #draw4atena എന്ന ഹാഷ്‌ടാഗ് സൃഷ്‌ടിക്കപ്പെട്ടു. ഈ കാർട്ടൂണുകൾ ആഗോളതലത്തിൽ പങ്കുവയ്ക്കുന്നതിനായി ബ്രിട്ടീഷ് വർത്തമാനപ്പത്രമായ ദ ഗാർഡിയൻ സ്വീകരിച്ചിരുന്നു.[12]

ജയിൽമോചനം[തിരുത്തുക]

2016 മെയ് 3-ന് ഫർഗദാനിയെ വീണ്ടും ജയിലിൽനിന്ന് മോചിപ്പിക്കുകയും അവർക്കെതിരായ കുറ്റങ്ങൾ തള്ളിക്കളയുകയും ചെയ്തു. എന്നിരുന്നാലും രാജ്യം വിട്ടുപോകാൻ അവർ ഉദ്ദേശിച്ചില്ല.[13]

അംഗീകാരം[തിരുത്തുക]

2015-ൽ, കാർട്ടൂണിസ്റ്റ് റൈറ്റ്‌സ് നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൽ നിന്ന് അവരുടെ അസാന്നിധ്യത്തിൽ കറേജ് ഇൻ കാർട്ടൂണിംഗ് അവാർഡ് ഫർഗദാനിക്ക് ലഭിച്ചു.[14] 2016-ൽ ജയിൽവാസത്തിൽനിന്ന് പുറത്തിറങ്ങി രണ്ട് ദിവസങ്ങൾക്ക് ശേഷം, സർഗ്ഗാത്മക വിയോജിപ്പിനുള്ള വക്ലാവ് ഹാവൽ പ്രൈസ് അവർക്ക് ലഭിച്ചു.[15]

അവലംബം[തിരുത്തുക]

  1. "Imprisoned Iranian artist Atena Farghadani on hunger strike". amnesty.org. Amnesty International. 2 March 2015. Retrieved 2 October 2015.
  2. Cavna, Michael (4 May 2016). "Cartoonist Atena Farghadani, sentenced for satirizing government as animals, is freed in Iran" – via washingtonpost.com.
  3. Battersby, Matilda (2015-09-09). "Satirical cartoonist to have 12 year prison term extended over handshake". The Independent. Retrieved 2015-09-11.
  4. Battersby, Matilda (2015-09-09). "Satirical cartoonist to have 12 year prison term extended over handshake". The Independent. Retrieved 2015-09-11.
  5. "Iranian artist goes on trial for cartoon mocking draft law". bbc.com. BBC News. 19 May 2015. Retrieved 2 October 2015.
  6. "Free Atena, imprisoned for drawing cartoons in Iran". amnesty.org.uk. Amnesty International UK. Archived from the original on 3 October 2015. Retrieved 2 October 2015.
  7. Battersby, Matilda (2015-09-09). "Satirical cartoonist to have 12 year prison term extended over handshake". The Independent. Retrieved 2015-09-11.
  8. "Atena Farghadani released early after being imprisoned for her art". www.amnesty.org.uk. January 12, 2018. Retrieved 2018-11-19.
  9. Battersby, Matilda (2015-09-09). "Satirical cartoonist to have 12 year prison term extended over handshake". The Independent. Retrieved 2015-09-11.
  10. "Open Letter for the freedom of Atena Farghadani". cartoonistsrights.org. 9 June 2015. Archived from the original on 18 June 2015. Retrieved 20 June 2015.
  11. Cavna, Michael (10 June 2015). "Open Call to Artists: #Draw4Atena to support appeal of Iranian artist's 12-year sentence" – via washingtonpost.com.
  12. Walsh, James (12 June 2015). "#Draw4Atena: add your cartoons in support of the jailed Iranian artist" – via The Guardian.
  13. Cavna, Michael (4 May 2016). "Cartoonist Atena Farghadani, sentenced for satirizing government as animals, is freed in Iran" – via washingtonpost.com.
  14. "Jailed Iranian Artist Atena Farghadani Recipient of CRNI's 2015 Courage in Cartooning Award". Archived from the original on 2019-12-08. Retrieved 11 March 2017.
  15. "دو روز بعد از آزادی، آتنا فرقدانی برنده جایزه حقوق بشر "واتسلاو هاول" شد" [Two days after her release, Athena Farghadani award-winning human rights "Vaclav Havel" was]. VOA News (in പേർഷ്യൻ). Retrieved 11 March 2017.
"https://ml.wikipedia.org/w/index.php?title=അറ്റീന_ഫർഗദാനി&oldid=4074894" എന്ന താളിൽനിന്ന് ശേഖരിച്ചത്