Jump to content

അമർസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amar Singh I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രജപുത്രരാജ്യമായിരുന്ന മേവാഡിലെ (മേവാർ) രാജാവായിരുന്നു അമർസിംഗ് (1597 - 1620). റാണാ ഉദയസിംഹന്റെ പുത്രനായ റാണാ പ്രതാപ് സിംഗ് (1572-97) നിര്യാതനായപ്പോൾ, കനിഷ്ഠപുത്രനായ അമർസിങ് (അമരസിംഹൻ) 1597 ജനുനുവരി 19-ന് മേവാഡിലെ ഭരണാധികാരിയായി. മുഗൾ ഭരണാധികാരികളുമായി നടന്ന യുദ്ധങ്ങൾമൂലം മേവാഡിന്റെ സാമ്പത്തികനില തകർന്നിരുന്നു. അമർസിങ് മേവാഡിലെ ജനങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ വ്യാപൃതനായി. 1600 മുതൽ 1614 വരെയുള്ള കാലഘട്ടത്തിൽ പല മുഗൾ രാജകുമാരൻമാരും സൈന്യാധിപന്മാരും മേവാഡ് കീഴടക്കാൻ ശ്രമിച്ചിരുന്നു. സലിം രാജകുമാരൻ, പർവിസ് രാജകുമാരൻ, ഖുസ്രോ രാജകുമാരൻ, ആസഫ്ഖാൻ (1606-08), മഹാബത്ഖാൻ (1608-09), അബ്ദുല്ലാഖാൻ (1609-11), രാജാ ബാസു (1611), ജഗന്നാഥ്, മധോസിങ്, സാദിഖ്ഖാൻ, ഹാഷിംഖാൻ, ഇസ്ലാംഖുലി, ഷേർബേഗ്, അസീസ്കോക്ക, മിർസാഖാൻ എന്നിവർ അക്കൂട്ടത്തിൽപെടുന്നു.

ഖുറം(ഷാജഹാൻ) രാജകുമാരന്റെ നേതൃത്വത്തിലുള്ള മുഗൾസേന മേവാഡിനെ പൂർണമായി കീഴടക്കാനുള്ള എല്ലാ യത്നങ്ങളും നടത്തി. ജനങ്ങളനുഭവിച്ച ദുരിതങ്ങളും അമർസിങ്ങിന്റെ പുത്രനായ കർണാസിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രഭുക്കൻമാരുടെ നിർബന്ധവും, അമർസിങ്ങും മുഗൾ ഭരണാധികാരികളും തമ്മിൽ സന്ധിക്ക് വഴിതെളിച്ചു. 1615 ഫെബ്രുവരി 5-ലെ സന്ധിയോടെ, ഒരു ശതാബ്ദത്തോളം നീണ്ടുനിന്ന മുഗൾ-മേവാഡ് യുദ്ധങ്ങൾ അവസാനിച്ചു. ഖുറം രാജകുമാരൻ അമർസിങ്ങിനെ രാജകീയാഡംബരങ്ങളോടെ സ്വീകരിക്കുകയും അദ്ദേഹത്തിനു നഷ്ടപ്പെട്ട ഭൂവിഭാഗങ്ങൾ തിരിച്ചുകൊടുക്കുകയും ചെയ്തു. ചിത്തോർകോട്ട (ചിറ്റൂർ), പുതുക്കി പണിയുകയോ പുനർനിർമ്മാണം ചെയ്യുകയോ അരുതെന്ന വ്യവസ്ഥയിൽ തിരിച്ചുകൊടുത്തു. അംബർ, ജോദ്പൂർ, ബിക്കാനീർ, ജയ്സാൽമർ തുടങ്ങിയ കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ഭരണാധിപൻമാർക്ക് നല്കാതിരുന്ന പല ആനുകൂല്യങ്ങളും ജഹാംഗീർ ചക്രവർത്തി അമർസിങ്ങിനു നല്കുകയുണ്ടായി. അമർസിങ്ങിന്റേയും അദ്ദേഹത്തിന്റെ പുത്രനായ കർണാസിങ്ങിന്റേയും പൂർണകായപ്രതിമകൾ മാർബിളിൽ നിർമിച്ച് ആഗ്രയിലെ ഉദ്യാനത്തിൽ സ്ഥാപിക്കാൻ ജഹാംഗീർ അവിടേക്കയച്ചു. മുഗൾ ഭരണാധികാരികൾക്ക് അമർസിങ് കീഴടങ്ങിയത് ചരിത്രകാരൻമാരുടെ വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്.

അമർസിംഗ് തന്റെ ജീവിതത്തിന്റെ അവസാനകാലം ആഡംബരങ്ങളിലും സുഖലോലുപതയിലും മുഴുകി. അമർസിങ്ങിന്റെ ആസ്ഥാനകവിയും അമർസർ (Amarsar) എന്ന കൃതിയുടെ കർത്താവുമായ ജീവധർ ഇത് പരാമർശിച്ചിട്ടുണ്ട്. മേവാഡിൽ ഭരണപരിഷ്കാരങ്ങളും സാമ്പത്തികോന്നമന നടപടികളും കലാസാഹിത്യാദികൾക്ക് പ്രോത്സാഹനവും നല്കിയതിനാൽ അമർസിങ് മേവാഡ് ചരിത്രത്തിൽ പ്രാധാന്യം അർഹിക്കുന്നു. ഉദയ്പൂരിൽ ഇദ്ദേഹം നിർമിച്ച കോട്ട (അമർ-മഹൽ) ഇതിന് സാക്ഷ്യം വഹിക്കുന്നു. അമർസിങ് 1620 ജനു. 26-ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമർസിംഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമർസിംഗ്&oldid=3623507" എന്ന താളിൽനിന്ന് ശേഖരിച്ചത്