അജാമിളൻ
നാരായണനാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാൻ ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിച്ചിട്ടുള്ള ഒരു കഥയിലെ നായകനാണ് അജാമിളൻ. അജാമിളമോക്ഷം, അജാമിളോപാഖ്യാനം തുടങ്ങിയ പേരുകളിൽ ഈ ഇതിവൃത്തം സംസ്കൃതത്തിലും ഇതര ഭാരതീയ ഭാഷകളിലും പല സാഹിത്യസൃഷ്ടികൾക്കും പ്രേരകമായിട്ടുണ്ട്. സ്വാതിതിരുനാൾ (പ്രബന്ധം), മേല്പത്തൂർ നാരായണഭട്ടതിരി (ചമ്പു) എന്നിവരാണ് ഈ കഥ പകർത്തിയ പ്രമുഖ കേരളീയ സംസ്കൃതസാഹിത്യകാരൻമാർ. ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരും വെൺമണിമഹൻ നമ്പൂതിരിയും ഈ ഇതിവൃത്തത്തെ ആധാരമാക്കി ഭാഷാകാവ്യങ്ങൾ രചിച്ചിട്ടുണ്ട്. കറുത്തപാറ ദാമോദരൻ നമ്പൂതിരി (നാടകം), കുണ്ടൂർ നാരായണ മേനോൻ (ഖണ്ഡകാവ്യം), ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ (വഞ്ചിപ്പാട്ട്), കല്ലൂർനീലകണ്ഠൻ നമ്പൂതിരി (കൈകൊട്ടിക്കളിപ്പാട്ട്), കൊച്ചി വീരകേരളവർമ തമ്പുരാൻ (ആട്ടക്കഥ), കെ.സി. കേശവപിള്ള (കിളിപ്പാട്ട്) തുടങ്ങിയവരുടെ അജാമിളമോക്ഷങ്ങൾക്കും, നാലു വൃത്തം, പത്തുവൃത്തം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഗേയകൃതികൾക്കും ഈ കഥ ഇതിവൃത്തമായി.
ഐതിഹ്യം
[തിരുത്തുക]കന്യാകുബ്ജത്തിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ. ഇദ്ദേഹം ജാത്യാചാരകർമങ്ങളെ അതിലംഘിച്ച്, ദുഷ്കർമങ്ങളിൽ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കൽ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തിൽവച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വർണാശ്രമധർമങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവർന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളിൽ ഇദ്ദേഹത്തിന് പത്തു പുത്രൻമാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാൻ യമകിങ്കരൻമാർ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളൻ ഇളയപുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാർഷദൻമാർ, കാലദൂതൻമാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ. അതിനുശേഷം വിഷ്ണുഭക്തനായി വളരെക്കാലം ജീവിച്ചിരുന്ന അജാമിളൻ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോൾ സായുജ്യം ലഭിക്കുകയും ചെയ്തു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അജാമിളൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |