അഫ്സൽഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Afzal Khan (general) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലി ആദിൽഷാ II

ബിജാപ്പൂർ സുൽത്താൻ അലി ആദിൽഷാ II-ആമന്റെ (ഭരണകാലം 1656-72) സേനാനിയായിരുന്നു അഫ്സൽഖാൻ.

മഹാരാഷ്ട്രയുമായി യുദ്ധം[തിരുത്തുക]

ശിവജിയെ തോല്പിക്കാൻ 1659-ൽ ബിജാപ്പൂർ സുൽത്താൻ ഇദ്ദേഹത്തെ നിയോഗിച്ചു. വമ്പിച്ച സൈന്യത്തോടുകൂടി അഫ്സൽ ഖാൻ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയിൽ സുരക്ഷിതനായിക്കഴിഞ്ഞുകൂടിയ ശിവജിയെ (1672-80) നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായ അഫ്സൽ ഖാൻ തന്ത്രം മൂലം അദ്ദേഹത്തെ നേരിടാൻ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കർ എന്നൊരാളെ ദൂതനായി അഫ്സൽഖാൻ ശിവജിയുടെ സമീപത്തേക്കയച്ചു. അയാളിൽ നിന്നും ശിവജി, അഫ്സൽ ഖാന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കിയെന്നും നയജ്ഞനായ ശിവജി തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ടാണ് അഫ്സലിന്റെ മുന്നിൽ ഹാജരായതെന്നും പറയപ്പെടുന്നു. തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിച്ച് പിന്നിൽക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സൽഖാന്റെ ഉദ്ദേശ്യമെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. ഏതായാലും ശിവജി അഫ്സൽഖാനെ കണ്ടപ്പോൾ സൌഹാർദഭാവത്തിൽ ഗാഢമായി ആശ്ലേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു ആയുധം (ബാഗ്നാഖ്) കൊണ്ട് അഫ്സൽ ഖാന്റെ വയർ കുത്തിപ്പിളർന്ന് വധിക്കുകയും ചെയ്തു (1659 ന. 20). അഫ്സൽ ഖാനേയും അദ്ദേഹത്തിന്റെ സേനയേയും ശിവജിയും സേനയും പതിയിരുന്നു നശിപ്പിച്ചതായും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്സൽ ഖാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഫ്സൽഖാൻ&oldid=3623267" എന്ന താളിൽനിന്ന് ശേഖരിച്ചത്