Jump to content

എകീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Achene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ട്രോബെറിയുടെ ഉപരിതലത്തിലുള്ള എകീനുകൾ

പുഷ്പിക്കുന്ന സസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു തരം ശുഷ്കഫലങ്ങളാണ് എകീനുകൾ (എകീനിയം, എകീനോകാർപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു). സ്ട്രോബെറിയുടെ പുറത്തുണ്ടാകുന്ന ചെറിയ കുരുക്കൾ എകീനുകൾക്കുദാഹരണമാണ്.

ഒരു വിത്തുള്ള, അസ്ഫുടശീലത്തോടുകൂടിയ (Indehiscent) ശുഷ്കഫലങ്ങളാണ് എകീനുകൾ. ചെറുതും അധോജനിയുമായ അണ്ഠാശയത്തിൽ നിന്നാണ് എകീനുകൾ ഉണ്ടാകുന്നത്. വിത്ത് ഫലഭിത്തിയോടു മുട്ടിയാണിരിക്കുന്നതെങ്കിലും അതിനോടു ചേരാതെ അകന്നുനിൽക്കുന്നു. സാധാരണയായി വിയുക്തജനിപുടത്തിൽ കൂട്ടമായാണ് എകീനുകൾ ഉണ്ടാകുന്നത്. റനൺകുലേസി (Ranunculaceae) കുടുംബത്തിലെ മിക്ക സസ്യഫലങ്ങളും എകീനുകളാണ്. ചില എകീനുകൾ പ്രത്യേക സ്വഭാവത്തോടു കൂടിയവയാണ്. ഉദാഹരണമായി ക്ല്മാറ്റിസ് (Clematis), ആനിമൊൺ (Anemone) എന്നീ ചെടികളിലെ എകീനുകളുടെ അഗ്രത്തുള്ള വർത്തിക (Style) നീളമുള്ളതും തുവൽ പോലെയുള്ളതുമാണ്. അതിനാൽ ഇവയുടെ വായുപ്രകീർണനം (Wind dispersal) വളരെ എളുപ്പംനടക്കുന്നു. റനൺകുലസ് ആർവെൻസീസ് (Ranunculus arvensis) എന്ന സസ്യത്തിലെ എകീനുകളുടെ അഗ്രഭാഗം വളഞ്ഞ് കൊളുത്തുമാതിരിയിരിക്കും. ജന്തുക്കൾ മുഖേനയുള്ള പ്രകീർണനത്തിനു ഇതു സഹായകമാണ്. ആനിമൊൺ ഹെപ്പാറ്റിക്ക (Anemone hepatica), റനൺകുലസ് ഫെക്കെറിയ (Ranunculus ficaria), അഡൊനിസ് വെർണാലിസ് (Adonis vernalis) മുതലായ ചെടികളുടെ എകീനുകൾ ഒരുതരം സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. ഇത് ഉറുമ്പുകളെ ആകർഷിക്കുകയും അതുവഴി എളുപ്പത്തിൽ വിത്തുവിതരണം നടക്കുകയും ചെയ്യും. [1]

അവലംബം

[തിരുത്തുക]
  1. 1. സർവവിജ്ഞാനകോശം വാല്യം-1 പേജ്-18; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.

ബാഹ്യകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എകീൻ&oldid=3626010" എന്ന താളിൽനിന്ന് ശേഖരിച്ചത്