Jump to content

ഹൈഗ്രോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലമുടി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഹെയർ ഹൈഗ്രോമീറ്റർ. ഈർപ്പം വലിച്ചെടുക്കുന്നതിനനുസരിച്ച് തലമുടിയുടെ നീളം കൂടുന്നു എന്നതാണു് ഈ ഉപകരണത്തിന്റെ പ്രവർത്തനതത്വം.

ആപേക്ഷിക ആർദ്രത അളക്കാനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റർ അഥവാ ആർദ്രമാപിനി. വെറ്റ് ആന്റ് ഡ്രൈ ബൾബ് ഹൈഗ്രോമീറ്റർ , ഹെയർ ഹൈഗ്രോമീറ്റർ ഇവയാണ് സാധാരണ ഉപയോഗിക്കുന്ന ചില ഹൈഗ്രോമീറ്ററുകൾ. ഈർപ്പം ആഗീരണം ചെയ്യുന്നതിനനുസൃതമായി തലമുടിയുടെ നീളം വർദ്ധിക്കുന്നുവെന്ന തത്ത്വത്തെ ആസ്പദമാക്കിയാണ് ഹെയർ ഹൈഗ്രോമീറ്റർ പ്രവർത്തിക്കുന്നത്.

വെറ്റ് ആന്റ് ഡ്രൈ ബൾബ് ഹൈഗ്രോമീറ്ററിൽ രണ്ട് തെർമോമീറ്ററുകളാണ് പ്രധാനഭാഗം. അടുത്തടുത്തുറപ്പിച്ചിരിക്കുന്ന രണ്ട് തെർമോമീറ്ററുകളിൽ ഒന്നിന്റെ ബൾബ് ഈർപ്പമില്ലാത്തതാണ്. ഇത് അന്തരീക്ഷ ഊഷ്മാവിനെ സൂചിപ്പിക്കുന്നു. മറ്റേ തെർമോമീറ്ററിന്റെ ബൾബ് ഒരു നേർത്ത തുണികൊണ്ട് ചുറ്റിയിട്ട് തുണിയുടെ അറ്റം അടുത്തുള്ള പാത്രത്തിലെ ജലത്തിൽ താഴ്ത്തിയിരിക്കുന്നു. കേശികത്വം മൂലം ജലം തുണിയിലൂടെ മുകളിലേക്കുയർന്ന് ബൾബിന്റെ പ്രതലത്തിലെത്തുന്നു. ബൾബിന്റെ പ്രതലത്തിൽ വെച്ച് അത് ബാഷ്പീകരിക്കുമ്പോൾ അതിനാവശ്യമായ താപം തെർമോമീറ്റർ ബൾബിൽ നിന്നും സ്വീകരിക്കുന്നു. തന്മൂലം ആ തെർമോമീറ്റർ സൂചിപ്പിക്കുന്ന ഊഷ്മാവ് കുറയുന്നു. ഊഷ്മാവിലുണ്ടാവുന്ന കുറവ് ബാഷ്പീകരണ നിരപ്പിന് ആനുപാതികമായിരിക്കും.എന്നാൽ ബാഷ്പീകരണനിരക്ക് അന്തരീക്ഷത്തിന്റെ ജലബാഷ്പത്തിന്റെ അളവിന് വിപരീതാനു പാതത്തിലായിരിക്കും. അന്തരീക്ഷത്തിൽ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞിരിക്കുമ്പോൾ ബാഷ്പീകരണനിരക്ക് കൂടുകയും ഊഷ്മാവിലുണ്ടാവുന്ന കുറവ് അധികരിക്കുകയും ചെയ്യുന്നു. അതായത് രണ്ട് തെർമോമീറ്റർ റീഡിംഗുകളും തമ്മിലുള്ള അന്തരം വളരെ കൂടിയിരുന്നാൽ അത് വരണ്ട കാലാവസ്ഥയെ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടിയിരുന്നാൽ ബാഷ്പീകരണനിരക്ക് കുറയുന്നു. അതനുസരിച്ച് ഊഷ്മാവിലുണ്ടാവുന്ന താഴ്ചയും കുറയുന്നു. ഇങ്ങനെ നോക്കുമ്പോൾ രണ്ട് തെർമോമീറ്ററിലെയും ഊഷ്മാവിലുള്ള വ്യത്യാസം കുറഞ്ഞിരുന്നാൽ അത് അസ്വാസ്ഥ്യകരമായ കാലാവസ്ഥയും മഴയുടെ സാധ്യതയും സൂചിപ്പിക്കുന്നു; മഴയ്ക്കുള്ള ഒരു അനുകൂല സാഹചര്യം അന്തരീക്ഷത്തിലെ വർദ്ധിച്ച വതോതിലുള്ള ജലബാഷ്പത്തിന്റെ സാന്നിധ്യമാണ്. ഈ അവസരത്തിൽ ജലബാഷ്പം കൂടിയ അളവിൽ ഉള്ളതുകൊണ്ട് തന്നെ ബാഷ്പീകരണം തടസ്സപ്പെടുന്നു. മനുഷ്യരും മറ്റ് ഉഷ്ണരക്തജീവികളും ശരീരതാപനിയന്ത്രണത്തിനു് (അമിതമായ ശരീരതാപനില കുറയ്ക്കുന്നതിനു്) ആശ്രയിക്കുന്നതു് വിയർപ്പുവഴി നടക്കുന്ന ബാഷ്പീകരണത്തേയും അതുമൂലമുണ്ടാകുന്ന താപനഷ്ടത്തേയുമാണു്. അതിനാൽ, അന്തരീക്ഷത്തിലെ ആർദ്രത വർദ്ധിക്കുമ്പോൾ ബാഷ്പീകരണനിരക്കിലുണ്ടാവുന്ന കുറവുമൂലം നമുക്കു് അത്യുഷ്ണം അനുഭവപ്പെടുന്നു. ആപേക്ഷിക ആർദ്രത സംബന്ധിച്ച നിരീക്ഷണങ്ങൾ കാലാവസ്ഥാ പ്രവചനത്തേയും ഗണ്യമായി സഹായിക്കുന്നുണ്ടു്.

പുറം കണ്ണികൾ

[തിരുത്തുക]

ഫലകം:Wikisourcehas

"https://ml.wikipedia.org/w/index.php?title=ഹൈഗ്രോമീറ്റർ&oldid=3917881" എന്ന താളിൽനിന്ന് ശേഖരിച്ചത്