ഹില്ലൽ
ഹില്ലൽ (הלל) (ജനനം: ബാബിലോണിയ ക്രി.മു.110-നടുത്ത്; മരണം ക്രി.വ. 10-ൽ[1] യെരുശലേമിൽ) ഒരു പ്രമുഖ യഹൂദധാർമ്മികനേതാവും, യഹൂദചരിത്രത്തിലെ ഏറ്റവും പ്രധാനവ്യക്തികളിൽ ഒരാളുമാണ്. യഹൂദരചനാസമുച്ചയങ്ങളായ മിഷ്‌ന, താൽമുദ് എന്നിവയുടെ വികാസത്തിൽ അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചു. മനീഷിയും പണ്ഡിതനും എന്ന നിലയിൽ യഹൂദർക്കിടയിൽ പേരെടുത്ത അദ്ദേഹം, മിഷ്‌നയുടെ വികാസവുമായി ബന്ധെപ്പെട്ട ഹില്ലൽ കുടുംബപരമ്പരയുടേയും, ക്രി.വ.അഞ്ചാം നൂറ്റാണ്ടുവരെ ഇസ്രായേലിലെ യഹൂദർക്ക് നേതൃത്വം കൊടുത്ത മനീഷിവംശത്തിന്റേയും സ്ഥാപകനുമാണ്.
"നിനക്ക് പ്രിയമല്ലാത്തത് അപരനോട് ചെയ്യരുത്; ഇതിൽ ദൈവനിയമം മുഴുവനുമുണ്ട്; ബാക്കിയുള്ളത് വിശദീകരണം മാത്രമാണ്"[2] എന്ന് ഹില്ലൽ പഠിപ്പിച്ചു. നീതിയിലുറച്ച മനുഷ്യവ്യാപാരങ്ങളുടെ മാനദണ്ഡമെന്ന നിലയിൽ ഈ "സുവർണ്ണ"-നിയമം(Golden Rule) പേരെടുത്തിരിക്കുന്നു. "ഞാൻ എനിക്കുവേണ്ടിയല്ലെങ്കിൽ പിന്നെ ആരാണ് എനിക്കുണ്ടാവുക?"; "ഞാൻ എനിക്കുവേണ്ടിയാകുമ്പോൾ ഞാൻ എന്താണ്?" "ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ?" എന്നീ മഹദ്വചനങ്ങളുടെ പേരിലും[3] ഹില്ലൽ അറിയപ്പെടുന്നു.
ഹേറോദോസ് ഇസ്രായേലിൽ റോമിന്റെ സാമന്തരാജാവും, അഗസ്റ്റസ് റോമൻ ചക്രവർത്തിയും ആയിരിക്കെ ഹില്ലൽ യെരുശലേമിൽ ജീവിച്ചു. മോശയെപ്പോലെ ഹില്ലലും 120 വയസ്സുവരെ ജീവിച്ചിരുന്നെന്നാണ് യഹൂദപാരമ്പര്യത്തിന്റെ സാക്ഷ്യം. ഇതനുസരിച്ച്, ബാബിലോണിൽ ജനിച്ച അദ്ദേഹം നാല്പാതാം വയസ്സിൽ ഇസ്രായേലിലേയ്ക്കു പോയി, അടുത്ത നാല്പതു വർഷം അവിടെ പഠനത്തിൽ ചെലവഴിച്ചു; പിന്നെ മരിക്കുന്നതുവരെയുള്ള നാല്പതുവരുഷം അദ്ദേഹം ഇസ്രായേലിലെ യഹൂദജനതയുടെ നേതാവായിരുന്നു.[4] പ്രായപൂർത്തിയായ ശേഷമാണ് ഹില്ലൽ ഇസ്രായേലിലെത്തിയെന്നും അവിടെ അദ്ദേഹം അതീവവൃദ്ധാവസ്ഥവരെ ജീവിച്ചെന്നും മാത്രം സാമാന്യമായി പറയാം. അദ്ദേഹത്തിന്റെ നേതൃത്വകാലം ക്രി.മു. 30 മുതൽ ക്രി.വ. 10 വരെയുള്ള നാലു പതിറ്റാണ്ടായിരുന്നിരിക്കാം.
പശ്ചാത്തലം
[തിരുത്തുക]ഹില്ലലിന്റെ ജീവിതത്തെക്കുറിച്ചറിയാൻ ആശ്രയമായുള്ളത് ആധികാരികമായ ചരിത്രരേഖകളേക്കാൾ പിൻതലമുറകൾ ആരാധനാപൂർവം മെനഞ്ഞെടുത്ത കഥകളാണ്. ബാബിലോണിലാണ് ഹില്ലൽ ജനിച്ചതെന്ന് പൊതുവേ കരുതിവരുന്നു. പത്താം നൂറ്റാണ്ടിൽ റബൈ ഷെറിയ ഗാവോൺ രചിച്ച "താൽമുദിന്റെ രചനയുടെ ചരിത്രം" അനുസരിച്ച്, ഹില്ലലിന്റെ പിതാവ് ബെഞ്ചമിൻ വംശക്കാരനായിരുന്നു. അമ്മയുടെ കുടുംബമാകട്ടെ, ഇസ്രായേലിന്റെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദിന്റെ കുടുംബവുമായി ബന്ധമുള്ളതായിരുന്നു. .
ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസ് തന്റെ ആത്മകഥയിൽ, ഹില്ലലിന്റെ പേരക്കിടാവിന്റെ മകൻ റാബ്ബാനെന്നറിയപ്പെട്ട സൈമൺ ബെൻ ഗമാലിയേലിനെ പേരുകേട്ട കുടുംബത്തിൽ നിന്നുള്ളവൻ എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും[5] ഹില്ലലിന്റെ ജീവിതത്തിൽ നിന്ന് കുടുംബത്തിന് കിട്ടിയ പ്രശസ്തിയെ സൂചിപ്പിക്കുന്നതാകാം അത്. ഹില്ലലിന്റെ മാതാപിതാക്കന്മാരെയോ ബന്ധുക്കളേയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ സഹോദരൻ ഷെബ്നാ മാത്രം പരാമർശിക്കപ്പെടുന്നുണ്ട്; ഷെബ്നാ കച്ചവടക്കാരനായിരുന്നു. ഹില്ലലാകട്ടെ യഹൂദനിയമത്തിന്റെ പഠനത്തിൽ ശ്രദ്ധചെലുത്തിയതിനൊപ്പം മരപ്പണിക്കാരനായി ജോലി ചെയ്യുകയും ചെയ്തു.
പഠനം, ഉയർച്ച
[തിരുത്തുക]ബൈബിൾ വ്യാഖ്യാനവും പാരമ്പര്യങ്ങളും അഭ്യസിക്കുന്നതിനായി നാല്പതാമത്തെ വയസ്സിൽ ഹില്ലൽ യെരുശലേമിലെത്തിയെന്നാണ് മിഷ്‌നയുടെ സാക്ഷ്യം. അവിടെ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ ഹൃദയസ്പർശിയായ ചിത്രം താൽമുദിലെ ഒരു ഖണ്ഡം വരച്ചുകാട്ടുന്നു. ദാരിദ്ര്യം ദൈവവചനത്തിന്റെ പഠനത്തിന് തടസമല്ലെന്ന് സ്ഥാപിക്കാനാണ് അവിടെ താൽമുദ് ശ്രമിക്കുന്നത്. വേദപാഠശാലയിൽ പ്രവേശിക്കുന്നതിന് കൊടുക്കാൻ പണമില്ലാതിരുന്നതിനാൽ ഹില്ലൽ, വെളിയിൽ ജനാലയ്ക്കു സമീപം നിന്ന് പാഠം ശ്രവിച്ചെന്നും, ശ്രദ്ധയോടെ കേട്ടിരുന്നതിനാൽ ഇടയ്ക്ക് മഞ്ഞുപെയ്തതുപോലും അറിയാതെ മഞ്ഞിൽ മൂടി മരവിച്ചുപോയെന്നും അതു ശ്രദ്ധിച്ച മറ്റുള്ളവർ അദ്ദേഹത്തെ രക്ഷപെടുത്തിയെന്നും മറ്റുമാണ് കഥ.[6] പഠനത്തിനൊടുവിൽ കലാശാലയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് ഹില്ലൽ ഉയർത്തപ്പെട്ടതിനെക്കുറിച്ചും കഥകളുണ്ട്. ഒരു വർഷം പെസഹാ തിരുനാളിന്റെ തലേന്ന് സാബത്തുദിവസമായിരുന്നു. പെസഹാ ആഘോഷത്തിനുവേണ്ട ആട്ടിൻ കുട്ടിയെ സാബത്തുനാളിൽ തയ്യാറാക്കുന്നത് ശരിയോ എന്നത് തർക്കമായി. ആ തർക്കം പരിഹരിക്കാൻ യെരുശലേമിലെ രണ്ടു പ്രധാന റബൈമാർക്ക് കഴിയാതെ വന്നപ്പോൾ, അതിന് സ്വീകാര്യമായ സമാധാനം കണ്ടെത്താൽ ഹില്ലലിനായെന്നും തുടർന്ന് അദ്ദേഹത്തെ വേദകലാശാലയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തെന്നുമാണ് കഥ.[4] അതോടെ യെരുശലേമിലെ ഫരിസേയരിൽ പ്രധാനിയായി ഹില്ലൽ അംഗീകരിക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത്, അദ്ദേഹത്തിന്റെ സമശീർഷനും പ്രതിയോഗിയും ആയ പ്രഖ്യാത റബൈ ഷാമായ് ആയിരുന്നു.
വ്യാഖ്യാതാവ്
[തിരുത്തുക]പുതിയ അധികാരസ്ഥാനത്ത് ഹില്ലലിന്റെ നടപടികൾ വിനയവും, ക്ഷമയും, ദയയും നിറഞ്ഞവയായിരുന്നു. ഹില്ലലിനെ കോപിപ്പിച്ചാൽ 400 വെള്ളിനാണയം തരാമെന്ന് ഒരാൾ മറ്റൊരാളുമായി വാതുവച്ച കഥ താൽമുദ് പറയുന്നുണ്ട്. കോപിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.[7][ക] മനുഷ്യസ്നേഹം, സമാധാനപ്രേമം, ദൈവനിയമത്തെ മനസ്സിലാക്കിയുള്ള വിധേയത്വം എന്നിവയായിരുന്നു ജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായി അദ്ദേഹം നിർദ്ദേശിച്ചത്. യഹൂദമതം സ്വീകരിക്കാൻ ആഗ്രഹിച്ച ഒരാൾ, ഒറ്റക്കാലിൽ നിൽക്കാൻ കഴിയുന്ന അത്രയും സമയം കൊണ്ട് ദൈവനിയമം മുഴുവൻ തനിക്ക് ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടപ്പോഴാണ്[ഖ] "നിനക്ക് അപ്രീതിയുണ്ടാക്കുന്നത് അപരനോട് ചെയ്യരുത്" എന്ന തന്റെ പ്രസിദ്ധമായ സുവർണ്ണനിയമം ഹില്ലൽ അവതരിപ്പിച്ചത്. ഇതു മാത്രമാണ് നിയമം മുഴുവനെന്നും അവശേഷിക്കുന്നതത്രയും വ്യാഖ്യാനങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. "നിന്റെ അയൽക്കാരനെ, അവന്റെ സ്ഥാനത്ത് നീ ആയിരിക്കുമ്പോഴല്ലാതെ വിധിക്കരുത്" എന്നും ഹില്ലൽ പഠിപ്പിച്ചു.
സന്മാർഗ്ഗനിരതമായ സ്വകാര്യജീവിതത്തിന്റേയും, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ തന്റെ ഹ്രസ്വവും ആത്മാർത്ഥവുമായ ആപ്തവാക്യങ്ങളിൽ അടങ്ങിയിരുന്ന നീതിനിഷ്ട പിന്തുടർന്നതിന്റേയും പേരിൽ ഹില്ലൽ ബഹുമാനിക്കപ്പെട്ടു. ഹില്ലലിന്റെ ജീവിതത്തെപ്പറ്റി പ്രചരിച്ചിട്ടുള്ള കഥകൾ ഏറെയും അദ്ദേഹത്തിന്റെ പേരിൽ പ്രചരിച്ചിട്ടുള്ള മഹദ്വചനങ്ങളുമായി ചേർന്നുപോകുന്നവയാണ്.
കർക്കശമായ യഹൂദനിയമങ്ങളെ പ്രായോഗികജീവിതത്തിലെ പ്രശ്നങ്ങൾക്കിണങ്ങും വിധം വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചു. ഏഴുവർഷത്തിലൊരിക്കലുള്ള സാബത്തുവർഷം പഴയ കടങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന നിയമം ഉണ്ടാക്കിയ പ്രശ്നത്തിന് അദ്ദേഹം കണ്ടെത്തിയ പരിഹാരം ഉദാഹരണമാണ്. ദാരിദ്ര്യത്തിൽ ഞെരുങ്ങുന്നവർക്ക് ആരും കടം കൊടുക്കാത്ത അവസ്ഥ ആ നിയമം സൃഷ്ടിച്ചിരുന്നു. ഈ നിയമത്തിന് ഹില്ലൽ കൊടുത്ത വ്യാഖ്യാനം കടം കൊടുക്കാൻ തയ്യാറാകുന്നവരെ ധനനഷ്ടത്തിൽ നിന്ന് രക്ഷിച്ചതിനൊപ്പം നഷ്ടം ഭയന്ന് ആരും ആവശ്യക്കാർക്ക് കടം കൊടുക്കാത്ത അവസ്ഥ ഇല്ലാതാക്കുകയും ചെയ്തു. വിവാഹമോചനത്തെ സംബന്ധിച്ച നിയമത്തേയും ഹില്ലൽ സൃഷ്ടിപരമായ വ്യാഖ്യാനത്തിലൂടെ കൂടുതൽ പ്രായോഗികമാക്കി.[8]
ഹില്ലലും ഷാമായിയും
[തിരുത്തുക]യെരുശലേമിലെ യഹൂദരുടെ രണ്ടാം ദേവാലയ-യുഗത്തിന്റെ അന്ത്യത്തിനടുത്താണ് ഹില്ലൽ ജീവിച്ചിരുന്നത്.യഹൂദരുടെ ആത്മീയനേതൃത്വം രണ്ടു വ്യക്തികൾ ചേർന്നു വഹിക്കുന്നത് രണ്ടാം ദേവാലയ യുഗത്തിൽ പതിവായിരുന്നു. ഹില്ലലിനോപ്പം നേതൃത്വം പങ്കിട്ടത് യാഥാസ്ഥിതികനായ യൂദയാക്കാരൻ റബൈ, ഷാമായ് ആയിരുന്നു. യഹൂദമനസ്സിൽ ഹില്ലൽ ഇന്ന് ജീവിക്കുന്നത് യഹൂമതത്തിന്റെ പരമ്പരാഗതനിയമങ്ങളിൽ ഒരു വലിയ ഭാഗത്തിന് പൊതുവേ അംഗീകരിക്കപ്പെട്ട വ്യാഖ്യാനത്തിന്റെ സ്രഷ്ടാവ് എന്നതിനൊപ്പം തന്റെ സഹപ്രവർത്തകനും പ്രതിയോഗിയുമായ ഷാമായിയിൽ നിന്ന് ഭിന്നമായി പരുഷത കുറഞ്ഞതും പ്രായോഗികവും ആയ വ്യാഖ്യാനങ്ങൾ അവതരിപ്പിച്ച വ്യക്തി എന്ന നിലയിലും ആണ്. ഹില്ലലിന്റേയും ഷാമായിയുടേയും വ്യാഖ്യാനപദ്ധതികൾക്കിടയിൽ യഹൂദറബൈനിക പാരമ്പര്യത്തിന്റെ ഒരു വലിയ ഭാഗം രേഖപ്പെടുത്തപ്പെട്ടത് അക്കാലത്താണ്. പിൽക്കാലങ്ങളിൽ ഹില്ലലിന്റേയും ഷാമായിയുടേയും അനുയായികളും രണ്ടു വ്യാഖ്യാനപദ്ധതികൾ പിന്തുടരുന്ന ചേരികളായി തിരിഞ്ഞു. അവരുടെ കാലശേഷം, റോമിനെതിരായുള്ള യഹൂദരുടെ ക്രി.വ. 66-70-ലെ ആദ്യകലാപത്തിന് മുൻപുള്ള കാലത്ത്, ഹില്ലലിന്റെ വ്യാഖ്യാനപദ്ധതിയേക്കാൾ സ്വീകാര്യത നേടിയത് ഷാമായിയുടെ തീവ്രയാഥാസ്ഥിതിക രീതിയാണ്. എന്നാൽ കലാപത്തിന്റെ പരാജയത്തെ തുറന്ന് ഷാമായിയുടെ നിലപാടുകൾ തിരസ്കരിക്കപ്പെടുകയും ഹില്ലലിന്റെ വ്യാഖ്യാനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുകയും ചെയ്തു. ഒടുവിൽ റാബൈനിക വ്യാഖ്യാനങ്ങൾ യൂദയായിലെ യാംനിയയിലെ വിദ്യാകേന്ദ്രത്തിൽ റബൈ അഖീവയുടേയും മറ്റും മേൽനോട്ടത്തിൽ ക്രി.വ. രണ്ടാം നൂറ്റാണ്ടിൽ സമാഹരിക്കപ്പെട്ടപ്പോൾ, അംഗീകരിക്കപ്പെട്ടത് മിക്കവാറും ഹില്ലലിന്റെ വ്യാഖ്യാനങ്ങളായിരുന്നു.
കുറിപ്പുകൾ
[തിരുത്തുക]ക. ^ കോപിക്കാതിരിക്കുക വഴി ഹില്ലൽ തനിക്ക് 400 വെള്ളിനാണയം നഷ്ടപ്പെടുത്തിയെന്ന് വാതുവച്ചയാൾ പിന്നീട് പരാതിപ്പെട്ടപ്പോൾ ഹില്ലലിന്റെ മറുപടി, ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവിന് 400 നാണയത്തേക്കാൾ വിലയുണ്ടെന്നായിരുന്നു.
ഖ. ^ ഇതേ വ്യക്തി ഈ ആവശ്യവുമായി ആദ്യം സമീപിച്ചത് ഹില്ലലിന്റെ പ്രതിയോഗി ഷാമായിയെ ആയിരുന്നെന്നും ഷാമായ് ക്രൂദ്ധനായി അയാളെ ഓടിച്ചെന്നും പറയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ യഹൂദവിജ്ഞാനകോശം: ഹില്ലൽ
- ↑ ബാബിലോണിയൻ താൽമുദ്, tractate Shabbat 31a.
- ↑ Pirkei Avot 1:14
- ↑ 4.0 4.1 താൽമുദ്: മൂലത്തിൽ നിന്ന് ഇംഗ്ലീഷിലേയ്കുള്ള എച്ച് പൊളാനോയുടെ പരിഭാഷ ഹില്ലൽ ഹന്നാസി
- ↑ ഫ്ലാവിയസ് ജോസെഫസ്, ആത്മകഥ 38 [1]
- ↑ Talmud, tractate Yoma 35b)
- ↑ വാതുവയ്ക്കൽ, യഹൂദവിജ്ഞാനകോശം [2]
- ↑ സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 538-39