ഹാക്കർ (കമ്പ്യൂട്ടർ സുരക്ഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്സാഹശീലരായ കമ്പ്യൂട്ടർ വിദഗ്ദ്ധരെയാണു് ഹാക്കർ എന്ന് വിളിക്കുന്നത്[1]. 1960 കളിൽ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) യുടെ ടെക് മോഡൽ റെയിൽറോഡ്‌ ക്ലബ്‌ (TMRC) ലും MITആര്ടിഫിഷൽ ഇന്റലിജൻസ് ലബോറട്ടറിയിലുമാണ് ഈ വാക്ക് ഉദയം ചെയ്തത്[2]. ഹാക്കർ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് RFC 1392 പറയുന്നത് ഇങ്ങനെയാനു്: " ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റേയോ ആന്തരികപ്രവർത്തനങ്ങളേക്കുറിച്ച് താത്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയുമാണു് ഹാക്കർ എന്ന് വിളിക്കുന്നത് ". ഇവർ കുറ്റവാളികളോ കള്ളൻമാരോ അല്ല. ഇന്റർനെറ്റും വെബും ഹാക്കർമാരുടെ സംഭാവനയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇവരാണ്[3]. എന്നാൽ 1980കൾക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങൾ കമ്പ്യൂട്ടർ കുറ്റവാളികളെയാണ് ആ പേരിൽ വിളിക്കുന്നത്. മാധ്യമങ്ങൾ ഇത് ശക്തമായി പ്രചരിപ്പിക്കുന്നതിനാൽ ഹാക്കർ എന്നതിന് വേറൊരർത്ഥം ഉണ്ടെന്നു പോലും കൂടുതലാളുകൾക്കും അറിയില്ല. അസാധാരണ മാർഗങ്ങളുപയോഗിച്ച് കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് പ്രവേശിക്കുന്നവരെ നെറ്റ്‌‌വർക്ക് ഹാക്കർ എന്നു വിളിക്കുന്നു. ജനകീയമായി ഹാക്കർ എന്നതുകൊണ്ട് നെറ്റ്‌‌വർക്ക് ഹാക്കർമാരെ ഉദ്ദേശിക്കാറൂണ്ട് (ബഹുവചനം: ഹാക്കർമാർ). വിവിധ ലക്ഷ്യങ്ങൾക്കായാണ്‌ ഹാക്കർമാർ പ്രവർത്തിക്കുന്നത്.

തരംതിരിക്കൽ[തിരുത്തുക]

ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് പലതായി തരംതിരിക്കാം.

വൈറ്റ് ഹാറ്റ്[തിരുത്തുക]

കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു[4]

ബ്ലാക്ക് ഹാറ്റ്[തിരുത്തുക]

ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ (Black Hat Hackers)[5]. ക്രാക്കർമാർ (Crackers) എന്നും ഇവർ അറിയപ്പെടുന്നു. എത്തിക്കൽ ഹാക്കിങ്ങിന്റെ വിപരീതമാണ്‌ ഇത്. ബ്ലാക്ക്‌ഹാറ്റ് ഹാക്കിങ്ങ് നടത്തുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലോ, ധനത്തിനോ, വെറും തമാശയ്ക്കോ ഒക്കെ ആകാം. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. എഫ്പിന്ഗർ, ഹുയിസ്, എൻസ് ലുക്ക്അപ്പ് എന്നിവ ഹാക്കിംഗ് ടൂളുകൾക്ക് ഉദാഹരണങ്ങളാണ്‌.

ഗ്രേ ഹാറ്റ്[തിരുത്തുക]

ഗ്രേ ഹാറ്റ് ഹാക്കർമാർ എന്ന് പറയുന്നത് വൈറ്റ് ഹാറ്റ്‌,ബ്ലാക്ക് ഹാറ്റ്‌ ഹാക്കർ എന്നിവ കൂടിച്ചേർന്ന ചേർന്ന സ്വാഭാവക്കാരായിരിക്കും. ഇവർ നെറ്റ്വർക്കുകളെ ബ്ലാക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആക്രമണവും പ്രത്യാക്രമണവും നടത്തും. ഇതിനെയാണു ഗ്രേ ഹാറ്റ് ഹാക്കിംഗ് (Grey Hat Hacking) എന്നു പറയുക. അക്രമി ആരെന്നറിയാതെ നടത്തുന്ന ഇത്തരം ആക്രമണ പ്രത്യാക്രമണത്തിനു മുൻപുള്ള പരിക്ഷണത്തെ പെനിട്രേഷൻ ടെസ്ട് (Penetration Test) എന്നു പറയുന്നു.

അവലംബം[തിരുത്തുക]

  1. http://www.webopedia.com/TERM/H/hacker.html
  2. http://www.sptimes.com/Hackers/history.hacking.html
  3. http://www.gnu.org/gnu/thegnuproject.html
  4. http://www.cyberlawsindia.net/white-hat.html
  5. http://www.pcmag.com/encyclopedia_term/0,2542,t=black+hat+hacker&i=38735,00.asp