സെർസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെർസി (Circe /ˈsɜːrs/; (ഗ്രീക്ക്: Κίρκη Kírkē pronounced [kírkɛ͜ɛ]), ഗ്രീക്കു പുരാണകഥകളിൽ മഹേന്ദ്രജാലത്തിന്റേയും മാന്ത്രികവിദ്യയുടേയും ദേവതയാണ്. മനുഷ്യരെ മയക്കുമരുന്നു സേവിപ്പിച്ച് മന്ത്രവാദത്തിലൂടെ മൃഗങ്ങളാക്കി മാറ്റുന്നത് അതിസുന്ദരിയായിരുന്ന സെർസിയുടെ വിനോദമായിരുന്നു. ഒഡീസ്സസ് തന്റെ സാഹസികയാത്രയിൽ സെർസിയുടെ പിടയിൽ അകപ്പെട്ടു പോകുന്നുണ്ട്. പക്ഷെ മറുമരുന്നു സേവിച്ചിരുന്നതിനാൽ സെർസിയുടെ മാന്ത്രികവിദ്യ ഫലിക്കുന്നില്ല. ഹോമറും ഒവിഡും വിശദമായിത്തന്നെ സെർസിയെപ്പറ്റി പമർശിക്കുന്നുണ്ട്. [1], [2]

സെർസി (1889)
സെർസിയെ ഭീഷണിപ്പെടുത്തുന്ന ഒഡീസ്സസ്(440 BC)

ഒഡീസ്സിയിൽ[തിരുത്തുക]

പ്രധാന ലേഖനം: ഒഡീസ്സി (ഇതിഹാസം)

ട്രോജൻ വിജയത്തിനുശേഷം ഇഥക്കയിലേക്കുള്ള മടക്കയാത്രയിൽ ഒഡീസ്സസിന് പലേ ദുർഘടങ്ങളും തരണം ചെയ്യേണ്ടി വന്നു. വരും വരായ്കളറിയാതേയാണ് അവർ അയിയ ദ്വീപിൽ നങ്കുരമിട്ടത്. രണ്ടു ദിവസം തീരത്തുതന്നെ കഴിച്ചു കൂട്ടിയശേഷം ദ്വിപിൽ ആൾതാമസമുണ്ടോ എന്നും മറ്റും അറിഞ്ഞു വരാനായി യൂറിലോകസിനോടൊപ്പം ഇരുപത്തിരണ്ടു പേർ പുറപ്പെട്ടു.[3].ഏകനായി തിരിച്ചെത്തിയ യൂറിലോകസിന് വിചിത്രമായ കഥയാണ് പറയാനുണ്ടാിരുന്നത്. പച്ചപ്പു നിറഞ്ഞ താഴ്വാരത്തിൽ യൂറിലോകസും സംഘവും കൊട്ടാരസദൃശമായ ഭവനം കണ്ടു. അവിടന്ന് അതി മനോഹരമായ സംഗീതം ഒഴുകിയെത്തി. കൊട്ടാര വാതിൽക്കൽ ചെന്ന അവരെ വളരെ സ്നേഹപൂർവം അകത്തേക്കു വിളിച്ചിരുത്തി. എന്നാൽ അതിമനോഹരിയായ ഒരു സ്ത്രീക്കു ചുറ്റും അനേകം വളർത്തു മൃഗങ്ങൾ, കാട്ടു ജന്തുക്കൾ പക്ഷെ ചുണയില്ലാത്ത വാലാട്ടുന്ന ജന്തുക്കൾ. യൂറിലോകസിന് സംശയം തോന്നി. ആതിഥേയയുടെ സുന്ദകികളും യുവതികളുമായ പരിചാരികകൾ വെച്ചു നീട്ടിയ പാനീയമോ ഭക്ഷണമോ അയാൾ മാത്രം ആഹരിച്ചില്ല[4]. വശ്യമരുന്നു കലർത്തിയ അപ്പവും വീഞ്ഞു കഴിച്ച അയാളുടെ കൂട്ടുകാരെ ആതിഥേയ സ്വർണ വടി ചുഴറ്റി പന്നികളാക്കി മാറ്റി, പന്നിക്കൂട്ടിലടച്ചു[5]. ഭയഭീതനായ യൂറിലോകസ് പ്രാണനും കൊണ്ട് രക്ഷപ്പെട്ടു.

കൂടുതലറിയാൻ ഒഡീസ്സസും തന്നെ പുറപ്പെട്ടു. വഴിക്കു വെച്ച് ഹെർമൻ ദേവൻ ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിൽ ഒഡീസ്സസുമായി കൂടിക്കാഴ്ച നടത്തി. ഒഡീസ്സസും സംഘവും എത്തിപ്പെട്ടിരിക്കുന്നത് സെർസി എന്ന മാന്ത്രികദേവതയുടെ ദ്വീപിലാണെന്നും സെർസിക്ക് ഭൂലോകത്തുള്ള സകല സസ്യജാലങ്ങളേയും പറ്റി അഗാധമായ അറിവുണ്ടെന്നും ഒരു ഒറ്റമൂലി മറുമരുന്നായി സേവിക്കാൻ ഉപദേശിച്ചു. കറുത്ത വേരുകളും വെളുത്ത പൂക്കളുമുള്ള മോളി എന്ന ഔഷധച്ചെടി ദേവന്മാർക്കു മാത്രമേ കാണാനാവു എന്നും മനുഷ്യനേത്രങ്ങൾക്ക് അഗോചരമാണെന്നും യുവാവ് പറയുന്നു[6]. ആ ചെടിയിൽ നിന്ന് ഊറ്റിയെടുത്ത മറുമരുന്ന് ഒഡീസ്സസിനു സേവിക്കാൻ നല്കുന്നു. സെർസിയുടെ കൊട്ടാരത്തിലെത്തി അവളുടെ ആതിഥ്യം സസന്തോഷം സ്വീകരിക്കണമെന്നും തീനും കുടിയും കഴിഞ്ഞ് സെർസി മാന്ത്രികവടി ചുഴറ്റാനോരുങ്ങുമ്പോൾ സ്വന്തം വാളു അവൾക്കു നേരെ ഓങ്ങണമെന്നും തന്റെ സകല അനുയായികളേയും പൂർവരൂപത്തിലാക്കിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കണമെന്നുമൊക്കെ ഹെർമൻ നിർദ്ദേശിക്കുന്നു[7]. നിർദ്ദേശങ്ങൾ അതേപടി ഒഡീസ്സസ് അനുസരിച്ചു. തന്റെ മാന്ത്രികവിദ്യ ഒഡീസ്സസിൽ ഫലിക്കുന്നില്ലെന്നു കണ്ട സെർസി അടിയറവു പറയുന്നു, ഒഡീസ്സസിന്റെ വ്യവസ്ഥകളൊക്കെ അംഗീകരിക്കുന്നു. സാർസിയുടെ ആതിഥ്യമേറ്റ് ഒഡീസ്സസും സംഘവും ഒരു വർഷം അവിടെ ചെലവിടുന്നു[8]. തിരിച്ചു പോക്കിനുള്ള സമയമായപ്പോൾ സെർസി ഒഡീസ്സസിന് പലേ നിർദ്ദേശങ്ങളും നല്കുന്നു. പരലോകത്തിൽ ചെന്ന് ടൈറസെസിന്റെ പ്രേതാത്മാവിനെ കണ്ട് ഭാവിവിഘ്നങ്ങളെപ്പറ്റി അറിയാൻ സെർസിയാണ് ഉപദേശിക്കുന്നത് സിറേൻ, സ്കില്ല ചാരിബ്ഡിസ് കടലിടുക്ക് എന്നിവടങ്ങളിൽ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ചും അവയെ എങ്ങനെ നേരിടേണമെന്നതിനെക്കുറിച്ചും സെർസി നിർദ്ദേശങ്ങൾ നല്കുന്നു[9].


മെറ്റാമോർഫോസിസിൽ[തിരുത്തുക]

സെർസിയുടെ പകയും വിദ്വേഷവും പ്രകടമാവുന്ന മറ്റു ചെല കഥകൾ കൂടി ഓവിഡ് പറയുന്നു. സ്കില്ല എന്ന ജലദേവതയോട് അഗാധ പ്രണയം തോന്നിയ ഗ്ലൗകസ്, അവളെ സ്വാധീനിച്ചെടുക്കാനായി സെർസിയുടെ സഹായം തേടുന്നു[10]. സെർസിയുടെ മരുന്നും മന്ത്രവും അതിനുപകാരപ്പെടുമെന്നാണ് ഗ്ലൗകസ് അനുമാനിച്ചത്. എന്നാൽ സ്കില്ലയെ വെടിഞ്ഞ് തന്നെ സ്വീകരിക്കണമെന്നായി സെർസി. ഗ്ലൗകസ് വിസമ്മതിച്ചപ്പോൾ . കുപിതയായ സെർസി പകവീട്ടി സ്കില്ല പതിവായി കുളിക്കാനെത്തിയിരുന്ന അരുവിയിൽ വിഷച്ചാറു കലക്കി,ദുർമന്ത്രം ചൊല്ലി. സ്കില്ല മുങ്ങിയെഴുനേറ്റപ്പോൾ വികൃതരൂപിണിയായ രാക്ഷസിയായി മാറിക്കഴിഞ്ഞിരുന്നു.[11].

റോമൻ പുരാണത്തിൽ സെർസിയുടെ പകക്ക് പാത്രമായ മറ്റൊരു കഥാപാത്രമാണ് പൈകസ്. ശനിദേവന്റെ പുത്രൻ പൈകസും ജാനസ് ദേവന്റെ പുത്രി കനേൻസുമായുള്ള വിവാഹം ഇരു കുടുംബക്കാരും ചേർന്ന് നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. നായാട്ടിനിറങ്ങിയ പൈകസിനെ സെർസി കണ്ടുമുട്ടി, തത്ക്ഷണം അവനിൽ അനുരക്തയാവുകയും ചെയ്തു. പക്ഷെ പൈകസ് വഴങ്ങിയില്ല. സെർസി ഒരു മായാമൃഗത്തെ സൃഷ്ടിച്ച്, പൈകസിന്റെ ശ്രദ്ധയാകർഷിച്ചു. മായക്കാഴ്ചയുടെ പുറകെ പോയ പൈകസ് കൂട്ടുകാരിൽ നിന്നകന്നു. തന്റെ മാന്ത്രികശക്തി ഉപയോഗിച്ച് പൈകസിനെ കുടുക്കാൻ ശ്രമിച്ചു. പക്ഷെ കാനേൻസിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിൽ പൈകസ് ഉറച്ചു നിന്നു[12]. ക്രുദ്ധയായ സെർസി പൈകസിനെ ഒരു മഞ്ഞക്കുരുവിയാക്കി മാറ്റി, പൈകസിനെ തേടിയലഞ്ഞ കാനെൻസ് ജീവൻ വെടിഞ്ഞു [13].

വേറേയും കഥകൾ[തിരുത്തുക]

ഒഡീസ്സസിന് സെർസിയിൽ അഗ്രിയസ്, ലാറ്റിനസ് ടെലിഗോണസ് എന്ന് മൂന്നു പുത്രന്മാർ ജനിച്ചതായും കഥയുണ്ട്. വർഷങ്ങൾക്കുശേഷം പിതാവിനെത്തേടിച്ചെന്ന ടെലിഗോണസ് അബദ്ധവശാൽ അച്ഛനെ വധിച്ചുവെന്നും, സെർസി ഒഡീസ്സസിനെ പുനരുജ്ജീവിപ്പിച്ചെന്നും മറ്റും അതി സങ്കീർണമായ കഥകൾ പിൽക്കാലത്ത് നെയ്തെടുക്കപ്പെട്ടു. [14].

അവലംബം[തിരുത്തുക]

 1. Homer}, p. Book X.
 2. Ovid, p. Book XIV.
 3. Homer, p. 141, Book X.
 4. Homer, p. 142,Book X.
 5. Homer, p. 143, Book X.
 6. Homer, p. 144, Book X.
 7. Homer, p. 146, Book X.
 8. Homer, p. 148 Book X.
 9. Homer, p. 173-5, Book X.
 10. Ovid, p. 375.
 11. Ovid, p. 376-77.
 12. Ovid, p. 386-7.
 13. Ovid, p. 388-9.
 14. Greek Mythology: Circe( Kirke)

ഗ്രന്ഥസൂചി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെർസി&oldid=2499294" എന്ന താളിൽനിന്നു ശേഖരിച്ചത്