സെസിൽ ഡേ-ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെസിൽ ഡേ-ലൂയിസ്
Cecil Day-Lewis.jpg
Pen nameNicholas Blake
OccupationPoet, Novelist
Genre[1]
SpouseConstance Mary King (1928-1951)
Jill Balcon (1951-1972)
ChildrenTamasin Day-Lewis (b. 1953)
Daniel Day-Lewis (b. 1957)

അയർലണ്ടിൽ ജനിച്ച ഒരു ഇംഗ്ലീഷ് കവിയായിരുന്നു സെസിൽ ഡേ-ലൂയിസ്(ഏപ്രിൽ 27 1904 - മേയ് 22 1972) നിക്കോളാസ് ബ്ലേക്ക് എന്ന തൂലികാ നാമത്തിൽ കുറ്റാന്വേഷണാ നോവലുകളും എഴുതിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

1904 ഏപ്രിൽ 27-ന് സ്ലിഗോയ്ക്കടുത്തുള്ള ബാലിന്റോഗറിൽ ജനിച്ചു. ഷെർബോൺ സ്കൂളിലും ഓക്സ്ഫഡിലെ വാഡ്ഹാം കോളജിലുമായിരുന്നു വിദ്യാഭ്യാസം. പിതാവ് പുരോഹിതനായിരുന്നു. ഡേ-ലൂയിസിന്റെ നാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. അതിനുശേഷം ഒരു അമ്മായിയുടെ സംരക്ഷണയിൽ വളർന്നു. 'മൈ മദേഴ്സ് സിസ്റ്റർ' എന്ന കവിതയിൽ ഈ അമ്മായിയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ഹൃദയബന്ധം നിറഞ്ഞുനില്ക്കുന്നു. ഓക്സ്ഫോഡിൽ പഠിക്കുന്ന കാലത്ത് ഡബ്ള്യു.എച്ച്. ഓഡൻ, സ്റ്റീഫൻ സ്പെൻഡർ എന്നിവരുമായി ഗാഢസമ്പർക്കം പുലർത്തിയിരുന്നു. ഇവരുമായി ചേർന്നാണ് 1927-ൽ ഓക്സ്ഫഡ് പൊയട്രി എന്ന സമാഹാരം പുറത്തിറക്കിയത്. അതിനുശേഷം ഇദ്ദേഹം പ്രസിദ്ധീകരിച്ച മൂന്നു കവിതാ സമാഹാരങ്ങളിലും - ട്രാൻസിഷണൽ പോയം (1929), ഫ്രം ഫെതേഴ്സ് റ്റു അയൺ (1931), ദ് മാഗ്നറ്റിക് മൌണ്ടൻ (1933) എന്നിവയിൽ-ഓഡന്റെ കാവ്യശൈലിയുടെ വ്യക്തമായ സ്വാധീനം കാണാം. വിപ്ലവാത്മക സോഷ്യലിസത്തിന്റെ വക്താവെന്ന ഖ്യാതി ഇതിനകംതന്നെ ഡേ-ലൂയിസ് നേടിക്കഴിഞ്ഞിരുന്നു. 1935-ൽ പ്രസിദ്ധീകരിച്ച റെവല്യൂഷൻ ഇൻ റൈറ്റിങ് എന്ന ഗ്രന്ഥത്തിൽ ഡേ-ലൂയിസ് തന്റെ വിപ്ളവാശയങ്ങൾക്ക് വ്യക്തമായ ആവിഷ്കാരം നല്കി. 1935-38 കാലത്ത് ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന ഇദ്ദേഹം സ്പെൻസർ, ഓഡൻ, മക്നീസ് എന്നിവരോടൊപ്പം നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1937-ൽ ദ് മൈൻഡ് ഇൻ ചെയ്ൻസ് എന്ന ഉപന്യാസ സമാഹാരവും ദി എക്കോയിങ് ഗ്രീൻ എന്ന കവിതാ സമാഹാരവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു.

ഡേ ലൂയിസിന്റെ ശവകുടീരം, സ്റ്റെയിൻഫോർഡ്

1930-കളുടെ അന്ത്യത്തോടെ ഡേ-ലൂയിസിന്റെ കവിതകളിലെ സോഷ്യലിസ്റ്റ് ചായ്‌വിനു മങ്ങലേറ്റു. 1937-ൽ ബുക്ക് സൊസൈറ്റി കമ്മിറ്റിയിൽ ഇദ്ദേഹം അംഗമായപ്പോൾ കവിയും നിരൂപകനുമായ ജെഫ്രി ഗ്രിഗ്സൻ, ഡേ-ലൂയിസിൽ കുടികൊള്ളുന്ന യാഥാസ്ഥിതികനെതിരെ ധാർമികരോഷം കൊള്ളുകയുണ്ടായി. 1946-ൽ കേംബ്രിജിലെ ക്ളാർക്ക് ലക്ചറർ ആയതോടെ സാഹിത്യത്തിലെ വ്യവസ്ഥാപിത വിഭാഗത്തിന്റെ ഭാഗമായി ഇദ്ദേഹം പരിഗണിക്കപ്പെടാൻ തുടങ്ങി. 1951 മുതൽ 56 വരെ ഓക്സ്ഫഡിലെ കവിതാ വിഭാഗം പ്രൊഫസറായിരുന്ന ഡേ-ലൂയിസ് 1968-ൽ ജോൺ മെയ്സ്ഫീൽഡിനെത്തുടർന്ന് ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടു. 1938-ൽ പ്രസിദ്ധീകരിച്ച ഓവർ ച്യുവേഴ്സ് റ്റു ഡെത്ത് എന്ന സമാഹാരത്തിലെ കവിതകളിൽ രാഷ്ട്രീയ നിറം കലർന്നിട്ടുണ്ടെങ്കിലും പഴയ വിപ്ളവവീര്യം ചോർന്നുപോയതായി കാണാം. പോയംസ് ഇൻ വാർറ്റൈമി (1940) ലെ ഭാവാത്മക കവിതകളിൽ ഹാർഡിയുടെ സ്വാധീനമാണ് നിഴലിക്കുന്നത്. ആൻ ഇറ്റാലിയൻ വിസിറ്റ് (1953), പെഗാസസ് ആൻഡ് അദർ പോയംസ് (1957), ദ് വിസ്പറിങ് റൂട്ട്സ് (1970) എന്നിവ പില്ക്കാല കവിതാ സമാഹാരങ്ങളുടെ കൂട്ടത്തിൽ മികച്ചു നില്ക്കുന്നു.

ദ് ഫ്രൻഡ്ലി ട്രീ (1936) തുടങ്ങിയ ചില ആത്മകഥാപരമായ നോവലുകൾ ഡേ-ലൂയിസിന്റേതായുണ്ട്. ദ് ബറീസ് ഡേ എന്ന ആത്മകഥ 1960-ൽ പുറത്തുവന്നു. വിവർത്തകൻ എന്ന നിലയിലും കൃതഹസ്തനാണ് ഇദ്ദേഹം. ലത്തീൻ കവിയായ വെർജിലിന്റെ കൃതികളുടെ പരിഭാഷയായ ജോർജിക്സ് (1940), ദി ഈനിഡ് (1952), ദി എക്ളോഗ്സ് (1963) എന്നിവ ഉദാഹരണങ്ങൾ. പുത്രനായ ഷോൻ ഡേ-ലൂയിസ് രചിച്ച സി.ഡേ-ലൂയിസ്: ആൻ ഇംഗ്ളീഷ് ലിറ്റററി ലൈഫ് (1980) എന്ന ഗ്രന്ഥം ഡേ-ലൂയിസിന്റെ രചനകളിൽ അന്തർഭവിച്ചിരിക്കുന്ന അനിശ്ചിതത്വങ്ങളിലേക്കും സങ്കീർണതകളിലേക്കും വെളിച്ചം വീശുന്നു.

നിക്കൊളാസ് ബ്ലേക്ക് എന്ന പേരിൽ കുറേയധികം കുറ്റാന്വേഷണ കഥകളും സെസിൽ ഡേ-ലൂയിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ.സി. ബെന്റ്ലിയുടെ കൃതികളിലെ കുറ്റാന്വേഷകനായ ഫിലിപ് ട്രെന്റിനെ മാതൃകയാക്കി വിഭാവനം ചെയ്ത നിഗൽസ്ട്രെയ്ഞ്ച്വെ യ്സ് ആണ് മിക്ക കൃതികളിലും കുറ്റാന്വേഷകനായി പ്രത്യക്ഷപ്പെ ടുന്നത്. ഓക്സ്ഫഡിലെ സമ്മർ ഫീൽഡ്സ് സ്കൂളിലും ചെൽറ്റൻ ഹാം ജൂനിയർ സ്കൂളിലും അദ്ധ്യാപകനെന്ന നിലയിൽ ഡേ- ലൂയിസിനുണ്ടായ അനുഭവങ്ങൾ ഒരു സ്കൂളിന്റെ പശ്ചാത്തലത്തിൽ രചിച്ച എ ക്വസ്റ്റ്യൻ ഒഫ് ഫ്രൂഫ് (1935) എന്ന ആദ്യ കൃതിക്ക് നിറം പകരുന്നു. ദ് ഷെൽ ഒഫ് ഡെത്ത് (1936), ദ് സ്മൈലർ വിത്ത് നൈഫ് (1938), മിനിട്ട് ഫോർ മർഡർ (1947), ദ് വേം ഒഫ് ഡെത്ത് (1961) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കുറ്റാന്വേഷണ നോവലുകളിൽ പ്രധാനപ്പെട്ടവ.

1972 മേയ് 22-ന് ഹാഫഡ്ഷയറിലെ ഹാഡ്ലിവുഡിൽ ഡേ- ലൂയിസ് അന്തരിച്ചു.


"https://ml.wikipedia.org/w/index.php?title=സെസിൽ_ഡേ-ലൂയിസ്&oldid=2666020" എന്ന താളിൽനിന്ന് ശേഖരിച്ചത്